കുട്ടികളെ എന്തുചെയ്യണം; ജയിപ്പിക്കണോ അതോ തോൽപിക്കണോ?
text_fields‘തോൽപിച്ചാൽ നിലവാരം കൂടുമോ?’ എന്ന തെറ്റിദ്ധാരണജനകമായ മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് ‘വിദ്യാഭ്യാസ യാത്ര’ ആരംഭിച്ചിരിക്കുകയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. വിദ്യാർഥിയെ തോൽപിച്ചാൽ വിദ്യാഭ്യാസ നിലവാരം വർധിക്കുമെന്ന് കേരളത്തിലെ ജനങ്ങൾ കരുതുന്നെന്ന് തോന്നിപ്പിക്കുന്നതിനാലാണ് മുദ്രാവാക്യം തെറ്റിദ്ധാരണജനകമാണെന്ന് പറഞ്ഞത്. വിദ്യാഭ്യാസ നിലവാരം ഉയരണമെന്ന് തന്നെയാണ് എല്ലാ കേരളീയരും ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസ നിലവാര തകർച്ച...
‘തോൽപിച്ചാൽ നിലവാരം കൂടുമോ?’ എന്ന തെറ്റിദ്ധാരണജനകമായ മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് ‘വിദ്യാഭ്യാസ യാത്ര’ ആരംഭിച്ചിരിക്കുകയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. വിദ്യാർഥിയെ തോൽപിച്ചാൽ വിദ്യാഭ്യാസ നിലവാരം വർധിക്കുമെന്ന് കേരളത്തിലെ ജനങ്ങൾ കരുതുന്നെന്ന് തോന്നിപ്പിക്കുന്നതിനാലാണ് മുദ്രാവാക്യം തെറ്റിദ്ധാരണജനകമാണെന്ന് പറഞ്ഞത്. വിദ്യാഭ്യാസ നിലവാരം ഉയരണമെന്ന് തന്നെയാണ് എല്ലാ കേരളീയരും ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസ നിലവാര തകർച്ച പരിഷത്തും അംഗീകരിക്കുന്നതിന് തെളിവാണ് അവർ തൊടുത്തുവിട്ടിരിക്കുന്ന ചോദ്യം.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഓൾ പ്രമോഷൻ പിൻവലിച്ച് ഓരോ വിഷയങ്ങളിലും തിയറി പേപ്പറിൽ കുറഞ്ഞത് 30 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണമെന്ന നിബന്ധന കൊണ്ടുവന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു യാത്ര. ഓൾ പ്രമോഷൻ സമ്പ്രദായം അവസാനിപ്പിക്കുന്നത് ദലിത്, ആദിവാസി വിദ്യാർഥികളെ ബാധിക്കുമെന്നാണ് പരിഷത്തിന്റെ വാദം. അത് സത്യവുമാണ്. ദലിത്, ആദിവാസി വിഭാഗങ്ങൾ, സാമ്പത്തികമായ പിന്നാക്കാവസ്ഥയിലുള്ളവർ, ഗ്രാമീണ മേഖലകളിൽ ജീവിക്കുന്നവർ, കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും വിദ്യാഭ്യാസത്തിനകത്തുനിന്ന് പുറത്തുപോകാൻ സാധ്യതയുള്ളവരാണ്. എന്നാൽ, ഓൾ പ്രമോഷനിലൂടെയല്ല, സാമൂഹികവും-സാമ്പത്തികവുമായ അസമത്വം ഇല്ലാതാക്കി മാത്രമേ ദുർബല ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിനകത്ത് ഉറപ്പിച്ചുനിർത്താൻ സാധിക്കൂ. സംസ്ഥാന ആസൂത്രണ ബോർഡ് പുറത്തുവിട്ട 2022-23 കാലത്തെ സാമ്പത്തിക അവലോകന (Economic Review) റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം ഉപഭോഗ അസമത്വമുള്ള (Consumption inequality) സംസ്ഥാനമാണ് കേരളം. സമ്പന്നരായ 10 ശതമാനം ആളുകളാണ് ആകെ വരുമാനത്തിന്റെ സിംഹഭാഗവും ആർജിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ഈ പ്രശ്നം പരിഹരിച്ച് വേണം സർവ ജനവിഭാഗങ്ങളെയും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാനും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും.
യഥാർഥത്തിൽ കേരളത്തിൽ ഓൾ പ്രമോഷൻ സമ്പ്രദായം അവസാനിപ്പിച്ചോ?
ഇല്ലെന്നതാണ് വാസ്തവം! അപ്പോൾ സർക്കാർ ഇറക്കിയ ഉത്തരവോ? അതൊരു ഗംഭീര കബളിപ്പിക്കലാണ്. സംഗതി വിശദീകരിക്കാം. എട്ടാം ക്ലാസ് മുതൽ ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടിയാൽ മാത്രം വിജയം എന്നാണല്ലോ പുതിയ നിബന്ധന. എന്നാൽ, അത്ര ചർച്ചചെയ്യപ്പെടാതെപോയ മറ്റൊരു വസ്തുതയുമുണ്ട് ചേർത്തുവായിക്കാൻ. ആവശ്യത്തിന് മാർക്ക് നേടാത്ത വിദ്യാർഥിക്ക് രണ്ടാഴ്ച പ്രത്യേക പരിശീലനം നൽകി മാർക്ക് 30 ശതമാനത്തിൽ എത്തിച്ച് ക്ലാസ് കയറ്റം നൽകുമെന്ന വസ്തുതയാണത്. കുട്ടികൾ എത്ര വിഷയങ്ങളിൽ തോറ്റാലും രണ്ടാഴ്ചക്കകം ജയിച്ചു കയറുമെന്ന് ഉറപ്പ്!
എട്ടാം ക്ലാസ് വരെ ഓൾ പ്രമോഷൻ സമ്പ്രദായമാണ് കേരളത്തിൽ പിന്തുടരുന്നത് എന്നതിനാൽ അത്രയും കാലം അവർ എന്ത് പഠിക്കുന്നു എന്ന് പരിശോധിക്കപ്പെടുന്നേയില്ല. ദുർബല വിഭാഗങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികളാണ് ഈ സമ്പ്രദായത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്നതും പഠനത്തിൽ പിന്നോട്ട് പോവുന്നതും. ഈ വിഭാഗങ്ങളില്പെടുന്ന വിദ്യാർഥികളുടെ വീടുകളിൽ സാമൂഹികവും സാമ്പത്തികവുമായി മുന്നോട്ടു നിൽക്കുന്ന വിദ്യാർഥിയുടെ വീടിന് സമാനമായ പഠനാന്തരീക്ഷം ഉണ്ടാവണമെന്നില്ല. രക്ഷിതാക്കൾക്ക്, കുട്ടിയെ സ്വയം പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയോ പ്രത്യേക കോച്ചിങ് നൽകാനോ പഠനോപകരണങ്ങൾ വാങ്ങി നൽകാനുള്ള സാമ്പത്തിക ശേഷിയോ ഉണ്ടാവണമെന്നുമില്ല.
നേരെമറിച്ച്, മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥി സമാന്തരമായി പഠിച്ചും വിലയിരുത്തപ്പെട്ടും വിദ്യ അഭ്യസിച്ചെടുക്കുകയുംചെയ്യും. സ്കൂളിൽ ബോധനം നടന്നാലും ഇല്ലെങ്കിലും, പരീക്ഷ നടന്നാലും ഇല്ലെങ്കിലും അത് അവരെ ബാധിക്കുന്ന പ്രശ്നമല്ല. സ്കൂളുകൾ, ആ മക്കളെ സംബന്ധിച്ചിടത്തോളം ഔപചാരിക വിദ്യ നേടി എന്ന് തെളിയിക്കാനുള്ള ഇടനാഴി മാത്രമാണ്. അവരുടെ വിദ്യാഭ്യാസം യഥാർഥത്തിൽ നടക്കുന്നത് സ്കൂളിന് പുറത്താണ്.
എട്ട് വർഷം അടിസ്ഥാനമുറക്കാതെ കടന്നുവന്ന വിദ്യാർഥിയിലെ അപാകതകൾ രണ്ടാഴ്ചകൊണ്ട് പരിഹരിക്കുന്നതെങ്ങെനെയാണ്? സാധ്യമല്ല. മാത്രമോ, അക്ഷരം ഉറക്കാത്ത കുട്ടിക്ക് അക്ഷരം ഉറപ്പിക്കാൻ എട്ടാം ക്ലാസിൽ നടത്തുന്ന ശ്രമം പരാജയമാണെന്ന് അതിന് ശ്രമിച്ചിട്ടുള്ള അധ്യാപകരും പറയുന്നു. സ്വാഭാവികമായും ഒരു മെച്ചപ്പെടലും കൂടാതെ കുട്ടി എട്ടാം ക്ലാസ് കടക്കും. പത്താം ക്ലാസ് വരെ ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യും. പിന്നീട് ആ വിദ്യാർഥി ഏതെങ്കിലും തൊഴിൽ പഠിച്ച് താൻ നിലനിൽക്കുന്ന സാമൂഹിക പിന്നാക്കാവസ്ഥയുടെ ഭാഗമായി തുടരുകയുംചെയ്യും. അസമത്വം കാലാകാലം നിലനില്ക്കും. ഈ പ്രശ്നമാണ് പരിഹരിക്കേണ്ടത്. അത് സാധ്യമാക്കുന്ന ചര്ച്ചകളും പ്രചാരണവുമാണ് വേണ്ടത്. അല്ലാതെ തെറ്റിദ്ധാരണയുയര്ത്തിവിടുന്ന മുദ്രാവാക്യങ്ങളല്ല.
പരീക്ഷകൾ തോൽപിക്കാൻ വേണ്ടിയല്ല
പരീക്ഷകൾ കുട്ടിയെ തോൽപിക്കണോ ജയിപ്പിക്കണമോ എന്ന് തീരുമാനിക്കാനുള്ള സൂത്രമൊന്നുമല്ല. പരീക്ഷകൾ കുട്ടികളെ വിലയിരുത്തുന്നുണ്ട്. പക്ഷേ, അത്ര മാത്രമാണോ പരീക്ഷയുടെ ലക്ഷ്യങ്ങൾ? അല്ല, കുട്ടിയുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ പരീക്ഷ സ്വാധീനം ചെലുത്തുന്നുണ്ട്. ഓർമയിൽനിന്ന് വസ്തുതകൾ തിരിച്ചെടുക്കുന്നത് വസ്തുതയെ ഓർമയിൽ ഉറപ്പിക്കാൻ സഹായിക്കും. പരീക്ഷയിൽ അത്തരമൊരു പ്രക്രിയയിലൂടെയാണ് കുട്ടി കടന്നുപോവുന്നത്. അറിവിലെ പോരായ്മകൾ തിരിച്ചറിയാനും അറിവിനെ ക്രമപ്പെടുത്താനുമൊക്കെ പരീക്ഷകൾ സഹായിക്കുന്നുണ്ട്. ഓൾ പ്രമോഷനിലൂടെ ഇല്ലാതാവുന്നത് ഈ സാധ്യതകളാണ്.
വിദ്യാഭ്യാസത്തിലൂടെ ഉറപ്പാക്കപ്പെടേണ്ട ഓർമയുടെയും ചിന്തയുടെയും ധിഷണയുടെയും വളർച്ച സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് നിഷേധിക്കുന്ന നിലപാടാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ടുവെക്കുന്നത്. അതിന് ബദലായി പരീക്ഷയുടെ യഥാർഥ ഉദ്ദേശ്യം അവതരിപ്പിക്കുന്ന ബദലുകളിലാണ് ഇനി പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.