ഈ വിധികൊണ്ട് കോടതി എന്താണ് ഉദ്ദേശിക്കുന്നത്?
text_fieldsസംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ് വിതരണത്തിന് സർക്കാർ നിശ്ചയിച്ചിരുന്ന അനുപാതം ഒഴിവാക്കി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതത്തിൽ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഈ മാസം 28ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പോൾ ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണല്ലോ.
തരംതിരിവ് സ്വേച്ഛാപരമാണെന്നും ന്യൂനപക്ഷ സംരക്ഷണം സംസ്ഥാനത്തെ മുഴുവൻ 'ന്യൂനപക്ഷങ്ങൾ'ക്കും ലഭിക്കണമെന്നുമായിരുന്നു കേസിലെ ഹരജിക്കാരൻ ജസ്റ്റിൻ പള്ളിവാതുക്കൽ കോടതിയോട് പറഞ്ഞത്. എന്നാൽ, ഗുണഭോക്താക്കളുടെ സാമൂഹിക, സാമ്പത്തികസ്ഥിതി പരിഗണിക്കാത്ത ആവശ്യമാണ് ഈ വാദമെന്ന് പക്ഷേ, അദ്ദേഹം പറഞ്ഞില്ല. നിയമം, യുക്തി, നിയമശാസ്ത്രം എന്നിവ പ്രകാരമെല്ലാം ജസ്റ്റിസ് ഷാജിപോൾ ചാലി എഴുതിയ വിധിന്യായം പിഴവുറ്റതാണ്. ഹരജി ശരിവെച്ച് പദ്ധതി റദ്ദാക്കാൻ ബഹുമാന്യ ജഡ്ജി അവലംബമാക്കിയിരിക്കുന്നത് 2004ലെ ഇ.വി. ചിന്നയ്യ- ആന്ധ്രപ്രദേശ് സർക്കാർ കേസ് സുപ്രീംകോടതി വിധിയാണ്. ഈ വിധി പഞ്ചാബ് സംസ്ഥാനം- ദേവീന്ദർ സിങ് കേസുമായി ബന്ധപ്പെട്ട് 2020ൽ ഏഴംഗ ബെഞ്ചിന് വിട്ടിരുന്നു. അതിൽ ജൂറി ഇപ്പോഴും തീർപ്പിെലത്തിയിട്ടില്ല. സംവരണത്തിൽ മതിയായ പ്രാതിനിധ്യത്തിന് പട്ടികജാതിക്കാരുടെ ഉപവർഗീകരണമായിരുന്നു ചിന്നയ്യ കേസിലെ വിഷയം. ഇവിടെയാകട്ടെ വ്യത്യസ്ത ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ സമത്വവും.
പരാതി അംഗീകരിക്കാൻ ഹൈകോടതി പറഞ്ഞ വിഷയങ്ങൾ, വിധിന്യായം രൂപപ്പെടാൻ ഇടയാക്കിയ മുൻവിധി വ്യക്തമായി തുറന്നുകാട്ടുന്നുണ്ട്: കോടതി ഉത്തരവ് പറയുന്നു: ''ന്യൂനപക്ഷങ്ങൾക്കിടയിലെ പിന്നാക്കാവസ്ഥയെ ഒരു പ്രത്യേക വിഭാഗത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കാനായി ദേശീയ കമീഷനും സംസ്ഥാന കമീഷനും ഉപയോഗപ്പെടുത്തരുത്''. ''ചിന്നയ്യ കേസ് വിധി പുനഃപരിശോധിക്കാനുള്ള ഉത്തരവിൽ നിരത്തിയ കണ്ടെത്തലുകൾ പരിഗണിച്ചാൽപോലും, നിർദിഷ്ട ഉപവർഗീകരണം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലേ ആകാവൂ. ഒരു പ്രത്യേക വിഭാഗത്തിെൻറ ദൗർബല്യം കണക്കിലെടുത്താകരുത്. നമ്മുടെ കാഴ്ചപ്പാടിൽ, വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ അത്തരം വഴി സ്വീകരിക്കലേ പകരമുള്ളൂ, സംസ്ഥാനം ചെയ്ത പോലെയാകരുത്''.
കേരളത്തിലെ മുസ്ലിംകളുടെയും പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളുടെയും അവസ്ഥ മെച്ചപ്പെടുത്താൻ ആവിഷ്കരിച്ച പദ്ധതിയുടെ ആനുകൂല്യം സാമൂഹികമായും സാമ്പത്തികമായും പ്രബലരായ ക്രൈസ്തവർക്കും ലഭിക്കണമെന്നും അല്ലാത്തപക്ഷം ഒഴിവാക്കണമെന്നുമാണ് ഒരർഥത്തിൽ ഈ വിധിന്യായംവഴി കോടതി പറഞ്ഞുവെക്കുന്നത്. 1992ലെ ദേശീയ ന്യൂനപക്ഷ കമീഷൻ നിയമത്തിലെ ന്യൂനപക്ഷ വിജ്ഞാപനം ഉദ്ധരിച്ച കോടതി ''വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷങ്ങളുടെ വിഷയത്തിൽ എല്ലാവരെയും തുല്യരായി പരിഗണിക്കണം. തുല്യമല്ലാതെ പരിഗണിക്കാൻ അധികാരം നൽകപ്പെട്ടിട്ടില്ല. അത് മുൻചൊന്ന ഭരണഘടന വകുപ്പുകളിൽനിന്നും നിയമങ്ങളിൽനിന്നും വ്യക്തമാണ്''. ഇവിടെ അവഗണിക്കുന്നത്, തുല്യർക്കിടയിലെ തുല്യതയെന്ന ഭരണഘടനയുടെ അടിസ്ഥാന തത്ത്വമാണ്. എല്ലാ നിയമ തത്ത്വസംഹിതകളെയും രൂപപ്പെടുത്തിയത് ഈ തുല്യതയാണ്. സുപ്രീംകോടതി അതിനെ ബലപ്പെടുത്തുകയും ചെയ്തതാണ്.
''ഈ നിയമമോ 29ാം നിയമത്തിലെ രണ്ടാം അനുച്ഛേദമോ ഒരിക്കലും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംനിൽകുന്ന വിഭാഗങ്ങളെയോ പട്ടികജാതി-വർഗങ്ങളെയോ ഉയർത്തിക്കൊണ്ടുവരാൻ സംസ്ഥാനങ്ങൾ പ്രത്യേക നിയമം രൂപവത്കരിക്കുന്നതിനെ തടയില്ലെന്ന് കൃത്യമായി വെളിപ്പെടുത്തുന്ന 15 (4) വകുപ്പിനെയാണ് ബഹു. ഹൈകോടതി ഇവിടെ തൽക്കാലം മാറ്റിനിർത്തിയത്. ചുരുക്കത്തിൽ മുസ്ലിം, ദലിത്, ബഹുജന ക്രിസ്ത്യൻ പിന്നാക്കാവസ്ഥയുടെ തോളിൽ കയറിയിരിക്കാൻ സവർണ ക്രിസ്ത്യാനികളെ അനുവദിക്കണമെന്നോ, അല്ലാത്തപക്ഷം വിവിധ സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ നടപ്പാക്കരുതെന്നോ സർക്കാറിനോട് ഹൈകോടതി നിർദേശിക്കുന്നു.
രാജ്യെത്ത സാമൂഹികനീതി നിയമസംഹിതയുടെ വികാസവും പരിണാമവും എന്നും അടിസ്ഥാന യാഥാർഥ്യങ്ങളോടും നീതിനടപ്പാക്കലിനോടും മാത്രമല്ല, സംവരണം, ആവശ്യമായ കർമപദ്ധതി എന്നിവയോടും ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സ്വയം വൈവിധ്യവത്കരണം വഴി ഭിന്ന ജാതി, വർഗ, മത, ലിംഗ, വംശ വകഭേദങ്ങളെ ഉൾക്കൊള്ളുന്നതിൽ ഇന്ത്യയിലെ ഉന്നത ജുഡീഷ്യറി പുലർത്തുന്ന മുരടൻ കാർക്കശ്യംതന്നെയാണ് ഇതിെൻറ പ്രധാന കാരണം. അതുവഴി സാമൂഹിക അധഃസ്ഥിതാവസ്ഥകളോട് അനുതാപം പുലർത്താതെ മാറിനിൽക്കാൻ അവർക്കാകുന്നു. വിധി എഴുതിയ ജഡ്ജി തെൻറ സഹപ്രവർത്തകരിലെ ഈ സാമൂഹിക സ്വഭാവം - ഏഴു സവർണ ക്രിസ്ത്യൻ ജഡ്ജിമാർ, മൂന്ന് മുസ്ലിം ജഡ്ജിമാർ (അവരിൽ രണ്ടുപേർ അഡീഷനൽ ജഡ്ജിമാരാണ്, ഒരു വനിത പോലുമില്ല) വെറുതെയൊന്ന് നിരീക്ഷിച്ചശേഷം ഈ വിധി തയാറാക്കിയിരുന്നെങ്കിൽ അത് മറ്റൊന്നാകുമായിരുന്നു. കാരണം, അദ്ദേഹത്തിെൻറ യുക്തിപ്രകാരം, ക്രിസ്ത്യൻ ജഡ്ജിമാരേക്കാളേറെ മുസ്ലിം ജഡ്ജിമാർ വേണമെന്നുവരുമല്ലോ. ചിലപ്പോൾ ഇവിടെ ആ തുല്യത വേണ്ടെന്നായിരിക്കും. എല്ലാറ്റിലുമുപരി, ജഡ്ജിമാരും മനുഷ്യരല്ലേ.
(കേരള ഹൈകോടതി അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.