നമ്മളറിയണം രാജ്യം മറന്നുകളഞ്ഞ ഈ കാവലാളെ
text_fieldsസംഘ്പരിവാരത്തിന് മുൻപ് ഗാന്ധിജിയുടെ ജീവനെടുക്കാൻ ബ്രിട്ടീഷുകാർ നടത്തിയ ഗൂഢാലോചനയെ തകർത്തത് ബതഖ് മിയ അൻസാരി എന്ന ബിഹാറി ഗ്രാമീണന്റെ ധീരത്യാഗമായിരുന്നു
ഗാന്ധിജി എന്ന ഇതിഹാസത്തിന്റെ ജീവനെടുത്ത ഘാതകനെ ഏവർക്കുമറിയാം. അതിനും വർഷങ്ങൾക്കുമുമ്പേ ഗാന്ധിജിയെ ഇല്ലാതാക്കാൻ പല കോണുകളിൽനിന്നും ശ്രമം നടന്നിരുന്നു. 1917ൽ നടന്ന ആദ്യ കൊലപാതകശ്രമം വിഫലമാക്കി അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത് ബിഹാറിലെ സാധാരണക്കാരനായ ഒരു ഗ്രാമീണനായിരുന്നു- ബതഖ് മിയ അൻസാരി.
സ്വന്തം ജീവിതംതന്നെ പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ആ മനുഷ്യസ്നേഹിയെ പക്ഷേ രാജ്യം ഓർമയിൽ വെച്ചില്ലെന്നു മാത്രം. ബ്രിട്ടീഷുകാരായ നീലം ഉൽപാദകരുടെ നിഷ്ഠുരതകളെക്കുറിച്ച് കർഷകർ നൽകിയ പരാതികളന്വേഷിക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഗാന്ധിജിയെ ബിഹാറിലെ ചമ്പാരനിലേക്കയച്ചിരുന്നു.
അന്വേഷണം നടന്നാൽ തങ്ങൾ ചെയ്തുകൂട്ടുന്ന ക്രൂരതകൾ പുറംലോകമറിയുമെന്ന് കണ്ട് ബ്രിട്ടീഷ് നീലം ഉൽപാദകർ ഗാന്ധിജിയെ അപായപ്പെടുത്താൻ തീരുമാനിച്ചു. ഭക്ഷണത്തിൽ വിഷം നൽകി കൊല്ലാനായിരുന്നു പദ്ധതി.
തദ്ദേശവാസികളെ ആരെയെങ്കിലുംകൊണ്ട് ഭക്ഷണം വിളമ്പിച്ചാൽ കൊലപാതകത്തിന്റെ അപരാധത്തിൽനിന്ന് കൈകഴുകി ഒഴിഞ്ഞുമാറാമെന്നും അവർ കണക്കുകൂട്ടി. വിളമ്പുകാരനായി അവർ നിയോഗിച്ചത് മോതിഹാരി ഗ്രാമത്തിൽനിന്നുള്ള ബതഖ് മിയ അൻസാരിയെയാണ്.
ബ്രിട്ടീഷ് സർക്കാറിനു കീഴിലെ ചെറിയ ജോലിക്കാരനായിരുന്ന അൻസാരിക്ക് സ്വപ്നംകാണാൻപോലുമാവാത്തത്ര സമ്പത്തും സൗകര്യങ്ങളുമാണ് അവർ വാഗ്ദാനം ചെയ്തത്. സഹകരിച്ചില്ലെങ്കിൽ ജീവിതം ദുസ്സഹമാക്കുമെന്ന ഭീഷണിയും. പ്രലോഭനങ്ങൾക്കോ ഭീഷണിക്കോ ആ മനുഷ്യസ്നേഹിയെ കീഴ്പ്പെടുത്താനാവില്ലായിരുന്നു.
എന്തു തന്നെ സംഭവിച്ചാലും ഈ പാതകത്തിന് കൂട്ടുനിൽക്കില്ലെന്നുറച്ച അദ്ദേഹം ഗാന്ധിജിയെ നേരിൽ ചെന്നുകണ്ട് ഗൂഢാലോചനയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഗാന്ധിജി ഭക്ഷണം നിരസിച്ചതോടെ പദ്ധതി വിഫലമായി. ഇതിന് പ്രതികാരമായി അൻസാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ട ബ്രിട്ടീഷുകാർ അതിക്രൂരമായ അതിക്രമങ്ങൾക്കും ഇരയാക്കി.
ഇതിനെല്ലാം സാക്ഷിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദാണ് അൻസാരിയുടെ ധീരതയെയും ത്യാഗത്തെയുംകുറിച്ച് വർഷങ്ങൾക്കുശേഷം പുറംലോകത്തോടു പറഞ്ഞത്. 1950ൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി എന്ന നിലയിൽ മോതിഹാരി സന്ദർശിച്ച ഡോ. രാജേന്ദ്രപ്രസാദ് അൻസാരിയെ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് ക്രൂരതകളെത്തുടർന്ന് രോഗങ്ങൾക്കും ദാരിദ്ര്യത്തിനും അടിപ്പെട്ട അദ്ദേഹത്തിന് 50 ഏക്കർ ഭൂമി അനുവദിക്കാനും രാഷ്ട്രപതി ഉത്തരവിട്ടു.
പക്ഷേ, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾ അത് നടപ്പാക്കാൻ കൂട്ടാക്കിയില്ല. 1957ൽ തന്റെ 90ാം വയസ്സിൽ ഇഹലോകവാസം വെടിയുമ്പോഴും സർക്കാർ പ്രഖ്യാപിച്ച ഒരു തരി മണ്ണുപോലും ആ സ്വദേശാഭിമാനിക്ക് ലഭിച്ചില്ല. ഒരു പാഠപുസ്തകത്തിൽപോലും ഈ മനുഷ്യനെക്കുറിച്ച് ഒരു വരി കുറിപ്പുപോലും അടിച്ചുവന്നില്ല.
ഗാന്ധിഘാതകർ വീരരും ധീരരുമായി വാഴ്ത്തപ്പെടുന്ന കാലത്ത് ബതഖ് മിയ അൻസാരിയെ ഓർമിക്കുന്നതു പോലും പാതകമാവില്ലെന്നാരറിഞ്ഞു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.