ജനകീയ പ്രവർത്തകരെ ഗുണ്ടകളാക്കുമ്പോൾ
text_fieldsരണ്ടാം പിണറായി സർക്കാറിന്റെ നയനിലപാടുകൾ ഏതെങ്കിലും അർഥത്തിൽ ഒന്നാം സർക്കാറിൽനിന്നു മാറേണ്ടതില്ല. കാരണം, തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഭരണ തുടർച്ചയായിരുന്നു. എന്നാൽ, ആ ഭരണതുടർച്ച സാധാരണ മനുഷ്യർക്ക് ഏതുരീതിയിലാണ് അനുഭവപ്പെടുന്നതെന്ന് സർക്കാർ സ്വയമൊന്ന് വിലയിരുത്തേണ്ടതുണ്ട്. മനുഷ്യരെ നേരിട്ടുബാധിക്കുന്ന ചില വിഷയങ്ങളിൽ സർക്കാറിന്റെ സമീപനം ജനവിരുദ്ധമായി മാറുന്നുണ്ട്. പ്രത്യേകിച്ചും ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ. ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പൊതുധാരണയോട് നീതി പുലർത്തിയല്ല കേരള പൊലീസ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കെ-റെയിലുമായി ബന്ധപ്പെട്ട സമരങ്ങളെ അടിച്ചമർത്താൻ സർക്കാർ സമ്മതത്തോടെ പൊലീസ് കാണിക്കുന്ന അമിതാവേശം.
കെ-റെയിൽ പദ്ധതിക്കെതിരെ ദിനംപ്രതി ഉയർന്നു വരുന്ന ജനകീയ സമരം ഇടതുപക്ഷ സർക്കാറിനെ വല്ലാത്തരീതിയിൽ അസ്വസ്ഥപ്പെടുത്തിക്കഴിഞ്ഞു. അതിനുകാരണം, സമരത്തിനുപിന്നിലെ ശക്തികേന്ദ്രങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അല്ല എന്നതാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന സമരങ്ങളെ രാഷ്ട്രീയമായി പരാജയപ്പെടുത്താനുള്ള ഭരണകൂടയിതര സംവിധാനങ്ങളൊക്കെ ഇടതുപക്ഷത്തെ പ്രധാന കക്ഷിയായ സി.പി.എമ്മിനുണ്ട്. എന്നാൽ, സിവിൽ സമൂഹത്തിന്റെ നേതൃത്വത്തിൽ ശക്തിപ്രാപിക്കുന്ന സമരത്തെ അത്ര എളുപ്പം പരാജയപ്പെടുത്താൻ കഴിയില്ലതാനും.
ഈ സാഹചര്യത്തിലാണ് ഈ സർക്കാർ അധികാരത്തിൽവന്ന സമയംതൊട്ട് ഒരർഥത്തിലും പാർട്ടിയുടെയോ ജനങ്ങളുടേയോ താൽപര്യത്തിനൊത്തുയരാൻ കഴിയാത്ത പൊലീസിനെ ജനകീയ സമരങ്ങളെ പ്രതിരോധിക്കാൻ സർക്കാർ ഉപയോഗിക്കുന്നത്. അതിന്റെ അടിസ്ഥാന കാരണം, സിവിൽ സമൂഹത്തിൽ ശക്തിപ്രാപിക്കുന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യുക എന്നതാണ്. അതിന്റെ രാഷ്ട്രീയമാവട്ടെ ഇടതുപക്ഷ നൈതിക ബോധത്തിന് വിരുദ്ധമാണ്.
പിണറായി സർക്കാറിലെ ഏറ്റവും മോശപ്പെട്ട വകുപ്പ് ആഭ്യന്തരമാണെന്ന് ഇതിനകം വിമർശനം ഉയർന്നതാണ്. ക്രിയാത്മക വിമർശനങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി പറയാറുള്ളത്, അത് പൊലീസിന്റെ മനോധൈര്യം കെടുത്തുമെന്നാണ്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ കൊടിയ മർദനം ഏറ്റുവാങ്ങിയ ഒരു സഖാവ് അങ്ങനെ പറയുന്നത് അതിശയത്തോടെയാണ് കേരളീയ സമൂഹം കേട്ടത്. കേരളത്തിലെ പല ജനകീയ വിഷയങ്ങളിലും കക്ഷിരാഷ്ട്രീയേതരമായി ഇടപെടുന്നവരെ ഓപറേഷൻ കാവലിന്റെ പേരിൽ പൊലീസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ് മറ്റൊരു അതിക്രമം.
എന്തുകൊണ്ടാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിന് ഗുണ്ടകളെയും നവസാമൂഹിക പ്രസ്ഥാനത്തിലെ സമരമനുഷ്യരെയും ഒന്നായിത്തോന്നുന്നത്? ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നൈതികത അത്രമാത്രം അധഃപതനത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിൽ ജനങ്ങളിൽ അതുണ്ടാക്കുന്ന അരക്ഷിതബോധം ചെറുതായിരിക്കില്ല.
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നാനാതരം എതിർപ്പുകളെ അതിജീവിച്ച് കേരളത്തിൽ ഒട്ടനവധി ജനകീയ സമരങ്ങൾ വിജയിച്ചിട്ടുണ്ട്. '70കളിൽ തുടങ്ങി '80കളിൽ ശക്തിപ്രാപിച്ച പല സമരങ്ങൾക്കും വിജയ ചരിത്രമാണ് പറയാനുള്ളത്. മാവൂരിലെ ഗ്വാളിയർ റയൺസ് സമരം, സൈലന്റ്വാലി, പ്ലാച്ചിമട, ആണവനിലയ വിരുദ്ധ സമരം തുടങ്ങിയ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സമരങ്ങൾ. അതിനു പുറത്താണ് ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾ രൂപപ്പെട്ടത്. മുത്തങ്ങ സമരത്തെ ചോരയിൽ മുക്കിക്കൊന്നു. ചെങ്ങറയും അരിപ്പയും തുടങ്ങി നീണ്ടുകിടക്കുന്ന സമരങ്ങളൊക്കെ നയിച്ചത് വ്യത്യസ്തമായ നവസാമൂഹിക പ്രസ്ഥാനങ്ങളായിരുന്നു.
എന്നാൽ, ഈ സമരങ്ങളുടെ പൊതുസ്വഭാവം പരിശോധിച്ചാൽ ബോധ്യപ്പെടുന്ന ഒരു രാഷ്ട്രീയ സത്യമുണ്ട്. ഇത്തരം സമരങ്ങൾക്ക് കാരണമാകുന്ന വ്യത്യസ്ത പദ്ധതികളുടെ ഇരകൾ ഏറ്റവും താഴേത്തട്ടിൽ ജീവിക്കുന്നവരാണ് എന്നതാണത്. അതായത്, അധികാര രാഷ്ട്രീയ വ്യവഹാരങ്ങളെ ഏതെങ്കിലും അർഥത്തിൽ സ്വാധീനിക്കാൻ കഴിയുന്നവരല്ല ഇത്തരം മനുഷ്യർ. എന്നു മാത്രമല്ല പല പദ്ധതികളും മധ്യ- ഉപരിവർഗ ജീവിതമണ്ഡലങ്ങളെ അത്ര എളുപ്പത്തിൽ ബാധിക്കുന്നതുമല്ല. ഭൂമിക്കുമേൽ അധികാരം സ്ഥാപിച്ച സമ്പന്ന വർഗത്തിന്റെ താൽപര്യം സംരക്ഷിച്ചുനിർത്തുമ്പോൾ തന്നെയാണ് അവർ സുരക്ഷിത മേഖലയിൽ ജീവിക്കുന്നത്.
എന്നാൽ, ഇതേ മനുഷ്യരെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്ന വിഷയങ്ങൾ ഉണ്ടാകുമ്പോൾ അധികാരവർഗത്തിന്റെ വേവലാതികൾ കാണേണ്ടതാണ്. വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്ന മനുഷ്യർക്ക് എന്തുകൊണ്ട് അധികാരവർഗത്തിൽനിന്ന് ഇത്തരം പരിഗണന കിട്ടുന്നില്ല എന്നതിന്റെ ഉത്തരം, ഇരകൾ രാഷ്ട്രീയമായും സാമൂഹികമായും അസംഘടിതരാണ് എന്നതാണ്. ഈ സാഹചര്യത്തിലാണ് സിവിൽ സമൂഹത്തിൽനിന്ന് ജനകീയ പ്രതിരോധങ്ങൾ രൂപംകൊള്ളുന്നത്. അതിനാകട്ടെ അധികാരവർഗ താൽപര്യങ്ങളെ പാടേ നിരാകരിച്ചുകൊണ്ട് സമരങ്ങളെ ജൈവികമായി വളർത്തിക്കൊണ്ടുവരാൻ കഴിയും. അതിന്റെ മികച്ച ഉദാഹരണമാണ് പ്ലാച്ചിമടയും എൻഡോസൾഫാൻ വിരുദ്ധ സമരവും ഉൾപ്പെടെയുള്ള അതിജീവന പോരാട്ടങ്ങൾ.
ജനകീയ സമരവും നേതൃത്വവും
കേരളത്തിലെ സിവിൽ സമൂഹ ഇടപെടലിന്റെ പൊതുസ്വത്വം ഭരണകൂട വിരുദ്ധമാണ്. അതിനു കാരണം, ഇരകളുടെ താൽപര്യത്തിന് എതിരെയാണ് എക്കാലത്തും എവിടത്തെയും ഭരണകൂട ഇടപെടൽ. എന്നാൽ, ഇടതുപക്ഷ രാഷ്ട്രീയത്തിന് സമൂഹത്തിലെ സൂക്ഷ്മതലങ്ങളിൽപോലും സാന്നിധ്യമറിയിക്കാൻ കഴിയുന്നിടത്ത് അങ്ങനെ സംഭവിക്കാൻ പാടില്ല. അങ്ങനെ സംഭവിക്കുമ്പോഴാണ് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അനുഭവത്തിലേക്ക് ഇടതുപക്ഷം അതിവേഗതയിൽ എത്തിച്ചേരുക. ഇത് അറിയാത്തവരല്ല ഇടതുപക്ഷത്തെ രാഷ്ട്രീയ ബുദ്ധിജീവികൾ. അതിനെ തങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ സാധ്യതയിലൂടെ മറികടക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു.
ഈ ധാരണയെ തിരുത്തിക്കൊണ്ടാണ് അധികാര രാഷ്ട്രീയത്തെ മാറ്റിനിർത്തി സമ്പൂർണ ജനാധിപത്യ പ്രസ്ഥാനങ്ങളായി ജനകീയ പ്രതിരോധ സമരങ്ങൾ ശക്തിപ്രാപിക്കുന്നത്. സാധാരണ മനുഷ്യരുടെ പരിമിതമായ വിഭവങ്ങളിലേക്ക് അധികാര രാഷ്ട്രീയ വർഗത്തിന്റെ കടന്നുകയറ്റം നടക്കുമ്പോഴാണ് ജനം ഈ രാഷ്ട്രീയേതര സമരത്തിന്റെ ഭാഗമാകുന്നത്. ഇതു മാത്രമല്ല ഇരകളെ ഇത്തരം സമരനേതൃത്വത്തോട് അടുപ്പിക്കുന്നത്. അത് നേതൃത്വത്തോടുള്ള വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. അതാണ് ജനകീയ പ്രസ്ഥാനങ്ങളെ മുന്നോട്ടുനയിക്കുന്നത്.
സമ്പൂർണമായി രാഷ്ട്രീയവത്കരിക്കപ്പെട്ട കേരളീയ സമൂഹത്തിൽ എങ്ങനെയാണ് ജനകീയ പ്രസ്ഥാനങ്ങൾക്ക് ഇങ്ങനെ സമരങ്ങൾ നയിക്കാൻ കഴിയുന്നത്. അതിന്റെ ഉത്തരം വളരെ ലളിതമാണ്. രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന പല വികസന പരിപാടികളും സാധാരണ മനുഷ്യരെ പരിഗണിച്ചല്ല. എന്നു മാത്രമല്ല, പരിമിതമായ ഭൂമിയിൽ കിടന്നുറങ്ങാനുള്ള അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ് പല പദ്ധതികളും. നഷ്ടപരിഹാരം വെറും പറച്ചിൽ മാത്രമാകുന്നു. അതോടൊപ്പം സ്റ്റേറ്റിന്റെ ഇടപെടൽ ഒരു അനുകമ്പയും ഇല്ലാതെയാണ്.
കൊടും കുറ്റവാളിയോടെന്ന പോലെയാണ് ഇരകളോടുള്ള പൊലീസ് സമീപനം. സാമൂഹിക പ്രസ്ഥാനങ്ങൾ യഥാർഥ രാഷ്ട്രീയദൗത്യം ഏറ്റെടുക്കുമ്പോൾ അത് ജനത്തിന് നൽകുന്ന ആശ്വാസം ചെറുതല്ല.
ഇത്തരം ജനകീയ പ്രസ്ഥാനങ്ങളെ വേരോടെ അറുത്തുമാറ്റേണ്ടത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ആവശ്യമല്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ചെറുതും വലുതുമായ നിരവധി ജനകീയ സമരങ്ങളിൽ പങ്കെടുത്ത പലർക്കും ഓപറേഷൻ കാവലിന്റെ പേരിൽ പൊലീസിന്റെ ഗുണ്ടാലിസ്റ്റിൽ ഇടംപിടിക്കേണ്ടിവന്നത്. ഇതിനെതിരെ മുഖ്യധാര പാർട്ടികൾ ശബ്ദിക്കാത്തതിനു കാരണം, ജനകീയ പ്രവർത്തകരെ ഭീകരവത്കരിച്ച് നിശ്ശബ്ദമാക്കുക എന്നത് അവരുടെ കൂടെ ആവശ്യമായതുകൊണ്ടാണ്.
നിലവിൽ കെ-റെയിൽ പദ്ധതി കേരളത്തിൽ ഉണ്ടാക്കാൻപോകുന്ന പാരിസ്ഥിതിക ആഘാതങ്ങളും കുടിയിറക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ ദുഃഖങ്ങളും ചർച്ചയായിക്കഴിഞ്ഞു. ഇതിന്റെ തുറന്ന ഇടമായി ജനകീയ പ്രസ്ഥാനങ്ങളുടെ വേദികൾ മാറിക്കഴിഞ്ഞു. അതിനെ ഭീഷണിപ്പെടുത്തി ഒതുക്കിക്കെട്ടാനുള്ള ശ്രമം ഇടതുപക്ഷം നടത്തുമ്പോഴാണ് കേരളത്തിലെ ഇടതും വലതും ഒരേ വഴിയാണ് സഞ്ചരിക്കുന്നതെന്ന സത്യം ജനം തിരിച്ചറിയുന്നത്. ഏറ്റവും താഴേത്തട്ടിലെ ഇരകളാകുന്ന മനുഷ്യരുടെ മനസ്സറിയാൻ മുഖ്യധാര രാഷ്ട്രീയത്തിന് കഴിയുന്നില്ലെങ്കിൽ അവർക്ക് ആശ്വാസം ജനകീയ പ്രസ്ഥാനങ്ങൾ തന്നെയാണ്. അതിനെ ഗുണ്ടാലിസ്റ്റിൽ ഒതുക്കിക്കെട്ടാനുള്ള ഭരണകൂട ശ്രമം വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.