വീ, ദ പീപ്ൾ ഓഫ് ഇന്ത്യ...
text_fieldsഭരണഘടനയുടെ ആമുഖം തുടങ്ങുന്നതുതന്നെ 'വീ ദ പീപ്ൾ' എന്ന ബഹുവചനത്തിലാണല്ലോ. ഒരുവിധ പക്ഷപാതങ്ങളുമില്ലാതെ മുഴുവൻ ജനങ്ങളും രാജ്യത്തിെൻറ നേർ അവകാശികളാണെന്നു വ്യക്തം. ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാരിലെ ഫാദർ സോസിമയെപ്പോലെ മോക്ഷത്തിെൻറ ആധാരം ജനങ്ങളാണെന്ന് ഇന്ത്യൻ ഭരണഘടനയും വിശ്വസിക്കുന്നു
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓർമവരുന്നത് 1947 ആഗസ്റ്റ് 15ന് ബിഹാറിലെ ഗ്രാമീണർ ഉന്നയിച്ച ഒരു ചോദ്യമാണ്. സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രസംഗിച്ച കലക്ടറോട്, തങ്ങൾക്ക് മണ്ണെണ്ണ എന്നു ലഭിക്കും എന്നായിരുന്നു അത്. കാലം മാറി. ഇന്ന് നാം മംഗൾയാൻ യാത്രവരെ നടത്തിയിരിക്കുന്നു. മണ്ണെണ്ണയും മംഗൾയാനും ഇന്ത്യൻ യാഥാർഥ്യത്തിന്റെ രണ്ടറ്റങ്ങളാണ്.
പ്രാദേശിക വൈജാത്യങ്ങൾ, ജാതി മത ഭാഷാ വ്യത്യാസങ്ങൾ, സാമൂഹികാസമത്വം തുടങ്ങിയവ വേറെയും. ഇവയെല്ലാം ചേർന്ന് ഇന്ത്യ എന്ന ആശയത്തിന് ഒരു ബഹുവചന രൂപം നൽകുന്നു. ഇന്ത്യയെപ്പോലെ ഇത്രയും വൈവിധ്യമുള്ളൊരു രാജ്യത്ത്, രാഷ്ട്രം വസ്ത്രംപോലെ നെയ്തെടുക്കേണ്ട ഒന്നാണെന്നും ധാതുലവണങ്ങളെപ്പോലെ ഖനനം ചെയ്തെടുക്കേണ്ടതല്ലെന്നും അവ പറയാതെ പറയുന്നു.
ഇന്ത്യൻ സ്വരൂപം
ഇതുതന്നെയാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന ഇന്ത്യൻ സങ്കൽപവും. ഇത് രൂപകൽപന ചെയ്യുന്നതിൽ കീഴാളവർഗ മുന്നേറ്റങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് ചെറുതല്ല. ഉദാഹരണമായി, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം തുടങ്ങിയ ആശയങ്ങൾ ഫ്രഞ്ച് വിപ്ലവത്തിന് എത്രയോ നൂറ്റാണ്ട് മുമ്പ് ഭക്തിപ്രസ്ഥാനം മുന്നോട്ടുവെച്ചു എന്ന കര്യം ഓർക്കുക. ഇന്ത്യൻ ഭാഷകളിൽ രചിക്കപ്പെട്ട സാഹിത്യകൃതികൾ ഇക്കാര്യത്തിൽ നൽകിയ സംഭാവനയും നിർണായകം തന്നെ. രബീന്ദ്രനാഥ ടാഗോർ മുതൽ കുമാരനാശാൻവരെ ഉള്ളവർ ഇതിന്റെ ഭാഗമായിട്ടുണ്ട്.
ഇത്തരം ആശയഗതികളാണ് ദേശീയപ്രസ്ഥാനത്തെ സ്വാധീനിച്ചതും ഭരണഘടന നിർമാണ സമിതി കണക്കിലെടുത്തതും. ഭരണഘടന മുന്നോട്ടുവെക്കുന്ന ഇന്ത്യൻ സങ്കൽപത്തിൽ തദ്ദേശീയമായ ഒന്നുമില്ലെന്ന വാദഗതി അന്തസാരശൂന്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.ഇന്ത്യൻ ഭരണഘടന ഏതെങ്കിലുംതരമൊരു വിപ്ലവത്തിന് ബീജാവാപം ചെയ്തു എന്ന് ആരും വാദിക്കുമെന്ന് തോന്നുന്നില്ല. അതേസമയം, അത് അതിന്റെ കാലഘട്ടത്തിലെ ഏറ്റവും പുരോഗമന സ്വഭാവമുള്ളൊരു അധികാര പ്രമാണമാണെന്ന കാര്യത്തിൽ സംശയവുമില്ല.
മാത്രമല്ല, ഭാവി ഭാരതത്തെക്കുറിച്ച് ആശയ സമന്വയം ഉണ്ടാക്കാൻ അതിന് കഴിഞ്ഞു എന്നതും അവിതർക്കിതമാണ്. നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ മറ്റു പല രാജ്യങ്ങളും സ്വേച്ഛാധിപത്യത്തിലേക്കും സൈനിക ഭരണത്തിലേക്കും കൂപ്പുകുത്തിയപ്പോഴും, ജനാധിപത്യത്തിൽ അടിയുറച്ചു മുന്നോട്ടുപോകാൻ നമുക്കായത് ഇതുമൂലമാണ്.
രണ്ടു കാര്യങ്ങളാണ് ഈ സമന്വയത്തിന്റെ കാതൽ. ഇതിൽ ആദ്യത്തേത് ബഹുസ്വരതയാണ്. ഭരണഘടനയുടെ ആമുഖം തുടങ്ങുന്നതുതന്നെ "വീ ദ പീപ്ൾ" എന്ന ബഹുവചനത്തിലാണല്ലോ. ഒരുവിധ പക്ഷപാതങ്ങളുമില്ലാതെ മുഴുവൻ ജനങ്ങളും രാജ്യത്തിന്റെ നേർ അവകാശികളാണെന്നു വ്യക്തം. ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാരിലെ ഫാദർ സോസിമയെപ്പോലെ മോക്ഷത്തിന്റെ ആധാരം ജനങ്ങളാണെന്ന് ഇന്ത്യൻ ഭരണഘടനയും വിശ്വസിക്കുന്നു.
ശ്രദ്ധേയമായ മറ്റൊരു കാര്യം ആമുഖം അവസാനിക്കുന്നത് "ഭരണഘടന" എന്ന വാക്കിലാണ്. ഈ രണ്ട് അതിരുകളിൽ (We the People & the Constitution) ഒതുങ്ങിനിന്നുവേണം ഭരണകൂടം പ്രവർത്തിക്കേണ്ടത് എന്ന് ധ്വനി. ഭരണകൂടം ചെയ്യുന്നതെന്തും ജനങ്ങൾക്കുവേണ്ടിയും ഭരണഘടനയുടെ ചട്ടങ്ങൾക്കും അന്തഃസത്തക്കും നിരക്കുന്നതുമായിരിക്കണം.
ഇതിന്റെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷതയ്ക്ക് അത് ഊന്നൽ നൽകുന്നത്. 42ാം ഭേദഗതിവഴിയാണ് മതനിരപേക്ഷത എന്ന വാക്ക് ആമുഖത്തിൽ വരുന്നതെങ്കിലും, അതിന്റെ അഭാവത്തിലും ഭരണഘടനയുടെ മൗലികഭാവം അതുതന്നെയായിരുന്നു. ആമുഖത്തിന്റെ തുടക്കം എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ ഭരണഘടനാ നിർമാണ സമിതി തീർപ്പുകൽപിച്ചത് ഇത് സാക്ഷ്യപ്പെടുത്തുന്നു. ദൈവനാമത്തിലും മഹാത്മാഗാന്ധിയുടെ പേരിലും അത് തുടങ്ങണമെന്ന് ഷിബൻലാൽ സക്സേനയും ജഗദീശ്വരനായ പരമശിവന്റെ പേരിൽ തുടങ്ങണമെന്ന് പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും ഉയർത്തിയ വാദങ്ങൾ തള്ളിക്കളഞ്ഞു കൊണ്ടാണ് സമിതി 'വീ ദ പീപ്ളിൽ' ആമുഖം തുടങ്ങാൻ തീരുമാനിച്ചത്.
ഇതിനോട് ചേർത്തുവായിക്കേണ്ട വാക്കുകളാണ് "സാഹോദര്യവും വ്യക്തിയുടെ അന്തസ്സും". ബി.ആർ. അംബേദ്കറുടെ നിർബന്ധ പ്രകാരമാണ് ഈ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തുന്നത്. അന്തസ്സുള്ള വ്യക്തികൾക്കെ ജനാധിപത്യം പുഷ്ടിപ്പെടുത്താനും രാജ്യത്തിന്റെ ഐക്യം ഊട്ടിഉറപ്പിക്കാനും കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു.ഭരണഘടന മുന്നോട്ടുവെക്കുന്ന ഇന്ത്യ എന്ന സങ്കൽപനത്തിന്റെ രണ്ടാമത്തെ മൗലിക സ്വഭാവം, അത് ഭാവിയിലേക്ക് ഉറ്റുനോക്കുന്നു എന്നതാണ്. അത് നമ്മെ ഭൂതകാലത്തേക്ക് ഉന്തിക്കൊണ്ടുപോകാനും ചരിത്രത്തിൽ സംഭവിച്ച തെറ്റുകൾക്ക് കണക്കുചോദിക്കാനുമല്ല പ്രേരിപ്പിക്കുന്നത്.
മറിച്ച്, ഭാവി പ്രതീക്ഷയ്ക്ക് വക നൽകുന്നൊരു ഇന്ത്യൻ സെൽഫ് സൃഷ്ടിക്കാനാണ് ഭരണഘടന തുനിയുന്നത്. കാരണം, അതു മുന്നോട്ടുവെക്കുന്ന ഇന്ത്യൻ സ്വരൂപം ഒരു നാമമല്ല (noun), ക്രിയയാണ് (verb). ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും സമത്വവും പുലരാൻ വേണ്ട കാര്യങ്ങൾ ചെയ്യാനും ഭാവി ഇന്ത്യയും അതിന്റെ ഭരണകൂടങ്ങളും സക്രിയമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു.
സമന്വയം അട്ടിമറിക്കപ്പെടുന്നു
നിർഭാഗ്യവശാൽ ഈ സമന്വയം അട്ടിമറിക്കപ്പെടുന്നു എന്നതാണ് വർത്തമാനകാല യാഥാർഥ്യം. ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയം ഇപ്പോൾ നടന്നുനീങ്ങുന്നത്. ഇവിടെ ഒരു പുതിയ "We" രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. അതിൽ മതവിശ്വാസം ഒരു നിർണായകഘടകമായി തീർന്നിരിക്കുന്നു. ഗാന്ധിജി ഉപ്പിനെ പൊതുവികാരമാക്കി മാറ്റിയെങ്കിൽ, ഇന്ത്യൻ ഭരണകൂടം മതബോധത്തെ ഹിസ്റ്റീരിയയാക്കി മാറ്റിയിരിക്കുന്നു.
ഉപ്പ് അതിന് ചുങ്കം പിരിക്കാനുള്ളൊരു ചരക്കു മാത്രമാണ്. ഒരർഥത്തിൽ ഇത് "WE" യിൽനിന്ന് "I" -ലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് - ജനാധിപത്യത്തിൽനിന്ന് അതിന്റെ നിരാസത്തിലേക്ക് , അധികാരവികേന്ദ്രീകരണത്തിൽനിന്ന് അധികാര കേന്ദ്രീകരണത്തിലേക്ക്, ബഹുസ്വരതയിൽനിന്ന് ഏകസ്വരതയിലേക്ക്. ഫെഡറലിസത്തിന്റെ തകർച്ചയുടെ സൂചനയും ഇതിൽ കാണാം.
ഇന്ത്യയിൽ ഇപ്പോൾ ജനങ്ങളും ഭരണഘടനയും പ്രതിപക്ഷവും ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. അവർക്ക് സംരക്ഷകർ ഇല്ലാത്ത അവസ്ഥ. സ്വതന്ത്ര മാധ്യമങ്ങളുടെ അവസ്ഥയും ഇതുതന്നെ. മറുവശത്ത് ഭരണകൂടം ശക്തിപ്പെടുകയും അതിന്റെ വക്താക്കളായി ആൾക്കൂട്ടവും ഭരണഘടനാ സ്ഥാപനങ്ങളും മാറിത്തുടങ്ങിയിരിക്കുന്നു. മാധ്യമപ്രവർത്തകരേയും ഭരണകൂട വിമർശകരേയും അതിന് പഥ്യമല്ലാത്ത മറ്റുള്ളവരേയും ആൾക്കൂട്ടം തെരുവിൽ നേരിടുമ്പോൾ പൊലീസ്, നിയമത്തിന്റെ പഴുതുപയോഗിച്ച് ഇത്തരക്കാരെ പീഡിപ്പിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രദ്ധയും പ്രതിപക്ഷ നേതാക്കളിലും പ്രതിപക്ഷ സർക്കാറുകളിലുമാണ്.
സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികം നാം ആഘോഷിക്കുന്നത് ആശങ്കജനകമായ ചുറ്റുപാടിലാണ്. ഇതിനെ നേരിടാൻ ഇന്ത്യൻ ജനാധിപത്യത്തെ ജനാധിപത്യവത്കരിക്കേണ്ടിയിരിക്കുന്നു. ഇതു സാധ്യമാകണമെങ്കിൽ ജനങ്ങൾ സ്വന്തം ശക്തിയും ഭരണഘടനയുടെ പ്രസക്തിയും തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല,ജനാധിപത്യത്തിൽ ശക്തമായ ഭരണകൂടത്തെക്കാൾ അനിവാര്യം ശക്തമായ പ്രതിപക്ഷവും പൊതുമണ്ഡലവുമാണെന്ന തിരിച്ചറിവും ഉണ്ടാവണം.
(ആഗസ്റ്റ് പത്തിന് കേരള നിയമസഭയുടെ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിൽ നടത്തിയ പ്രഭാഷണത്തിൽനിന്ന്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.