ആ കാർട്ടൂൺകൊണ്ട് അവർ ഉന്നംവെക്കുന്നത്
text_fieldsഗുജറാത്ത് ബി.ജെ.പി ഘടകം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കാർട്ടൂണിനു പിന്നിലെ വിദ്വേഷ മനോനിലക്ക് ചരിത്രത്തിൽ അതിഭയാനകമായ ഉദാഹരണങ്ങളുണ്ട്. മതന്യൂനപക്ഷങ്ങളെ ഒറ്റതിരിച്ച് ഉന്നമിടുന്ന ഈ രീതി എത്രമാത്രംഅപകടകരമാണ് എന്ന് വിശദമാക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനും 'ദി വയർ' സ്ഥാപക പത്രാധിപരുമായ സിദ്ധാർഥ് വരദരാജൻ
നരേന്ദ്ര മോദിയെയും അമിത് ഷായെയും നമുക്കു നൽകിയ ഗുജറാത്ത് ബി.ജെ.പി ഇപ്പോഴിതാ ഒരു കാർട്ടൂൺ പുറത്തുവിട്ടിരിക്കുന്നു. യഹൂദർക്കെതിരെ നാസികൾ നടത്തിയിരുന്ന വിദ്വേഷപ്രചാരണത്തിന്റെയും തെക്കേ അമേരിക്കയിലെ വംശീയവാദികൾ പരസ്പരം പങ്കുവെച്ചിരുന്ന അതിക്രമാഘോഷ പോസ്റ്റ്കാർഡുകളുടെയും അത്രതന്നെ ജീർണമായ, വിഷം വമിപ്പിക്കുന്ന ഈ കാർട്ടൂണിൽ ഒരുപാട് കുരുക്കുകളുള്ള ഒറ്റക്കയറിൽ കഴുവേറ്റപ്പെടുന്ന മുസ്ലിം പുരുഷന്മാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സത്യമേവ ജയതേ എന്ന് ഗുജറാത്തിയിൽ എഴുതി അതിനൊപ്പം നിയമവിരുദ്ധമായി ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നവും ചേർത്താണ് അവർ പോസ്റ്റ് ചെയ്തത്. ട്വിറ്ററും ഇൻസ്റ്റഗ്രാമും ഈ കാർട്ടൂൺ നീക്കംചെയ്യുകയായിരുന്നു.
2008ലെ അഹ്മദാബാദ് സ്ഫോടനക്കേസിൽ കുറ്റാരോപിതരായ 77 പേരിൽ 38 പ്രതികളെ വിചാരണ കോടതി വധശിക്ഷക്കു വിധിച്ചതാണ് കാർട്ടൂണിന്റെ പശ്ചാത്തലം. കേസിൽ 28 പേരെ കുറ്റമുക്തരാക്കുന്നതും 11 പേർക്ക് ജീവപര്യന്തം നൽകുന്നതുമാണ് വിധിന്യായം. സ്വാഭാവികമായും ഇതിനെതിരെ സർക്കാർ അപ്പീൽ നൽകും. കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിയ ആളുകൾക്ക് വിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകാനും അവകാശവുമുണ്ട്.
56 പേരുടെ ജീവനെടുത്ത, ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റ സ്ഫോടനത്തിന്റെ യഥാർഥ ആസൂത്രകർ ആരുതന്നെയായാലും അവരോട് എന്തെങ്കിലും അനുകമ്പ ആരും കാണിക്കേണ്ടതില്ല. എന്നാൽ, ഗുജറാത്തും ഇന്ത്യയും ഭരിക്കുന്ന ബി.ജെ.പി മേൽപറഞ്ഞ കാർട്ടൂണുകൊണ്ട് ലക്ഷ്യമിടുന്നത് എന്താണ്? ഒരു വിഭാഗം ആളുകൾക്ക് നീതി ലഭ്യമായി എന്ന് പറഞ്ഞതാണോ അതോ, തൂക്കിൽ കിടക്കുന്ന തൊപ്പിവെച്ച താടിക്കാരായ മുസ്ലിംകൾ മറ്റെന്തിന്റെയെങ്കിലും സൂചനയാണോ? ഭാവിയിൽ മുസ്ലിംകൾക്ക് സംഭവിക്കാൻ പോകുന്നത് എന്താണ് എന്നതു സംബന്ധിച്ച് അനുയായികൾക്ക് നൽകുന്ന അടയാളമാണോ? ബി.ജെ.പിയുടെയും അവരുടെ പിതൃരൂപമായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും ചിന്താധാരയും പ്രചാരണങ്ങളും ഒരു വിഭാഗമെന്ന നിലയിൽ മുസ്ലിംകൾക്കു ചുറ്റും വട്ടമിടുന്നതിനാൽ ഈ ചോദ്യം പ്രസക്തമാണ്.
തെരഞ്ഞെടുപ്പ് വേളയിൽ, ഈ കേന്ദ്രീകരണം ഏറക്കുറെ ഒഴിയാബാധ കണക്കെയാണ്. ഉത്തർപ്രദേശിൽ മോദി, ഷാ, യു.പി മുഖ്യമന്ത്രി ആദിത്യനാഥ്, മറ്റ് പാർട്ടി പ്രവർത്തകർ എന്നിവരെല്ലാം നടത്തിയ പ്രചാരണപ്രസംഗങ്ങൾ മുസ്ലിംകൾക്കെതിരെ പ്രത്യക്ഷമോ പരോക്ഷമോ ആയ ശത്രുതാപരാമർശങ്ങൾ നിറഞ്ഞവയാണ്. ബി.ജെ.പി പുറത്തിറക്കിയ കാർട്ടൂണിൽ മുസ്ലിംകളെയാണ് സന്ദേശമാക്കിയിരിക്കുന്നത് എന്നത് സ്പഷ്ടമാണ്. അതിശയകരമായ യാദൃച്ഛികതയെന്നു പറയട്ടെ, 2008ലെ കേസിന്റെ വിധിയും ശിക്ഷാപ്രഖ്യാപനവും വരുന്നത് ഒരു തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽവെച്ചാണ്. അവരിറക്കിയ കാർട്ടൂൺ ഭയാനകത ഉണർത്താനുള്ള കാരണം മതന്യൂനപക്ഷങ്ങളെ ഇത്തരത്തിൽ ഒറ്റതിരിച്ച് ഉന്നമിടുന്ന രീതി മുമ്പും നാം കണ്ടിട്ടുള്ളതുകൊണ്ടും അത് എന്തിലേക്കാണ് നയിക്കുക എന്ന് ബോധ്യമുള്ളതുംകൊണ്ടാണ്.
സകല കാര്യങ്ങളും തങ്ങളുടെ രാഷ്ട്രീയ ആഖ്യാനങ്ങൾക്ക് ചേരുംവിധത്തിൽ 'ഭ്രാന്തമായ മാതൃകയിൽ' ചിത്രീകരിക്കുക എന്നത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രീതിയാണ്. അവരെ സംബന്ധിച്ചിടത്തോളം യഥാർഥവും സാങ്കൽപികവുമായ എല്ലാ ഭീഷണികൾക്കും വില്ലൻ മുസ്ലിമും ഇര ഹിന്ദുവുമാണ്. ഈ വില്ലനെ 'പ്രീണിപ്പിക്കുന്നു' എന്ന കുറ്റം ചുമത്തി മുസ്ലിം ഇതരരായ എതിരാളികളെയും ആക്രമിക്കുന്നു. അഹ്മദാബാദ് സ്ഫോടനം നടത്തിയവർ ബോംബുകൾ സ്ഥാപിച്ചത് സൈക്കിളിലാണ് എന്ന കാര്യം സൈക്കിൾ തെരഞ്ഞെടുപ്പ് ചിഹ്നമായ സമാജ്വാദി പാർട്ടിക്കെതിരെയുള്ള ആരോപണമാക്കി മോദി മാറ്റി. ആ പാർട്ടി എന്തിനാണ് ഈ ചിഹ്നം തിരഞ്ഞെടുത്തത് എന്ന് മോദി ചോദിക്കുന്നു. അതായത്, സമാജ്വാദി പാർട്ടി കണക്കുകൂട്ടുന്ന മുസ്ലിം വോട്ടർമാരുടെ പിന്തുണ ഭീകരതയാൽ മലിനമാക്കപ്പെട്ടതാണെന്നാണ് സൂചന നൽകുന്നത്.
ഒരു ഹിന്ദുവിനും ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് 2019ൽ മോദി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ബി.ജെ.പി പാർലമെന്റ് അംഗം സാധ്വി പ്രജ്ഞയും അവരുടെ കൂട്ടാളികളും കുരുക്കിൽ തൂങ്ങിനിൽക്കുന്ന ഒരു കാർട്ടൂൺ ഒരിക്കലും ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പിക്കാം. അഹ്മദാബാദ് സ്ഫോടനം നടന്ന ഏതാണ്ട് അതേ സമയത്ത്, സൈക്കിളല്ല, മോട്ടോർ സൈക്കിൾ ഉപയോഗിച്ച് നടത്തിയ കുറ്റമാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സത്യത്തിൽ, അവരുടെ വിചാരണ ആരംഭിച്ചിട്ടില്ല. എന്നാൽ, ബി.ജെ.പിയുടെ സങ്കൽപത്തിൽ തീവ്രവാദം മുസ്ലിംകളുടെ മാത്രം കൈമുതലായതിനാൽ ഇതൊരു പ്രശ്നമായി കാണുന്നുണ്ടാവില്ല.
ഈയടുത്ത കാലങ്ങളിൽ ഭീകരവാദം മങ്ങിയതിനാൽ 'ഭ്രാന്തമായ മാതൃക' മറ്റൊരിടത്ത് പ്രയോഗിക്കപ്പെടുന്നു. 2020ൽ, മഹാമാരിക്ക് കാരണക്കാർ മുസ്ലിംകളാണെന്ന് കുറ്റപ്പെടുത്തുന്ന 'കൊറോണ ജിഹാദ്' എന്ന ദുഷ്പ്രചാരണം ബി.ജെ.പി നേതാക്കൾ അടിച്ചുവിട്ടു. പിന്നെ തുപ്പൽ ജിഹാദ്, ലാൻഡ് ജിഹാദ്, ലവ് ജിഹാദ്, മാഫിയ, കൈയേറ്റക്കാർ, കലാപകാരികൾ, നുഴഞ്ഞുകയറ്റക്കാർ, ചിതലുകൾ എന്നിങ്ങനെയുള്ള അധിക്ഷേപ പ്രചാരണങ്ങളായി. ഉന്നതങ്ങളിൽനിന്ന് കുരുക്കുകൾ ഒരുക്കിക്കഴിഞ്ഞാൽ അതിനാവശ്യമായ ദൃശ്യങ്ങൾ നിർമിക്കാനും പ്രചരിപ്പിക്കാനുമെല്ലാം ഹിന്ദുത്വവ്യവസ്ഥക്ക് അതിവേഗമാണ്. ഹിന്ദുത്വ സംഘടനകളുടെ കൊറോണ ജിഹാദ് ആരോപണവും റ്റൈഫസ് (typhus) പനിക്ക് യദൂഹരെ പഴിച്ചിരുന്ന നാസി പ്രചാരണങ്ങളും തമ്മിലെ സമാനത പല വിശകലന വിദഗ്ധരും എടുത്തുപറയുന്നുണ്ട്. യഹൂദരെയും മുസ്ലിംകളെയും ചിത്രീകരിച്ച് നടത്തുന്ന പ്രചാരണങ്ങൾകൂടി കാണുമ്പോൾ ആ സാമ്യം കൂടുതൽ മാരകവും നടുക്കുന്നതുമാവുന്നു.
ഈ ഹിന്ദുത്വ പ്രചാരണ ചിത്രങ്ങൾ നമ്മോട് എന്താണ് പറയുന്നത്, 'ഒറ്റപ്പെട്ടത്' എന്നു പറഞ്ഞ് അവയെ തള്ളിക്കളയുന്നതിനു പകരം നാം എന്തുകൊണ്ട് അതിൽ അടിയന്തര ശ്രദ്ധചെലുത്തണം? കാരണം, ഫാഷിസത്തിന്റെ ചരിത്രകാരനായ ജോർജ് എൽ മോസ്സിനെ വ്യാഖ്യാനിച്ചുകൊണ്ട് ചരിത്രകാരനായ ജെഫ്രി ഹെർഫ് പറഞ്ഞതുപോലെ, 'ജർമൻ ദേശീയതയെ വിവേചനരീതികളിൽനിന്ന് കൂട്ട ഉന്മൂലനവാദത്തിലേക്ക് എത്തിക്കുന്നതിലെ മുഖ്യ ഉത്തേജനമായിരുന്നു ശാരീരിക വാർപ്പുമാതൃകകളുടെയും പ്രതിരൂപങ്ങളുടെയും വംശീയത.
തീർച്ചയായും, അനുയോജ്യമായ ശരീരത്തെക്കുറിച്ചും അപകീർത്തികരമായ പ്രതിരൂപത്തെക്കുറിച്ചും നാസികൾക്ക് ആർ.എസ്.എസ്-ബി.ജെ.പിക്കാരേക്കാൾ വികസിതമായ ധാരണയുണ്ടായിരുന്നു. ഹിന്ദുത്വ ഫാഷിസം അതിന്റെ യൂറോപ്യൻ പ്രതിരൂപങ്ങളേക്കാൾ വ്യത്യസ്തമായ ചരിത്രപരവും സാംസ്കാരികവുമായ ധാരകളിൽ ഊന്നുന്നു. എന്നിരുന്നാലും, മുസ്ലിംകളോടുള്ള ശരീരസംബന്ധിയായ താൽപര്യം - അവരുടെ മുഖരോമങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണക്രമം, ആരാധനാരീതികൾ - എന്നിവയെല്ലാം അപമാനിക്കപ്പെടുകയും ഭയപ്പെടുകയും ആത്യന്തികമായി അവരുടെ സ്ഥാനത്ത് നിർത്തുകയും ചെയ്യേണ്ട ഒരു വിഭാഗമായി അടയാളപ്പെടുത്തുന്നു.
നീഗ്രോകളേ, ദൈവകൃപയാൽ ഇനിയെങ്കിലും നിങ്ങൾ നിങ്ങൾക്ക് യോജിച്ച ഇടത്തിൽ നിൽക്കാൻ പഠിക്കുക എന്ന അമേരിക്കൻ വംശീയ പോസ്റ്റ് കാർഡ് വചനമാണ് മുസ്ലിംകളോടും പറയപ്പെടുന്നത്.
നിങ്ങൾക്ക് അവരെ അവരുടെ വസ്ത്രങ്ങൾകൊണ്ട് തിരിച്ചറിയാൻ കഴിയും എന്നാണ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെക്കുറിച്ച് മോദി പറഞ്ഞിരുന്നത്. ഒരു കയറിന്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്നവരായി അവരെ തിരിച്ചറിയണമെന്ന് മോദി 13 വർഷം ഭരിച്ച ഗുജറാത്തിലെ ബി.ജെ.പി ഇപ്പോൾ നമ്മോട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.