പാർലമെന്ററി ജനാധിപത്യം കർസേവക്കിരയാവുേമ്പാൾ
text_fields2014 മേയ് 20ന് നരേന്ദ്ര മോദി ആദ്യമായി പാർലെമൻറിലേക്കെത്തിയ ദൃശ്യം മറക്കാറായിട്ടില്ല. നടയില്‍ സാഷ്ടാംഗം പ്രണമിച്ച് ജനാധിപത്യത്തിെൻറ ശ്രീകോവിലിനോടുള്ള ഭയഭക്തി ബഹുമാനം പ്രകടിപ്പിച്ചാണ് നരേന്ദ്ര മോദി അന്ന് നടന്നുകയറിയത്. അത്യന്തം നാടകീയമായ ആദ്യ പ്രസംഗത്തിലുടനീളം ഊന്നിപ്പറഞ്ഞതും പാർലമെൻറിെൻറ പരിശുദ്ധിയും ഭരണഘടനയുടെ പവിത്രതയുമായിരുന്നു.
എന്നാല്‍, ഭരണഘടന മൂല്യങ്ങളും ഭരണഘടന സ്ഥാപനങ്ങളും അതിഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുവെന്നതാണ് ഏഴ് ആണ്ട് പിന്നിട്ട മോദി ഭരണത്തിെൻറ ബാക്കിപത്രം. നമ്മുടെ ജനാധിപത്യസംവിധാനത്തിെൻറ അടിത്തറ ഇളക്കുംവിധം പാർലമെൻറിെൻറ അധികാരവും അന്തസ്സും അനുദിനം ചോദ്യംചെയ്യുന്ന നടപടികളാണ് സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നത്. പ്രതിപക്ഷത്തെ അവഗണിച്ചും ചർച്ചയില്ലാതെ നിയമങ്ങള്‍ ചുട്ടെടുത്തും ജനപ്രതിനിധികളുടെ അവകാശങ്ങള്‍ നിഷേധിച്ചും അക്ഷരാർഥത്തിൽ ഭൂരിപക്ഷ സമഗ്രാധിപത്യ കർസേവ.
അലസവിനോദമാകുന്ന നിയമനിർമാണം
പാർലമെന്റ് നിർമിക്കുന്ന നിയമങ്ങളും പാസാക്കുന്ന ഭേദഗതികളും രാജ്യത്തിെൻറ മുന്നോട്ടുപോക്കിനുള്ള ഊർജമായതിനാലാണ് ഭരണഘടന തന്നെ നിയമനിർമാണ പ്രക്രിയയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. തികഞ്ഞ അവധാനതയോടെയും കാര്യഗൗരവത്തോടെയും നിയമനിർമാണ പ്രക്രിയയെ സമീപിച്ചിട്ടില്ലെങ്കില്‍ രാഷ്ട്രസംവിധാനത്തിന് അപരിഹാര്യമായ പരിക്കേൽക്കുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെയാണ് സമീപകാലത്തായി പാർലമെൻറ് നിയമനിർമാണത്തിൽ വേണ്ടത്ര ഗൗരവംകാണിക്കുന്നില്ലെന്ന കാതലായ വിമർശമുയർത്തിയത്. പാർലമെൻറ് പാസാക്കുന്ന നിയമങ്ങളിൽ പലതിലും വ്യക്തതയില്ലെന്നു പറഞ്ഞ ജസ്റ്റിസ് എൻ.വി. രമണ നിയമനിർമാണ പ്രക്രിയയിലെ ഈ അലംഭാവം അതിസങ്കീർണമായ കോടതി വ്യവഹാരങ്ങൾക്ക് വഴിവെക്കുന്നുവെന്നും ജുഡീഷ്യറിയുടെ സമയത്തിെൻറ നല്ലൊരു പങ്ക് ഇതു കാരണം പാഴായിപ്പോകുന്നുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് പങ്കുവെച്ച ആശങ്കകൾ ഒറ്റനോട്ടത്തിൽ തന്നെ ശരിയാണെന്ന് കാണാം. കഴിഞ്ഞ വർഷകാല സമ്മേളനത്തില്‍ ലോക്സഭയിൽ ശരാശരി പത്തു മിനിറ്റ് മാത്രമാണ് ഒരു ബില്‍ പാസാക്കാനെടുത്ത സമയം. രാജ്യസഭയിലാകട്ടെ അര മണിക്കൂറില്‍ താഴെയും. നിയമനിർമാണ ചുമതലയില്‍ പാർലമെന്റിെൻറ പങ്കാളിത്തക്കുറവ് ഇതിൽനിന്ന് വ്യക്തമാണ്. സമീപകാലത്തുണ്ടായ സുപ്രധാന നിയമനിർമാണങ്ങളിലൊന്നും പാർലമെൻറിന് പരിഗണനീയമായ പങ്കുണ്ടായിരുന്നില്ല. പല ബില്ലുകളും ചർച്ച കൂടാതെയാണ് പാസാക്കുന്നത്. കഴിഞ്ഞ വർഷം കാർഷിക പരിഷ്കരണ ബിൽ ഉൾപ്പെടെ മൂന്നു സുപ്രധാന ബില്ലുകളാണ്, അവതരിപ്പിച്ച ദിവസം തന്നെ ചർച്ച കൂടാതെ പാസാക്കിയത്.
അംഗങ്ങള്‍ക്ക് അതത് വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകുകയെന്ന പ്രാഥമിക മര്യാദ പോലും പലപ്പോഴും പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ വർഷകാല സമ്മേളനത്തില്‍ 13 പ്രധാന ബില്ലുകളില്‍ ലോക്സഭയിൽ ഒരംഗം പോലും സംസാരിച്ചിട്ടില്ല. പാർലമെൻറിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും ഓർഡിനൻസിൽ അഭയംതേടുന്ന പ്രവണതയും കൂടിവരുന്നു. യു.പി.എ കാലത്ത് വർഷം ശരാശരി ആറ് ഓർഡിനൻസുകളാണ് ഇറക്കിയതെങ്കിൽ മോദി ഭരണത്തിൽ അത് ഇരട്ടിയായി. രാജ്യസഭയെ മറികടക്കാൻ നിരവധി ബില്ലുകള്‍ മണി ബില്ലുകളാക്കി വ്യവസ്ഥ ചെയ്തതും നാം കണ്ടു. സുപ്രധാനമായ ആധാർ ബിൽ ഉള്‍പ്പെടെ മണി ബില്ലായി അവതരിപ്പിച്ചാണ് രാജ്യസഭയുടെ ഭേദഗതി നിർദേശങ്ങള്‍ സർക്കാർ തള്ളിക്കളഞ്ഞത്.
നോക്കുകുത്തികളാകുന്ന പാർലമെന്റ് സമിതികള്‍
നിയമനിർമാണം ഏറ്റവും സൂക്ഷ്മതയോടെ നടത്തേണ്ട ജനാധിപത്യ പ്രക്രിയയായതിനാലാണ് പാർലെമൻററി സമിതികള്‍ നിയമനിർമാണ സഭകളുടെ ഭാഗമായത്. നിയമ നിർമാണം അടക്കമുള്ള അടിസ്ഥാന ചുമതലകളില്‍ പാർലമെൻറിനെ സഹായിക്കാനാണ് ഈ സമിതികള്‍ വിഭാവനം ചെയ്യപ്പെട്ടത്. നിയമനിർമാണ സഭകളുടെ ജോലി ഭാരം കൂടുകയും ബില്ലുകളില്‍ വിശദമായ ചർച്ചക്ക് സമയം കിട്ടാതിരിക്കുകയും ചെയ്യുന്നത് മൂലമുള്ള വീഴ്ചകള്‍ പരിഹരിക്കാനുള്ള ഉപായമെന്ന നിലയില്‍ ഇവക്ക് വലിയ പ്രാധാന്യമുണ്ട്.
ബില്ലുകള്‍ നിയമമാക്കുന്നതിന് മുമ്പ് സഭാസമിതികളുടെ സൂക്ഷ്മ പരിശോധനക്ക് വിടുന്നത് പാർലമെൻററി ജനാധിപത്യത്തിെൻറ രീതിയാണ്. കുറ്റമറ്റ നിയമനിർമാണത്തിനുള്ള പാർലമെന്റിെൻറ മുൻകരുതലാണ് ഈ നടപടി. എന്നാല്‍, മോദി സർക്കാറിനു കീഴില്‍ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികള്‍ നോക്കുകുത്തികളാവുകയാണ്. 82 ബില്ലുകളിൽ കേവലം 17 എണ്ണം മാത്രമാണ് ഈ സർക്കാർ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റികള്‍ക്ക് വിട്ടത്. കഴിഞ്ഞ വർഷം ഒരു ബിൽപോലും സെലക്ട് കമ്മിറ്റികൾക്ക് വിട്ടിട്ടില്ല. ഒന്നാം മോദി സർക്കാറിെൻറ കാലത്ത് കേവലം 25 ശതമാനം ബില്ലുകള്‍ മാത്രമാണ് പാർലമെൻററി കമ്മിറ്റികൾക്ക് വിട്ടത്. അതേസമയം, ഒന്നാം യു.പി.എ സർക്കാറില്‍ 71 ശതമാനവും രണ്ടാം യു.പി.എ കാലത്ത് 60 ശതമാനവും ബില്ലുകൾ സെലക്ട് കമ്മിറ്റികളുടെ സൂക്ഷ്മപരിശോധനക്കയച്ചിരുന്നു.
സഭ വിട്ടിറങ്ങിയ ചർച്ചയും സംവാദവും
രാജ്യത്തെ ജനങ്ങളുടെ ചിന്തയും താൽപര്യവും ആവശ്യവും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതിനുള്ള ശ്രേഷ്ഠ സഭ കൂടിയാണ് പാർലമെൻറ്. രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സജീവ ചർച്ചകളിലൂടെയും നിയമനിർമാണ നടപടികളിലെ അംഗങ്ങളുടെ സക്രിയ ഇടപെടലുകളിലൂടെയുമാണ് പാർലമെന്റ് ജനങ്ങളുടെ ഇരിപ്പിടമാകുന്നത്. സക്രിയ ജനാധിപത്യത്തിന്റെ സവിശേഷഘടകങ്ങളെന്ന നിലയില്‍ ചർച്ചയും സംവാദവും വിമർശനവും വിയോജിപ്പും എല്ലാം അനിവാര്യമായും ഉണ്ടാകേണ്ടയിടം എന്ന നിലയിലാണ് നമ്മുടെ പാർലമെന്റിനെ ഭരണഘടനാ ശിൽപികള് വിഭാവനം ചെയ്തത്. മാത്രമല്ല, കാര്യനിർവഹണ വിഭാഗം (Executive) ജനപ്രതിനിധി സഭയെന്ന നിലയില്‍ നിയമനിർമാണ സഭ (Legislature)കളോട് ഉത്തരവാദപ്പെട്ടിരിക്കണമെന്നതും പാർലമെൻറിെൻറ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്.
എന്നാല്‍, പാർലമെൻറിെൻറ പദവിയെയും പവിത്രതയെയും പരിഹസിക്കുന്ന നടപടികളാണ് നരേന്ദ്ര മോദി സർക്കാറില്‍ നിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് രാജ്യം നേരിട്ട സുപ്രധാന പ്രശ്നങ്ങളും വെല്ലുവിളികളും പാർലമെൻറിൽ അർഹിക്കുന്ന രീതിയില്‍ ചർച്ചയായില്ല. 368 ദിവസം നീണ്ട കർഷക സമരത്തിന് കാരണമായ ചർച്ചയേതുമില്ലാതെ ആവിഷ്കരിച്ച മൂന്ന് വിവാദ കാർഷിക നിയമങ്ങൾ ഒരുവിധ ചർച്ചയും നടത്താതെയാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. ലോക്സഭയിൽ വെറും അഞ്ച് മിനിറ്റും രാജ്യസഭയില്‍ ഒമ്പത് മിനിറ്റും മാത്രമാണ് ഈ നിയമം പിൻവലിക്കൽ നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാനെടുത്തത്. രാജ്യത്തിന്റെ പരമാധികാരം തന്നെ ചോദ്യം ചെയ്യപ്പെട്ട പെഗസസ് വിവാദം ചർച്ച ചെയ്യാൻ പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ വഴങ്ങിയില്ല. ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതും ആർട്ടിക്കിള്‍ 370 അസാധുവാക്കിയതും പാർലമെന്റിനെ നോക്കുകുത്തിയാക്കിയായിരുന്നു. കോവിഡ് പ്രതിസന്ധിയും തുടർസംഭവങ്ങളും പാർലമെൻറിൽ വിശദ ചർച്ചക്ക് വന്നതേയില്ല. സർക്കാർ പ്രതിക്കൂട്ടില്‍ നില്ക്കുന്ന ഇത്തരം വിഷയങ്ങളില്‍ ചർച്ചക്ക് വഴിയൊരുക്കാൻ സഭാധ്യക്ഷന്മാരും താല്പര്യം കാണിച്ചില്ല. സഭാംഗങ്ങളുടെ അവകാശ സംരക്ഷകർ എന്ന നിലയില്‍നിന്ന് സർക്കാർ ബിസിനസുകളുടെ നടത്തിപ്പുകാർ എന്ന തലത്തിലേക്ക് സഭാ നാഥന്മാർ മാറിയെന്ന പ്രതിപക്ഷ വിമർശം ഗൗരവത്തോടെ കാണണം.
പ്രധാനമന്ത്രി തന്നെയും പാർലമെൻറിനെ അവഗണിക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം പല തവണ ഉയർത്തിയിട്ടുണ്ട്. സർക്കാറിന്റെ തലവനെന്ന നിലയിൽ സുപ്രധാന വിഷയങ്ങളിൽ പാർലമെൻറിൽ പ്രസ്താവന നടത്തുകയെന്ന കീഴ്വഴക്കം നരേന്ദ്ര മോദി പലപ്പോഴും പിന്തുടരാറില്ല. പാർലമെന്റ് സമ്മേളന കാലത്തും പല സമയങ്ങളിലും പ്രധാനമന്ത്രി ലോക സഞ്ചാരത്തിലായിരുന്നു. മാത്രമല്ല, പൊതുവേദികളിൽ വാചാലനാകാറുള്ള അദ്ദേഹം പാർലമെന്റിൽ വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ. എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞാല്‍ പാർലമെന്റിൽ ഏറ്റവും കുറച്ച് സംസാരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ദേവഗൗഡ മോദിയെപോലെ പ്രസംഗകനായിരുന്നില്ല. മാത്രമല്ല, ഹിന്ദി ഭാഷയിലെ പ്രാവീണ്യമില്ലായ്മയും തടസ്സമായിരുന്നു. മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മൗൻ മോഹൻസിങ് എന്ന് പരിഹസിച്ചിരുന്ന ഡോ. മൻമോഹൻസിങ് പോലും പാർലമെൻറിൽ മോദിയേക്കാൾ കൂടുതല്‍ സംസാരിച്ചിരുന്നു എന്നു കാണാനാവും.
പാർലമെന്ററി ജനാധിപത്യത്തിന്റെ മരണമണിയോ?
പാർലമെന്ററി ജനാധിപത്യം ഭരണസംവിധാനത്തിെൻറ അടിസ്ഥാനശിലയായി സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. പ്രസിഡന്‍ഷ്യല്‍ രീതി വേണമോ അതല്ല പാർലമെൻററി സംവിധാനം തന്നെ മതിയോ എന്നതില്‍ ഭരണഘടന അസംബ്ലിയില്‍ തന്നെ സുദീർഘമായ ചർച്ച നടന്നിരുന്നു.
ഇന്ത്യപോലെ ഒരു പ്രവിശാലമായ ബഹുസ്വര സമൂഹത്തില്‍ പാർലമെൻററി ജനാധിപത്യമാണ് അനുയോജ്യം എന്ന തീർപ്പിലേക്ക് ഭരണഘടന ശിൽപികളെത്തുകയായിരുന്നു. എന്നാല്‍, ഇന്ത്യക്ക് ഒരു പ്രസിഡൻഷ്യല്‍ ഭരണസംവിധാനമാണ് വേണ്ടതെന്ന ഉള്ളിലിരിപ്പ് പേറുന്നവരാണ് ഭരണകക്ഷിയായ ബി.ജെ.പിയും സംഘ്പരിവാറും. പാർലമെൻററി ജനാധിപത്യത്തോടുള്ള സംഘ്പരിവാറിെൻറ നീരസം കേന്ദ്ര സർക്കാർ പാർലമെന്റിനോട് പുലർത്തുന്ന സമീപനത്തില്‍ നിഴലിച്ചു കാണുന്നുണ്ട്. ഭരണഘടന മൂല്യങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും അട്ടിമറിക്കാനുള്ള സംഘ്പരിവാറിെൻറ നീക്കങ്ങളുടെ ഭാഗമാണിതെന്ന് രാജ്യമിപ്പോൾ തിരിച്ചറിയുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.