ദുരന്തം അവസരമാകുമ്പോൾ
text_fieldsശുഭാപ്തിവിശ്വാസി ഒരു ദുരന്തത്തിൽ ഒരവസരം കാണുന്നു എന്നുപറഞ്ഞത് ബ്രിട്ടനിലെ യുദ് ധകാല പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആണ്. നമ്മുടെ ഭരണാധികാരികൾ ഈ ആപ്തവാക്യം ഉ ൾക്കൊണ്ടിട്ടുള്ളവരാണ്. പക്ഷേ, പലപ്പോഴും ദുരന്തം ജനങ്ങൾക്കുള്ളതും അവസരം അവർക്കുള ്ളതുമാകുന്നു. കൊറോണ ദുരന്തത്തിെൻറ ഹ്രസ്വകാല ചരിത്രം ഇത് സാക്ഷ്യപ്പെടുത്തുന്നു. അടു ത്ത കാലത്ത് നരേന്ദ്ര മോദി കൈക്കൊണ്ട ഒരു സുപ്രധാനതീരുമാനം പ്രധാനമന്ത്രിയുടെ പേരിൽ ഒ രു പുതിയ ദുരിതാശ്വാസ ഫണ്ട് രൂപവത്കരിച്ചതാണ്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ് റുവിെൻറ കാലം മുതൽ തന്നെ പ്രധാനമന്ത്രിയുടെ പേരിൽ ഒരു ദുരിതാശ്വാസഫണ്ട് നിലവിലുണ്ട്. അത് കേന്ദ്രസർക്കാറിെൻറ കീഴിലാണ്. അതിെൻറ വരവു ചെലവ് കണക്കുകൾ പരിശോധിക്കാൻ കംട്രോളർ-ഓഡിറ്റർ ജനറൽ(സി.എ.ജി) എന്ന ഭരണഘടന സ്ഥാപനത്തിന് അധികാരമുണ്ട്. പുതിയ ഫണ്ട് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ്. ട്രസ്റ്റിലെ എല്ലാ അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത് അദ്ദേഹംതന്നെ. ട്രസ്റ്റിെൻറ നിയമാവലിപ്രകാരം അതിനു ഇഷ്ടമുള്ള ഓഡിറ്ററെക്കൊണ്ട് വരവുചെലവ് കണക്ക് പരിശോധിപ്പിക്കാം. ചുരുക്കത്തിൽ ഈ ഫണ്ടിലെത്തുന്ന പണം ഒരുവിധ ബാഹ്യനിയന്ത്രണവും കൂടാതെ പ്രധാനമന്ത്രിക്ക് യഥേഷ്ടം ചെലവാക്കാനാകും. പഴയ ഫണ്ട് ഇപ്പോഴും നിലവിലുണ്ട്. ദുരിതാശ്വാസത്തിനു പണം നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സംഭാവന വേണമെങ്കിൽ അതിനു നൽകാം. പക്ഷേ, ഒരു വ്യവസായിയും അത് ചെയ്തില്ല. മണിക്കൂറുകൾക്കുള്ളിൽ വ്യവസായികൾ മത്സരിച്ച് സംഭാവന നൽകി പുതിയ ഫണ്ട് നിറച്ചു. അവരുടെ ഒന്നാമത്തെ പരിഗണന പ്രധാനമന്ത്രിയെ തൃപ്തിപ്പെടുത്തുകയെന്നതായിരുന്നു. നിലവിലുള്ള നിയമപ്രകാരം കമ്പനികൾ വാർഷിക വരുമാനത്തിെൻറ ഒരു നിശ്ചിത ശതമാനം സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ ചെലവാക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ പുതിയ ഫണ്ടിലേക്കുള്ള സംഭാവനകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റലാകുമെന്ന് ഒരുത്തരവിലൂടെ സർക്കാർ പ്രഖ്യാപിച്ചു. അത് കമ്പനികളുടെ പണം അങ്ങോട്ട് ഒഴുകുമെന്നു ഉറപ്പാക്കി. സംസ്ഥാന സർക്കാറുകൾക്കും ദുരിതാശ്വാസ ഫണ്ടുകളുണ്ട്. ആദ്യ പ്രധാനമന്ത്രിയുടെ ഫണ്ടുപോലെ അവയും സർക്കാർ ഓഡിറ്റിനു വിധേയമാണ്. പക്ഷേ, കമ്പനികൾ അവക്ക് സംഭാവന നൽകിയാൽ സാമൂഹിക ഉത്തരവാദിത്തത്തിെൻറ നിറവേറ്റലാകില്ല. ദുരന്തത്തെ അവസരമാക്കിമാറ്റുന്നതിന് ഇതിനേക്കാൾ മികച്ച ഉദാഹരണങ്ങൾ കണ്ടെത്താനെളുപ്പമല്ല.
എത്ര നാശം വിതച്ചാലും രാജ്യം കൊറോണയെ അതിജീവിക്കും. അപ്പോൾ ആദ്യഘട്ടത്തിൽ സർക്കാറിനുണ്ടായ വീഴ്ചകളും അതിെൻറ മറവിൽ നടത്തിയ ക്രമക്കേടുകളുമെല്ലാം വിസ്മരിക്കപ്പെടുകയും ഭക്തർ മോദിയെ കൊറോണാസുര മർദകനായി കുടിയിരുത്തുകയും ചെയ്യും. വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ കൊറോണ ദുരന്തത്തിൽ എല്ലാവരും രാഷ്ട്രീയാവസരം തേടുന്നതായി കാണാം. ഒരു ചെറിയ കാലയളവിൽ മോദി നടത്തിയ ടെലിവിഷൻ പ്രഭാഷണങ്ങളെല്ലാം പൊതുജന സമ്പർക്കപരിപാടികൾ കൂടിയായിരുന്നു. നിരന്തര പ്രത്യക്ഷപ്പെടലുകളിലൂടെ താൻ ഒറ്റക്ക് എല്ലാം നിയന്ത്രിക്കുകയാണെന്നും തെൻറ കൈകളിൽ എല്ലാം ഭദ്രമാണെന്നുമുള്ള ധാരണ പരത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം നിർദേശിച്ച പാത്രങ്ങൾ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കൽ, ദീപം തെളിയിക്കൽ തുടങ്ങിയ പരിപാടികൾക്ക് രോഗനിവാരണത്തിൽ ഒരുപങ്കും വഹിക്കാനില്ലെങ്കിലും പബ്ലിക് റിലേഷൻസ് പരിപാടികളെന്ന നിലയിൽ ശ്രദ്ധേയമായി. അതിനിടയിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ കൂടാതെ പ്രഖ്യാപിച്ച അടച്ചുപൂട്ടൽ പലരുടെ ജീവിതത്തിലും കൊറോണയെക്കാൾ ഏറെ ദുരിതം വിതച്ചെന്ന വസ്തുത പലർക്കും മറക്കാനായി. ഇന്ത്യയിൽ കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളം. അതിൽ അത്ഭുതപ്പെടാനില്ല. പുറംലോകവുമായി മലയാളികളോളം ബന്ധപ്പെടുന്ന മറ്റൊരു ജനവിഭാഗം ഇന്ന് രാജ്യത്തില്ല. അടുത്തകാലത്ത് പല ദുരന്തങ്ങളും നേരിട്ട ജനങ്ങളും ആരോഗ്യ ഭരണസംവിധാനങ്ങളും അവസരത്തിനൊത്തുയർന്നു പ്രവർത്തിച്ചതിെൻറ ഫലമായി മറ്റേതു സംസ്ഥാനത്തേക്കാളും ഭംഗിയായി ഈ മഹാമാരിയെ നിയന്ത്രിച്ച് നിർത്താൻ കേരളത്തിനായി. ഈ വസ്തുത പരക്കെ അംഗീകരിക്കപ്പെടുകയും ആരോഗ്യമന്ത്രി ശൈലജ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്തപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിത്യേനയുള്ള പത്രസമ്മേളനത്തിലൂടെ ശ്രദ്ധ തന്നിലേക്ക് ആകർഷിച്ചത്.
കേന്ദ്രത്തിൽ മോദിയെന്നപോലെ സംസ്ഥാനത്തെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് താനാണെന്ന സന്ദേശം നൽകാൻ മാത്രമേ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാകൂ. പക്ഷേ, ആരാധകർ ഒന്നോ അതിലധികമോ പടികൾ കടന്ന്, ആരോഗ്യവിദ്യാഭ്യാസരംഗത്തെ കേരളത്തിെൻറ നേട്ടങ്ങൾ പാർട്ടിയുടെയോ ഇ.എം.എസ് നമ്പൂതിരിപ്പാടിേൻറയോ കണക്കിലെഴുതി ചേർക്കാനുള്ള തത്രപ്പാടിലാണ്. കടുത്ത പിണറായിഭക്തർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ ആധുനികകേരളത്തിെൻറ സ്രഷ്ടാവാക്കാൻ ബദ്ധപ്പെടുകയാണ്. കേരളത്തിനു വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിക്കൊടുത്തത് ആരാണ്? ഇന്ത്യയിൽ സെൻസസ് എടുപ്പ് തുടങ്ങിയത് ബ്രിട്ടീഷ് ഭരണകാലത്താണ്. ആദ്യ സെൻസസ് 1871 -72 കാലത്തായിരുന്നു. അന്ന് കേരളം മൂന്നു ഭരണസംവിധാനങ്ങൾക്ക് കീഴിലായിരുന്നു. മൂന്നിടത്തും കണക്കെടുപ്പ് നടന്നു. അന്നു മുതലുള്ള സെൻസസ് റിപ്പോർട്ടുകൾ പൊതുമണ്ഡലത്തിലുണ്ട്. ആദ്യ സെൻസസ് റിപ്പോർട്ട് നോക്കിയാൽ 19ാം നൂറ്റാണ്ടിെൻറ അവസാനം തന്നെ കൊച്ചിയും തിരുവിതാംകൂറും സാക്ഷരതയിൽ ഏതു ബ്രിട്ടീഷ് പ്രോവിൻസിനേക്കാളും മുന്നിലായിരുന്നെന്നു കാണാം. ബ്രിട്ടീഷുകാർ നേരിട്ട് ഭരിച്ചിരുന്ന പ്രദേശങ്ങളിൽ വൻനഗരങ്ങൾ മാത്രമാണ് ഈ നാട്ടുരാജ്യങ്ങളേക്കാൾ മെച്ചപ്പെട്ടവ. മദ്രാസ് പ്രോവിൻസിൽ മദ്രാസ് നഗരം കഴിഞ്ഞാൽ മുന്നിൽനിന്നത് ദക്ഷിണ കാനറ, മലബാർ ജില്ലകളാണ്. പക്ഷേ, ഈ രണ്ടു ജില്ലകളും കൊച്ചിക്കും തിരുവിതാംകൂറിനും ഏറെ പിന്നിലായിരുന്നു. കമ്യൂണിസ്റ്റ്പാർട്ടിയുടെ സ്ഥാപക നേതാക്കളാരും ജനിച്ചിട്ടുപോലുമില്ലാത്ത ആ കാലത്ത് തുടങ്ങിയ മുന്നേറ്റത്തിനുമേൽ അനുയായികൾ ഉന്നയിക്കുന്ന അവകാശവാദം, മിതമായ ഭാഷയിൽ, ബാലിശമാണ്. ആ ആദ്യകാല മുന്നേറ്റത്തിന് കാരണക്കാർ കേരളമൊട്ടുക്ക് സജീവമായിരുന്ന ക്രൈസ്തവസഭകളും കൊച്ചി തിരുവിതാംകൂർ രാജ്യങ്ങളിലെ ഭരണാധികാരികളുമാണ്. രാഷ്ട്രീയകാര്യങ്ങളിൽ മാറ്റങ്ങൾ ആഗ്രഹിച്ചില്ലെങ്കിലും സാമൂഹിക സാമ്പത്തികകാര്യങ്ങളിൽ പല ഭരണാധികാരികളും നല്ല സമീപനം സ്വീകരിച്ചെന്ന വസ്തുത അംഗീകരിക്കാൻ മടിക്കേണ്ടതില്ല.
അതിനുശേഷം ഇന്ന് നവോത്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്കരണ പ്രക്രിയ നടന്നു. അവയും സാമൂഹികപുരോഗതിയിൽ വലിയ പങ്ക് വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ പുരോഗതി നേടുകയെന്ന ഉപദേശം ശ്രീനാരായണ ഗുരു, വക്കം മൗലവി, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയ നവോത്ഥാന നായകരെല്ലാം നൽകിയിരുന്നു. തിരുവിതാംകൂറിലെ 1921ലെ സെൻസസ് റിപ്പോർട്ട് സാമൂഹികപുരോഗതിക്ക് ശ്രീനാരായണൻ നൽകിയ സംഭാവന എടുത്ത് പറയുന്നുണ്ട്. രാജഭരണകൂടങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ പല നടപടികളുമെടുത്തു. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുതന്നെ അവർ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കി. ആരോഗ്യരംഗത്തെ മുന്നേറ്റത്തിലും ക്രൈസ്തവസഭകളും രാജഭരണകൂടങ്ങളും നിസ്തുലസംഭാവനകൾ നൽകുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാൽ കേരള സംസ്ഥാന രൂപവത്കരണത്തിന് ദശകങ്ങൾക്കു മുമ്പു തന്നെ സാമൂഹികതലത്തിൽ ഈ ഭൂപ്രദേശം രാജ്യത്തെ ഇതര സംസ്ഥാനങ്ങൾക്ക് മുന്നിലായിരുന്നു. മുൻനിര സംസ്ഥാനമെന്ന പദവി നിലനിർത്താൻ പിൽക്കാല സർക്കാറുകളെല്ലാം അവരുടേതായ സംഭാവനകളും നൽകി. അതെല്ലാം പാടേ അവഗണിച്ച് ഇടതുപക്ഷ അനുയായികൾ എട്ടുകാലി മമ്മൂഞ്ഞു വേഷം കെട്ടുന്ന കാഴ്ച തികച്ചും പരിതാപകരമാണ്. ഐക്യരാഷ്ട്രസഭയുടെ വ്യവസായവികസന സംഘടന 1969ലാണ് വ്യവസായവത്കരണം കൂടാതെ കേരളം വികസിത പാശ്ചാത്യരാജ്യങ്ങൾക്കു തുല്യമായ സാമൂഹികപുരോഗതി നേടിയിട്ടുണ്ടെന്നു കണ്ടെത്തിയത്. അതിനുമുമ്പ് നടത്തിയ എന്തു പ്രവർത്തനത്തിെൻറ പേരിലാണ് സി.പി.എമ്മിന് പിതൃത്വം അവകാശപ്പെടാനാകുന്നത്? ആദ്യ കമ്യൂണിസ്റ്റ് സർക്കാറും തുടർന്നുവന്ന സി.പി.എം നേതൃത്വത്തിലുള്ള സർക്കാറുകളും അടിത്തറ ശക്തിപ്പെടുത്താനും അതിെൻറമേൽ പടുത്തുയർത്തപ്പെട്ട കേരളസംവിധാനം മെച്ചപ്പെടുത്താനും ശ്രമിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. പക്ഷേ, മറ്റു കക്ഷികൾക്കാകാഞ്ഞ എന്താണ് സി.പി.എം ചെയ്തത്?
പാർട്ടിപ്രചാരകർ നിരന്തരം ഉരുവിടുന്ന ഭൂപരിഷ്കരണം എടുക്കാം. അതിനു തുടക്കംകുറിച്ചത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാറാണ്. നടപ്പിലാക്കാൻ കഴിയാഞ്ഞ അന്നത്തെ നിയമത്തിെൻറ പേരിൽ ഊറ്റം കൊണ്ടിട്ടെന്ത് കാര്യം? സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള 1967ലെ കിച്ചടി സർക്കാർ അത് മുന്നോട്ടുകൊണ്ട് പോകാൻ ശ്രമിച്ചു. അന്നും അത് നടന്നില്ല. ഒടുവിൽ നടപ്പിലായത് സി. അച്യുതമേനോെൻറ നേതൃത്വത്തിലുള്ള, കോൺഗ്രസും മുസ്ലിം ലീഗുമൊക്കെ ഉൾപ്പെട്ട, സർക്കാർ കൊണ്ടുവന്ന നിയമമാണ്. അതിനുശേഷം കടന്നുപോയ നാലഞ്ചു പതിറ്റാണ്ടുകാലത്ത് അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്നു കൊണ്ടുവരാൻ ശ്രമിക്കുകപോലും ചെയ്യാത്ത സി.പി.എമ്മിെൻറ അണികൾ അതിെൻറ പേരിൽ ആടിത്തകർക്കുന്നത് പരിഹാസ്യമാണ്. പാടത്ത് പണിയെടുത്തിരുന്ന, ഏറെയും ദലിത് വിഭാഗങ്ങളിൽപെടുന്ന, തൊഴിലാളികളെ ബോധപൂർവം ഒഴിവാക്കി നടത്തിയ നിയമനിർമാണത്തിൽ അഭിമാനിക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കാനാകുമോ? ആദിവാസികളുടെ അ ന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തുകൊടുക്കാൻ കേന്ദ്രപ്രേരണയിൽ നിർമിച്ച നിയമം അട്ടിമറിച്ച കഥ വേറെ. യുവ മാർക്സിസ്റ്റുകൾ ഈ ദുരന്തകാല സാഹചര്യം ഉപയോഗിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാടിനെ വിശുദ്ധീകരിക്കാനും പിണറായി വിജയനെ കേരളത്തിെൻറ കിം ഇൽ സുങ് ആക്കാനും ഊർജം പാഴാക്കാതെ, കഴിയുമെങ്കിൽ, പാർട്ടിയുടെ ഇടതു സ്വഭാവം വീണ്ടെടുക്കാൻ ശ്രമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.