ഇന്ത്യക്ക് ശ്വാസം മുട്ടുമ്പോൾ
text_fieldsതാരാശങ്കർ ബന്ദോപാധ്യായയുടെ ആരോഗ്യനികേതനം എന്ന നോവലിൽ യക്ഷരൂപത്തിൽ വന്ന ധർമം ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിൽ ഒരു ചോദ്യമുണ്ടായിരുന്നു.
''ലാഭാനാം ഉത്തമം കിം ?'' ലോകജീവിതത്തിൽ ലാഭങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായത് ഏതാണ്?
യുധിഷ്ഠരൻ ഉത്തരം പറഞ്ഞു:
''ലാഭാനാം ശ്രേയ ആരാഗ്യം''. ആരോഗ്യ ലാഭമാണ് ലോകത്തിൽ സർവോത്തമമായ ലാഭം.
തെരഞ്ഞെടുപ്പ് യോഗത്തിൽ പോലും വിശ്വാസികെള കൈയിലെടുക്കാൻ ശരണം വിളിക്കുന്ന, മതത്തെ കൂട്ടുപിടിച്ച് അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് യുധിഷ്ഠരനെ അറിയുമോ ആവോ
ഇന്ന് ഇന്ത്യക്ക് ശ്വാസം മുട്ടുമ്പോൾ, ആരോഗ്യരംഗത്തെ അത്യാസന്ന നിലയിലാക്കിയ ഭരണാധികാരിക്കെതിരെ വിരൽ ചൂണ്ടുന്നുണ്ട് ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ.
മുമ്പ് യു.പിയിലെ ഗോരഖ്പുരിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ പിടഞ്ഞു മരിക്കുന്ന ഘട്ടത്തിൽ, ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ച് അവരെ മരണത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച ഒരു ഡോക്ടറുണ്ട്. പേര് കഫീൽ ഖാൻ. അദ്ദേഹത്തിനെതിരെ കേസെടുത്ത് മാസങ്ങളോളം ജയിലിലടച്ച രാജ്യമാണ് നമ്മുടേത് (കഫീൽ ഖാനെ പീഡിപ്പിച്ച അതേ യോഗി ആദിത്യ നാഥാണ് വാർത്ത എഴുതാൻ പോയ നമ്മുടെ സിദ്ദീഖ് കാപ്പനെ കലാപകാരിയെന്ന് വിളിച്ച് കൽത്തുറങ്കിൽ തള്ളുകയും ആശുപത്രിയിൽപോലും വിലങ്ങിടീച്ച് കിടത്തുകയും ചെയ്തിരിക്കുന്നത്).
ഡൽഹി ആശുപത്രിയിൽ ആളുകൾ ഓക്സിജൻ ക്ഷാമം മൂലം പിടഞ്ഞു മരിക്കുമ്പോൾ, 'ഇനി ഞാൻ ആരോട് ചോദിക്കണം' എന്ന് പ്രധാനമന്ത്രിയോട് ചോദിച്ച മുഖ്യമന്ത്രി കെജ്രിവാളിനെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട് ഒരു ബി.ജെ.പി.നേതാവ്. കെജ്രിവാൾ ഓക്സിജൻ പ്ലാൻറ് സ്ഥാപിച്ചില്ലത്രെ.
സ്വർണക്കുപ്പായമിട്ട്, ഊരുചുറ്റി, ഇന്ത്യ ലോകത്തെ നയിക്കുന്നു എന്ന് ഉരുവിട്ട് നടന്ന ഒരു പ്രധാനമന്ത്രിയെ ഇന്ന് ലോകം കാണുന്നതെങ്ങനെയെന്ന് ദി ഗാർഡിയനും വാൾ സ്ട്രീറ്റ് ജേണലും ടൈം മാഗസിനും ബി.ബി.സിയും വാഷിങ്ടൺ പോസ്റ്റുമടക്കം നമ്മോട് പറഞ്ഞു തരുന്നുണ്ട്.
ലോകത്തിൽ എല്ലായിടങ്ങളിലും കോവിഡ് മഹാമാരി പടർന്നു പിടിച്ചിട്ടുണ്ട്. അതുപോലും ഒരു പ്രത്യേക മതവിഭാഗത്തോടുള്ള വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ച ഒരേ ഒരു രാജ്യം നമ്മുടെ മഹത്തായ ഭാരതമാണ് (തബ്ലീഗ് വേട്ട കോടതി ഇടപെട്ടാണ് ഇല്ലാതാക്കിയത്).
ലോകത്തെ ഏറ്റവും നീളം കൂടിയ പ്രതിമ (182 മീറ്റർ) ഗുജറാത്തിൽ സ്ഥാപിച്ചത് നരേന്ദ്ര മോദിയുടെ കാലത്ത്. ചെലവ് രണ്ടായിരത്തി എഴുന്നൂറ് കോടി രൂപ. മഹാനായ വല്ലഭഭായ് പട്ടേലിെൻറ പ്രതിമപോലും നിശ്ശബ്ദമായ ഭാഷയിൽ ചോദിക്കുന്നുണ്ടാവും -എത്ര ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിക്കാനുള്ള പണമാണ് നിങ്ങൾ ചെലവിട്ടത് എന്ന് (ഗാന്ധി വധക്കേസിൽ അതിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിച്ച ആ ഉരുക്കു മനുഷ്യൻ ചോദിക്കുകതന്നെ ചെയ്യും).
ജനങ്ങൾ അതിജാഗ്രത കൈക്കൊള്ളുകയും വാക്സിനേഷൻ പൂർണമാവുകയും ചെയ്യുമ്പോൾ കോവിഡ് മഹാമാരി ഇല്ലാതായേക്കാം. വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയും കർഷകരെയടക്കം ശത്രുപക്ഷത്ത് നിർത്തുകയും ചെയ്യുന്ന വെറുപ്പിെൻറ വൈറസുകൾ പരത്തുന്നവർക്കെതിരെ തുടർന്നും വേണം കനത്ത പ്രതിരോധം.
എതിരഭിപ്രായങ്ങളെ ഇല്ലാതാക്കുന്ന, ഭരണാധികാരികൾക്ക് ഹിതകരമല്ലാത്ത ട്വീറ്റുകളും പോസ്റ്റുകളും പോലും വെച്ചുപൊറുപ്പിക്കാത്തൊരു കാലത്ത്, നമുക്ക് സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.