കരുതലിൽ പൊതിയണം നമ്മുടെ മക്കളെ
text_fieldsവാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ ഗേറ്റിൽനിന്ന് പുറത്തിറങ്ങി വരുന്ന മകനെ ഒരു മാതാവ് കൈയോടെ പിടിച്ച് വാഹത്തിൽ കയറ്റിയിരുത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ ടി.വി വാർത്ത ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. അത് ഒരു അമ്മയുടെ മാത്രം കഥയല്ല, കേരളത്തിലങ്ങോളമിങ്ങോളം രക്ഷിതാക്കൾ അതുതന്നെയാണ് ചെയ്തത്. കൗമാരക്കാർക്കിടയിൽ ഗുരുതര പ്രത്യാഘാതങ്ങളുയർത്തുന്ന കുറ്റവാസന (ജുവനൈൽ ഡിലിങ് ക്വൻസി) പകർച്ചവ്യാധിയെന്നോണം പടരുന്ന ഒരുകാലത്ത് മക്കളെ സ്നേഹിക്കുന്ന രക്ഷിതാക്കൾക്ക് അങ്ങനെ ചെയ്യാതിരിക്കാനാവില്ലല്ലോ. കൊലപാതകത്തിന് വരെ കാരണമാകുന്ന തരം ആക്രമണ സംഭവങ്ങൾക്കാണ് ഈ വിദ്യാലയവർഷം സാക്ഷ്യംവഹിച്ചത്.
കൗമാരക്കാരിൽ കുറ്റകൃത്യങ്ങളുണ്ടാകാൻ പല കാരണങ്ങളുണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗം മൂലമുള്ള വ്യക്തിത്വ വൈകല്യമാണ് ഇപ്പോൾ കൂടുതലായി കാണുന്നത്. മയക്കുമരുന്നുപയോഗംമൂലം മനോനില തെറ്റി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും മയക്കുമരുന്നിന് പണമുണ്ടാക്കുന്നതിനായി മോഷണം ഉൾപ്പെടെയുള്ള അസാൻമാർഗികതകളിൽ ഏർപ്പെടാനും നമ്മുടെ ചെറുപ്പത്തിന് മടിയില്ലാതാവുന്ന സാഹചര്യമുണ്ട്.
കൂട്ടുകുടുംബങ്ങൾ ഇല്ലാതായപ്പോൾ
ഒരുകാലത്ത് നമ്മുടേത് ഏറെയും കൂട്ടുകുടുംബങ്ങളായിരുന്നു. കുട്ടികളുടെ വരവുപോക്കുകളിലും വളർച്ചയിലും വീട്ടിലെ മുതിർന്നവരുടെയെല്ലാം നോട്ടമെത്തിയിരുന്നു.
കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയപ്പോൾ കുട്ടികളും മാതാപിതാക്കളും മാത്രമായി വീട്ടിൽ. മാതാപിതാക്കളുടെ കണ്ണ് വെട്ടിക്കാനുള്ള സാമർഥ്യം പല കുട്ടികൾക്കുമുണ്ട്. മദ്യപാനം ശീലമുള്ളവരോ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നവരോ ആണ് രക്ഷിതാക്കളെങ്കിൽ കുട്ടികൾക്ക് അവശ്യം ലഭിച്ചിരിക്കേണ്ട ശ്രദ്ധയും സ്നേഹവും കിട്ടാതെ പോകുകയും അവർ പഠിത്തംവിട്ട് വഴിമാറി ചിന്തിക്കാനും തുടങ്ങും. മാതാപിതാക്കൾ തമ്മിലെ വഴക്കുകളും കുട്ടികളെ മോശമായി സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്.
സാമൂഹിക വിരുദ്ധ മനോഭാവം വെച്ചുപുലർത്തുന്ന മാതാപിതാക്കളാണ് മറ്റൊരു അപകട ഘടകം. മക്കളുടെ സാമൂഹിക വിരുദ്ധ പെരുമാറ്റത്തെ ഇവർ പ്രത്യക്ഷമായും പ്രോത്സാഹിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. കുട്ടികൾ തമ്മിലുണ്ടാകുന്ന ചെറിയ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം അടിച്ച് തീർക്കാനാണ് പല രക്ഷാകർത്താക്കളും പ്രോത്സാഹിപ്പിക്കുന്നത്. കളിയിലായാലും തല്ലിൽ ആയാലും തന്റെ കുട്ടി വിജയിച്ച് ഹീറോ ആകണമെന്ന് ചില രക്ഷാകർത്താക്കൾ ചിന്തിക്കുന്നു.
തെറ്റായ കൂട്ടുകെട്ടുകൾ
സ്വന്തം വീട്ടിൽനിന്ന് സ്നേഹവും പരിചരണവും കിട്ടാതെ വരുമ്പോൾ കുട്ടികൾ പുറമെ സുഹൃത്തുക്കളെ തേടി പോകുന്നു. ഇത്തരത്തിലുള്ള കുട്ടികളുടെ സുഹൃത്തുക്കൾ ചിലപ്പോൾ പ്രായത്തിന് മുകളിലുള്ളവർ ആയിരിക്കും. പ്രായത്തിൽ കവിഞ്ഞ കാര്യങ്ങൾ ഇത്തരം കൂട്ടുകെട്ടിൽനിന്ന് കുട്ടികൾ പഠിക്കുന്നതിന് ഇത് ഇടയാക്കും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, നീലച്ചിത്രങ്ങൾ കാണിക്കുക, മയക്കുമരുന്നിന് അടിമയാക്കുക, മയക്കുമരുന്ന് കടത്തിനും മറ്റും ഉപയോഗിക്കുക, പണം കൊടുത്ത് പല കാര്യങ്ങളും ചെയ്യിപ്പിക്കുക, വീട്ടിൽനിന്ന് പണം മോഷ്ടിക്കാൻ പ്രേരിപ്പിക്കുക ഇതെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്.
സ്കൂൾ അന്തരീക്ഷം
മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികളെ തിരുത്താൻ സാധിക്കുന്ന വ്യക്തികളാണ് അവരുടെ അധ്യാപകർ. കുടുംബാന്തരീക്ഷത്തിൽ പ്രശ്നമുള്ള വീടുകളിൽനിന്ന് വരുന്ന കുട്ടികൾ സ്കൂളുകളിൽ പലപ്പോഴും പ്രശ്നക്കാർ ആവാറുണ്ട്. അധ്യാപകർ ഈ കുട്ടികളുടെ ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷ നൽകുന്നതിനു പകരം അവരെ നേർവഴിക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അതിനായി കൃത്യമായ ഒരു കർമപദ്ധതിയും പ്രത്യേക പരിശീലനവും അടിയന്തര പ്രാധാന്യത്തോടെ ആരംഭിക്കുന്നതാവും അഭികാമ്യം. എന്നാൽ, കുട്ടികളെ നേർവഴിക്ക് നയിക്കാൻ ചൂരൽ അല്ലാതെ വേറെ മാർഗമില്ലെന്ന് വാദിക്കുന്ന അധ്യാപകർ ഇക്കാലത്തും ഏറെയുണ്ട്.
മാധ്യമങ്ങളുടെ സ്വാധീനവലയം
കൊറോണക്കാലത്തെ നിർബന്ധിതാവസ്ഥയിൽ പഠനാവശ്യത്തിന് നൽകിയ മൊബൈൽഫോൺ ഇപ്പോൾ കുട്ടികളുടെ അവകാശമായി മാറി. ഇത് കൗമാരക്കാരിൽ മൊബൈൽ ഫോൺ അഡിക്ഷൻ വളർത്തിയെന്നു മാത്രമല്ല, സോഷ്യൽ മീഡിയയിലെ ചതിക്കുഴിയിൽ അകപ്പെടുന്നതിനും വഴിവെച്ചു. പുതുതലമുറ സിനിമകളിലും വെബ്സീരീസുകളിലും വാർത്തകളിലും കാണുന്ന ആക്രമണങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും അതിപ്രസരവും സാമാന്യവത്കരണവും കൗമാരക്കാരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുണ്ട്.
പരിഹാരമാർഗങ്ങൾ
നമ്മുടെ കുട്ടികൾ കൈവിട്ടുപോകരുത്, ലഹരി വലയിൽ കുടുങ്ങരുത്, കുറ്റവാളികളായി മാറരുത് എന്ന ദൃഢനിശ്ചയം രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനും ഉണ്ടാവണം. നല്ല മാതാപിതാക്കൾക്ക് വേണ്ട ലക്ഷണം തന്റെ കുട്ടിയെ മനസ്സിലാക്കുക എന്നതാണ്. അതുപോലെ നല്ല അധ്യാപകർക്ക് വേണ്ട ലക്ഷണം തന്റെ കുട്ടികളെ തിരിച്ചറിയുക എന്നതുമാണ്. എത്ര തിരക്കുള്ളവരാണെങ്കിലും കുട്ടികളെ കേൾക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി തിരുത്തിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തണം.
പുസ്തകത്തിൽ അച്ചടിച്ചുവെച്ചിരിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഒരിടം മാത്രമാക്കി മാറ്റുന്നതോടെയാണ് സ്കൂളുകളും അധ്യാപകരും പരാജിതരാവുന്നത്.
വിദ്യാലയങ്ങൾ കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിനും കൂടിയുള്ള ഇടമാകണം. വിദ്യാർഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് കലാരംഗത്തേക്കും കായിക രംഗത്തേക്കും വഴിതിരിച്ചു വിടണം.
കൗമാര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ മാതാപിതാക്കളുടെയും പി.ടി.എയുടെയും സഹായത്തോടെ അധ്യാപകർ കൗൺസലിങ്ങിന് വിധേയമാക്കി തിരുത്തേണ്ടതാണ്. ചില കേസുകളിൽ കുട്ടികളേക്കാൾ മുമ്പ് മാതാപിതാക്കൾക്കാണ് കൗൺസലിങ് നൽകേണ്ടത്.
വരാനിരിക്കുന്ന അവധിക്കാലം നമ്മുടെ കുഞ്ഞുങ്ങളെ, വരുംതലമുറയെ എങ്ങനെ സംരക്ഷിച്ചെടുക്കാം എന്നത് സംബന്ധിച്ച ഗൗരവമായ ആലോചനകൾക്കുള്ള കാലമാക്കി മാറ്റണം.
(അധ്യാപക അവാർഡ് ജേതാവും പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.