കാറ്റേറ്റ് ഞങ്ങൾ ബോധമറ്റുവീണു...
text_fields1921ലെ മലബാർ വിപ്ലവത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണകൂടം അന്തമാനിലേക്ക് നാടുകടത്തിയ പതിനായിരക്കണക്കിന് മലയാളികളിൽ ഒരാളാണ് ആക്കപ്പറമ്പിൽ സൈതാലി ഹാജി. വാഗൺ ട്രാജഡിക്ക് സമാനമായ ലോക്കപ്പ് സെല്ലിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് അദ്ദേഹം. ശിക്ഷാകാലാവധിക്കുശേഷം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ജീവിച്ചിരുന്ന ഇദ്ദേഹം പിന്നീട് എഴുതിയ ഡയറിക്കുറിപ്പുകളിൽ മലബാറിലെ പോരാട്ടത്തെക്കുറിച്ചും ജയിൽജീവിതത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. അതിൽനിന്നൊരു ഭാഗം
ഞങ്ങൾ വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂർ ജയിലിലെത്തി. എല്ലാവരെയും ഗേറ്റിൽവെച്ച് പരിശോധിച്ചു. ഒരു ലോഷൻ വെള്ളം ദേഹത്തുതളിച്ചു. ജയിലിന്റെ അകത്തുകടത്തി നാലാം നമ്പർ ബ്ലോക്കിലാക്കി ഭക്ഷണം തന്ന് എല്ലാവരെയും മുറിയിൽ അടച്ചുപൂട്ടി. ഓരോ മുറിയിലും 40-50 ആളുകളെ കയറ്റി വാതിൽ പൂട്ടും.
15 ദിവസം കഴിഞ്ഞതിനുശേഷം ഒരു ശനിയാഴ്ച ഞങ്ങൾ 20 ആളെയും റിമാൻഡ് പുതുക്കാനായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. ഉച്ചതിരിഞ്ഞ് കോടതി ശനിയാഴ്ച ഇല്ലായ്കയാൽ ഞങ്ങളെ തൽക്കാലം കോഴിക്കോട് കസബ സ്റ്റേഷനിൽ, രണ്ടാളെ വെക്കുന്ന ലോക്കപ് മുറിയിൽ 20 ആളെയും തിക്കിത്തിരക്കി ആക്കി. രാത്രി ശാപ്പാടും മറ്റും ഒന്നും തന്നില്ല. പിറ്റേ ദിവസം ഞായറാഴ്ച ആയതുകൊണ്ട് റിമാൻഡ് പുതുക്കാൻ സാധിക്കാതെ ലേക്കപ്പിൽതന്നെ ഇരുന്നു. ഉച്ചക്കും വൈകീട്ടും അൽപം ഭക്ഷണംതന്നു.
അന്നുരാത്രി സുമാർ ഒമ്പതുമണിക്ക് താമരശ്ശേരിയിൽനിന്ന് അബൂബക്കർ മുസ്ലിയാരുടെ സംഘക്കാർ എന്നുപറഞ്ഞ് സുമാർ 200ഓളം ആളുകളെയും കൂട്ടിക്കൊണ്ടുവന്നു. സ്റ്റേഷനകത്തുള്ള കസേര, മേശ മുതലായവ പുറത്തെടുത്ത് എല്ലാവരെയും സ്റ്റേഷനകത്താക്കി വാതിൽ പൂട്ടി. ഈ ജനങ്ങൾക്കെല്ലാംകൂടി അതിൽ ഇരിക്കാനോ നിൽക്കാനോ സ്ഥലം ഉണ്ടായിരുന്നില്ല. ഉഷ്ണത്താൽ വിയർപ്പൊലിച്ച് നിലത്ത് തളംകെട്ടുകയും ദേഹം തമ്മിൽ തട്ടി തോൽ പൊളിയുകയും ചെയ്തപ്പോൾ, പണ്ട് വാഗണിൽപെട്ട് ജനം മരിച്ചപോലുള്ള ഗതി ഞങ്ങൾക്കെത്തുമെന്ന് എല്ലാവരും കരുതി.
ഈമാനോടുകൂടി മരിപ്പിക്കാൻ ഞങ്ങൾ പടച്ചവനോട് തേടി. വാതിലുകളെല്ലാം പൂട്ടി പൊലീസുകാർ പുറത്തു കാവൽനിൽക്കുകയും ചെയ്തു. പടച്ചവന്റെ കൃപയാൽ വലിയ ആപത്തൊന്നും കൂടാതെ നേരം പുലർന്നു. എട്ടുമണിക്ക് വാതിൽതുറന്ന് പൊലീസുകാർ രണ്ടു വരിയായിനിന്ന് ഞങ്ങളെ എല്ലാവരെയും മലമൂത്രാദികൾക്കായി പുറത്തുവിട്ടപ്പോൾ തണുത്ത കാറ്റുതട്ടിയ ഉടനെ ഞങ്ങളിൽ അധികപേരും ബോധംകെട്ടുവീണു.
സുമാർ 10 മണിയോടുകൂടി എല്ലാവർക്കും ബോധംവന്നു. ഞങ്ങളെ എല്ലാവരെയും മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി റിമാൻഡ് കൽപന വാങ്ങി എന്റെ കേസിൽപെട്ട 20 ആളുകളെ പുതിയറ സബ് ജയിലിലേക്കും താമരശ്ശേരിക്കാരെ കണ്ണൂർക്കും കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.