ആദിവാസിയെ കാട്ടിൽനിന്ന് ആട്ടിപ്പായിക്കുേമ്പാൾ
text_fieldsഅറുപതുകളുടെ അവസാനത്തിൽ കർണാടകത്തിലെ ഒരു കാപ്പിത്തോട്ടത്തിൽ ചെലവിട്ട ചെറുപ്രായത്തിൽതന്നെ ആദിവാസിസമൂഹത്തെ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട് ഞാൻ. കാടുകൾക്കരികിലായി ഏറ്റവും ലളിതമായ ജീവിതം നയിച്ച മനുഷ്യർ, ഉള്ളതിലെല്ലാം പൂർണ സംതൃപ്തിയും സന്തോഷവുമായിരുന്നു അവർക്ക്.
1984ൽ അവർക്കൊപ്പം പ്രവർത്തിക്കാനും എനിക്ക് അവസരം കൈവന്നു. ആദിവാസികളിൽ ചിലർ സംഘടിക്കാനും മക്കളുടെ പഠനത്തിൽ സൗകര്യമൊരുക്കാനും പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് എത്തിയപ്പോഴാണത്. അവരുടെ ഗ്രാമങ്ങളിൽ ചെന്ന്, ഒട്ടിയ വയറുള്ള കുട്ടികളെയും അനാരോഗ്യംമൂലം അടിക്കടി ഗർഭം അലസിപ്പോകുന്ന അമ്മമാരെയും കണ്ടു, വിശപ്പാറ്റാൻ മണ്ണ് ചുട്ടുതിന്നതിെൻറ ഫലമായി മരിച്ച് മണ്ണോടുചേർന്ന മനുഷ്യരുടെ നിരാലംബരായ കുടുംബങ്ങളെ കണ്ടു.
ബംഗളൂരുവിനടുത്തുള്ള കനകപുര മേഖലയിലെ സോലിഗ സമുദായക്കാരായിരുന്നു അവർ. കങ്കാണിമാർ അവരെ കൂലിക്കുവിളിച്ച് മരം മുറിപ്പിച്ച് കരിയുണ്ടാക്കിക്കും. യൂക്കാലിപ്റ്റസ് തൈകളും നടീക്കും.
ഞങ്ങൾ ഇവരെ ഒരുമിപ്പിച്ച് ബുദകാട്ടു കൃഷികാര സംഘ (ബി.കെ.എസ്) രൂപവത്കരിച്ചു. 20 കന്നുകളെ സ്വരൂപിച്ച് നൽകാനുമായി. നിലമുഴുവാനും പാലിനുമായി അവയെ ഉപയോഗിക്കാമെന്നും അവ പ്രസവിക്കുേമ്പാൾ കൂടുതൽ കന്നുകാലിസമ്പത്ത് ലഭിക്കുമെന്നും അവർ കണക്കുകൂട്ടി.
60 ഏക്കർ നിലം ഉഴുത് അതിൽ റാഗി (പഞ്ഞപ്പുല്ല്)യും പച്ചക്കറികളും നട്ടു. കൃഷിയുടെ വരുമാനം ഉപയോഗപ്പെടുത്തി 45 കുഞ്ഞുങ്ങളെ ആദ്യമായി സ്കൂളിലേക്ക് കൊണ്ടുചേർക്കാനും കഴിഞ്ഞു.
ഞങ്ങളുടെ ആളുകൾ ഇപ്പോഴും മയക്കത്തിലാണെന്നും അവരെ ബോധവത്കരിച്ച് ഉണർത്തിയെടുക്കണമെന്നുമാവശ്യപ്പെട്ട് അവർ പിന്നെയും സമീപിച്ചു. കൂടുതൽ ആളുകൾ വരുന്നതോടെ ഒരു സംഘടിത ശക്തിയായി മാറുമെന്ന ആഗ്രഹത്തോടെയായിരുന്നു അത്.
പിന്നീട് അവർതന്നെ ഗ്രാമങ്ങളൊന്നായി കയറിയിറങ്ങി ആദിവാസി സഹോദരങ്ങളെ കണ്ട് ഒരുമിച്ചുനിൽക്കേണ്ടതിെൻറയും വിദ്യാഭ്യാസത്തിെൻറയും സംഘടിതമായി നടത്തേണ്ട സുസ്ഥിര കൃഷിയെക്കുറിച്ചുമെല്ലാം പറഞ്ഞ് മനസ്സിലാക്കി. ഒരു വർഷംകൊണ്ട് 18 ഗ്രാമങ്ങളിൽ അവരുടെ സന്ദേശമെത്തി, ഒറ്റക്കെട്ടായി പൊതുവിഷയങ്ങളിൽ ഇടപെടാൻ തുടങ്ങി. അത് അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു, പൊലീസ്, സർക്കാർ, അധികാരികൾ, ഭൂജന്മികൾ എന്നിവരോടെല്ലാമുള്ള ഭയപ്പാട് നീങ്ങുകയും ചെയ്തു. ഭൂമിക്കു മേലുള്ള അവകാശം, കുടിയിറക്കിൽനിന്ന് സംരക്ഷണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ അവർ ഇടപെടാൻ തുടങ്ങി. പരിസ്ഥിതിലോലമായ നാഗർഹോള ദേശീയ പാർക്കിനുള്ളിൽ താജ് റിേസാർട്ട് നിർമിക്കാനുള്ള നീക്കത്തിനെതിരെ വിജയകരമായ പ്രചാരണം നടത്താനും അവർക്കായി. ലോകബാങ്കിെൻറ ധനസഹായത്തോടെ നടപ്പാക്കാനിരുന്ന ഇന്ത്യ ഇക്കോ െഡവലപ്മെൻറ് പ്രോജക്ട് പോലുള്ള പദ്ധതികൾക്കെതിരെയും അവർ ചെറുത്തുനിന്നു.
വ്യത്യസ്തമായ ഭാഷ, മതാചാരങ്ങൾ, നൃത്തങ്ങൾ, മൂല്യങ്ങൾ, സംസ്കൃതി തുടങ്ങി അവരുടെ വൈവിധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇത് സഹായിച്ചു. മുഖ്യധാരയിലുള്ളവർ എന്നവകാശപ്പെടുന്ന നമുക്ക് മേൽക്കോയ്മ സ്ഥാപിക്കാനും ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും വഞ്ചിക്കാനുമൊക്കെയല്ലേ അറിയൂ, നമ്മുടേതിൽനിന്ന് നേർവിപരീതമായിരുന്നു അവരുടെ ശീലങ്ങളും രീതികളും.
കാലാകാലങ്ങളായി, ജെനു കുറുബ, ബേട്ട കുറുബ, യെറാവ വിഭാഗങ്ങൾ മരങ്ങൾ, കായ്കനികൾ, പക്ഷിമൃഗാദികൾ, നിറങ്ങൾ എന്നിവയുടെ പേരുകളാണ് കുട്ടികൾക്ക് നൽകിവന്നിരുന്നത്. പക്ഷേ, ഇത്തരം പേരുകൾ വിചിത്രവും അരോചകവുമൊക്കെയായി തോന്നിയ ഈ സമൂഹങ്ങളുടെ സംസ്കാരത്തെക്കുറിച്ച് ഒരു ചുക്കുമറിയാത്ത അധ്യാപകർ സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ പേര് മാറ്റി- സിനിമതാരങ്ങളുടെയും ഹിന്ദു ദേവീദേവന്മാരുടെയും പേരുകൾ ചാർത്തി നൽകി. വന്നു വന്ന് പുതുതലമുറയിലെ ആദിവാസികൾക്ക് പരമ്പരാഗതമായ പേരുകളിൽനിന്നുള്ള മാറ്റം വ്യക്തിത്വവികാസത്തിെൻറയും സാമൂഹിക സ്വീകാര്യതയുടെയും മാർഗമാണെന്ന ധാരണ വന്നുഭവിച്ചിരിക്കുന്നു.
കാടിെൻറ ഉള്ളിൽതന്നെ പാർക്കുന്ന ആദിവാസികൾ ഇപ്പോഴും തങ്ങളുടെ അനുഷ്ഠാനങ്ങളും മൂല്യങ്ങളും കാത്തുപരിപാലിച്ചുപോരുന്നു. അവർ പ്രകൃതിയെയും മുൻകഴിഞ്ഞുപോയവരുടെ ആത്മാക്കളെയുമാണ് ആരാധിച്ചുപോരുന്നത്. അത് ഹിന്ദുവോ മുസ്ലിമോ ക്രൈസ്തവതയോ അല്ല, അവർക്ക് ആദിധർമ എന്ന സ്വന്തം മതമുണ്ട്. എന്നാൽ, ഔദ്യോഗിക രേഖകളിൽ അവരുടെ അറിവോ സമ്മതമോ ഒന്നുമില്ലാതെ ഹിന്ദുക്കളാക്കി മാറ്റുന്നു.
കുടുവാളി എന്നൊരു സമ്പ്രദായം അവർക്കിടയിലുണ്ട്- ഒരുമിച്ചുചേരൽ എന്നാണ് ആ വാക്കിനർഥം. ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും പരസ്പരം ഇഷ്ടമെങ്കിൽ അവർക്ക് കാട്ടിനുള്ളിലേക്ക് പോയി മൂന്നുനാൾ ഒരുമിച്ചുകഴിയാം. തിരിച്ചെത്തുേമ്പാൾ അവരെ ദമ്പതികളായി സ്വീകരിക്കും. ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിൽതന്നെ ആരംഭിക്കുന്ന ആദിവാസികളിൽ നമ്മൾ സങ്കൽപിക്കുന്ന മട്ടിലുള്ള ലൈംഗിക ധാർമികതയൊന്നും കാണാനായെന്നു വരില്ല. ആദിവാസി സംസ്കാരത്തിെൻറ ഭാഗമാണെങ്കിലും ഇന്ന് കുടുവാളി നിയമപ്രകാരം കുറ്റകരമാണ്. ഈ അനുഷ്ഠാനം പിൻപറ്റിയ കുറെയേറെ പയ്യന്മാർ പോക്സോ നിയമപ്രകാരം ജയിലിലുമാണ്. ചൈൽഡ്ലൈനും ലേബർ വകുപ്പും വനിത-ശിശുക്ഷേമ വിഭാഗവുമെല്ലാം നടത്തിയ നിരന്തര ബോധവത്കരണത്തിെൻറ ഫലമായി ഈ പ്രശ്നത്തിൽ ഇപ്പോൾ നല്ല കുറവുണ്ട്.
കുഡ്റേഹബ്ബ എന്നൊരു ഉത്സവമുണ്ടവർക്ക്. നിറം നിറഞ്ഞ വസ്ത്രങ്ങളിഞ്ഞ് ചമഞ്ഞൊരുങ്ങിയാണ് അവരെത്തുക, പുരുഷന്മാർ സ്ത്രീവേഷവുമണിയും. തങ്ങളെ ചൂഷണം ചെയ്യുന്നവരെ ശപിക്കും ആ ദിവസം. കലക്ടർ, പൊലീസുദ്യോഗസ്ഥർ, ഭൂജന്മികൾ... ആരെയും ഈ ചീത്തവിളിയിൽനിന്ന് ഒഴിവാക്കാറില്ല.
സ്വകാര്യ സ്വത്ത് സമ്പാദനത്തിലും അവർ വിശ്വസിക്കുന്നില്ല. അതിനാൽതന്നെ വേലിക്കെട്ടുകളും ലാഭക്കണക്കുകളുമില്ല. പൊതുസ്വത്തവകാശത്തിലാണ് അവരുടെ വിശ്വാസം. പങ്കുവെപ്പും കരുതലുമാണ് മുഖമുദ്ര. ഒരു കുടുംബത്തിെൻറ പക്കൽ ഒരു കിലോ അരി മാത്രമാണ് അവശേഷിക്കുന്നതെന്നിരിക്കട്ടെ, എങ്കിൽപോലും ഭക്ഷണമില്ലാത്ത അയൽക്കാർക്ക് അതിൽനിന്ന് പങ്കുവെക്കാൻ അവർ മടിക്കില്ല. ഒരു കുട്ടിയെ ആരെങ്കിലും വിട്ടേച്ചുപോയാലും അങ്ങനെതന്നെ. സമൂഹത്തിലെ മറ്റു സ്ത്രീകൾ സ്വന്തം കുഞ്ഞിനെയെന്നപോലെ പരിചരിച്ചും പാലുകൊടുത്തും വളർത്തും.
ആദിവാസിസമൂഹത്തിൽ സമത്വത്തിനും വലിയ പ്രാധാന്യമുണ്ട്. ഭാര്യയും ഭർത്താവും ഒരുമിച്ചാണ് വിറകും വനവിഭവങ്ങളും ശേഖരിക്കാൻ കാട്ടിലേക്കു പോവുക. ആഴ്ചച്ചന്തയിൽ പോകുന്നതും ഒരുമിച്ചുതന്നെ. സ്ത്രീകളുടെ ആർത്തവകാലത്ത് പാചകവും അലക്കലും ശുചീകരണവും മുതൽ വീട്ടുജോലികൾ മുഴുവൻ ഭർത്താവ് നിർവഹിക്കും.
കാട്ടിൽനിന്ന് തേൻ ശേഖരിക്കുേമ്പാൾ അവസാന തുള്ളിവരെ ഊറ്റിയെടുത്ത് കൊണ്ടുവരില്ല അവർ. അൽപം കരടികൾ ഉൾപ്പെടെ മൃഗങ്ങൾക്കും പക്ഷികൾക്കുമായി വെച്ചു പോരും. കിഴങ്ങുകളും വേരുകളും പറിച്ചെടുക്കുേമ്പാഴും വീണ്ടും തളിർത്തുവളരാൻ പാകത്തിന് ബാക്കിവെക്കും.
പരമ്പരാഗത വൈദ്യത്തിെൻറ കലവറയാണ് പല ആദിവാസികളും. ഔഷധച്ചെടികളും വേരുകളും മരപ്പട്ടകളുമെല്ലാം ഉപയോഗിച്ച് പല രോഗങ്ങൾക്കും ശമനമുണ്ടാക്കും. അത്യന്തം സമാധാനകാംക്ഷികളും പ്രകൃതിസ്നേഹികളുമാണവർ. ചെറുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും കാട്ടിൽനിന്ന് കായ്കനികളും കിഴങ്ങുകളും പറിച്ചുമെല്ലാമാണ് അവർ ഭക്ഷണമുണ്ടാക്കിപ്പോന്നിരുന്നത്. വേട്ട നിയമവിരുദ്ധമാണെന്നറിഞ്ഞതോടെ അതിൽനിന്ന് പിന്മാറി. തങ്ങൾക്കു വേണ്ടത് സഹോദരങ്ങൾ തരുമെന്ന് പറയാറുണ്ടവർ, വലിയ വേട്ടമൃഗങ്ങൾ പിടിച്ചതിെൻറ ബാക്കിയാണ് അവരുദ്ദേശിക്കുന്നത്. വനവിഭവം എന്ന നിലയിൽ അതും അവർക്ക് അവകാശപ്പെട്ടതാണ്.
ഇന്ന് കാടിെൻറ ഭൂരിഭാഗവും വെട്ടിയിറക്കി അവിടങ്ങളിൽ മനുഷ്യനോ പക്ഷിമൃഗാദികൾക്കോ ഭക്ഷ്യയോഗ്യമായ ഒന്നും ലഭിക്കാത്ത, ജൈവവൈവിധ്യത്തിന് പ്രയോജനപ്പെടാത്ത തേക്കും യൂക്കാലിപ്റ്റസും അക്കേഷ്യയുമൊക്കെ നട്ട് തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നു. മരങ്ങളുണ്ടെന്നുവെച്ച് തോട്ടങ്ങളെ കാടുകളായി കണക്കാക്കാൻ കഴിയില്ല. പക്ഷേ, വനംവകുപ്പ് അവയുടെ സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ ചെലവിടുന്നു. സൗരോർജവേലികളും ആനകളെ തടയാനുള്ള കിടങ്ങുകളുമെല്ലാം നിർമിക്കുന്നു. ആദിവാസികളെ കാട്ടിൽനിന്നും മൃഗങ്ങളിൽനിന്നും അകറ്റിനിർത്തുകയും ചെയ്യുന്നു. വനംവകുപ്പിനെ സംബന്ധിച്ചിടത്തോളം കാടെന്നാൽ പണം നേടിക്കൊടുക്കുന്ന ചരക്കു മാത്രമാണ്. വാണിജ്യാടിസ്ഥാനത്തിൽ കാടുകൾ സജ്ജമാക്കാനും വനഭൂമിയിൽ ഖനനം നടത്താനുമെല്ലാം അനുവദിക്കുംവിധത്തിലെ നിയമ-നയ പരിഷ്കരണങ്ങളും വന്നുകൊണ്ടിരിക്കുന്നു- എല്ലാം വികസനത്തിെൻറ പേരിലാണെന്നതാണ് വലിയ സങ്കടം. തദ്ഫലമായി കാടും വെള്ളവും പാരമ്പര്യവും സംസ്കാരവുമെല്ലാം കാത്തുപരിപാലിക്കാനുള്ള ആദിവാസി സമൂഹങ്ങൾക്ക് ഭരണഘടന നൽകിയ അവകാശം അട്ടിമറിക്കപ്പെടുന്നു, അവരുടെ ജീവസന്ധാരണ മാർഗങ്ങളും അടയുന്നു.
ക്ലാസ്മുറിയിൽ തളച്ചിട്ടിട്ടുള്ള പഠനത്തിൽ ആദിവാസികൾക്ക് വലിയ താൽപര്യമില്ല. സ്വതന്ത്രരായി പാറിനടന്ന് മുതിർന്നവരിൽനിന്നും പ്രകൃതിയിൽനിന്നും പഠിക്കുന്നതാണ് അവരുടെ ശീലം. സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും ഇത് മനസ്സിലാക്കണം. ജൈവവൈവിധ്യം, സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കണം.
ഗ്രാമസഭകൾ മുഖേനെ താഴേത്തട്ടിലെ ജനാധിപത്യവത്കരണം ആദിവാസികൾക്കിടയിൽ സാധ്യമാക്കാനുമാവും.
ആദിവാസികളിൽ കുറച്ചുപേർ ക്രൈസ്തവതയിലേക്ക് മാറുന്നത് ചിലർക്കിടയിൽ ഉത്കണ്ഠ സൃഷ്ടിച്ചിരുന്നു. അവർ സ്വന്തം താൽപര്യപ്രകാരമാണ് അത് ചെയ്തിരിക്കുന്നത്, അല്ലാതെ ബലപ്രയോഗമോ പ്രലോഭനമോകൊണ്ടല്ല. അസുഖങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, മദ്യപാനാസക്തി എന്നിവയെന്തെങ്കിലുംകൊണ്ട് പൊറുതിമുട്ടവെ ചിലർ ചർച്ചുകളിൽ പ്രാർഥനയുമായി അഭയം തേടാറുണ്ട്, പ്രശ്നങ്ങൾ മാറിയാൽ ചിലർ ആ മതത്തിലേക്ക് ചേരുന്നുമുണ്ട്.
പുതിയ തലമുറയിലെ ആദിവാസികളിൽ ഒരുപാടുപേർ മോട്ടോർസൈക്കിൾ, പുത്തൻമോഡൽ മൊബൈൽ ഫോൺ, ഫാഷൻ മുടിവെട്ട് തുടങ്ങി മുഖ്യധാരയുടെ ജീവിതരീതികൾ പകർത്താൻ ശ്രമിക്കുന്നുണ്ട്. പഴയകാല തൊഴിൽരീതികൾകൊണ്ട് അത്തരം ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താനാവില്ല എന്ന ചിന്തയും അവരിൽ വളരുന്നു. അതേസമയംതന്നെ ആദിവാസികളല്ലാത്ത ചിലർ ആദിവാസിയെന്ന സാക്ഷ്യപത്രം സംഘടിപ്പിക്കുകയും ചെയ്യുന്നു. സൗജന്യ വിദ്യാഭ്യാസം, ധനസഹായം, തൊഴിൽസാധ്യതകൾ, സംവരണം എന്നിവയെല്ലാം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണിത്. അങ്ങനെ വരുേമ്പാൾ യഥാർഥ ആദിവാസികൾക്ക് ഈ സൗകര്യങ്ങളിൽ പലതും നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
ആദിവാസികളുടെ സമ്പന്നമായ സംസ്കാരവും ശീലങ്ങളും സംരക്ഷിക്കപ്പെടണം. ഈ ഭൂമിെയ കേടുപറ്റാതെ സൂക്ഷിക്കാൻ അവരുടെ ലളിതമായ ജീവിതരീതിക്ക് വലിയ പങ്കുണ്ട്. ആദിവാസികളെ കാട്ടിൽനിന്ന് ആട്ടിയിറക്കിയാൽ, അവരുടെ സംസ്കാരങ്ങളെ നശിപ്പിച്ചാൽ പിന്നെ കാടുകൾ അവശേഷിക്കില്ല. വരുംതലമുറക്കായി സൂക്ഷിച്ചുവെക്കാൻ പ്രകൃതിയുടെ ഒരു പച്ചത്തുണ്ടുപോലും അവശേഷിക്കില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.