വിദേശിയെ അറിയാമോ...
text_fieldsഅഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചതിനൊപ്പം പൊട്ടിപ്പുറപ്പെട്ട വിവാദമാണ് വിദേശ, സ്വകാര്യ സർവകലാശാലകളുമായി ബന്ധപ്പെട്ട പ്രഖ്യാപനം.
സി.പി.എമ്മും സർക്കാറും
സർക്കാറിന് നേതൃത്വം നൽകുന്ന സി.പി.എം മുൻകാലങ്ങളിൽ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിലും അതുവഴിയുള്ള കച്ചവടവത്കരണത്തോടും പുലർത്തിപ്പോന്ന നയനിലപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ബജറ്റിലെ പ്രഖ്യാപനം പൊതുസമൂഹത്തിൽ ചർച്ചയായത്. അതോടൊപ്പം വിദേശ സർവകലാശാല കാമ്പസിന് അനുകൂലമായ തരത്തിലുള്ള ബജറ്റ് പ്രഖ്യാപനം ഭരണവകുപ്പായ ഉന്നത വിദ്യാഭ്യാസ വകുപ്പോ മന്ത്രിയായ ഡോ. ആർ. ബിന്ദുവോ അറിഞ്ഞില്ല എന്നതും വിവാദത്തിന് ശക്തിപകർന്നു. സ്വകാര്യ സർവകലാശാലയുടെ കാര്യത്തിൽ സി.പി.എം പാർട്ടിതലത്തിലും മുന്നണിതലത്തിലും ചർച്ച നടത്തിയാണ് തീരുമാനത്തിലേക്ക് പോയത്. സ്വകാര്യ സർവകലാശാലക്കായുള്ള കരട് ബിൽ സർക്കാറിന്റെ പരിശോധനയിലുമാണ്.
വിവാദത്തിലെ രാഷ്ട്രീയം
വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സേവനമേഖലകളിലെല്ലാം സർക്കാർ നടത്തുന്ന പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണമെന്നും അതുവഴി സമൂഹത്തിന്റെ താഴെതട്ടിലുള്ളവർക്കുവരെ സേവനം ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നതും സി.പി.എമ്മിന്റെ എക്കാലത്തേയും പ്രഖ്യാപിത നയമായിരുന്നു. കേരളത്തിൽ സ്വകാര്യ മേഖലയിൽ സ്വാശ്രയ കോളജുകൾ തുടങ്ങാൻ എ.കെ. ആൻറണി നേതൃത്വം നൽകിയ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നടത്തിയ ശ്രമങ്ങൾ സി.പി.എമ്മിന്റെയും അതിന്റെ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെയും സമരപോരാട്ടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് കെ. കരുണാകരൻ മന്ത്രിസഭയിൽ സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവൻ എടുത്ത തീരുമാനവും അതിനെതിരെ സി.പി.എമ്മും യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങളും ഉയർത്തിയ പ്രതിഷേധമാണ് 1994 നവംബർ 25ന് അഞ്ച് പേരുടെ ജീവൻ അപഹരിച്ച കൂത്തുപറമ്പ് വെടിവെപ്പിൽ എത്തിച്ചത്. ആ വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ശയ്യാവലംബിയായ പുഷ്പൻ. വിദേശ സർവകലാശാല വിവാദം വന്നപ്പോൾ ‘പുഷ്പനെ അറിയാമോ......’ എന്ന പാർട്ടി വിപ്ലവഗാനം പ്രതിപക്ഷം ആയുധമാക്കിയതും ഈ സാഹചര്യത്തിലായിരുന്നു.
യു.ജി.സി റെഗുലേഷനും പോളിറ്റ് ബ്യൂറോ നിലപാടും
വിദേശ സർവകലാശാല കാമ്പസുകൾക്ക് അനുമതി നൽകുന്നതിനായി 2023 നവംബർ ഏഴിന് യു.ജി.സി റെഗുലേഷൻ നിലവിൽ വരുന്നതിന്റെ മുന്നോടിയായി പ്രതികരണങ്ങൾ തേടി കരട് 2023 ജനുവരി അഞ്ചിന് യു.ജി.സി പ്രസിദ്ധീകരിച്ചിരുന്നു. കരട് റെഗുലേഷനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ പരസ്യമായി രംഗത്തുവന്നു. 2023 ജനുവരി ഏഴിന് പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയിൽ, കരട് റെഗുലേഷനെ നിശിതമായി വിമർശിക്കുന്നു. സർവകലാശാല കാമ്പസുകൾക്ക് അനുമതി നൽകുന്നതിലൂടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ഘടനയെ കൂടുതൽ വികലമാക്കാൻ വഴിവെക്കുമെന്നായിരുന്നു പ്രധാന വിമർശനം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്കിടയിലെ സാമൂഹികവും സാമ്പത്തികവുമായ അസമത്വം വർധിപ്പിക്കാൻ നടപടി വഴിവെക്കുമെന്നും ഏകപക്ഷീയമായ നീക്കങ്ങൾക്ക് യു.ജി.സിക്ക് നിയമപരമായി അർഹതയില്ലെന്നും സംസ്ഥാന സർക്കാറുകളോട് ആലോചിക്കാതെയാണ് നടപടിയെന്നും പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ ഒരു മാറ്റവും ഇന്നുവരെ സി.പി.എം വരുത്തിയിട്ടില്ല. വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ഒന്നാം പിണറായി സർക്കാറിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. രവീന്ദ്രനാഥും വിദേശ സർവകലാശാല കാമ്പസുകൾക്ക് അനുമതി നൽകുന്നതിലുള്ള വിയോജിപ്പ് നിയമസഭയിൽ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാറിന്റെ ബജറ്റിൽ വിദേശ സർവകലാശാല കാമ്പസുകളെ ആകർഷിക്കുന്ന രീതിയിലുള്ള പ്രഖ്യാപനം ഉൾപ്പെടുത്തിയതിലെ വൈരുധ്യം ഈ സാഹചര്യങ്ങളിലെല്ലാമാണ് വലിയ രാഷ്ട്രീയചർച്ചയാകുന്നത്. പാർട്ടിനേതാക്കളുടെ വിശദീകരണങ്ങളിൽപോലും ഈ വൈരുധ്യം മുഴച്ചുനിന്നു. വിദേശ സർവകലാശാല കാമ്പസുകൾക്ക് അനുമതി നൽകുന്നതിൽ സംസ്ഥാന സർക്കാറിന് നിയന്ത്രണാധികാരമില്ലെങ്കിലും ഇതിനെ എതിർത്ത പാർട്ടി, നേതൃത്വം നൽകുന്ന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സ്വാഗതംചെയ്യുന്ന നിലപാടിലേക്കു മാറിയതാണ് വിവാദങ്ങളുടെ ആകത്തുക.
ബജറ്റിൽ പറഞ്ഞത്
‘തുല്യതയുടെയും സുതാര്യതയുടെയും തത്വങ്ങൾ അടിത്തറയാക്കിക്കൊണ്ട് പുതിയ യു.ജി.സി മാർഗനിർദേശങ്ങൾ അനുസരിച്ച് കേരളത്തിൽ വിദേശ സർവകലാശാല കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ പരിശോധിക്കും. ആവശ്യമായ എല്ലാ അംഗീകാരങ്ങൾക്കുമുള്ള ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി അല്ലെങ്കിൽ ട്രാൻസ്ഫർ ഡ്യൂട്ടി അല്ലെങ്കിൽ രജിസ്ട്രേഷൻ ചാർജുകളിൽ ഇളവ്, വൈദ്യുതിക്കും വെള്ളത്തിനുമുള്ള സബ്സിഡി നിരക്കുകൾ, നികുതി ഇളവുകൾ, മൂലധനത്തിനുമേലുള്ള നിക്ഷേപ സബ്സിഡി എന്നിങ്ങനെയുള്ള ഘടകങ്ങൾ ഈ നിക്ഷേപക പോളിസിയുടെ ഭാഗമായിരിക്കും’. ‘സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും’.
ദുബൈ മാതൃക
ലോകപ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വന്തം രാജ്യത്തേക്ക് ആനുകൂല്യങ്ങൾ നൽകി ക്ഷണിച്ചുകൊണ്ടുവന്നതിന്റെ മികച്ച മാതൃകയാണ് ദുബൈ ഇന്റർനാഷനൽ അക്കാദമിക് സിറ്റി. ബർമിങ്ഹാം യൂനിവേഴ്സിറ്റി, അമേരിക്കൻ യൂനിവേഴ്സിറ്റി, ബ്രിട്ടീഷ് യൂനിവേഴ്സിറ്റി, ഫ്രഞ്ച് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി 25ഓളം ലോകപ്രശസ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ ദുബൈ അക്കാദമിക് സിറ്റിയുടെ പരിധിയിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളായ ബിറ്റ്സ് പിലാനി, അമിറ്റി യൂനിവേഴ്സിറ്റി, മണിപ്പാൽ യൂനിവേഴ്സിറ്റി, എസ്.പി ജയ്ൻ സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്റ് തുടങ്ങിയവക്കും ഇവിടെ കാമ്പസുകളുണ്ട്.
ടി.പി. ശ്രീനിവാസന് എസ്.എഫ്.െഎയുടെ അടിയേറ്റത് എന്തിന്?
2016 ജനുവരി 29, 30 തീയതികളിൽ കോവളത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന ആഗോള വിദ്യാഭ്യാസസംഗമത്തിൽ, കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ, എസ്.എഫ്.ഐക്കാരായ പ്രതിഷേധകർ അടിച്ചുവീഴ്ത്തിയ സംഭവമുണ്ടായിരുന്നു. കേരളത്തിൽ വിദേശ സർവകലാശാല കാമ്പസ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ ആരായുന്നതിന് വിദേശ പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച് നടത്തിയ സംഗമത്തിനെതിരെ സി.പി.എം രംഗത്തുവന്നിരുന്നു.
ദുബൈ മാതൃകയിൽ കേരളത്തിൽ വിദേശ സർവകലാശാല കാമ്പസുകൾക്ക് സൗകര്യമൊരുക്കുന്ന അക്കാദമിക് സിറ്റി, ഇൻറർനാഷനൽ ഹയർ എജുക്കേഷൻ അക്കാദമിക് സോൺ എന്നിവക്കുവേണ്ടിയുള്ള കൂടിയാലോചനയായിരുന്നു സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
പ്രതിനിധികളെ ഉൾപ്പെടെ തടഞ്ഞുള്ള എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റായിരുന്ന ജെ.എസ്. ശരത് കരണത്തടിച്ചു വീഴ്ത്തുകയായിരുന്നു. വിദേശ സർവകലാശാല വിവാദകാലത്ത് ഭരണകക്ഷിയായ സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്ന സംഭവങ്ങളിൽ ഒന്ന് ടി.പി. ശ്രീനിവാസന് നേരിട്ട മർദനമാണ്. അന്ന് വിദേശ സർവകലാശാല കാമ്പസ് തുടങ്ങുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലായിരുന്നു. ഇതിന് കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്യുന്ന ‘തിരുവനന്തപുരം ഡിക്ലറേഷൻ’ ഉൾപ്പെടെ പാസാക്കിയാണ് വിദ്യാഭ്യാസ സംഗമം പിരിഞ്ഞത്.
സ്വാധീനിച്ചത് വിദേശ കുടിയേറ്റമോ?
കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് വിദ്യാർഥി വിസയിലൂടെ 13 ലക്ഷത്തിലധികം പേർ വിദേശത്തേക്ക് കുടിയേറിയെന്നാണ് കേന്ദ്ര സർക്കാർ പാർലമെൻറിൽ സമർപ്പിച്ച കണക്കുകളിൽ പറയുന്നത്. ഇതിൽ 4.2 ശതമാനം വലുപ്പത്തിലും ജനസംഖ്യയിലും ചെറുതായ കേരളത്തിൽനിന്നാണെന്നാണ് കണക്കുകൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് പുറത്തേക്ക് കുടിയേറുന്ന യുവാക്കളുടെ എണ്ണം അമ്പരപ്പിക്കുംവിധം വർധിക്കുകയാണ്. ഇതുവഴി 10,000 കോടി രൂപയാണ് പ്രതിവർഷം സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് പോകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
ബ്രിട്ടീഷ് കൗൺസിൽ 2023 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലെ (Mapping international student mobility from India at the state and city level) കണക്കുകൾ കേരളത്തിന്റെ കണ്ണുതുറപ്പിക്കാൻ പോന്നതാണ്.
2025ഓടെ ഇന്ത്യയിൽനിന്ന് ഉപരിപഠനത്തിന് വിദേശത്ത് പോകുന്നവരുടെ എണ്ണം 20 ലക്ഷം കവിയുമെന്നും പഠനങ്ങളിൽ പറയുന്നു. കണക്കുകളും പ്രവണതയും ശരിയെങ്കിൽ ഈ ഒഴുക്ക് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. മികച്ച വിദ്യാഭ്യാസം തേടി പോകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അത്തരം വിദ്യാർഥികൾക്ക് പഠിക്കാൻ വിദേശ സർവകലാശാല കാമ്പസുകൾ ഇവിടെതന്നെ ആരംഭിക്കുക എന്ന മറുമരുന്നാണ് സർക്കാർ ഇതിന് കാണുന്നത്. വിദ്യാഭ്യാസത്തിനൊപ്പം മികച്ച തൊഴിലവസരവും എല്ലാറ്റിലുമുപരി സുരക്ഷയും ഗുണനിലവാരമുള്ള ജീവിതവും തേടിയാണ് പുതുതലമുറ വിദേശത്തേക്ക് ചേക്കേറുന്നത് എന്നതാണ് കൂടുതൽ ശരി.
ഉയർന്ന ഗുണനിലവാരമുള്ള കോഴ്സുകളും മികച്ച തൊഴിലവസരവും തേടിയാണ് വിദേശത്ത് പോകുന്നതെന്ന് യു.കെ തെരഞ്ഞെടുത്ത വിദ്യാർഥികളിൽ നടത്തിയ സർവേയിൽ 98 ശതമാനവും പറയുന്നുണ്ട്. രാജ്യത്ത് പടരുന്ന വെറുപ്പിന്റെ രാഷ്ട്രീയവും ഈ പ്രവണത ശക്തിപ്പെടുത്താൻ ചെറുതല്ലാത്ത കാരണമായി മാറുന്നുണ്ട്. അതോടൊപ്പം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വ്യത്യാസമില്ലാതെ സർവകലാശാലകളിലെ ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിൽ ഭരണകക്ഷിനേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും മെറിറ്റ് അട്ടിമറിച്ച് നൽകുന്ന നിയമനങ്ങളും ചെറിയതോതിലെങ്കിലും പുതുതലമുറയിൽ സ്വാധീനം ചെലുത്തുന്നുവെന്ന് ന്യായമായും സംശയിക്കാം.
വിദേശ സർവകലാശാല കാമ്പസുകൾ രാജ്യത്ത് എത്തിയാൽതന്നെ യുവാക്കളെ പിടിച്ചുനിർത്താൻ പര്യാപ്തമായ തൊഴിലവസരം തുറക്കാൻ കഴിയുമോ എന്ന സുപ്രധാന ചോദ്യത്തിനും മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. അതേസമയം, വിദേശ സർവകലാശാല കാമ്പസുകൾ വരുന്നതോടെ കേരളത്തിൽ ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാവി എന്തായിരിക്കും എന്ന പരിശോധനകൂടി അനിവാര്യമാണ്.
പഠനവും തൊഴിലും തമ്മിൽ വിടവുള്ളതും കാലാനുസൃതമായ പാഠ്യപദ്ധതി പരിഷ്കരണവും നടക്കാത്തതുമായ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലാനുഗതമായി ശക്തിപ്പെടുത്തുകയും മത്സരക്ഷമമാക്കുകയും ചെയ്യേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്. വിദേശ സർവകലാശാലകളെക്കുറിച്ചുള്ള ചർച്ചക്കു മുമ്പേ തുടങ്ങേണ്ട പ്രവർത്തനവും ഇതാണ്. അല്ലാത്തപക്ഷം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ദുർബലപ്പെടുകയും സാധാരണക്കാരുടെ ഉന്നത വിദ്യാഭ്യാസ മാർഗങ്ങൾ കൊട്ടിയടക്കപ്പെടുകയും ചെയ്യും.
വിദേശ സർവകലാശാല കടന്നുവരുന്ന വഴി
സംസ്ഥാന സർക്കാർ എതിർത്താലും യു.ജി.സി റഗുലേഷൻ പ്രകാരം യോഗ്യതയുള്ള വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ കാമ്പസ് തുടങ്ങാനാകും
2023 നവംബർ ഏഴിന് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) പുറപ്പെടുവിച്ച റഗുലേഷൻ (University Grants Commission (Setting up and Operation of Campuses of Foreign Higher Educational Institutions in India) Regulations, 2023) പ്രാബല്യത്തിൽ വന്നതോടെ, യോഗ്യതയുള്ള ഏതു വിദേശ സർവകലാശാലക്കും ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങാനാകും. ഒട്ടേറെ നിബന്ധനകൾ ഉൾപ്പെടുത്തിയാണ് വിദേശ സർവകലാശാലകൾക്ക് കാമ്പസ് തുടങ്ങാനുള്ള റഗുലേഷൻ പുറപ്പെടുവിച്ചത്. യു.ജി.സി റഗുലേഷൻ നിലവിൽവന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമാണത്തിന് സംസ്ഥാനങ്ങൾക്ക് സാധ്യതയില്ല.
അതായത്, സംസ്ഥാന സർക്കാർ എതിർത്താലും യു.ജി.സി റഗുലേഷൻ പ്രകാരം യോഗ്യതയുള്ള വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ കാമ്പസ് തുടങ്ങാനാകുമെന്ന് ചുരുക്കം. യു.ജി.സി റഗുലേഷൻ ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെ 2023 ഡിസംബറിൽതന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റും യു.ജി.സി തുറന്നുകഴിഞ്ഞു. ഇതിനകം മലേഷ്യയിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ ലിങ്കൺ യൂനിവേഴ്സിറ്റി ഹൈദരാബാദിൽ കാമ്പസ് തുടങ്ങാൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചംഗ സമിതിയെ യു.ജി.സി നിയോഗിച്ചിരിക്കുകയാണ്. ഇതിന് പുറമെ ഒട്ടേറെ വിദേശ സർവകലാശാലകൾ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കാമ്പസ് തുറക്കാൻ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ തുടങ്ങുകയും യു.ജി.സി ചെയർമാനുമായി ചർച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്.
കാമ്പസ് തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ
യു.ജി.സി പരിഗണിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റാങ്കിങ്ങിൽ ആദ്യ 500ൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും അനുമതി. സംയുക്ത കാമ്പസ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്കും റാങ്കിങ് മാനദണ്ഡം ബാധകം. ന്യായവും സുതാര്യവുമായ ഫീസ് ഘടന സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. വിദ്യാർഥികൾക്ക് പൂർണമായോ ഭാഗികമായോ ഉള്ള സ്കോളർഷിപ്പുകൾ ലഭ്യമാക്കണം. ഇന്ത്യൻ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസിൽ ഇളവ് അനുവദിക്കാം.
യു.ജി.സിക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശിപാർശ സമർപ്പിക്കാൻ പ്രത്യേക സ്ഥിരസമിതിയുണ്ടാകും. അപേക്ഷ ലഭിച്ച് 60 ദിവസത്തിനകം സ്ഥിരംസമിതിയുടെ റിപ്പോർട്ട് യു.ജി.സി മുമ്പാകെ സമർപ്പിക്കണം. അനുമതി ലഭിച്ച് രണ്ടു വർഷത്തിനകം കാമ്പസ് തുടങ്ങണം. വിദേശ സ്ഥാപനത്തിന്റെ പ്രധാന കാമ്പസിൽ നൽകുന്നതിന് തുല്യ അംഗീകാരമുള്ള ബിരുദമാകണം ഇന്ത്യൻ കാമ്പസുകളിലും നൽകേണ്ടത്. ഈ ബിരുദത്തിന് സർവകലാശാലയുടെ ഉത്ഭവ രാജ്യത്തും അംഗീകാരമുണ്ടാകണം.
ഇന്ത്യയിലെയും വിദേശത്തെയും അധ്യാപകരെ കാമ്പസിൽ നിയമിക്കാനും യോഗ്യത, സേവന -വേതന വ്യവസ്ഥകൾ നിശ്ചയിക്കാനും സ്ഥാപനത്തിന് അധികാരമുണ്ടാകും. ഇത് ഉത്ഭവ രാജ്യത്തിലേതിന് തുല്യമാകണം. ഒരു സെമസ്റ്ററിലെങ്കിലും സ്ഥിരം ഇന്റർനാഷനൽ ഫാക്കൽറ്റികൾ ഉണ്ടാകണം. പ്രധാന കാമ്പസിലേതിന് തുല്യമായ പാഠ്യപദ്ധതിയും ബോധനരീതിയും മൂല്യനിർണയവും ആയിരിക്കണം.
ഓൺലൈൻ, ഓപൺ/ വിദൂര പഠന രീതിയിലുള്ള കോഴ്സുകൾ അനുവദിക്കില്ല. വിദേശ സർവകലാശാല കാമ്പസുകൾ നൽകുന്ന ബിരുദങ്ങൾ ഇന്ത്യയിലെ സ്ഥാപനങ്ങൾ നൽകുന്ന സമാന ബിരുദങ്ങൾക്ക് തുല്യമായിരിക്കും. ഏതെങ്കിലും കാരണത്താൽ കാമ്പസോ കോഴ്സോ അവസാനിപ്പിക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക് സ്ഥാപനം തന്നെ പകരം സംവിധാനം ഒരുക്കി നൽകണം. തീർപ്പിൽ വിദ്യാർഥിക്ക് പരാതിയുണ്ടെങ്കിൽ യു.ജി.സിക്ക് അപ്പീൽ നൽകാം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം, ധാർമികത തുടങ്ങിയവക്ക് വിരുദ്ധമായ രീതിയിൽ സ്ഥാപനങ്ങൾ നടത്തരുത്. യു.ജി.സി അനുമതിയില്ലാതെ കാമ്പസോ കോഴ്സോ അവസാനിപ്പിക്കാൻ പാടില്ല. റെഗുലേഷൻ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവർത്തനാനുമതി റദ്ദാക്കാൻ യു.ജി.സിക്ക് അധികാരമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.