ഇംതിയാസ് അഹ്മദും വിട്ടുപിരിയുമ്പോൾ
text_fieldsനികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പേരെഴുതിച്ചേർത്ത് അന്താരാഷ്ട്ര പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ഇംതിയാസ് അഹ്മദും നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലക്ക് പുറമെ അമേരിക്കയിലെ ഒരു സർവകലാശാലയിലും അദ്ദേഹം സാമൂഹിക ശാസ്ത്രം പഠിപ്പിച്ചിരുന്നു.
മൃദുഭാഷിയെങ്കിലും കാര്യങ്ങളെ വ്യക്തമായി കീറിമുറിച്ച് സംസാരിച്ചിരുന്ന അദ്ദേഹത്തെ പല തവണ അഭിമുഖം നടത്താൻ അവസരമുണ്ടായിട്ടുണ്ട്. എത്ര സങ്കീർണമായ വിഷയങ്ങളും അതിലളിതമായി വിവരിച്ചു തന്നിരുന്ന അദ്ദേഹത്തെ കേട്ടിരിക്കൽതന്നെ ഹൃദ്യമായ അനുഭവമായിരുന്നു.
ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ വിടവ് സൃഷ്ടിക്കാനും അത് വലുതാക്കാനുമുള്ള വലതുപക്ഷ അജണ്ടയുടെ നിശിത വിമർശകനായിരുന്നു പ്രഫ. ഇംതിയാസ്. മുസ്ലിംകളെ ഭീകരരായി മുദ്രകുത്തുന്നതിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. മുമ്പ് നടത്തിയ ഒരു അഭിമുഖത്തിൽ അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: കൂടുതൽ മുസ്ലിംകൾ തീവ്രവാദികളായി മാറുന്നുവെന്ന വാദം ശരിയല്ല.
ലോകമെമ്പാടും, ആക്രമണാത്മകവും വ്യാപകവുമായ തീവ്രവാദത്തിന്റെയും ഭീകരതയുടെയും മറ്റ് നിരവധി രൂപങ്ങളുണ്ട്. ഉദാഹരണത്തിന് നമ്മുടെ രാജ്യത്ത് കശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും വർഷങ്ങളായി തീവ്രവാദത്തിന്റെ രണ്ട് സ്ഥായീരൂപങ്ങൾ നിലനിൽക്കുന്നു.
ഇന്ത്യക്ക് പുറത്ത് നോക്കിയാൽ ദക്ഷിണേഷ്യയിൽതന്നെ ശ്രീലങ്കയിലും നേപ്പാളിലും തീവ്രവാദം ഉണ്ടായിരുന്നു. ചില ദേശങ്ങളിൽ ഭരണകൂടങ്ങൾക്കെതിരെ മുസ്ലിം സായുധ സംഘങ്ങൾ ഭരണകൂടങ്ങൾക്കെതിരെ പോരാടുന്നു. പക്ഷേ, ഇവ്വിധം പല പല ഭീകരതകൾ വേറെയുമുണ്ടെന്ന കാര്യം സെപ്റ്റംബർ 11ന് ശേഷം വേറെയുണ്ടെന്ന് ലോകം മറന്നതുപോലെ തോന്നുന്നു.
അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം മുസ്ലിംകളിൽ കേന്ദ്രീകരിച്ചതോടെ കൂടുതൽ മുസ്ലിംകൾ തീവ്രവാദികളാകുന്നുവെന്ന പ്രതീതി വർദ്ധിച്ചു. അതല്ല വാസ്തവം, ലോകമെമ്പാടും കൂടുതൽ ആളുകൾ തീവ്രവാദികളായി മാറിക്കൊണ്ടിരിക്കുകയാണ്’’.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെയുള്ള നിലപാടിലും അദ്ദേഹം അടിയുറച്ചുനിന്നു. ജനവിഭാഗങ്ങൾക്കിടയിൽ നുഴഞ്ഞുകയറാനും തടസ്സങ്ങൾ സൃഷ്ടിക്കാനുമുള്ള മറ്റൊരു ബി.ജെ.പി-ആർ.എസ്.എസ് തന്ത്രമാണിതെന്നായിരുന്നു പ്രഫ. ഇംതിയാസ് പറയാറ്.
സമൂഹങ്ങളിൽ വിവാഹത്തിന് ഏകീകൃത നിർവചനം ഇല്ലാത്ത സ്ഥിതിക്ക് ഏകീകൃത സിവിൽ കോഡ് എന്തിന്, എങ്ങനെ നടപ്പാക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വാദഗതി. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു ഉടമ്പടിയാണ് എന്ന അടിസ്ഥാന വസ്തുത അവഗണിക്കരുത്.
ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ഞാൻ സമൂഹത്തിന്റെ പല വിഭാഗങ്ങളിൽനിന്നുള്ള ആളുകളുമായി സംസാരിച്ചു. ഞാനുമായി സംസാരിച്ച മുസ്ലിംകളിൽ എല്ലാവരും തന്നെ ഈ നീക്കത്തോട് എതിരാണ്. വിവാഹമോചനം, ജീവനാംശം തുടങ്ങിയ അനുബന്ധ വിഷയങ്ങളിലെല്ലാം സ്ത്രീകളുടെ അവകാശം പരിരക്ഷിക്കാനാവശ്യമായ വ്യവസ്ഥകളെല്ലാം ഖുർആനിൽതന്നെ സുഭദ്രമാണെന്ന് അവർ പറയുന്നു.
തങ്ങളുടെ വ്യക്തിനിയമത്തിൽ ആരെങ്കിലും കൈകടത്തുന്നതിനെ അവർ അനുകൂലിക്കുന്നില്ലെന്ന് മാത്രമല്ല, അനുദിനം പ്രഹരങ്ങളും വിള്ളലുകളുമേല്പിക്കപ്പെടുന്ന, സ്വത്വവും നിലനില്പും തന്നെ അപകടത്തിലേക്ക് നീങ്ങുന്ന സമുദായത്തിന് ഈ സർക്കാറിനെ വിശ്വസിക്കാനുമാകുന്നില്ല.
വലതുപക്ഷ സേനകളുടെ വർഗീയ ആക്രമണങ്ങൾ വർധിച്ചുവരുമ്പോഴും അതു തടയിടാനോ സംരക്ഷണമൊരുക്കാനോ തയാറാവാത്ത സർക്കാറിൽ മുസ്ലിം യുവത തീർത്തും അസ്വസ്ഥരാണ്.
മറ്റൊരു ലോക അഭയാർഥി ദിനം കടന്നുപോകുമ്പോൾ ഞാനാലോചിച്ചത് മധ്യേഷയിൽനിന്നും ഇറാനിൽനിന്നും ഇറാഖിൽനിന്നും അതിനുമപ്പുറത്തുനിന്നും അഭയവും സമാധാനവും തേടി കശ്മീർ മേഖലയിലേക്ക് സഞ്ചരിച്ച ആളുകളെക്കുറിച്ചായിരുന്നു. അവരവിടെ തിരിച്ചുപോകാൻ തോന്നിക്കാത്തവിധമുള്ള അനന്തമായ ശാന്തത കണ്ടെത്തി. അവരുടെ ലാളിത്യം പ്രാദേശിക ജനതയുമായി അടുപ്പിച്ചു, അവരുടെ നിസ്വാർഥത അക്കാലത്തെ ചക്രവർത്തിമാരിൽപ്പോലും മതിപ്പുണ്ടാക്കി.
മുഗൾ ചക്രവർത്തി ജഹാംഗീറിന്റെയും അബുൽ ഫസലിന്റെയും രചനകളിൽ ഈ സൂഫികളുടെ കളങ്കവും സങ്കീർണതകളുമില്ലാത്ത ജീവിതത്തെക്കുറിച്ച് സുദീർഘ പരാമർശങ്ങളുണ്ട്. ലൗകിക ചിന്തകളിൽനിന്ന് പൂർണമായി വിട്ടകന്ന് ജീവിച്ച ഈ അവദൂതർ പരിത്യാഗവും ധ്യാനവും ശീലമാക്കി.
സൂഫി മഖ്ദൂം സാഹിബിന് ദീർഘനേരം ശ്വാസം പിടിച്ചുവെക്കാൻ കഴിയുമായിരുന്നുവെന്നാണ് പറയുന്നത്. ഏറെ ആഴമേറിയതും വൈകാരികവുമാണ് സൂഫികളുമായും അവരുടെ സിയാറത്തുകളുമായി കശ്മീരികളുടെ ബന്ധം. അത്രമേൽ ആകൃഷ്ടനായ മുഗൾ രാജകുമാരൻ ദാരാ ശിഖോഹ് ശ്രീനഗറിൽ കാസ് ഇ മാഹ് (Kas-I-Mah) എന്ന പേരിൽ സൂഫി പാഠശാലതന്നെ തുടങ്ങുകയുണ്ടായി.
ബദാഖ്ഷാനിൽനിന്ന് സഞ്ചരിച്ചെത്തിയ ആത്മീയ ഗുരു അഖുന്ദ് മുല്ലാ മുഹമ്മദ് ഷായുടെ പ്രേരണയാലാണ് ഏഷ്യയിൽതന്നെ ആദ്യമായി ഇത്തരമൊരു പാഠശാലക്ക് അദ്ദേഹം തുടക്കമിട്ടത്. പലായനം ചെയ്തുവന്ന കാലത്തിലെയും രാജ്യത്തെയും സൂഫിസത്തെ ആഴത്തിൽ ഉൾക്കൊണ്ട ഈ സയ്യിദുകളും അനുയായികളും അതിനോടകംതന്നെ വേദാന്തവും ബുദ്ധമതവും വഴിയൊരുക്കിയ അധ്യാത്മദര്ശനത്തിലേക്കുള്ള പ്രവണതയെ ഉത്തേജിപ്പിച്ചതായി കശ്മീരി ചരിത്രകാരൻ ജി.എം.ഡി സൂഫി രണ്ടു വാള്യങ്ങളിലായി രചിച്ച കാശിർ എന്ന പുസ്തകത്തിൽ പറയുന്നു.
ഇന്നും ഈ മനുഷ്യരുടെ ദർഗകൾ കാശ്മീരിൽ പലയിടങ്ങളിലായി പരന്നു കിടക്കുന്നു. ശ്രീനഗറിലെ നൗട്ടാഹ ചൗക്കിൽനിന്ന് ഏറെ അകലെയല്ലാതെ ഝലം നദിയുടെ തീരത്താണ് ഷാ ഇ ഹംദാന്റെ ദർഗ. തൈമൂറിന്റെ ക്രോധാക്രാന്തങ്ങൾ സഹിക്കാനാവാതെ പേർഷ്യയിലെ ഹംദാൻ എന്ന ചെറുപട്ടണത്തിൽനിന്ന് സുൽത്താൻ ശഹാബുദ്ദീന്റെ കാലത്ത് കശ്മീരിലേക്ക് വന്നതാണദ്ദേഹം.
ഇന്നും അത്രയേറെ മാസ്മരികമായ മറ്റൊരു വാസ്തുവിദ്യാ ശൈലിയുള്ള കെട്ടിടം ആ പരിസരത്തെങ്ങും കാണാനാവില്ല. പറഞ്ഞുവന്നത്, ഇന്ന് ലോകം ആദരിക്കുന്ന പലരും ഒരു ദേശത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്തുവന്ന അഭയാർഥികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.