‘ഞങ്ങൾ സത്യത്തിനായി നിലകൊണ്ടു’
text_fieldsഎതിരഭിപ്രായം പറയുന്നവരെ നിയമക്കുരുക്കിൽപെടുത്തുന്ന വർത്തമാനകാലത്ത് ബി.ജെ.പി സർക്കാറും ഹിന്ദുത്വ വലതുപക്ഷവും പടച്ചുവിട്ട ആഖ്യാനങ്ങളെ ചോദ്യം ചെയ്യാൻ മുന്നോട്ടുവന്നിരിക്കുന്നു രാജസ്ഥാനിലെ ഒരുപറ്റം സ്കൂൾ കുട്ടികളും അവരുടെ രക്ഷിതാക്കളും. മൂന്ന് മുസ്ലിം അധ്യാപകർക്ക് നേരെ മതംമാറ്റ ശ്രമം ആരോപിച്ച അധികാരികളെ ചോദ്യം ചെയ്ത കുട്ടികളിൽ ഹിന്ദുക്കളും മുസ്ലിംകളുമുണ്ടായിരുന്നു- സ്വതന്ത്ര മാധ്യമപ്രവർത്തകരായ ഉമർ അൽതാഫ്, അലിഷാൻ ജാഫ് രി എന്നിവർ അതേക്കുറിച്ചെഴുതുന്നു
കോട്ട ജില്ലയിലെ ഖജൂരി ഓദ് പൂർ ഗ്രാമത്തിലുള്ള ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായിരുന്ന ഫിറോസ് ഖാൻ, മിർസ മുജാഹിദ്, ശബാന എന്നിവരെ സസ്പെൻഡ് ചെയ്യാൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ നിർദേശം നൽകിയിരുന്നു. മതംമാറ്റത്തിന് ശ്രമിച്ചു എന്നാരോപിച്ച് ഒരു വലതുപക്ഷ ഹിന്ദുത്വ സംഘടന പ്രകടനം നടത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി.
എന്നാൽ, അതിനെതിരെ പ്രതിഷേധവുമായി സ്കൂളിലെ വിദ്യാർഥികൾ രംഗത്തുവന്നു. അധ്യാപകർ നിരപരാധികളാണെന്നും കൺമുന്നിൽ കാണുന്ന അനീതിയെ എതിർക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കേണ്ടതില്ലെന്നുമാണ് അധ്യാപകർക്കുവേണ്ടി ശബ്ദിക്കാൻ മുന്നോട്ടുവന്ന ഹിന്ദു വിദ്യാർഥിനികളിലൊരാൾ ഞങ്ങളോട് പറഞ്ഞത്.
എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാലും സത്യത്തിന്റെ പാതയിലൂടെ തന്നെ സഞ്ചരിക്കണമെന്നാണ് അധ്യാപകർ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. നുണകൾ താൽക്കാലിക ജയം നേടിയെന്നു വരാം, പക്ഷേ സത്യമാണ് അന്തിമ ജയം നേടുക, നിലനിൽക്കുക- അവൾ പറയുന്നു.
13 വയസ്സുള്ള, ഭാവിയിൽ വലിയ ഒരു പ്രഭാഷകയായി വളരണമെന്ന് ആഗ്രഹമുള്ള ഒരു മുസ്ലിം പെൺകുട്ടി മുദ്രാവാക്യങ്ങളുമായി വന്നു, 11ാം ക്ലാസിൽ പഠിക്കുന്ന മറ്റൊരാൾ ക്ലാസുകളോരോന്നും കയറിയിറങ്ങി സഹപാഠികൾക്ക് മുന്നിൽ അധ്യാപകർക്കുവേണ്ടി സംസാരിച്ചു.
സർവ് ഹിന്ദു സമാജ് എന്ന സംഘടനയുടെ പ്രതിഷേധത്തിനും നിവേദനത്തിനും പിന്നാലെ ഫെബ്രുവരി 23നാണ് സസ്പെൻഷൻ ഉത്തരവ് വന്നത്. നടപടിക്കെതിരെ പിറ്റേദിവസം ഈ പെൺകുട്ടികൾ സ്കൂൾ മുറ്റത്ത് പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. അടുത്ത ദിവസം 20 കിലോമീറ്റർ സഞ്ചരിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കുമാർ രജാവത് മുമ്പാകെ അധ്യാപകർക്കനുകൂലമായി അവർ മൊഴി നൽകി. വിവാദം കെട്ടിച്ചമച്ചവർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യമുയർത്തി.
256 കുട്ടികളിൽ നാൽപത് ശതമാനത്തോളം മുസ്ലിംകളാണ് എന്നതു കൊണ്ടുതന്നെ വലതുപക്ഷ ശക്തികൾക്ക് ലവ് ജിഹാദ്, മതംമാറ്റ ആരോപണങ്ങളുമായി സ്കൂളിനെ ഉന്നമിടാൻ എളുപ്പമായി എന്ന് ചൂണ്ടിക്കാട്ടുന്നു സ്കൂൾ പ്രിൻസിപ്പൽ കമലേശ് ബൈർവ. 15 അധ്യാപകരിൽ 12 പേരും ഹിന്ദുക്കളാണ്. അവരും പ്രിൻസിപ്പലും ചേർന്ന് സഹ അധ്യാപകർക്കനുകൂലമായി ജില്ല ഭരണകൂടത്തിന് കത്തെഴുതിയിട്ടുണ്ട്. മുസ്ലിം വിരുദ്ധ പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോഴും അതിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കുന്നു ഈ സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം അവരുടെ രക്ഷാകർത്താക്കളും.
ഇതിന് അറുതി വരുത്തിയേ തീരൂ
ഖജൂരി ഗ്രാമത്തിൽ ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് അവിടത്തെ താമസക്കാർ പറയുന്നു. അതു കൊണ്ടുതന്നെ ഹിന്ദുത്വ സംഘടനയും മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ച വർഗീയ അന്തരീക്ഷത്തിൽ അവർ അസ്വസ്ഥരാണ്. കള്ളക്കഥകൾക്കെതിരെ വിദ്യാർഥികൾ ഹിന്ദു മുസ്ലിം ഭേദമന്യേ മുന്നോട്ടുവരികയും സബ് ഡിവിഷനൽ മജിസ്ട്രേറ്ററിന്റെ ഓഫിസിലെത്തുകയും ചെയ്തതോടെയാണ് ഈ അവസ്ഥക്ക് അൽപമെങ്കിലും മാറ്റമുണ്ടായത്.
ഒരു 11ാം ക്ലാസ് വിദ്യാർഥിനിയാണ് ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ ആദ്യം മുന്നോട്ടുവന്നത്. ഇത് അനുവദിച്ചുകൂടെന്നും നേരിനുവേണ്ടി നമ്മൾ പൊരുതണമെന്നുമുള്ള അവളുടെ ആഹ്വാനം സഹപാഠികൾ ഏറ്റെടുക്കുകയായിരുന്നു.
നിവേദനം നൽകാനായി നഗരത്തിൽ എത്തിയപ്പോൾ പൊലീസിനെക്കണ്ട് ആദ്യമൽപം പേടിതോന്നിയെങ്കിലും മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു, പൊലീസ് അവരെ തടഞ്ഞില്ല. ഞങ്ങൾക്ക് ഞങ്ങളുടെ അധ്യാപകരെ തിരിച്ചുവേണം. ഏറെക്കാലമായി ഞങ്ങളെ പഠിപ്പിക്കുന്ന മുജാഹിദ് സർ ഏറെ നല്ല മനുഷ്യനാണ്. സർക്കാർ ഞങ്ങൾക്ക് പറയാനുള്ളത് കേട്ടേ തീരൂ- ഇതായിരുന്നു അവരുടെ നിലപാട്
എന്റെ മകളെയോർത്ത് ഞാൻ അഭിമാനിക്കുന്നു
ദിവസവേതനത്തിന് ജോലി ചെയ്യുന്ന അമ്പതു വയസ്സുകാരൻ രാം ദയാലിന്റെ മകൾ അധ്യാപർക്കുവേണ്ടി ശബ്ദമുയർത്തുന്നതിന് മുൻനിരയിലുണ്ടായിരുന്നു.
‘ഞാൻ എന്റെ മകളെയോർത്ത് അഭിമാനിക്കുന്നു’ എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഒരു അന്വേഷണം പോലുമില്ലാതെ അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചതുതന്നെ തെറ്റാണ്. അവരെ ഏറ്റവും പെട്ടെന്ന് തിരിച്ചെടുക്കണം. ഞങ്ങളുടെത് പോലൊരു കൊച്ചുഗ്രാമത്തിൽ ഇത്തരം സംഭവങ്ങളുണ്ടാകുമെന്ന് ഞാൻ സ്വപ്നേപി വിചാരിച്ചിട്ടില്ല- രാം ദയാൽ പറയുന്നു.
11ാം ക്ലാസ് വിദ്യാർഥിനിയുടെ വല്ലുപ്പയായ മുഹമ്മദ് സലീം എന്ന കർഷൻ പ്രതികരിച്ചത് ഈ പ്രതിഷേധത്തിന്റെ പേരിൽ ഭരണകൂടം കേസെടുത്താൽ അതിനെ നേരിടാൻ തയാറാണ് എന്നാണ്.
മതസൗഹാർദമാണ് അവരുടെ പ്രശ്നം
മതസൗഹാർദത്തിന്റെ ആവശ്യം ഊന്നിപ്പറഞ്ഞ് റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിച്ച കുട്ടികളുടെ നാടകത്തിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടന പ്രശ്നങ്ങളുമായി ഇറങ്ങിയത്. മതനിരപേക്ഷ, ബഹുസ്വര മൂല്യങ്ങളെ ഇല്ലാതാക്കി മാറ്റിമറിക്കാൻ ശ്രമിക്കുന്നവരിൽനിന്ന് രാജ്യത്തെ രക്ഷിക്കണമെന്നതായിരുന്നു നാടകത്തിന്റെ പ്രമേയം. ശബാന എന്ന അധ്യാപികയാണ് അതിന്റെ രചയിതാവ്.
നാടകം അവതരിപ്പിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം മുസ്ലിം തൊപ്പി ധരിച്ച ഒരു ഹിന്ദു വിദ്യാർഥിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചു. അധ്യാപർ മതംമാറ്റത്തിനും പ്രാർഥനക്കും പ്രേരിപ്പിക്കുന്നു എന്ന് ഒരു ആരോപിക്കുന്ന ടി.വി അഭിമുഖവും പുറത്തുവന്നു. എന്നാൽ, വ്യാജ ആരോപണം ഉന്നയിക്കാൻ ചില അജ്ഞാത വ്യക്തികൾ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് ആ കുട്ടി പിന്നീട് തുറന്നുപറഞ്ഞു.
ഗ്രാമത്തിലെ ഒരു ഹിന്ദു യുവതിയും മുസ്ലിം യുവാവും ഒരുമിച്ചു ജീവിക്കാനായി നാടുവിട്ട് പോയതോടെ വീണ്ടും വർഗീയ പ്രശ്നങ്ങളുയർന്നു. ഇതേ സ്കൂളിലെ പൂർവ വിദ്യാർഥിനിയായ യുവതിയുടെ അഡ്മിഷൻ രേഖകളിലൊരിടത്ത് മതം -മുസ്ലിം എന്ന് ചേർത്തിരുന്നു എന്നതായി അടുത്ത പ്രശ്നം. അത് മനുഷ്യസഹജമായി സംഭവിച്ച അബദ്ധമാണെന്നും തിരുത്തിയിരുന്നുവെന്നും അധ്യാപകരും പ്രിൻസിപ്പലും ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഹിന്ദു യുവതിയെ നിർബന്ധിത മതം മാറ്റം നടത്തി മുസ്ലിം യുവാവുമായി വിവാഹം ചെയ്യിച്ചു എന്ന ആരോപണം ഉന്നയിക്കാൻ വർഗീയ സംഘടനകൾക്ക് ഇത് ആവശ്യത്തിലേറെ വലിയ കാരണമായിരുന്നു. താൻ പ്രായപൂർത്തിയായ ഒരു പൗരയാണെന്നും ജീവിതപങ്കാളിയെ സ്വന്തം താൽപര്യപ്രകാരമാണ് തെരഞ്ഞെടുത്തതെന്നും വിവാഹശേഷവും ഹിന്ദുവായാണ് ജീവിക്കുന്നതെന്നും യുവതി വ്യക്തമാക്കിയിട്ടും പ്രശ്നം അവസാനിച്ചില്ല.
ആരോപിക്കുന്ന വിധത്തിലെ യാതൊരു വീഴ്ചകളും തന്റെ സഹപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടേയില്ല എന്ന് മൂന്നു വർഷമായി സ്കൂളിന്റെ പ്രിൻസിപ്പലായി പ്രവർത്തിക്കുന്ന ബൈർവ പറയുന്നു.
ഇതൊരു പ്രതീക്ഷയാണ്
തന്റെ ജീവിതം കീഴ്മേൽ മറിയുന്നതുപോലുള്ള സംഭവമാണ് ഈ ആരോപണമെന്ന് സസ്പെൻഷൻ നടപടി നേരിട്ട പി.ടി അധ്യാപകൻ മുജാഹിദ് പറയുന്നു. സസ്പെൻഷനും ലവ് ജിഹാദ് ആരോപണവുമെല്ലാം നടുക്കുന്നതായിരുന്നു, പക്ഷേ, കുട്ടികൾ തനിക്കനുകൂലമായി നിലകൊണ്ടതും ശബ്ദമുയർത്തിയതും വലിയ പ്രതീക്ഷയാണ് പകർന്നത്. അധ്യാപകൻ എന്ന നിലയിൽ ഞാൻ അവരുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ തെളിവുകൂടിയാണിത്.
ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ കണക്കും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഫിറോസ് ഖാനും നടപടിയിൽ വല്ലാതെ വിഷണ്ണനാണ്, എന്നാൽ നീതിപീഠത്തിനുമേലുള്ള ഉറച്ച വിശ്വാസം കൈവിടുന്നില്ല.
അധ്യാപകരെ പുറത്താക്കിയതിനെതിരെ ശബ്ദമുയർത്തിയ 11ാം ക്ലാസിലെ ഹിന്ദു വിദ്യാർഥിനികളിലൊരാൾ പറയുന്നു- ഇത്തരമൊരു നിലപാടിൽ ഉറച്ചുനിൽക്കുന്നതിൽ ഞാൻ ആരെയും ഭയക്കുന്നില്ല. എന്റെ അധ്യാപകർ തെറ്റുകാരല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്കുവേണ്ടി ശബ്ദിക്കേണ്ടത് എന്റെ കടമയാണ്, നാടിന്റെ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.