ഭരണത്തുടർച്ചയിൽ എന്തെല്ലാം
text_fieldsനാലു പതിറ്റാണ്ടായി കേരളത്തിലെ വോട്ടർമാർ ഓരോ തെരഞ്ഞെടുപ്പിലും അധികാരത്തിലിരുന്ന മുന്നണിയെ താഴെയിറക്കി എതിർമുന്നണിയെ അധികാരത്തിലേറ്റുന്നതായിരുന്നു പതിവ്. ഇത്തവണ ആ പതിവു തെറ്റിച്ച് തുടർഭരണത്തിനായി കേരളം വിധിയെഴുതിയിരിക്കുകയാണ്.
ഇത് കാലം ആവശ്യപ്പെടുന്ന ഒരു മാറ്റമാണ്. കാരണം, ഓരോ തവണയും ഭരണമാറ്റമുണ്ടാകുന്നത് രാഷ്ട്രീയപാർട്ടികളിൽ അലസമനോഭാവം സൃഷ്ടിക്കാൻ കാരണമായി. അധികാരത്തിൽനിന്നു പുറത്താകുേമ്പാൾ അഞ്ചുകൊല്ലം പ്രതിപക്ഷത്തിരുന്ന ശേഷം വീണ്ടും അധികാരം ലഭിക്കുമെന്ന വിശ്വാസം പാർട്ടികൾക്ക് പ്രത്യേകിച്ചും മുന്നണിയെ നയിക്കുന്ന പാർട്ടികൾക്കുണ്ടായിരുന്നു. രാഷ്ട്രീയകക്ഷികൾക്ക് ജനങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന ചിന്തയുണ്ടാകണമെങ്കിൽ െതരഞ്ഞെടുപ്പിൽ അനിശ്ചിതത്വമുണ്ടാകണം. ആ പഴയരീതി മാറിയതോടെ അതിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
ഭരണമാറ്റം ഒരിക്കലും കേരളത്തിലെ ജനങ്ങൾ മൊത്തത്തിൽ തീരുമാനിച്ചിരുന്ന കാര്യമല്ല. പ്രമുഖപാർട്ടികൾക്കു പിന്നിൽ ഉറച്ചുനിൽക്കുന്ന വലിയ വിഭാഗങ്ങൾ കേരളത്തിലുണ്ടെന്നത് എല്ലാവർക്കും അറിയാം. ഭരണം നല്ലതായാലും ചീത്തയായാലും ഈ വിശ്വാസികൾ അവരുടെ പാർട്ടിക്കേ വോട്ടു ചെയ്യൂ. അത്രക്കു ദാർഢ്യമുള്ളതാണ് അവരുടെ പാർട്ടിക്കൂറ്. മാറിമാറി വോട്ടുചെയ്യുന്ന ഒരു ചെറിയ വിഭാഗം വോട്ടർമാരാണ് ഇക്കാലമത്രയും ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടാക്കിയത്. ഈ വിഭാഗം ഏറെയും തെക്കൻ കേരളത്തിലുള്ളവരാണെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയിൽ പ്രത്യേകം ശ്രദ്ധചെലുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തകാലത്ത് ശ്രമിച്ചിരുന്നതായി കാണാനാകും. കേരള കോൺഗ്രസ് മാണി വിഭാഗത്തിനെ എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത് ഇതിന് ഉദാഹരണമാണ്. എന്നാൽ, പിണറായി സർക്കാറിെൻറ നല്ല പ്രതിച്ഛായ ഇത്തവണത്തെ മാറിയ ജനവിധിയിൽ ഒരു വലിയ ഘടകമാണെന്ന കാര്യത്തിൽ സംശയമില്ല.
അടുത്തകാലത്തുണ്ടായ പ്രളയം, കോവിഡ് വ്യാപനം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നേടിയ വിജയം സർക്കാറിെൻറ നല്ല പ്രതിച്ഛായക്കു പിന്നിൽ കാണാവുന്നതാണ്. അതോടൊപ്പം സർക്കാർ കൈക്കൊണ്ട ക്ഷേമപദ്ധതികളും ഇത്തരത്തിലുള്ള ജനവിധിക്കു കളമൊരുക്കി. എൽ.ഡി.എഫ് തുടർഭരണമെന്ന ആശയം ഉയർത്തിക്കൊണ്ടുവന്നതും അതു മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചിട്ടയായി നേരേത്ത തുടങ്ങിയതും എൽ.ഡി.എഫിെൻറ മികച്ച വിജയത്തിനുള്ള ഒരു കാരണമാണ്. യു.ഡി.എഫ് ആന്തരികപ്രശ്നങ്ങളെല്ലാം ഒതുക്കി അരങ്ങേത്തക്കു വന്നപ്പോഴേക്കും എൽ.ഡി.എഫ് പ്രചാരണത്തിൽ വളരെയേറെ മുന്നിൽപോയിരുന്നു. ഇതും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുേമ്പാൾ കണക്കിലെടുക്കേണ്ടതുണ്ട്. തുടർഭരണം എങ്ങനെയുള്ളതായിരിക്കും. അതിൽ, എന്തെല്ലാം അടങ്ങിയിരിക്കും എന്നത് ഈ ഘട്ടത്തിൽ ആലോചനക്കു വിധേയമാക്കേണ്ടതാണ്.
പിണറായി സർക്കാറിെൻറ കഴിഞ്ഞ അഞ്ചുകൊല്ലത്തെ പ്രവർത്തനം പരിശോധിക്കുേമ്പാൾ, അത് നല്ല കാര്യങ്ങൾ മാത്രം അടങ്ങുന്നതല്ല എന്ന് വ്യക്തമാകും. സ്പ്രിംക്ലർ, മത്സ്യബന്ധനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ എടുത്ത തീരുമാനങ്ങൾ ആഗോള മുതലാളിത്ത ചങ്ങാത്ത ബന്ധമുള്ളവയാണ്. പ്രതിപക്ഷം വിവാദമുന്നയിച്ചതിെൻറ ഫലമായി സർക്കാർ അവയുമായി മുന്നോട്ടു പോയില്ല. എന്നാൽ, വിദേശ ഏജൻസികളുമായി വേണ്ടത്ര മുൻകൂട്ടിയുള്ള പഠനം കൂടാതെതന്നെ തീരുമാനങ്ങളെടുക്കുന്ന ഒരു രീതി പിണറായി സർക്കാറിെൻറ സമീപനങ്ങളിൽ കാണാനുണ്ട്. ഇതൊരു ഇടതുപക്ഷ സമീപനമല്ല. ഈ സർക്കാറിന് അവസാനകാലത്ത് പ്രത്യേകിച്ചും പേരുേദാഷം വരുത്തിയ ഒന്നാണ് സ്വജനപക്ഷപാതപരമായ നിയമനങ്ങൾ. ജോലിക്കുവേണ്ടി അലയുന്ന വലിയ വിഭാഗമുള്ള നാടാണ് നമ്മുടേത്. സ്വജനപക്ഷപാതപരമായ സമീപനം ജോലിതേടുന്നവർക്കെതിരെയുള്ള കടുത്ത അനീതിയാണ്. മന്ത്രിയായിരുന്ന കെ.ടി. ജലീൽ നടത്തിയ ബന്ധുനിയമനം ലോകായുക്തയുടെയും ഹൈകോടതിയുടെയും നിശ്ചിത വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു പ്രമുഖ യുവ ഇടതുപക്ഷ നേതാവിെൻറ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് ഒരു സർവകലാശാലയിൽ നിയമിക്കാനുള്ള നീക്കം ഹൈകോടതി ഇടപെട്ടു താൽക്കാലികമായി തടയുകയുണ്ടായി.
കേന്ദ്ര അന്വേഷണ ഏജൻസികൾ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുതന്നെ ജാഗ്രതക്കുറവുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. ജലീലിെൻറ ബന്ധുനിയമന കാര്യത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം പൂർണമായും ശരിയല്ല. മന്ത്രി അയക്കുന്ന ഫയലുകളിൽ ഒപ്പിടുന്നത് ഒരു സാധാരണ സംഭവമാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. നിയമനം ചട്ടവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ കടലാസിൽ മന്ത്രിയുടെ ഒപ്പിനുതാഴെ മുഖ്യമന്ത്രി ഒപ്പിടുേമ്പാൾ ആ ചട്ടവിരുദ്ധ പ്രവർത്തനത്തിന് അദ്ദേഹം അംഗീകാരം നൽകുകയാണെന്നാണ് അർഥം.
ഇൗ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത്തായ ഒരു തുടർഭരണം പ്രതീക്ഷിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.