ഉര്ദുഗാന് യുഗത്തിന്റെ ഗതിയെന്താകും?
text_fieldsയൂറോപ്യന്‍ യൂനിയനും റഷ്യക്കും യുക്രെയ്നും സിറിയക്കും നടുവില്‍ സ്ഥിതിചെയ്യുന്ന രാജ്യമെന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ടുതന്നെ തുര്‍ക്കിയയിലെ രാഷ്ട്രീയമാറ്റങ്ങള്‍ ലോകം സദാ ഉറ്റുനോക്കുന്നുണ്ട്. അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും അമേരിക്കയുമായി തുടരുന്ന ശത്രുതയുമെല്ലാം രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും കുറെ വർഷങ്ങളായി ദോഷകരമായി ബാധിക്കുന്നുണ്ട്. നാളെ കഴിഞ്ഞ് അവിടെ നടക്കാനിരിക്കുന്നത് രണ്ടു പതിറ്റാണ്ടിനിടയിലെ പ്രവചനാതീതമായ തെരഞ്ഞെടുപ്പാണ്.
മേയ് 14ന് തുര്‍ക്കിയയിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഇക്കുറി കാര്യങ്ങൾ. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും എ.കെ പാര്‍ട്ടിയെയും സംബന്ധിച്ച് ഏറ്റവും നെഞ്ചിടിപ്പേറിയതും പ്രവചനാതീതവുമായ തെരഞ്ഞെടുപ്പായിരിക്കുമിത്.രാഷ്ട്രപിതാവ് മുസ്തഫ കമാല്‍ അത്താതുര്‍ക്ക് സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ നിലവിലെ അമരക്കാരനായ കമാല്‍ കിലിച്ദാറോലുവിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി പ്രതിപക്ഷത്തെ ആറു പാര്‍ട്ടികളുടെ സഖ്യം കടുത്ത മത്സരത്തിനൊരുങ്ങിയിരിക്കുന്നു.
‘ടേബ്ള്‍ ഓഫ് സിക്സ്’ എന്നറിയപ്പെടുന്ന സഖ്യത്തില്‍ സാദത്ത് പാർട്ടിയുൾപ്പെടെയുള്ള യാഥാസ്ഥിതിക മുസ്ലിം പാര്‍ട്ടികളും സെക്കുലര്‍ പാര്‍ട്ടികളും കൈകോര്‍ക്കുന്നു.സിനാന് ഒഗാന് മറ്റൊരു ചെറുസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ എതിരാളിയായിരുന്ന മുഹറം ഇന്ജെ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പിന് മണിക്കൂറുകൾ മുൻപ് പിന്മാറ്റം പ്രഖ്യാപിച്ചു.
10 ശതമാനത്തോളം വോട്ട് വിഹിതമുള്ള കുര്‍ദിഷ് ദേശീയവാദ പാര്‍ട്ടിയായ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എച്ച്.ഡി.പി) പിന്തുണ കിലിച്ദാറോലുവിനാണ്. മുഹറം ഇന്‍ജെക്ക് ലഭിക്കുമായിരുന്ന വോട്ടുകളും അദ്ദേഹം സ്വന്തമാക്കും. ഒരേദിവസംതന്നെ പാര്‍ലമെന്റിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും വോട്ട് ചെയ്യുന്ന രീതിയാണ് തുര്‍ക്കിയയിൽ. ഒന്നാം റൗണ്ടിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാന്‍ ആർക്കും കഴിഞ്ഞില്ലെങ്കില്‍ ഏറ്റവുമധികം വോട്ട് നേടിയ രണ്ടു സ്ഥാനാര്‍ഥികള്‍ മേയ് 28ന് നടക്കുന്ന രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിനെ നേരിടും.
ആദ്യഘട്ട അഭിപ്രായ സർവേകൾ കിലിച്ദാറോലുവിന് മുന്‍തൂക്കം കൽപിച്ചിരുന്നുവെങ്കിലും ഉര്ദുഗാന് സാധ്യത കൽപ്പിക്കുന്ന സർവേ റിപ്പോർട്ടുകളും വരുന്നുണ്ട്. രാജ്യത്തെ 87 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടിക്ക് തന്നെയാണ് മുന്‍തൂക്കം.ജനസംഖ്യയുടെ അഞ്ചുശതമാനം വരുന്ന പ്രവാസികളുടെ വോട്ടും ഇത്തവണ അതിനിര്‍ണായകമാണ്. ഉർദുഗാനെ ഭരണത്തിൽനിന്ന് പുറന്തള്ളുക എന്ന പൊതുലക്ഷ്യംവെച്ച് സഖ്യം ചേർന്നിരിക്കുന്ന വ്യത്യസ്ത ആശയധാരകളിലുള്ള കക്ഷികൾ തമ്മിലെ അന്തർധാര ദുർബലമായതിനാൽ നാടകീയമായ അട്ടിമറിരംഗങ്ങൾക്കും തുർക്കിയ സാക്ഷ്യം വഹിച്ചേക്കാം.
സ്വാതന്ത്ര്യം, ജനാധിപത്യം
ഉര്‍ദുഗാന്റെ കീഴിലെ തുര്‍ക്കിയ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ജനാധിപത്യമൂല്യങ്ങളുടെ കാര്യത്തില്‍ ഏറെ പിറകില്‍ പോയെന്ന ആഖ്യാനത്തിലൂന്നിയാണ് പ്രതിപക്ഷ പ്രചാരണം. പ്രസിഡന്റിലേക്ക് അധികാരം കേന്ദ്രീകരിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി പാര്‍ലമെന്റ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തി, മാധ്യമസ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി, പാര്‍ട്ടിക്കാരായ ജഡ്ജിമാരെ കൂടുതായി നിയമിച്ച് ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളെ വരുതിയിലാക്കി, സൈന്യത്തിന്റെ സ്വതന്ത്ര-സെക്കുലര്‍ സ്വഭാവത്തെ ക്ഷയിപ്പിക്കാൻ ശ്രമിച്ചു എന്നുതുടങ്ങി ഉര്‍ദുഗാനും പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങൾ നിരവധി. ഇതിനെല്ലാം തുര്ക്കിയക്കകത്തും പുറത്തുമുള്ള പാശ്ചാത്യമാധ്യമങ്ങളും ഡിപ്ലോമാറ്റുകളുമെല്ലാം ശക്തമായ പിന്തുണയേകുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍തന്നെ പ്രതിപക്ഷത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.
അധികാരത്തിലേറിയ 2003 മുതല്‍ ജനാധിപത്യ, മനുഷ്യാവകാശ ചട്ടക്കൂടുകളില്‍നിന്ന് ഉര്ദുഗാന് ഏറെ വഴിമാറി സഞ്ചരിച്ചിട്ടുണ്ടെന്നതും ഭരണത്തിന് സ്വേച്ഛാധിപത്യ സ്വഭാവം കൈവന്നിട്ടുണ്ടെന്നതും യാഥാര്‍ഥ്യം തന്നെയാണ്. എന്നാൽ, ഒട്ടേറെത്തവണ പട്ടാളഅട്ടിമറിയിലൂടെ ജനാധിപത്യം തകിടം മറിക്കപ്പെട്ട രാജ്യത്ത്, സകല അട്ടിമറി നീക്കങ്ങളെയും അതിജീവിച്ച് രണ്ടുപതിറ്റാണ്ടു കാലം സ്ഥിരതയുള്ള ഭരണകൂടം നിലനിർത്താൻ ഉര്ദുഗാന് സാധിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് പൊതുഇടങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിലനിന്ന നിരോധനം നീക്കിയതും ഇക്കാലത്താണ്.
അടുത്ത 20 വർഷമൊന്നും തനിക്ക് ഭരിക്കാനാവില്ലെങ്കിലും അധികാരകേന്ദ്രീകരണം അവസാനിപ്പിച്ച് പഴയ പാര്‍ലമെന്ററി ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നാണ് 74കാരനായ കമാല്‍ കിലിച്ദാറോലു തെരഞ്ഞെടുപ്പ് റാലികളിൽ ആവർത്തിച്ച് നൽകുന്ന വാഗ്ദാനം.
വിലക്കയറ്റവും അഭയാര്‍ഥിപ്രശ്നവും
ഉര്ദുഗാന് യുഗം തുര്‍ക്കിയയുടെ സാമ്പത്തിക വ്യവസ്ഥക്ക് നല്കിയ മുന്നേറ്റം സമാനതകളില്ലാത്തതായിരുന്നു. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളും ആരോഗ്യമേഖലയും നാണയത്തിന്റെ മൂല്യവും ഏറ്റവും വികസിതമായത് എ.കെ പാർട്ടി ഭരണത്തിന്റെ ആദ്യ ദശകത്തിലാണ്. എന്നാല്‍, കുറേ വര്‍ഷങ്ങളായി തുര്‍ക്കിയയുടെ സമ്പദ് വ്യവസ്ഥ താഴേക്കാണ്.
2022ല്‍ പണപ്പെരുപ്പം 85 ശതമാനമായത് മധ്യവര്‍ഗത്തിന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. ഡോളറിനെതിരെ ലിറയുടെ മൂല്യം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാലിലൊന്നില്‍ താഴെയായി. കയറ്റുമതി കുറയുകയും ഇറക്കുമതി വർധിക്കുകയും ചെയ്തു. രാജ്യത്തെ സാമ്പത്തിക അപചയം നഗരവാസികള്‍ക്കിടയിലും നല്ലൊരുശതമാനം യുവാക്കള്‍ക്കിടയിലും ഉര്‍ദുഗാന്റെ പിന്തുണ കുറക്കാന്‍ കാരണമായിട്ടുണ്ട്. 50 ലക്ഷത്തോളം വരുന്ന കന്നി വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ പോകുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.
രാജ്യത്ത് അഭയം നല്കിയ 40 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് എ.കെ പാര്‍ട്ടിക്കുമേല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ സമ്മര്‍ദമാണുള്ളത്. തുര്‍ക്കിയയുടെ സാമ്പത്തിക അരക്ഷിതാവസ്ഥക്ക് അഭയാര്‍ഥി നയവും പങ്കുവഹിച്ചിട്ടുണ്ട്. 2019ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇസ്തംബൂള്‍ അടക്കമുള്ള നഗരസഭകളുടെ ഭരണം എ.കെ പാര്‍ട്ടിക്ക് നഷ്ടമായതിന് പ്രധാന കാരണങ്ങളിലൊന്നായ സിറിയന്‍ അഭയാര്‍ഥി പ്രശ്നവും ഭരണപക്ഷത്തിനെതിരായ ജനവികാരമായി ഉയര്‍ത്താന്‍ പ്രതിപക്ഷം കാര്യമായി ശ്രമിക്കുന്നുണ്ട്.
വിദേശ നിക്ഷേപങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചു, തദ്ദേശീയമായി ഇലക്ട്രിക് കാര്‍ വികസിപ്പിച്ചു, ആണവ പ്ലാന്റ് നിര്‍മാണം ആരംഭിച്ചു, അതിവേഗ റെയില്‍വേ സ്ഥാപിച്ചു എന്നിങ്ങനെ തന്റെ വികസന നയങ്ങളെ അക്കമിട്ടുനിരത്തി ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് തെരഞ്ഞെടുപ്പ് റാലികളില്‍ ഉര്ദുഗാന്. ഒപ്പം വൈദേശിക ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ ചെറുക്കാന്‍ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തിയതായും അവകാശപ്പെടുന്നുണ്ട്.
പുതുതായി വികസിപ്പിച്ച സായുധ ഡ്രോണുകളും ഫൈറ്റര്‍ ജെറ്റുകളും യുദ്ധക്കപ്പലുകളുമെല്ലാം തുറുപ്പുശീട്ടുകളാണ്. ‘തുര്‍ക്കിയയുടെ ഇലോണ്‍ മസ്ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മരുമകന് സെല്‍ജൂക് ബയ്റക്തറിനെ മുന്നില്‍നിര്‍ത്തിയാണ് പ്രചാരണങ്ങള്‍. പ്രതിരോധരംഗത്തും ഭൂകമ്പ ദുരന്തമുഖത്തും എൻജിനീയറിങ് വൈദഗ്ധ്യംകൊണ്ട് ശ്രദ്ധേയനായ ബെയ്റക്തറിനെ ഭാവി നേതാവായും പാര്‍ട്ടി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നു.
ഭൂകമ്പാനന്തര ജനഹിതം
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തുര്‍ക്കിയയെയും സിറിയയെയും ആഴത്തില്‍ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായത്. 50,000ത്തോളം പേരുടെ ജീവനും ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതവും കവർന്ന വന്‍ ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനത്തിനും സേനകളെ അയക്കുന്നതിലും സേവനവിഭാഗങ്ങളെ വിന്യസിക്കുന്നതിലും സർക്കാറിന് സംഭവിച്ച വീഴ്ച ജനങ്ങള്‍ക്കിടയില്‍ വലിയ രോഷമുണ്ടാക്കിയിരുന്നു. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന നഗരസഭകള്‍ വളരെ വേഗത്തില്‍ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
ഉര്ദുഗാന്തന്നെ തെറ്റ് സമ്മതിക്കുകയും പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. എ.കെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ, ഭൂകമ്പം തകര്‍ത്ത അദയ്മാന് പ്രവിശ്യയിലെ ജനങ്ങള്‍ തങ്ങളുടെ അമര്‍ഷം മാധ്യമങ്ങളോട് രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ഏപ്രിലില്‍ മെട്രോപോള്‍ നടത്തിയ സര്‍വേ പ്രകാരം, ഉര്ദുഗാന് സര്‍ക്കാറിനുതന്നെയാണ് പ്രതിപക്ഷ സഖ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂകമ്പബാധിത തുര്‍ക്കിയയെ കൈപിടിച്ചുയര്‍ത്താന്‍ കെല്പുള്ളതെന്നാണ് ജന വിശ്വാസം.
തുർക്കിയ ജനസംഖ്യയിലെ യാഥാസ്ഥിതിക മധ്യവർഗത്തിന്റെ ഹിതത്തെ ആശ്രയിച്ചാണ് മിക്കവാറും തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ നിർണയിക്കപ്പെടുന്നത്. ഉർദുഗാന് കഴിഞ്ഞ വർഷങ്ങളിൽ നിസ്തുല പിന്തുണ നൽകിയ ഈ വിഭാഗത്തിനിടയിൽ ഇത്തവണ അഭിപ്രായഭിന്നത രൂക്ഷമാണ്. യാഥാസ്ഥിതിക ഇസ്ലാമിക പാർട്ടികൾ പലതും കമാലിസ്റ്റ് സഖ്യത്തോടൊപ്പം ചേർന്നതും ഇതിനോട് ചേർത്തുവായിക്കണം.
എന്നിരുന്നാലും സാമ്പത്തികമടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രാപ്തിയുള്ള ഒരു ഭരണാധികാരിയോ ഭരണകൂടമോ പ്രതിപക്ഷത്തുനിന്നുണ്ടാകുമെന്ന് തുർക്കിയ ജനതയിൽ വലിയൊരുവിഭാഗം വിശ്വസിക്കുന്നില്ലെന്ന് വിവിധ സർവേകളിൽനിന്ന് വ്യക്തമാണ്. ഒപ്പം, കമാലിസ്റ്റ് പാർട്ടി അധികാരത്തിലേറിയാൽ ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം ഉൾപ്പെടെ കൈവിട്ടുപോകുമോയെന്ന ഭയവും തുർക്കിയയിലെ സാമാന്യ മുസ്ലിം ജനവിഭാഗത്തിനുണ്ട്.
(ഇസ്തംബൂൾ മർമറ സർവകലാശാലയിലെ മുൻ വിദ്യാർഥിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.