ഹമാസിനെ വിചാരണ ചെയ്യുേമ്പാൾ
text_fieldsഫലസ്തീൻ ജനത നമ്മെ പഠിപ്പിച്ചുകൊണ്ടേ ഇരിക്കുകയാണ്. നമ്മൾ വഴിതെറ്റി, സത്യത്തിൽനിന്ന് വഴുതിവീഴുേമ്പാഴും ഫലസ്തീൻ ദിശാസൂചിയായി നിലനിൽക്കുന്നു. ഇസ്രായേല്യർക്ക് സ്വന്തം വീടുവിറ്റവർ എന്ന് ചാപ്പകുത്തപ്പെടുേമ്പാഴും സ്വന്തം മണ്ണിനോടും രക്തത്തോടും ഏറ്റവുമധികം ആസക്തരെന്ന് ഫലസ്തീനികൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. അധിനിവേശ ശക്തിയെ സ്വന്തം നാട്ടിൽനിന്ന് പുറന്തള്ളാനുള്ള ശ്രമത്തിൽ ജീവൻതന്നെ വിലയായി നൽകുകയാണവർ. ഈയിടെ ശൈഖ് ജർറാഹ് കോളനിയിൽ നടന്ന സംഭവങ്ങൾ തന്നെ അതിന്റെ ഏറ്റവും വലിയ തെളിവ്.
കൊന്നും അധിനിവേശം ചെയ്തും സ്വന്തം ദേശത്തുനിന്ന് ആട്ടിപ്പായിക്കാൻ പറ്റിയ ജനത എന്നതിൽനിന്ന് കുടിയേറ്റത്തെ ചെറുക്കാൻ കെൽപുറ്റ ജനതയായി മാറിക്കൊണ്ട് ഫലസ്തീനിലെ ചുണക്കുട്ടികൾക്ക് സമവാക്യങ്ങൾ മാറ്റിമറിക്കാൻ സാധിച്ചിരിക്കുന്നു. ഈ മണ്ണിന്റെ അവകാശികൾ തങ്ങളാണെന്നും അധിനിവേശ ശക്തി തങ്ങളിൽനിന്നത് കവരുകയാണെന്നുമുള്ള യാഥാർഥ്യം ലോകത്തിന് മുന്നിൽ സ്ഥാപിക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു. ലോകത്തിന് ഈ സത്യം അറിയാഞ്ഞിട്ടല്ല. അവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നു എന്നേയുള്ളൂ. വഴങ്ങാത്ത ഈ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ഭീകരതയുടെ നഗ്നമായ വഷളത്തം തുറന്നുകാട്ടാൻ അവർക്ക് സാധിച്ചിരിക്കയാണ്. വടക്ക് ഹൈഫ തൊട്ട് തെക്ക് ഉസ്ദൂദ് വരെയും മധ്യേ തെൽഅവീവിലുമുള്ള ഓരോ പിടിച്ചുപറിക്കാരനോടും അവർ ഉറക്കെ പറയുകയാണ് -ഞങ്ങളുടെ ഈ ഭൂമി ഒരിക്കലും നിങ്ങൾക്ക് വിട്ടുതരാൻ പോകുന്നില്ല. നിങ്ങൾ യുദ്ധം തുടങ്ങുകയാണെങ്കിൽ നിങ്ങൾക്കെതിരെ വിജയം നാട്ടി ഞങ്ങളത് പൂർണതയിലെത്തിക്കും. അധിനിവിഷ്ട പ്രദേശങ്ങളിലെങ്ങും മുഴങ്ങുകയാണ് ഈ മുന്നറിയിപ്പ് ശബ്ദം.
പ്രശ്നത്തെ ദ്രവീകരിച്ച് വർഷങ്ങളായി ഇസ്രായേലും ചില അറബ് രാഷ്ട്രങ്ങളും കൂടി ഫലസ്തീൻ സ്വത്വത്തെ തേച്ചുമായ്ച്ചുകളയാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ റമദാൻ ഒടുവിൽ കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ച് അൽഅഖ്സ മസ്ജിദ് അങ്കണത്തിൽ ഇരച്ചുകയറിയ അധിനിവേശപ്പടയുടെ കാട്ടിക്കൂട്ടലുകൾ അതാണ് തെളിയിക്കുന്നത്. ശൈഖ് ജർറാഹ് കോളനിയിലും ബാബുൽ ആമൂദിലും അഖ്സ മസ്ജിദിന് ചുറ്റുമുള്ള ചില പ്രദേശങ്ങളിലുമുള്ള നിവാസികൾക്കെതിരെ കടന്നാക്രമണം നടത്തിക്കൊണ്ട് അധിനിവേശ സേനയും ജൂത കുടിയേറ്റക്കാരും റമദാൻ ആദ്യം മുതൽക്കേ തുടങ്ങിയതാണ് ഈ കുത്സിതവൃത്തി. 'എബ്രായ യരുശലേം ദിനം' എന്ന് അവർ വിശേഷിപ്പിക്കുന്ന റമദാൻ 28ന് അത് മൂർധന്യത്തിലെത്തി എന്നുമാത്രം. 1967ൽ അന്നാണ് ഇസ്രായേൽ കിഴക്കൻ ജറൂസലം അധീനത്തിലാക്കിയത്.
ഒരു സംക്ഷിപ്ത പ്രസ്താവന ഇറക്കിക്കൊണ്ട് ഗസ്സ രംഗത്തിറങ്ങി. ശക്തമായിരുന്നു പ്രസ്താവനയുടെ ശൈലി: 'അഖ്സ മസ്ജിദിൽ ഭജനമിരിക്കുന്നവർക്കെതിരെയുള്ള ഉപരോധം രണ്ടു മണിക്കൂറിനകം ഇസ്രായേൽ അവസാനിപ്പിക്കാത്തപക്ഷം ഞങ്ങളുടെ തിരിച്ചടി അവർ കാത്തിരുന്നു കൊള്ളട്ടെ.'
സമയപരിധി കഴിഞ്ഞതും ഇസ്രായേലിനുനേരെ ഹമാസ് മിസൈൽ മഴ വർഷിച്ചു. 150 ഓളം മിസൈലുകൾ ജറൂസലം, അസ്ഖലാൻ, സദീറൂത്ത് തുടങ്ങിയ അധിനിവിഷ്ട നഗരങ്ങളിൽ ചെന്ന് പതിച്ചു. മാത്രമല്ല, ഇസ്രായേലിന്റെ ഇരുമ്പു കവചങ്ങൾ (Iron domes) ഭേദിച്ചു ചില മിസൈലുകൾ തെൽഅവീവിലും ചെന്നുപതിച്ചു. ഇസ്രായേലിന്റെ സുഭദ്ര രക്ഷാകവചമെന്ന് മുമ്പ് അറബികൾ തെറ്റിദ്ധരിച്ച ബാർലേവ് ലൈനിന്റെ അതേ ദയനീയാവസ്ഥയാണ് അയേൺ ഡോമുകൾക്കുമുണ്ടായത്. സാദാത്തിന്റെ കാലത്ത് ഈജിപ്ഷ്യൻ സേന ബാർലേവ് ലൈൻ മുറിച്ചുകടന്നപോലെ ഖസ്സാം മിസൈലുകൾ 'അയേൺ ഡോമുകളും' ഭേദിച്ചു.
ചാനലുകളും -അവയുടെ മുൻപന്തിയിൽതന്നെ അൽ ജസീറയുമുണ്ട് -ഫലസ്തീനി ആക്ടിവിസ്റ്റുകളും സംഭവങ്ങൾ മുഴുവൻ ലോകത്തിന്റെയും മുന്നിലെത്തിച്ചു. ചിത്രം എല്ലാവർക്കും വ്യക്തമായിരുന്നു. എന്നാൽ, അദ്ഭുതം അതല്ല. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേലിനെ സഹായിക്കാൻ ചില അറബികളുമുണ്ടായി എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഹമാസ് വിരോധമായിരുന്നു അവരുടെ ന്യായം. എന്നാൽ, ഒട്ടനവധി ഇസ്രായേലി ചരിത്രകാരന്മാർ ഇസ്രായേലി നടപടിയെ അപലപിക്കാൻ മുന്നോട്ടുവരുകയുണ്ടായി. എത്രത്തോളമെന്നാൽ ഇസ്രായേലി കോമഡി നടി നാദാം ശോസ്റ്റർ ഇത്രത്തോളം പറഞ്ഞു: ഞാനൊരു ഇസ്രായേലി ജൂതയാണ്. എന്നാൽ, എന്റെ ഹൃദയം ശൈഖ് ജർറാഹിനോടും ഗസ്സാ നിവാസികളോടുമൊപ്പമാണ്. കാടൻ അധിനിവേശം ഉപേക്ഷിക്കുക എന്നതു മാത്രമാണ് ഏക പരിഹാരം.'
ഫലസ്തീൻ പ്രശ്നം കൈയൊഴിച്ചവർ എന്താണ് ഭാവം? ഹമാസ് എന്തു ചെയ്യണമെന്നാണ് അവർ പറയുന്നത്. ഫലസ്തീനെ കട്ടുകൊണ്ടുപോകുേമ്പാൾ കൈയും കെട്ടി നോക്കിനിൽക്കണമെന്നോ, ഫലസ്തീൻ ജനതയെ അവിടെനിന്ന് ആട്ടി ഓടിക്കുകയും അഖ്സ മസ്ജിദ് ഉപരോധിക്കുകയും മസ്ജിദിനകത്തുള്ളവർ കൊല്ലപ്പെടുകയും ചെയ്യുേമ്പാൾ ഹമാസ് മൗനം പാലിക്കണമെന്നോ?
ഹമാസിന് എവിടന്ന് കിട്ടാനാണ് ആയുധങ്ങൾ? ഗസ്സ ഉപരോധത്തിലാണ്. ബലാൽക്കാരം അധിനിവേശം ചെയ്തവരെ ചെറുക്കാൻ മിസൈലുകളും സൈനിക കോപ്പുകളും സ്വയം നിർമിക്കുകയായിരുന്നു ഹമാസ്. ഫലസ്തീനി ചെറുത്തുനിൽപ് പ്രസ്ഥാനമാണ് ഹമാസ്. ഇതര രാജ്യങ്ങളെയും അവരുടെ രാഷ്ട്രീയ ഭിന്നതകളെയും പരിഗണിക്കാൻ അതൊരു രാഷ്ട്രമൊന്നുമല്ല. എന്നാൽ, പിന്നെ എന്തുകൊണ്ട് യുദ്ധമൊന്ന് കഴിയുംവരെ കാത്തിരുന്നുകൂടാ? എന്നിട്ട് പോരെ ഹമാസിനെ വിചാരണ ചെയ്ത് തൂക്കിലേറ്റുന്നത്? മണ്ണ് കവരാൻ വന്ന അധിനിവേശക്കാരനെ ചെറുത്തുനിന്നതാണല്ലോ അവർ ചെയ്ത കുറ്റം! കടുത്ത ഏകാധിപതിയായിരുന്നു ജമാൽ അബ്ദുന്നാസിർ. എന്നാൽ, ഈജിപ്ഷ്യൻ സേന യുദ്ധമുഖത്തേക്ക് തിരിയേണ്ടിവന്നപ്പോൾ അദ്ദേഹമുയർത്തിയ മുദ്രാവാക്യം 'യുദ്ധകാഹളത്തിന് മുകളിൽ മറ്റൊരു ശബ്ദവും ഉയർന്നു പോകരുത്' എന്നായിരുന്നു. യുദ്ധം കഴിയാൻ ഇവർക്കും കാത്തിരിക്കാമായിരുന്നില്ലേ? ഹമാസ് വിചാരണ അതിന് ശേഷമാവാമല്ലോ? ഫലസ്തീനി രക്തം ചിന്തപ്പെടുകയും രക്തസാക്ഷികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുേമ്പാൾ ഇസ്രായേലിനെ പിന്തുണച്ച് സഹായിക്കുന്നതിനു പകരം മൗനം ദീക്ഷിക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ ഇക്കൂട്ടർക്ക്?
(ഈജിപ്ഷ്യൻ കോളമിസ്റ്റാണ് ലേഖകൻ)
മൊഴിമാറ്റം: വി.എ. കബീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.