ലക്ഷദ്വീപിൽ സംഘ്പരിവാർ ലക്ഷ്യമിടുന്നത്
text_fieldsസംസ്കാരം കൊണ്ടും ജീവിതംകൊണ്ടും സാമീപ്യംകൊണ്ടും കേരളത്തിെൻറ സ്വന്തമെന്ന് കരുതാവുന്ന ലക്ഷദ്വീപിലും സംഘപരിവാരം അസ്വസ്ഥതയുടെ മഴു എറിഞ്ഞിരിക്കുകയാണ്. മൂലധന ഫാഷിസ്റ്റ് താൽപര്യങ്ങൾ അടിച്ചേൽപിക്കുന്നതിനായി ഭരണകൂടം ഒരുങ്ങിനിൽക്കുമ്പോൾ ആ മനോഹരദേശത്തിെൻറ സ്വാസ്ഥ്യം നഷ്ടപ്പെടുകയാണ്. 32 കൊച്ചുദ്വീപുകൾ ഉൾപ്പെടുന്നതാണ് ലക്ഷദ്വീപ് സമൂഹം. ജനങ്ങൾ സ്ഥിരതാമസമുള്ള 10 ദ്വീപുകളും ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന ബങ്കാരം ഉൾപ്പെടുന്ന 11 ദ്വീപുകളിലാണ് മനുഷ്യസഹവാസം ഉള്ളത്. സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ സംരക്ഷിക്കുന്നതിനും ദ്വീപ് നിവാസികളെ തനിമയോടെ നിലനിർത്തുന്നതിനും അവരെ പട്ടികവർഗ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പരിഷ്കാരങ്ങളും സംഘ്പരിവാർ അജണ്ടയും
പ്രഫുൽ ഖോദ ഉൾപ്പെടെ 37 അഡ്മിനിസ്േട്രറ്റർമാരാണ് പല കാലങ്ങളിലായി ലക്ഷദ്വീപിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതുവരെ അഡ്മിനിസ്േട്രറ്റർമാരെല്ലാം പ്രഗത്ഭ സിവിൽ സർവിസ് ഉദ്യോഗസ്ഥന്മാരായിരുന്നു. കേന്ദ്രഭരണം സംഘ്പരിവാറിെൻറ കൈകളിൽ എത്തിയതിൽ പിന്നെ നിയമിച്ച അഡ്മിനിസ്േട്രറ്റർമാർ സംഘ്പരിവാർ ആശയങ്ങളോട് അടുത്തുനിൽക്കുന്നവരാണ്.
ഭരണഘടനയുടെ 239ാം ആർട്ടിക്കിൾ അനുസരിച്ച് ഇന്ത്യൻ പ്രസിഡൻറിെൻറ അംഗീകാരത്തോടെയാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് അഡ്മിനിസ്േട്രറ്റർമാരെ നിയോഗിക്കുന്നത്. സമാധാനവും പുരോഗതിയും ക്ഷേമഭരണവും കൊണ്ടുവരുന്നതിന്ന് െറഗുലേഷൻസ് നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് ഭരണഘടന അനുമതിനൽകുന്നുണ്ട്. ഇന്നാടിെൻറ സംസ്കാരവും ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സംരക്ഷിക്കുന്നതരത്തിൽ നിലവിലുള്ള ലക്ഷദ്വീപ് ലാന്റ് ടെനൻസി റെഗുലേഷൻ,ലക്ഷദ്വീപ് എൻട്രി പ്രൊഹിബിഷൻ റെഗുലേഷൻ തുടങ്ങിയ സുപ്രധാന നിബന്ധനകളെല്ലാം പൊളിച്ചെഴുതുംവിധത്തിൽ പുതിയ നാലു െറഗുലേഷനുകൾ നടപ്പിലാക്കാനാണ് പുതിയ അഡ്മിനിസ്േട്രറ്റർ മുഖേനെ സംഘ്പരിവാർ ശ്രമിക്കുന്നത്.
ഒരുവിധ നിബന്ധനകളും നടപടിക്രമങ്ങളും പാലിക്കാതെ ലക്ഷദ്വീപ് നിവാസികളുടെ കൈയിൽനിന്ന് ഭൂമി ഏകപക്ഷീയമായി പിടിച്ചെടുക്കാൻ ഭരണാധികാരികൾക്ക് അവകാശം നൽകുംവിധത്തിലുള്ള വകുപ്പുകൾ കൂട്ടിച്ചേർത്ത് തയാറാക്കിയ ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി െറഗുലേഷനാണ് അവയിൽ ഒന്ന്. 2011ലെ സെൻസസ് പ്രകാരം 66,000 ആണ് ലക്ഷദ്വീപിലെ ജനസംഖ്യ. കുറ്റകൃത്യ നിരക്കിൽ രാജ്യത്ത് ഏറ്റവും അവസാനം നിൽക്കുന്ന ഭൂപ്രദേശമാണ്. നാളിതുവരെയുള്ള ദ്വീപിെൻറ ചരിത്രത്തിൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ട കൊലപാതക കേസുകൾ മൂന്നെണ്ണം മാത്രമാണ്. അതിൽ രണ്ടു കേസുകളിലെയും പ്രതികൾ മനോവിഭ്രാന്തിയുള്ളവരാണ് എന്നുകൂടി അറിയുക. ഇത്രത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞ ഒരുപ്രദേശത്ത് പുതിയ അഡ്മിനിസ്േട്രറ്റർ ഗുണ്ടാ ആക്ടിന് സമാനമായ ലക്ഷദ്വീപ് ആൻറി സോഷ്യൽ ആക്റ്റീവിറ്റീസ് റെഗുലേഷൻ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഏതൊരു വ്യക്തിയെയും 12 മാസംവരെ കരുതൽതടങ്കലിൽ വെക്കാൻ ഈ െറഗുലേഷനിൽ അഡ്മിനിസ്േട്രറ്റർക്ക് അധികാരം നൽകുന്നു. മാത്രമല്ല, അഡ്വൈസറി ബോർഡ് മുമ്പാകെ ഹാജരാക്കുന്ന വ്യക്തിക്ക് അഭിഭാഷക സേവനംപോലും ഈ െറഗുലേഷൻ പ്രകാരം നിഷേധിക്കപ്പെടും.
നിലവിൽ ജനാധിപത്യരീതിയിലുള്ള ഗ്രാമ-ജില്ല പഞ്ചായത്ത് സംവിധാനങ്ങളുണ്ട്. എന്നാൽ, ലക്ഷദ്വീപ് ജനതയെ സംബന്ധിച്ച് അടിസ്ഥാനപരമായ അറിവുപോലും ഇല്ലാത്ത പുതിയ അഡ്മിനിസ്േട്രറ്റർ ലക്ഷദ്വീപ് പഞ്ചായത്ത് െറഗുലേഷൻ കൊണ്ടുവരുന്നു. രാജ്യത്ത് എവിടെയും നിലവിലില്ലാത്ത വിചിത്ര നിബന്ധനകളാണ് ഈ െറഗുലേഷനിൽ എഴുതിവെക്കപ്പെട്ടിട്ടുള്ളത്. രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്ത് അംഗങ്ങളായി മത്സരിക്കാൻ ഈ െറഗുലേഷൻ പ്രകാരം സാധിക്കില്ല. ദ്വീപ് നിവാസികൾ എല്ലാവരും പട്ടികവർഗ വിഭാഗത്തിൽപെട്ടവരാണ് എന്നിരിക്കെ പട്ടികവർഗക്കാർക്ക് പഞ്ചായത്തിൽ സീറ്റ് സംവരണം ചെയ്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളിൽനിന്ന് പഞ്ചായത്തിെൻറ സാമ്പത്തികവും നയപരവുമായ അധികാരങ്ങൾ ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് നൽകുന്നതരത്തിലാണ് ഈ െറഗുലേഷനിലെ വകുപ്പുകൾ എഴുതിവെക്കപ്പെട്ടിട്ടുള്ളത്.
ലക്ഷദ്വീപ് നിവാസികളുടെ മതപരമായ വിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും ഹനിക്കുംവിധത്തിൽ കൊണ്ടുവന്നതാണ് ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ െറഗുലേഷൻ. ലക്ഷദ്വീപ് നിവാസികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന്മേൽപോലും സംഘ്പരിവാർ ഭരണകൂടം ഈ െറഗുലേഷൻവഴി കൈവെക്കുകയാണ്. ഭരണകൂടത്തിെൻറ പ്രത്യേക അനുമതിയില്ലാതെ മതപരമായ വിശ്വാസത്തിെൻറ ഭാഗമായിപോലും 15 വയസ്സ് പൂർത്തീകരിക്കാത്ത ഒരു മൃഗത്തെയും അറുക്കുന്നതും ഭക്ഷിക്കുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ അത് ജാമ്യമില്ലാ കുറ്റമാവും. മാത്രമല്ല, കുറ്റവാളികൾക്ക് ജീവപര്യന്തം തടവുശിക്ഷവരെ നൽകാനുള്ള വകുപ്പുകൾ ഈ െറഗുലേഷനിൽ കൂട്ടിച്ചേർത്തിരിക്കുന്നു.
പരിഷ്കാരങ്ങളുടെ പിന്നിലെ കോർപറേറ്റ് ലക്ഷ്യങ്ങൾ
വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പവിഴപ്പുറ്റുകളുടെ വലിയ ശേഖരമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഇന്ത്യയിൽതന്നെ ലക്ഷദ്വീപിനെ പോലെ കോറൽ ഐലൻഡ് വേറെയില്ല എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, നിരവധി സീ ലഗൂൺ (ആഴക്കടലിൽനിന്ന് ദ്വീപുകളെ തരംതിരിക്കുന്ന മനോഹരമായ കടൽപരപ്പ്) പ്രദേശമുള്ള ദ്വീപുകളാണ് ലക്ഷദ്വീപ് സമൂഹത്തിലുള്ളത്. സ്വകാര്യ നിക്ഷേപകർക്ക് ലക്ഷദ്വീപിലെ ടൂറിസ്റ്റ് സാധ്യതകളെ നിർബാധം തുറന്നുകൊടുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ലക്ഷദ്വീപ് നിവാസിയുടെ ഭൂമി സർക്കാർ പാട്ടത്തിന് ഏറ്റെടുക്കുമ്പോൾ സ്ക്വയർമീറ്ററിന് 34 രൂപ നിശ്ചിത വാടക നൽകണമായിരുന്നു. എന്നാൽ, പുതിയ അഡ്മിനിസ്േട്രറ്റർ ചുമതല ഏറ്റെടുത്തതോടെ ഈ സംഖ്യ ഏകപക്ഷീയമായി 16 രൂപയായി ചുരുക്കുകയുണ്ടായി. ഇതിൽനിന്നുതന്നെ അഡ്മിനിസ്േട്രറ്ററുടെ ലക്ഷ്യം വ്യക്തമാണ്.
അമൂൽ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പുതിയ അഡ്മിനിസ്േട്രറ്റർ തെൻറ കമ്പനിയുടെ ഉൽപന്നങ്ങൾ ലക്ഷദ്വീപ് നിവാസികൾക്കിടയിൽ വിൽപന നടത്താനും ശ്രമം നടത്തിവരുന്നുണ്ട്. ഇതിനെല്ലാം പുറമെ, തെൻറ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ തദ്ദേശീയരായ സർക്കാർജീവനക്കാരെ വിവിധ വകുപ്പുകളിൽനിന്ന് അകാരണമായി പിരിച്ചുവിട്ട് അവിടങ്ങളിൽ പുറമെയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതും പുതിയ അഡ്മിനിസ്േട്രറ്റർ നയമായി സ്വീകരിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.