കോൺഗ്രസിന്റെ രക്ഷക്കിനി എന്തു മരുന്ന്?
text_fieldsനിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തോൽക്കുന്നത് ആദ്യമല്ല, വിവിധ സംസ്ഥാനങ്ങളിലേക്ക് ഈയടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും ഈ ചിരപുരാതന ദേശീയ പാർട്ടിയുടെ പ്രകടനം അത്ര തിളക്കമുള്ളതായിരുന്നില്ല. പക്ഷേ കേരള നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൽ കോൺഗ്രസിനു സംഭവിച്ച പതനം അതിനെ സാധാരണ തോൽവിയായി എഴുതിത്തള്ളാൻ കഴിയില്ല.
2019ലെ പൊതു തെരഞ്ഞെടുപ്പിൽ രാജ്യമൊട്ടുക്ക് തകർന്നടിഞ്ഞപ്പോഴും ഇരുപതിൽ ഒരേ ഒരു സീറ്റൊഴികെ ബാക്കിയെല്ലാം ഒപ്പം നിന്നതാണ്, എന്തിനേറെ പറയുന്നു ഗാന്ധി കുടുംബത്തിന്റെ തട്ടകമായ അമേഠിയിൽ തിരിച്ചടിയുണ്ടാകുമെന്നു മുൻകൂട്ടിക്കണ്ട് രാഹുൽഗാന്ധി സുരക്ഷിത സ്ഥാനം കണ്ടെത്തിയതു പോലും കേരളത്തിലാണല്ലോ. ആ വൻവിജയത്തിന് രണ്ടേ രണ്ടു വർഷങ്ങൾക്ക് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞുപോയിരിക്കുന്നു.
ഇടത്-ഐക്യ മുന്നണികളെ മാറിമാറി തുണക്കുന്ന പതിവ് തെറ്റിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടതുമുന്നണി സർക്കാറിന് കഴിഞ്ഞ തവണത്തേക്കാൾ പിന്തുണയോടെ കേരളം രണ്ടാമൂഴം സമ്മാനിച്ചിരിക്കുന്നത്, കോൺഗ്രസിന് തീർത്താൽ തീരാത്ത വേദനയും.
അഞ്ചിൽ നാലിലും തകർച്ച
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ, കഴിഞ്ഞ വർഷം നേതൃത്വത്തിന്റെ പാളിച്ചകൾക്കെതിരെ കലാപക്കൊടിയുയർത്തിയ 23 വിമത പ്രമുഖരിലൊരാൾ പരിഹസിച്ചത് ഒരിക്കലും തിരിച്ചു കയറിവരാൻ പറ്റാത്ത വിധം പാർട്ടിയെ പാതാളത്തോളം താഴ്ന്നൊരു കുഴിയിൽ അടക്കാനുള്ള പുറപ്പാടിലാണ് നേതൃത്വം എന്നാണ്. അതു പറയാൻ അദ്ദേഹത്തിന് യുക്തമായ കാരണങ്ങളുണ്ടായിരുന്നു.
ഇടതുപാർട്ടികൾ പിടിച്ചെടുക്കും മുമ്പ് കോട്ടയായിക്കൊണ്ട് നടന്നിരുന്ന ബംഗാളിൽ നാണംമറക്കാനൊരു സീറ്റ് പോലും നേടാനായില്ല, എത്ര ദുർബലമായ അവസ്ഥയിലും ഭരിക്കുന്ന മുന്നണിയെ തിരസ്കരിച്ച് അടുത്ത ഊഴം പ്രതിപക്ഷ പാർട്ടിക്ക് നൽകുന്ന കേരള ജനത ഇക്കുറി പൂർണമായി കൈയൊഴിഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണം നിലനിന്നിരുന്ന അസമിൽ ബി.ജെ.പി സർക്കാറിനെ അധികാരത്തിൽ നിന്നിറക്കാനായില്ല. പൗരത്വ നിയമഭേദഗതിക്കെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങൾ അരങ്ങേറിയ അസമിൽ തിരിച്ചുവരവ് നടത്താൻ ഇതിലേറെ അനുകൂല സാഹചര്യം തന്നെ ഇല്ല. വർഷങ്ങളായി ഭരണം നടത്തിയ പുതുച്ചേരി പ്രാദേശിക പാർട്ടികളെയും വിമത വിഭാഗങ്ങളെയും കൂട്ടുപിടിച്ച് ബി.ജെ.പി കൊത്തിയെടുത്തു. കോൺഗ്രസ് ഭാഗമായ മുന്നണി വിജയം നേടിയത് തമിഴ്നാട്ടിൽ മാത്രം. അത് കോൺഗ്രസിന്റെ വിജയം എന്നു പറഞ്ഞാൽ അസത്യമാവും. ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ നേതൃമികവിൽ കൈവന്ന വിജയത്തിൽ ചെറുപങ്ക് എന്നു വേണമെങ്കിൽ പറയാം.
ബംഗാളിലെ 'സംപൂജ്യ'തോൽവി ആരുമത്ര കാര്യമായി എടുക്കുന്നില്ല. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും നേർക്ക്നേർ ഏറ്റുമുട്ടിയ അത്യന്തം ധ്രുവീകരിക്കപ്പെട്ട തെരഞ്ഞെടുപ്പ് പരിസരത്ത് കോൺഗ്രസിെൻറ സാന്നിധ്യം തന്നെ പലപ്പോഴും അനുഭവപ്പെട്ടില്ല. കേരളവും അസമുമാണ് കോൺഗ്രസിനെ അക്ഷരാർഥത്തിൽ തിരസ്കരിച്ചിരിക്കുന്നത്. കേരളത്തിൽ മത്സരിച്ച 93ൽ 21 സീറ്റല്ലേ അവർക്ക് നേടാനായുള്ളൂ. മുന്നണിയിലെ മറ്റൊരു പ്രധാനകക്ഷിയായ മുസ്ലിം ലീഗ് അതിലേറെ നല്ല പ്രകടനം കാഴ്ചവെച്ചുവെന്ന് കാണാനാവും. മുൻതെരഞ്ഞെടുപ്പിനേക്കാൾ കുറവാണെങ്കിലും മത്സരിച്ച 27ൽ 16 സീറ്റുകൾ പിടിച്ചു ലീഗ്. രാഹുൽ ഗാന്ധിയും പ്രിയങ്കയും പാറി നടന്നാണ് പ്രചാരണ യോഗങ്ങളിൽ പ്രസംഗിച്ചത്. അവയിൽ രണ്ട് സീറ്റുകളിലൊഴികെ എല്ലായിടത്തും പാർട്ടി തോറ്റെന്നാണ് വിമത നേതാവ് ചൂണ്ടിക്കാട്ടിയത്.
അസമിൽ ഇതാദ്യമായി ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫുമായി സഖ്യമുണ്ടാക്കുേമ്പാൾ ബി.ജെ.പി ഭരണത്തെ മറിച്ചിടാനാകും എന്നു തന്നെയായിരുന്നു കണക്കുകൂട്ടൽ. കഴിഞ്ഞ തവണത്തേക്കാൾ സ്ഥിതി തരിമ്പ് മെച്ചമുണ്ടാക്കി എന്നതു ശരി തന്നെ. 2016ലെ 39 സീറ്റ് 52 ആയി ഉയർത്തി. പക്ഷേ 126ൽ 72 സീറ്റുകൾ നേടി ബി.ജെ.പി ഭരണം ഉറപ്പിച്ചു നിർത്തി. കേരളത്തിൽ ലീഗ് എന്ന പോലെ അസമിലെ സഖ്യകക്ഷി എ.ഐ.യു.ഡി.എഫും സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. മത്സരിച്ച 21ൽ 16 സീറ്റുകളിൽ വിജയിക്കാൻ അവർക്കായി.
കോൺഗ്രസ് പാർട്ടി എത്തിനിൽക്കുന്ന അത്യന്തം ദയനീയ അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പുകൾ ബോധ്യപ്പെടുത്തിത്തരുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് തന്നെ പാർട്ടിയെ മൃതപ്രായമാക്കിയിരുന്നു. 19.5 ശതമാനം വോട്ടും 52 സീറ്റും മാത്രം കൈവശം വെച്ച് നിൽക്കുന്നതിനിടെയാണ് ഓരോ സംസ്ഥാനങ്ങളിലും അടിക്കടി നേരിടുന്ന തിരിച്ചടികൾ.
നേതാവില്ലാത്ത മഹാപ്രസ്ഥാനം
വ്യക്തമായ ഒരു നേതൃത്വമില്ലാത്തത് ഈ സംഘടനക്ക് വരുത്തിവെക്കുന്ന പരിക്കുകൾ ചില്ലറയല്ല. ആഭ്യന്തര പടലപ്പിണക്കങ്ങൾ പറഞ്ഞ് പരിഹരിക്കാൻ പോലും അവർക്കാവതില്ല. മധ്യപ്രദേശിൽ കിട്ടിയ ഭരണം പോലും കളഞ്ഞുകുളിച്ചത് അതുമൂലമാണ്. സാമാന്യം ഭേദപ്പെട്ട വിജയമാണ് 2018ൽ അവിടെ കോൺഗ്രസ് നേടിയത്. പക്ഷേ ഉൾപ്പോരും നേതൃത്വത്തിന്റെ പക്ഷപാതിത്വവുമെല്ലാം അതിരുവിട്ടപ്പോൾ അനുയായികളെയും കൂട്ടി ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിവിട്ടുബി.ജെ.പിയിലേക്ക് പോയി. കമൽനാഥ് സർക്കാർ വീഴുകയും ശിവ്രാജ്സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും മുഖ്യമന്ത്രി പദത്തിലേറുകയും ചെയ്തു. നിർഗുണ നേതൃത്വത്തിന് ഇതൊക്കെ നോക്കി നിൽക്കാൻ മാത്രമെ കഴിഞ്ഞുള്ളൂ.
അതിന് ഏതാനും നാൾ മുമ്പു നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം തവണയും സമ്പൂർണ തോൽവിയാണു നേരിടേണ്ടി വന്നത്. ഒരു പാർട്ടി എന്ന നിലയിൽ കനത്ത പ്രഹരമായിരുന്നു അതെങ്കിലും നിഷ്പക്ഷ നിരീക്ഷകർക്ക് അതൊരു അത്ഭുതമേ ആയിരുന്നില്ല. ഒരുവിധ ആസൂത്രണവുമില്ലാതെ നേരിട്ട തെരഞ്ഞെടുപ്പായിരുന്നു അത്. ജനങ്ങൾക്ക് ഏറക്കുറെ അപരിചിതനായ ഒരു നേതാവിനെ പിടിച്ച് 11ാം മണിക്കൂറിൽ സംസ്ഥാന പ്രസിഡൻറാക്കി, പൊതു തെരഞ്ഞെടുപ്പിൽ ധൻബാദിൽ മത്സരിച്ച് കെട്ടിവെച്ച കാശു പോലും കിട്ടാതെ പോയ, കാലങ്ങളായി ഡൽഹിയുടെ രാഷ്്ട്രീയചിത്രത്തിന് പുറത്തുള്ള കീർത്തി ആസാദിനെയാണ് പ്രചാരണ ചുമതല ഏൽപിച്ചിരുന്നത്. സീറ്റ് പൂജ്യം, 2015ൽ 9.7 ഉണ്ടായിരുന്ന വോട്ടിങ് ശതമാനം 4.25 ആയി കൂപ്പുകുത്തി. 66 സീറ്റിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥികളിൽ 63 പേരും കെട്ടിവെച്ച കാശ് രാജ്യത്തിന്റെ ഖജനാവിന് മുതൽക്കൂട്ടായി.
അതിനു പിന്നാലെയാണ് ബിഹാർ തെരഞ്ഞെടുപ്പ് വന്നത്. കോവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ബി.ജെ.പി വരുത്തിയ വൻ പിഴവ് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ മരണതുല്യമായ ദുരിതത്തിലേക്ക് തള്ളിവിട്ടത് ജനമനസ്സുകളെ നീറ്റുന്നുണ്ടായിരുന്നു. സ്വാഭാവികമായും വോട്ടർമാർ എൻ.ഡി.എയെ കൈയൊഴിയുമെന്ന ധാരണ പൊതുവിലുണ്ടായിരുന്നു. അതിശക്തമായ കാമ്പയിൻ നയിച്ച് ആർ.െജ.ഡി നേതാവ് തേജസ്വി യാദവ് മുന്നിലുണ്ടായിരുന്നു. എന്നിട്ടും കോൺഗ്രസ് ഭാഗമായ മഹാസഖ്യത്തിന് 110 സീറ്റേ പിടിക്കാനായുള്ളൂ. 243 അംഗ അസംബ്ലിയിൽ 125 സീറ്റ് പിടിച്ച് എൻ.ഡി.എ ഭരണം വീണ്ടും ഭദ്രമാക്കി. 75 സീറ്റിൽ വിജയിച്ച ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പല ആർ.ജെ.ഡി നേതാക്കളും ഈ ലേഖികയോട് തുറന്നടിച്ചു പറഞ്ഞ ഒരു കാര്യം കോൺഗ്രസ് ഇത്രമാത്രം ദയനീയമായി പൊളിഞ്ഞില്ലായിരുന്നെങ്കിൽ സഖ്യം അധികാരമേറിയേനെ എന്നായിരുന്നു. അത് ശരിയാണെന്നു കണക്കുകൾ നോക്കിയാൽ കാണാം. 70 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 19 എം.എൽ.എമാരെ മാത്രമാണ് നേടാനായത്.
കാര്യങ്ങൾ പോകുന്നത് മോദിയുടെ വഴിക്ക്
'നാല് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഫലം സൂചിപ്പിക്കുന്നതു കോൺഗ്രസ് പാർട്ടി അത്യാസന്ന നിലയിലാണെന്നാണ്, പാർട്ടിയെ അപ്രസക്തമാക്കുംവിധത്തിൽ രാജ്യത്തെ രാഷ്ട്രീയം നീങ്ങുന്നുവെന്ന് പറയേണ്ടി വരും. അടുത്ത ഒന്നര വർഷത്തിനുള്ളിൽ അത്തരം നവരാഷ്ട്രീയത്തിനു രാജ്യം സാക്ഷ്യം വഹിക്കും. സജീവമായ, സാന്നിധ്യമറിയിക്കാൻ കെൽപ്പുള്ള നേതൃത്വം വേണമെന്നായിരുന്നു ഞങ്ങൾ ആവശ്യപ്പെട്ടത്. അത് തീർത്തും ശരിയായിരുന്നുവെന്നു ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ'- വിമതശബ്ദമുയർത്തിയ 23 നേതാക്കളിലൊരാൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിൽ ഇളക്കമുണ്ടാക്കി തിരുത്തൽ വരുത്താൻ തങ്ങൾ ആഞ്ഞു പരിശ്രമിെച്ചങ്കിലും നിരാശ മാത്രമാണ് ലഭിച്ചത്.നേതൃത്വം പാർട്ടിയെ ചവിട്ടിത്താഴ്ത്തിയിരിക്കുന്നു, കോൺഗ്രസ് തിരിച്ചു വരണമെന്ന് അണികളും ജനങ്ങളും ആഗ്രഹിച്ചാൽ പോലും സാധ്യമല്ലാത്ത സ്ഥിതിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു അവർ-നേതാവിന്റെ ശബ്ദത്തിലെ രോഷവും നിരാശയും കണ്ണീരിന്റെ വക്കോളമെത്തിയിരുന്നു.
നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ നേതാക്കൾ പരസ്യമായി പുറത്തേക്കു വരാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ജനങ്ങൾ മരിച്ചുവീഴുന്ന സന്ദർഭമായതു കൊണ്ടു മാത്രമാണ് ഇപ്പോഴത് വേണ്ടെന്നു വെച്ചിരിക്കുന്നത്. ആങ്ങളയും പെങ്ങളും ചേർന്ന് പാർട്ടിയെ നയിച്ച് രക്ഷിക്കും എന്നത് വ്യഥാ ആഗ്രഹമാണെന്ന് വിമത നേതാക്കളിൽ മറ്റു ചിലർ തുറന്നു പറയുന്നു. സോണിയ ഗാന്ധിയോട് ഇപ്പോഴും ജനങ്ങൾക്കും പ്രവർത്തകർക്കും ബഹുമാനമുണ്ട്, പക്ഷേ അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം കാര്യമായൊന്നും ചെയ്യാൻ കഴിയുന്നില്ല. മക്കൾക്കപ്പുറത്തേക്ക് ചിന്തിക്കാനും അവർക്കാവുന്നില്ല.
കോൺഗ്രസിനു പുറത്ത് പൂർണമായ ജനാധിപത്യ പ്രക്രിയയിൽ നീങ്ങുന്ന ഒരു പുതുരാഷ്ട്രീയ തരംഗം രൂപപ്പെടുത്തിയെടുക്കാൻ സമയമായെന്ന് നേതാക്കൾ അഭിപ്രായപ്പെടുന്നു. അവർ ആഗ്രഹിക്കുന്ന രീതിയിലേക്ക് പോകാനാകുമോ എന്ന കാര്യമറിയില്ല, പക്ഷേ ഒരു കാര്യം ഉറപ്പാണ്-അതി ദയനീയമാണ് രാജ്യത്തെ പരമോന്നത സ്ഥാനങ്ങളെല്ലാം വഹിച്ചിരുന്ന, ഏറിയ കൂറും സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന പാർട്ടിയുടെ നിലവിലെ അവസ്ഥ. അടുത്ത മാസം പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നതാണ്. രാഹുലോ പ്രിയങ്കയോ-ഇവരിലൊരാൾ എന്നാണ് തീരുമാനമെങ്കിൽ കോൺഗ്രസ് എന്ന പാർട്ടിയുടെ അവസാനത്തിന്റെ തുടക്കം കൂടിയാകുമത്.
നോക്കൂ, ജനവിധി മാനിക്കുന്നു, പരിശോധിക്കും, പഠിക്കും എന്നൊക്കെയുള്ള ചപ്പടാച്ചികൾ പറഞ്ഞ് തടിതപ്പുന്നതല്ലാതെ ഒരു മുതിർന്ന നേതാവ് പോലും ദയനീയ പ്രകടനത്തെക്കുറിച്ച് ശബ്ദമുയർത്തി അഭിപ്രായം പറയാൻ മുന്നോട്ടുവന്നിട്ടില്ല. ഈ പോക്ക് കണ്ടിട്ട് തോന്നുന്നത് ഇതാണ്. സ്വന്തം പ്രതിച്ഛായയും പ്രകടനവുമെല്ലാം അത്യന്തം തകർന്നുകിടക്കുകയാണെങ്കിൽ പോലും പ്രധാനമന്ത്രി മോദി കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം അധികം താമസമില്ലാതെ യാഥാർഥ്യമാക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.