എന്തായിരിക്കണം സ്വതന്ത്ര ഇന്ത്യ?
text_fieldsസുഭാഷ് ചന്ദ്രബോസ് 1928 മേയ് മൂന്നിന് പുണെയിൽ നടന്ന പ്രവിശ്യാസമ്മേളനത്തിനിടയിൽ ചെയ്ത അധ്യക്ഷപ്രസംഗം
നമ്മുടെ ഇപ്പോഴത്തെ നയങ്ങൾ സംബന്ധിച്ച് എന്റെ കാഴ്ചപ്പാട് പറയുംമുമ്പ് ഏറെ പ്രാധാന്യമേറിയതെന്ന് എനിക്കുതോന്നുന്ന ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം ആ പ്രശ്നങ്ങൾക്കുള്ള മറുമരുന്നുകളെ കുറിച്ചും പറയണമെന്നുണ്ട്.ഭാരതത്തിൽ ഇപ്പോൾ ഉണ്ടായ ഉണർവ്, ചില വൈദേശികാശയങ്ങളുടെയും സമ്പ്രദായങ്ങളുടെയും പ്രചോദനഫലമായി ഉണ്ടായതാണെന്ന ചില വിദേശികളുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല.
ബൗദ്ധികവും മാനസികവുമായ മാന്ദ്യത്തിൽനിന്ന് ഭാരതീയർക്ക് ഉയരാൻ കഴിഞ്ഞതിനു പിന്നിൽ വിദേശീയരുടെ സഹായമുണ്ട് എന്നത് നിഷേധിക്കാനാവില്ല. വൈദേശികമായ ചില സദ്ഗുണങ്ങൾ നമ്മുടെ ഉള്ളുണർത്തുകയും സ്വബോധത്തെ തിരിച്ചുകൊണ്ടുവരുകയും ചെയ്തു എന്നതാണ് ശരി. ഈ ഉണർച്ചയിൽനിന്നും രൂപംകൊണ്ടതാണ് നാം ഇന്നു കാണുന്ന ദേശീയപ്രസ്ഥാനം. അതിന്റെ ഉറവിടം ഒരിക്കലും വൈദേശികമല്ല, സ്വദേശീയമാണ്.
ജീർണിച്ച പൗരാണികതക്കു പകരം പുതുമയും യുവത്വവും പ്രസരിപ്പിച്ചുകൊണ്ട് ഭാരതീയസംസ്കാരം നിരന്തരം പുനർജനിച്ചുകൊണ്ടിരിക്കും. ഈ പ്രക്രിയ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഏതു പുതുമയേയും നമുക്ക് പെട്ടെന്ന് സ്വാംശീകരിക്കാൻ കഴിയുന്നത്. പാശ്ചാത്യ ജനാധിപത്യം സ്വീകരിക്കുന്നതിലൂടെ ഭാരതം പാശ്ചാത്യവത്കരിക്കപ്പെടുകയാണെന്ന അഭിപ്രായവും ഇങ്ങനെ നോക്കിയാൽ അസാധുവാണെന്ന് മനസ്സിലാവും. ജനാധിപത്യം ഒരു തരത്തിലും ഒരു പാശ്ചാത്യ സമ്പ്രദായമല്ല.
അത് മനുഷ്യവർഗത്തിന്റെ തികച്ചും മാനുഷികമായ ഒരു വ്യവസ്ഥയാണ്. മനുഷ്യൻ എന്നാണോ രാഷ്ട്രീയസമ്പ്രദായങ്ങളിൽ ഇടപെടാൻ തുടങ്ങിയത്, അന്നുമുതൽ ഈ വ്യവസ്ഥയും പിറന്നു എന്നുവേണം കരുതാൻ. ഭാരതത്തിലെ പ്രാചീന ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ഭരണത്തിൽ ജനാധിപത്യനിയമങ്ങൾ പ്രയോഗിച്ചിരുന്നു. ഗ്രാമീണ സ്വയംഭരണ സഭകളിലൂടെയാണ് ഇത് സാധിച്ചിരുന്നത്.
ദേശീയതക്കെതിരെ പല മേഖലകളിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് യുവാക്കളെയും ഗ്രാമീണരായ എന്റെ സഹജീവികളെയും ഓർമിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. ദേശീയത സ്വാർഥപ്രേരിതമാണെന്നതാണ് ഒരഭിപ്രായം. സാർവദേശീയ സംസ്കാരവാദത്തിന്റെ വീക്ഷണകോണിലൂടെ നോക്കിയാൽ ദേശീയത സങ്കുചിതവും സാർവദേശീയതയുടെ വികാസത്തിന് എതിരുമാണെന്ന അഭിപ്രായമാണ് ചിലർക്ക്. ഭാരതീയ ദേശീയത സ്വാർഥപ്രേരിതമല്ലെന്നാണ് എനിക്കു പറയാനുള്ളത്.
ബ്രിട്ടീഷുകാരന്റെ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്നു കഴിയുന്നിടത്തോളം കാലം, സ്വന്തം വിധി നിർണയിക്കാനുള്ള അവകാശം നമുക്കു നിഷേ ധിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയവാദികളും ദേശീയതാവിരുദ്ധവാദികളായ കമ്യൂണിസ്റ്റുകളും ഒന്നുചേർന്ന് ഭാരതത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യം ഉടൻ ഉറപ്പുവരുത്തണം. സുഹൃത്തുക്കളേ, സമകാലിക ജീവിതയാഥാർഥ്യങ്ങളിൽനിന്നും കണ്ണുകളുയർത്തി, അങ്ങേയറ്റം അവ്യക്തമായ ഭാവികാലത്തെ ഒന്നു പരിശോധിക്കാൻ നിങ്ങളോടു പറയുന്നതിന് എനിക്കു മാപ്പുതരുക.
സ്വതന്ത്രമായ ഒരു ഫെഡറൽ റിപ്പബ്ലിക്കിനുവേണ്ടി നിലകൊള്ളുന്നവനാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം പ്രധാന ലക്ഷ്യവും അതുതന്നെയാണ്. കോളനിഭരണം വെച്ചുനീട്ടുന്ന സ്വയംഭരണത്തെയോ, അധികാരനിയന്ത്രിതമായ സ്വയംഭരണത്തെയോ കൂട്ടുപിടിക്കാതെ ഭാരതം സ്വന്തം ഭാവിഭാഗധേയം പൂർത്തിയാക്കുകയാണു വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് നമ്മളെന്തിനു ജീവിക്കണം? അസംസ്കൃതവസ്തുക്കളടങ്ങുന്ന ഭൗതികവിഭവംകൊണ്ടും മനുഷ്യവിഭവംകൊണ്ടും സമ്പന്നമാണ് ഇന്ത്യ. വിദേശി അടിച്ചേൽപിച്ച നിർബന്ധിതമായ ശൈശവതത്തിൽനിന്നു മോചനം പ്രാപിക്കാനും വിശാലമായ കാഴ്ചപ്പാടോടെ ഒരു സ്വതന്ത്രരാജ്യമായി പ്രവർത്തിക്കാനും ഇന്ത്യക്ക് കഴിയുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.