പൊലിഞ്ഞ ജീവനും കൊഴിഞ്ഞ വർഷങ്ങൾക്കും എന്തുണ്ട് നഷ്ടപരിഹാരം?
text_fields1968ൽ നടന്ന വിചാരണയിൽ കുറ്റമുക്തനെന്ന് കണ്ടെത്തിയ ആളാണ് റുദുൽ ഷാ. പക്ഷേ, അദ്ദേഹം മോചിതനായത് 14 വർഷംകൂടി കഴിഞ്ഞ് 1982ലാണ്. ഇക്കാരണംകൊണ്ട് സുപ്രീംകോടതി അദ്ദേഹത്തിന് 30,000 രൂപ നഷ്ടപരിഹാരം വിധിച്ചു. അതന്ന് ഒരു മാന്യമായ തുകയായിരുന്നു, ഒപ്പം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ അന്യായം സമർപ്പിക്കാനും അനുവദിച്ചു.
ജമ്മു-കശ്മീർ എം.എൽ.എ ആയിരുന്ന പ്രഫ. ഭിംസിങ്ങിനെ നിയമസഭ സമ്മേളനത്തിന് പോകുന്ന വഴിയിൽ സൈന്യം പിടിച്ചുകൊണ്ടുപോയി. സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. അദ്ദേഹം സുപ്രീംകോടതിയിൽ ഹരജി നൽകി. പ്രഫസറും അഭിഭാഷകനുമായ അദ്ദേഹത്തെപ്പോലൊരാളെ ഇത്തരത്തിൽ പിടിച്ചുകൊണ്ടുപോകുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. അരലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. 1987ൽ സഹേലി എന്ന സന്നദ്ധ സംഘടന പൊലീസ് കസ്റ്റഡിയിൽ നടന്ന ഒരു മരണം സംബന്ധിച്ച് പരാതി നൽകി. സുപ്രീംകോടതി മുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ച മകെൻറ മൃതദേഹം റെയിൽവേ പാളത്തിന് സമീപം കണ്ടെത്തിയ സംഭവത്തിൽ നിലാഭതി ബെഹറക്ക് 1993ൽ സുപ്രീംകോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു.
തിരോധാനങ്ങൾ, അന്യായമായി പിടിച്ചുകൊണ്ടുപോകൽ, കസ്റ്റഡി മരണം തുടങ്ങിയ സംഭവങ്ങളിലെല്ലാം സുപ്രീംകോടതി നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ, നിലാഭതി ബെഹറ കേസിന് ശേഷം ഇത്തരം അന്യായ അറസ്റ്റുകൾ ഇല്ലാഞ്ഞിട്ടാണോ എന്തോ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നഷ്ടപരിഹാരം നൽകുന്നത് ഏറക്കുറെ ഇല്ലാതായി. ഏതാനും വർഷം മുമ്പ് അന്യായമായി തടവിൽവെക്കപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. ഈയിടെ യു.എ.പി.എ ചുമത്തി ഒരു വർഷത്തിലേറെ തടവിലിട്ട അഖിൽ ഗൊഗോയിയെ കുറ്റമുക്തനാക്കി വിട്ടയച്ചപ്പോൾ കോടതി നഷ്ടപരിഹാരമൊന്നും നൽകിയില്ല. യു.എ.പി.എ, രാജ്യദ്രോഹ കേസുകൾക്ക് ഒരു മാർഗനിർദേശ ചട്ടം ആവശ്യമാണെന്ന് പരാമർശമുണ്ടായെങ്കിലും അത്തരമൊന്നും ഉണ്ടായിട്ടില്ല.
കോടതികൾ വിട്ടയക്കാൻ നിർദേശിച്ചിട്ടും അത് പ്രാവർത്തികമാക്കപ്പെടാത്ത നിരവധി സംഭവങ്ങളുണ്ട്. കാൽനൂറ്റാണ്ടു മുമ്പ് തിഹാർ ജയിലിൽനിന്ന് ഒരാളെ വിട്ടയക്കാൻ ഡൽഹി ഹൈകോടതി നിർദേശിച്ചിരുന്നു. ജയിലധികൃതർ 15 ദിവസമായിട്ടും അവരെ വിട്ടില്ല. കോടതി ഉത്തരവിെൻറ ലംഘനം. അന്യായ തടവിന് അവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ഈയിടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. എന്നിട്ട് പൊലീസും േപ്രാസിക്യൂഷനും പറഞ്ഞതെന്താണ്? അവരുടെ ആധാർ കാർഡ് വേണം, അഡ്രസ് പരിശോധിക്കണം എന്നൊക്കെയല്ലേ. അവർ അറസ്റ്റിലായിരുന്ന വേളയിൽ പൊലീസ് ആധാർ പരിശോധിച്ചിട്ടില്ലേ? സംഗതിയുടെ ചുരുക്കം ഇതാണ്- കോടതി ഒരു ഉത്തരവിറക്കിയാൽ തങ്ങൾ അത് മാനിക്കുന്നുവെങ്കിൽ നടപ്പാക്കും, അല്ലെങ്കിൽ ചെയ്യില്ല, അത്രതന്നെ. കോടതി ഒരാളെ വിട്ടയക്കാൻ പറഞ്ഞാൽ പൊലീസിനും ജയിലധികൃതർക്കും അവരെ പിടിച്ചുവെക്കാനും തങ്ങൾക്ക് തോന്നുേമ്പാൾ വിട്ടയക്കുമെന്ന് പറയാനും ഒരധികാരവുമില്ല.
വ്യാജ ഏറ്റുമുട്ടൽ കൊലകളാണ് ആകുലത ഉയർത്തുന്ന മറ്റൊരു വിഷയം. മണിപ്പൂരിൽ 12 വയസ്സുകാരനെ പിന്നിൽനിന്ന് വെടിവെച്ചു കൊന്ന കേസ് ജസ്റ്റിസ് ദീപക് ഗുപ്തയുടെയും എെൻറയും പരിഗണനയിൽ വന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരവാദിയെന്നാണ് അവനെതിരെ ആക്ഷേപമുണ്ടാക്കിയത്. പ്രമുഖ ന്യായാധിപനായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഡ്ഗേയെ വസ്തുത പരിേശാധിക്കാൻ നിയോഗിച്ചു. കുട്ടിക്കെതിരെ ആരോപിക്കപ്പെട്ടത് ശരിയല്ലെന്ന് കണ്ടെത്തി. ഞങ്ങൾ ഇടപെടും വരെ നഷ്ടപരിഹാരമൊന്നുംതന്നെ നൽകിയിരുന്നില്ല.
ഉത്തർപ്രദേശിൽ അടുത്ത കാലത്തു മാത്രം 119 മനുഷ്യരാണ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം പൊലീസിൽനിന്ന് തോക്ക് തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചത്രേ. പൊലീസ്ഭാഷ്യത്തിൽ മരിച്ചവർ എല്ലാവരും കൊടും ക്രിമിനലുകളുമാണ്. അതെങ്ങനെ ശരിയാവും? എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ? അതോ, പൊലീസ് ആളുകളെ കൊന്നിട്ട് അവർ ക്രിമിനലുകളാണെന്ന് പറഞ്ഞാൽ കാര്യം തീരുമോ? അസമിലും ഇങ്ങനെതന്നെയാണ്. ഏതെങ്കിലും തടവുപുള്ളി രക്ഷപ്പെടാൻ ശ്രമിച്ചാൽ ഉടനടി വെടിയാണ് രീതി. അഞ്ചുപേർ ഇത്തരത്തിൽ കൊല്ലപ്പെട്ടു.
സൂറത്തിൽ 122 മനുഷ്യരെ 19 വർഷത്തിനു ശേഷം കുറ്റക്കാരല്ലെന്നു കണ്ടെത്തി വിട്ടയച്ച സംഭവമുണ്ടായി. അവരിൽ എല്ലാവരും ഇക്കാലമത്രയും ജയിലിൽ ആയിരുന്നില്ല. പക്ഷേ, കുറെ പേർ കുറെ കാലം ജയിലിൽ കഴിഞ്ഞു. ഇവർക്കും നഷ്ടപരിഹാരമില്ല.കശ്മീർ നിവാസിയായ ബഷീർ അഹ്മദ് ബാബ ഗുജറാത്തിൽ ഒരു അർബുദ ബോധവത്കരണ ക്യാമ്പിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഭീകരവാദിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് 11 വർഷം തടവിലിട്ടത്. അദ്ദേഹം പുറപ്പെട്ടത് എന്തിനാണെന്നും എത്തിപ്പെട്ടതെവിടെയാണെന്നും ശ്രദ്ധിക്കണേ. എന്തായാലും കുറ്റമുക്തനാക്കപ്പെട്ടെങ്കിലും നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല.
പ്രഫ. ഹാനിബാബുവിെൻറ കണ്ണിന് അസുഖം ബാധിച്ച് കാഴ്ച നഷ്ടപ്പെടുമെന്നു വന്നപ്പോഴാണ് അേദ്ദഹത്തെ ആശുപത്രിയിൽ കൊണ്ടുപോയത്. ഫാ. സ്റ്റാൻ സ്വാമിക്ക് നേരത്തേതന്നെ മതിയായ ചികിത്സ നൽകാമായിരുന്നില്ലേ? ഒരാളെ മർദിക്കുന്നതുപോലെയല്ലെങ്കിലും വൈദ്യപരിരക്ഷയുടെ നിഷേധം ഒരുതരം ലഘുപീഡനമല്ലേ. അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിക്കുന്ന വ്യവസ്ഥാപിതമായ ഒരു രീതിയാണിത്. യു.എ.പി.എ ഒഴിവാക്കണമെന്നും രാജ്യദ്രോഹ നിയമം ഒഴിവാക്കണമെന്നുമൊക്കെ പറയാൻ രസമാണ്, പക്ഷേ അതൊന്നും ഒഴിവാകാൻ പോകുന്നില്ലെന്നു മാത്രമല്ല, ദേശസുരക്ഷ നിയമം (എൻ.എസ്.എ) കൂടുതലായി ഉപയോഗിക്കപ്പെടാനും വഴിയൊരുങ്ങുകയാണിപ്പോൾ.
ഇതിനെയെല്ലാം എങ്ങനെയാണ് നേരിടാനാവുക? ഒരേയൊരു ഉത്തരമേയുള്ളൂ -ഉത്തരവാദിത്തപ്പെട്ടവരെക്കൊണ്ട് കണക്കുപറയിക്കുക. അന്യായത്തിനും അനീതിക്കും ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകിയേ തീരൂ. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകിയെങ്കിൽ വ്യാജകേസുകളിൽ കുടുക്കപ്പെട്ട ഈ മനുഷ്യർക്കെല്ലാം മതിയായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. കോടതികൾ പൊലീസ്-പ്രോസിക്യൂഷൻ അധികാരികളോട് അഞ്ചോ പത്തോ ലക്ഷം നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് തുടങ്ങിയാൽ അവർക്ക് അൽപം ബോധം വന്നേക്കുമെന്നും അന്യായ അറസ്റ്റുകൾ ഒഴിവാക്കിയേക്കുമെന്നും എനിക്ക് തോന്നുന്നു. പക്ഷേ, അഞ്ചുലക്ഷം നൽകിയിട്ട് എല്ലാം ശരിയായിക്കോളും എന്നുപറഞ്ഞാൽ കാര്യം അവസാനിച്ചോ? ഇല്ലതന്നെ. അവർ അനുഭവിച്ച മാനസിക പീഡകളെ അതിഗൗരവമായിത്തന്നെ കാണണം. ഗോമൂത്രത്തെപ്പറ്റി എന്തോ പറഞ്ഞെന്നതിെൻറ പേരിൽ ദേശസുരക്ഷ നിയമത്തിൽ ചുഴറ്റി ജയിലിലിടപ്പെട്ട പൊതുപ്രവർത്തകൻ അനുഭവിച്ച മനോവ്യഥ എത്രമാത്രമായിരിക്കും. അദ്ദേഹത്തിെൻറ കുടുംബം മാനസികവും വൈകാരികവുമായി അനുഭവിച്ച വേദനകൾ എത്രമാത്രമായിരിക്കും.
അർബുദത്തെ എങ്ങനെ തടയാമെന്നത് പഠിക്കാൻ പോയ ആളെയാണ് ഭീകരൻ എന്നുപറഞ്ഞ് 11 വർഷം ജയിലിൽ അടച്ചിട്ടത്. ഇവരുടെ സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങൾ 'നിെൻറ പിതാവ് ജയിലിലല്ലേ' എന്ന് കേൾക്കേണ്ടിവരുേമ്പാൾ പേറുന്ന ഭാരം എത്രമാത്രമായിരിക്കും. കടുത്ത അനീതി ആ മനുഷ്യരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതത്തിെൻറ ശിഷ്ടകാലം മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കും. വീണ്ടെടുപ്പില്ലാത്ത രീതിയിൽ അത് അവരിൽ പതിഞ്ഞു പോകും. അവരുടെ മാനസിക ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകിയേ മതിയാവൂ. ചെയ്യാത്ത തെറ്റുകളുടെ പേരിൽ ആളുകളെ തുറുങ്കിലടച്ചിട്ട്, അവരെ പീഡിപ്പിച്ച് എന്തു തരം സമൂഹത്തെ കെട്ടിപ്പടുക്കാനാണ് നമ്മൾ ലക്ഷ്യമിടുന്നത്? നമ്മൾ എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?
(കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് ജുഡീഷ്യൽ റിഫോംസ് സംഘടിപ്പിച്ച വെബിനാറിൽ നടത്തിയ പ്രഭാഷണത്തെഅടിസ്ഥാനമാക്കി തയാറാക്കിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.