വിദൂര വിദ്യാഭ്യാസ വിദ്യാർഥികളുടെ ഭാവിയെന്ത്?
text_fieldsക്യാമ്പുകളിൽവെച്ച് മൂല്യനിർണയം നടത്തുക എന്ന ആവശ്യം നടപ്പാക്കിയാൽ മാത്രമേ ഇഗ്നോയുടെ വിശ്വാസ്യത നിലനിർത്താനും മൂല്യനിർണയം മോണിറ്റർ ചെയ്യാനും സാധിക്കൂ
വിവരസാങ്കേതിക വിദ്യയുടെ വികാസത്തിന്റെ അടിസ്ഥാനത്തിൽ ലോകമൊട്ടുക്ക് പഠനസംവിധാനങ്ങളെ പുനഃക്രമീകരിക്കുന്ന, ഓൺലൈൻ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന, ക്രെഡിറ്റ് ബാങ്കിനെ കുറിച്ച് വാചാലമാകുന്ന കാലത്ത് വിദൂര വിദ്യാഭ്യാസ ഓൺലൈൻ കോഴ്സുകളെ പരമ്പരാഗത (റഗുലർ) കോഴ്സുകൾക്ക് തുല്യമാക്കി യു.ജി.സി ഉത്തരവിറക്കിയത് ജീവിതസാഹചര്യങ്ങളാൽ പഠനം പാതിവഴിക്ക് മുടങ്ങിപ്പോയ ഒട്ടേറെ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷയേകിയിരുന്നു.
40 ലക്ഷത്തിലധികം വിദ്യാർഥികൾ ഒരേസമയം പഠിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓപൺ സർവകലാശാലയായ ഇഗ്നോ ഉൾപ്പെടെ ഇന്ത്യയിലെ പല സർവകലാശാലകളും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നുണ്ട്.
വിദ്യാർഥികൾക്ക് ആഴത്തിലുള്ള പഠനം സാധ്യമാക്കുന്ന സ്റ്റഡി മെറ്റീരിയലുകൾ, ഡിജിറ്റൽ പഠനസൗകര്യങ്ങൾ പങ്കിടാനായി ഇ-ഗ്യാൻകോശ് എന്ന ദേശീയ ഡിജിറ്റൽ ശേഖരം, നാഷനൽ ഡിജിറ്റൽ ലൈബ്രറി, ഗ്യാൻവാണി, ഗ്യാൻദർശൻ തുടങ്ങിയ പബ്ലിക് ബ്രോഡ്കാസ്റ്റേഴ്സ് സൗകര്യങ്ങൾ തുടങ്ങി വിദൂര വിദ്യാഭ്യാസത്തിന് ഇഗ്നോ ഒരുക്കിയിരിക്കുന്ന ബഹുമുഖ സംവിധാനങ്ങൾ ഏറെ പ്രശംസനീയമാണ്.
എന്നാൽ, പഠിതാക്കളെ ഏറെ വലക്കുന്ന മൂല്യനിർണയത്തിലെയും പരീക്ഷഫലങ്ങളിലെയും സുതാര്യതയില്ലായ്മ ഇത്തരം സംവിധാനങ്ങളെയെല്ലാം അസ്ഥാനത്താക്കുന്നു. അനീതി ചൂണ്ടിക്കാട്ടാനോ അവകാശങ്ങൾക്ക് വാദിക്കാനോ വിദ്യാർഥി സംഘടനകൾ പോലുമില്ലാത്ത സാഹചര്യത്തിൽ തികഞ്ഞ അസംഘടിത വിഭാഗമായ ലക്ഷക്കണക്കിന് വിദ്യാർഥികൾ അന്യായത്തിന് ഇരയാക്കപ്പെടുന്നു.
ഇഗ്നോ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണയം ക്യാമ്പുകളിലല്ല, വീടുകളിൽ വെച്ചാണ് നടക്കുന്നത്. ചില കോഴ്സുകളിൽ കൂട്ടത്തോൽവി, ഒരേ എക്സാം സെന്ററിൽ പരീക്ഷ എഴുതുന്നവർക്ക് ഒരേ പാറ്റേണിൽ മാർക്ക്, ഒരുപാട് വിദ്യാർഥികൾക്ക് പൂജ്യം മാർക്ക് എന്നിങ്ങനെ മൂല്യനിർണയം നടത്തുന്നവരുടെ യോഗ്യതയിൽ സംശയം ജനിപ്പിക്കുന്ന വിധമാണ് പരീക്ഷഫലങ്ങൾ പുറത്തുവരാറ്.
മറ്റു പേപ്പറുകളിൽ അമ്പതും മറ്റും മാർക്ക് സ്കോർ ചെയ്ത ഒരു ഡിഗ്രി വിദ്യാർഥിക്ക്, ഇഗ്നോ പരീക്ഷക്ക് നൽകുന്ന ബുക് ലെറ്റിന്റെ മുക്കാൽ ഭാഗമോ മുഴുവൻ പേജോ എഴുതിയിട്ടും എങ്ങനെയാണ് ഇവാലുവേറ്റർ പൂജ്യം മാർക്ക് കൊടുക്കുന്നത്? ഇഗ്നോ ഇവാലുവേഷന് ആൻസർകീ നൽകുന്നില്ല എന്നതും ഗൗരവമുണർത്തുന്നതാണ്.
അകാരണമായി മാർക്ക് നഷ്ടമായ പേപ്പറൊന്നിന് 750 രൂപ നിരക്കിൽ, റീവാലുവേഷൻ നടത്തിയാൽ അർഹിക്കുന്ന മാർക്ക് ലഭിക്കുന്ന സംഭവങ്ങളും നിരന്തരമുണ്ടാവുന്നു.
ഉത്തരവാദിത്തരഹിതമായി മൂല്യനിർണയം നടത്തി വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുകയും ആത്മവിശ്വാസം തകർക്കുകയും ചെയ്യുന്ന ഇൻവിജിലേറ്റർമാർക്കെതിരെ നാളിതുവരെ ഏതെങ്കിലും തരത്തിലെ നടപടികൾ സ്വീകരിച്ചതായി അറിവില്ല.
സ്വതേ ഡിസ്റ്റൻസായതിന്റെ പേരിൽ വിവേചനം നേരിടുന്ന ഈ വിദ്യാർഥികൾ ഇന്നത്തെ ജോബ് മാർക്കറ്റിൽ കുറഞ്ഞ മാർക്ക്ഷീറ്റുമായി എങ്ങനെ മുന്നോട്ടുപോകും? മാത്രവുമല്ല, പിഎച്ച്.ഡി അടക്കമുള്ള ഉന്നത വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലാണവർ.
രാജ്യത്തിന്റെ മാനവവിഭവശേഷിയായ യുവതക്കുമേൽ ഒരു കേന്ദ്രസർക്കാർ സ്ഥാപനംതന്നെ ഇത്തരത്തിൽ അതിക്രമം കാണിക്കുന്നത് ഒരുവിധത്തിലും ചോദ്യംചെയ്യപ്പെടുന്നുമില്ല. കാലിക്കറ്റ്, കേരള യൂനിവേഴ്സിറ്റികളുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകളിലെ വിദ്യാർഥികൾ നേരിട്ട കൂട്ടത്തോൽവിയുടെ വാർത്തകളും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.
വളരെ കാര്യക്ഷമമായും വ്യവസ്ഥാപിതമായും കോടികളുടെ ബജറ്റിൽ വിദൂരവിദ്യാഭ്യാസം നൽകുന്ന ഇഗ്നോയെ തകർക്കാനും വൻതുക ഫീസ് ഈടാക്കി സ്വകാര്യ സർവകലാശാലകൾ നടത്തുന്ന കോഴ്സുകൾക്ക് മാന്യത നേടിക്കൊടുക്കാനുമുള്ള ശ്രമങ്ങൾ അധികൃതരിൽ ചിലർതന്നെ നടത്തുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
വീടുകളിലേക്ക് പേപ്പറുകൾ അയക്കുന്ന സമ്പ്രദായം നിർത്തലാക്കി ക്യാമ്പുകളിൽവെച്ച് മൂല്യനിർണയം നടത്തുക എന്ന വിദ്യാർഥികളുടെ ആവശ്യം നടപ്പാക്കിയാൽ മാത്രമേ ഇഗ്നോയുടെ വിശ്വാസ്യത നിലനിർത്താനും മൂല്യനിർണയം മോണിറ്റർ ചെയ്യാനും സാധിക്കൂ.
വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുന്ന, ഒരു തലമുറയുടെ ഭാവിയെതന്നെ അനിശ്ചിതത്വത്തിലാക്കുന്ന ഇത്തരത്തിലുള്ള മൂല്യനിർണയത്തിന് കാരണക്കാരായ അധ്യാപകരെ യൂനിവേഴ്സിറ്റി ഡീബാർ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യേണ്ടതുമുണ്ട്.
ദേശീയ വിഭവകേന്ദ്രമായും വിദൂര വിദ്യാഭ്യാസത്തിന്റെ മികച്ച നിലവാരം നിലനിർത്തുന്നതിനുള്ള സ്ഥാപനമായും പ്രവർത്തിക്കുന്ന ഇഗ്നോയെ അതിന്റെ നിലവാരത്തോടുകൂടി നിലനിർത്തേണ്ടത് പരമ്പരാഗത വിദ്യാഭ്യാസത്തിന് പുറത്തുനിൽക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.