ശിശുക്ഷേമ സമിതികൾ എന്തെടുക്കുകയാണ്?
text_fieldsതിരുവനന്തപുരത്തെ ഒരു യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കടത്തുന്നതിൽ ഔദ്യോഗിക സ്ഥാപനങ്ങൾ വഹിച്ച പങ്കും ഇന്ന് ചർച്ചയാണ്. സകലവിധ നിയമങ്ങളും ലംഘിച്ച് നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ വിരലുകൾ നീണ്ട സാഹചര്യത്തിൽ കേരളത്തിലെ ശിശു സംരക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ അടിയന്തിരമായി വിശകലന വിധേയമാക്കേണ്ടതുണ്ട്.
ജുവൈനൽ ജസ്റ്റിസ് ആക്ട് അനുസരിച്ച സംവിധാനങ്ങളിൽ പ്രധാനമായത് എല്ലാ ജില്ലകളിലും രൂപവത്കരിച്ചിട്ടുള്ള ചൈൽഡ് വെൽെഫയർ കമ്മിറ്റിയാണ്.കമ്മിറ്റികളിൽ ആരോപണ വിധേയർ അംഗങ്ങളാവാറുണ്ട്; കുറ്റം ചെയ്ത് പിരിച്ചുവിടപ്പെട്ട കമ്മിറ്റികളുമുണ്ട്. മലപ്പുറം കമ്മിറ്റി ചെയർമാൻ, ആലപ്പുഴ, വയനാട് കമ്മിറ്റികൾ എന്നിവ ഇങ്ങനെ ഒഴിവാക്കപ്പെട്ടവരാണ്. ഇടുക്കിയിലുണ്ടായിരുന്ന ചൈൽഡ് വെൽെഫയർ കമ്മിറ്റി ചെയർമാൻ കുഞ്ഞുങ്ങളെ കാണാതായതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നേരിട്ടിരുന്നു.
ബാലാവകാശം സംബന്ധിച്ച് അവഗാഹം ഇല്ലാത്ത, പ്രതിബന്ധത തീരെയില്ലാത്ത, ശിശു സൗഹൃദ സമീപനം എന്തെന്നുപോലുമറിയാത്ത കുറെപ്പേരാണ് ആ പദവിയിൽ എത്തിപ്പെട്ടിരിക്കുന്നതെന്ന് മുമ്പ് ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ നിരീക്ഷിക്കപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയിലെ ഒരു കേസിൽ ഒരു കുഞ്ഞിനെ വയനാട് കമ്മിറ്റി അധികാരദുർവിനിയോഗം നടത്തി കടത്തിക്കൊണ്ടുപോയ സംഭവം ഏവരെയും വല്ലാതെ ഞെട്ടിച്ചു.എന്തായാലും കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം പുറത്തുവന്നയുടനെതന്നെ ആ കമ്മിറ്റി പൂർണമായി പിരിച്ചുവിട്ടു. സാങ്കേതിക കാരണംകൊണ്ടു മാത്രം കേസിൽ വെറുതെവിടപ്പെട്ട ചെയർമാനും ഒരു അംഗവും കുറ്റകൃത്യത്തിൽ വഹിച്ച പങ്ക് കോടതിയെ അറിയിക്കാൻ അപ്പീൽ നൽകുമെന്ന പ്രഖ്യാപനം പക്ഷേ, പറച്ചിലിൽ ഒതുങ്ങി.
ഈ കമ്മിറ്റികൾ കുഞ്ഞുങ്ങളുടെ ഉത്തമതാൽപര്യം എന്ന കാര്യം പലതരത്തിൽ വ്യാഖ്യാനിച്ച് പലപ്പോഴും മറ്റു പല താൽപര്യങ്ങളും നടപ്പാക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ബലാത്സംഗത്തിനിരയാക്കപ്പെട്ട് ഗർഭിണികളായ പെൺകുട്ടികളെ നിയമ വിധേയമായ ഗർഭഛിദ്രത്തിന് വിധേയമാക്കുന്നതിനെ കമ്മിറ്റി അംഗങ്ങൾ അവരുടെ മതവിശ്വാസം ചൂണ്ടിക്കാട്ടി തടസ്സപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ട്. ബലാത്സംഗം വഴി ഉണ്ടായ കുഞ്ഞിനെ അമ്മയായ പെൺകുട്ടി നിർബന്ധപൂർവം മുലയൂട്ടേണ്ടി വന്ന അനുഭവങ്ങളുമുണ്ട്. അതിക്രമം അതിജീവിച്ച പെൺകുട്ടിയെ കേസ് വിചാരണയോടടുക്കുമ്പോൾ അതേ സാഹചര്യത്തിലേക്ക് തിരിച്ചയച്ച് കുട്ടിക്കും വീട്ടുകാർക്കും സമ്മർദമുണ്ടാക്കി കേസ് അട്ടിമറിച്ച സാഹചര്യങ്ങളും നിരവധി. ഇതെല്ലാം പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. പല കമ്മിറ്റികളും പല രീതിയിൽ പ്രവർത്തിച്ച സാഹചര്യത്തിൽ കുട്ടികളുടെ താൽപര്യത്തിന് പരിഗണന ലഭിക്കുംവിധം പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ തക്ക പരിശീലനങ്ങൾ ആലോചനയിലുണ്ടായിരുന്നു. കാര്യമായൊന്നും നടന്നില്ല. ആണധികാര മൂല്യങ്ങൾ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള അധികൃതരും അംഗങ്ങളും മാറ്റത്തിനു വിധേയരാവാൻ ഒരുക്കമായിരുന്നില്ല തന്നെ.
സംരക്ഷണം സ്വന്തം പദവികൾക്ക് മാത്രം
കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിൽ കണിശതയില്ലെങ്കിലും ഈ കമ്മിറ്റിക്കാരിൽ പലരും സ്ഥാനത്ത് തുടരാനുള്ള അവകാശത്തിനുവേണ്ടി നിയമപോരാട്ടം നടത്താൻ ഉത്സുകരാണ്. ചിലർ അവർ മാറുന്നതിനെരെയും പുതിയ തെരഞ്ഞെടുപ്പ് രീതിയെ ചോദ്യം ചെയ്തും ഹൈകോടതിയെ സമീപിച്ചു. തദ്ഫലമായി പുതിയ കമ്മിറ്റികളുടെ വരവ് ഏറെ വൈകി.
റിട്ടയേർഡ് ഹൈകോടതി ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കിലും സർക്കാർ നൽകുന്ന ലിസ്റ്റ് അംഗീകരിക്കുന്ന രീതിയാണുള്ളത്. കുട്ടികളുടെ അവകാശം, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങൾ നടത്തി ഏഴു വർഷമെങ്കിലും പരിചയം വേണമെന്നുണ്ട്. തങ്ങൾ നിയമിക്കാൻ കണ്ടുവെച്ചിരിക്കുന്ന വ്യക്തികൾക്കനുസൃതമായി അതൊക്കെ വ്യാഖ്യാനിച്ചു നേർപ്പിക്കുകയാണ് പതിവ്. ഭരണകക്ഷികളുടെ യുവജന-വനിത- അഭിഭാഷക സംഘടന പ്രതിനിധികൾ, തെരഞ്ഞെടുപ്പിൽ തോറ്റവർ, സീറ്റ് കിട്ടാഞ്ഞ സങ്കടമുള്ളവർ, പാർട്ടി മാറി വന്നവർ എന്നിവരെയൊക്കെ പുനരധിവസിപ്പിക്കാനുള്ള ലാവണമായും ഈ സമിതികൾ ഉപയോഗിക്കപ്പെടുന്നു. നിയമം, മനഃശാസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഉന്നത യോഗ്യത പറയുന്നുണ്ടെങ്കിലും നിയമ ബിരുദക്കാരുടെ ആധിപത്യമാണ് പൊതുവെ. കമ്മിറ്റികളിൽ നിയോഗിക്കപ്പെട്ട കുറെപ്പേർ തദ്ദേശ െതരഞ്ഞെടുപ്പ് സമയത്ത് ഈ പദവി കളഞ്ഞ് അവിടെ ചേക്കേറാൻ പോയി, അത്രയൊക്കെ പ്രാധാന്യമേ അവർ ബാലാവകാശത്തിന് കൽപിച്ചിട്ടുള്ളൂ എന്നർഥം!
ശിശുപീഡകരുടെ വക്കീലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ
പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതികൾക്കുവേണ്ടി ഹാജരായിക്കൊണ്ടിരിക്കെ ഒരു അഭിഭാഷകൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായി എന്നു കേട്ടാൽ സിനിമയിലാണോ ട്രോളാണോ എന്ന് നമ്മൾ ചോദിച്ചുപോകും. പക്ഷേ, നമ്മുടെ ശിശുസൗഹൃദ കേരളത്തിൽ സംഭവിച്ചതാണിത്. ആ അനൗചിത്യം പക്ഷേ, വലിയ വിഷയമായില്ല. പദവിയിൽനിന്ന് നീക്കം ചെയ്തുവെന്നു മാത്രം. അന്നത്തെ വനിത ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പ്രസ്തുത വ്യക്തിയെ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിക്കരുത് എന്ന് ശിപാർശ ചെയ്തിട്ടുണ്ട്. ഈ ചെയർമാൻ ആ പദവി വഹിക്കവെ, അദ്ദേഹം വാദിച്ചിരുന്ന കേസിലെ ഇരയായ പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിൽനിന്ന് പ്രതികൾക്ക് സ്വാധീനിക്കാൻ സൗകര്യമുള്ള ഇടത്തിലേക്ക് തിരിച്ചയച്ചതായി പരാതി ഉയർന്നിരുന്നു. നടപടിയൊന്നുമുണ്ടായില്ല. ഇരയായ പെൺകുട്ടിക്ക് വിചാരണ സമയത്ത് കൃത്യമായി മൊഴി പറയാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന കാര്യം ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
മറ്റൊരു ചെയർമാനെതിരെ പോക്സോ കേസ് തന്നെ ഉണ്ടായി. കുറ്റാരോപിതനായതിെന തുടർന്ന് മാറ്റിനിർത്തപ്പെട്ടു. മറ്റു പലരും സമാന അനുഭവം പറയുന്നുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ആരും പരാതി നൽകാഞ്ഞതിനാൽ ഇയാൾ നിയമത്തിന് മുന്നിലെത്തിയില്ല.
വേണം സോഷ്യൽ ഓഡിറ്റിങ്
ചൈൽഡ് വെൽെഫയർ കമ്മിറ്റികളുടെ പ്രവർത്തനം അവലോകനം ചെയ്യുന്ന സംവിധാനം വളരെ ദുർബലമാണ്. അതുകൊണ്ടുതന്നെ, പ്രവർത്തന പാളിച്ചകൾ അഭിസംബോധന ചെയ്യാതെ പോകുകയാണ്. ബാലാവകാശ കമീഷൻ കമ്മിറ്റിപ്രവർത്തനങ്ങളെ ചെറിയ രീതിയിൽ അവലോകനം ചെയ്തിരുന്നുവെങ്കിലും അവിടെയും നേതൃമാറ്റം കാരണം പ്രവർത്തനരീതികൾക്ക് മാറ്റം വന്നു. കമീഷനിൽ പഴയ ചൈൽഡ് വെൽെഫയർ കമ്മിറ്റി മെമ്പർമാർ വന്നത് രണ്ടു തരത്തിൽ ബാധിച്ചു. ഒന്ന്, കമീഷൻ, സി.ഡബ്ല്യു.സികളുടെ പരിമിതികളെ മറികടന്നു മറ്റു വകുപ്പുകളെയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം സാധ്യമാക്കിയിരുന്നത് തുടരാനായില്ല. മറ്റൊന്ന് സി.ഡബ്ല്യു.സി വഴി നടക്കാതെപോയ നിക്ഷിപ്ത താൽപര്യങ്ങൾ നടത്തിയെടുക്കാനുള്ള വേദിയായി ദുരുപയോഗം ചെയ്യപ്പെട്ടു.
കമീഷൻ, ബലാത്സംഗത്തിന് വിധേയമായി പ്രസവിച്ച കുട്ടികളോട് കുഞ്ഞുങ്ങളെ നിർബന്ധിച്ചു മുലയൂട്ടിക്കുന്നത് സംബന്ധിച്ച പരാതിയിൽ വിവിധ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതുപോലെ, ഇൻവെസ്റ്റിഗേഷൻ സംബന്ധിച്ച് നിരവധി ഉത്തരവുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിട്ടുമുണ്ട്. സി.ഡബ്ല്യു.സി ആയാലും കമീഷനായാലും അവരുടെ അചഞ്ചലമായ നിലപാടുകളിലൂടെ അവകാശത്തിൽ അധിഷ്ഠിതമായ പ്രവർത്തനംകൊണ്ടു വളർന്നുവരേണ്ടതായിരുന്നു. നിയമവും മാർഗനിർദേശങ്ങളും ഉണ്ടെങ്കിലും കീഴ്വഴക്കങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. അതിനാൽ, തെറ്റായുള്ള പ്രവർത്തനവും ദുർബലമായ പ്രവർത്തനവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.
ഒരു ജില്ലയിലെ പോക്സോ കേസുകൾ അട്ടിമറിക്കുന്നതിൽ സി.ഡബ്ല്യു.സിയിൽ ഉണ്ടായിരുന്ന വിദഗ്ധ അഭിഭാഷകരുടെ സേവനമാണ് പ്രധാന ഘടകമെന്നാണ് ഒരു ബാലാവകാശ പ്രവർത്തകൻ തുറന്നുപറഞ്ഞത്. ചില അംഗങ്ങൾ കൃത്യമായി പ്രതികളോടൊപ്പം നിന്ന് നിയമം മറികടന്നു പ്രതികളെ രക്ഷിച്ച ഒരുപാട് സംഭവങ്ങളുണ്ട്. അനുകൂലമായി നിൽക്കാത്തവരെ സ്വാധീനം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനും ശ്രമിക്കാറുണ്ട്.
ഇത്തരം സ്ഥാപനങ്ങളുടെ മുന്നിൽ എത്തേണ്ടിവരുന്നത് ഏറെയും സമൂഹത്തിലെ അതി ദുർബല സമൂഹങ്ങളിൽനിന്നുള്ളവരാണ്. എന്നാൽ, അങ്ങനെ വേർതിരിച്ചുള്ള കണക്കുപോലും പലസ്ഥാപനങ്ങളും സൂക്ഷിക്കുന്നില്ല. സംരക്ഷണ സ്ഥാപനങ്ങളിനിന്നു തിരിച്ചയച്ച കുട്ടികൾ വീണ്ടും അതിക്രമത്തിന്നിരയാവുന്നത് നിത്യസംഭവമാണ്. തിരിച്ചയക്കുന്ന കുട്ടികളുടെ അവസ്ഥ അവലോകനം ചെയ്യുന്ന രീതിയുമില്ല. അങ്ങനെ തിരിച്ചയക്കപ്പെട്ട ഒരു പെൺകുട്ടിയാണ് 100ലധികം പ്രതികളുള്ള കേസുകളുമായി തിരിച്ചുവന്നത്. കുട്ടികളുടെ അവകാശം നടപ്പാക്കാനുള്ള സ്ഥാപനങ്ങൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കേണ്ടതുണ്ട്, അത് വെറും സാങ്കേതികതയിൽ ഒതുങ്ങരുതുതാനും. രഹസ്യസ്വഭാവവും സ്വകാര്യതയും സൂക്ഷിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മറയായി മാറ്റരുത്. ഇനിയെങ്കിലും കുട്ടികളുടെ അവകാശസംരക്ഷണം നടപ്പാക്കാനുള്ള സ്ഥാപനങ്ങൾ രാഷ്ട്രീയപ്രവർത്തകരുടെ സ്ഥാനലബ്ധിക്കുള്ള അവസരമാക്കി നീക്കിവെക്കരുത്.
(ആക്ടിവിസ്റ്റും കേരള മഹിള സമഖ്യ സൊസൈറ്റി മുൻ ഡയറക്ടറുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.