'കോണിക്ക് കുത്തുന്ന' സമുദായം നേതാക്കളെ തിരുത്തുേമ്പാൾ
text_fieldsമുസ്ലിം ലീഗ് അണികളെക്കുറിച്ച് നിലനിൽക്കുന്ന ഒരു പൊതുബോധം കോണി ചിഹ്നം കണ്ടാൽ മറിച്ചൊന്നും നോക്കാതെ കുത്തുന്ന, ലോക-രാഷ്ട്രീയ വീക്ഷണമില്ലാത്ത കുറേ 'കാക്കമാർ' എന്നതാണ്. എന്നാൽ, കേരളത്തിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധരായ ജനതയാണ്, മുസ്ലിം ലീഗ് പ്രവർത്തകരിൽ വലിയൊരു വിഭാഗം ഉൾക്കൊള്ളുന്ന മാപ്പിളമാർ എന്നതാണ് വാസ്തവം. ദീർഘകാലത്തെ സാമ്രാജ്യത്ത-അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെയും ജന്മിത്ത വിരുദ്ധതയുടെയും തീച്ചൂളയിൽ രൂപപ്പെട്ടതാണ് അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസം.
പഴയകാല നേതാക്കളായ മുഹമ്മദ് ഇസ്മായിൽ സാഹിബും അബ്ദുറഹ്മാൻ ബാഫഖി തങ്ങളും ഇബ്രാഹിം സുലൈമാൻ സേട്ടും സി.എച്ച്. മുഹമ്മദ് കോയയും ജി.എം. ബനാത് വാലയുമൊക്കെ സമുദായത്തിെൻറ അർഹമായ ഭരണപരമായ അവകാശങ്ങൾക്കുവേണ്ടി, മാറിവരുന്ന മുന്നണികളോട് രാഷ്ട്രീയ സംവാദം സാധ്യമാക്കിയിരുന്നു. അതിെൻറ പ്രതിഫലനമായിരുന്നു 'കോണിക്ക് കുത്തുന്ന' മാപ്പിള/മുസ്ലിം രാഷ്ട്രീയം. രാഷ്ട്രീയത്തെ അത്രകണ്ട് സൂക്ഷ്മമായി നേരിട്ടിരുന്ന നേതാക്കളിൽനിന്ന് തങ്ങളാണ് പാർട്ടി എന്നതിലേക്ക് പുതിയ കാലത്തെ നേതാക്കൾ ചുരുങ്ങുമ്പോൾ സമുദായം എത്രകണ്ട് അതിനെ പിന്തുണക്കുമെന്നത് നേതാക്കൾ പുനരാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേതാക്കൾ രാഷ്ട്രീയം പറയാൻ മറന്നുപോവുമ്പോൾ ഓർമിപ്പിക്കാൻ സമുദായം നിർബന്ധിതമാവും. കാലാകാലങ്ങളിൽ കൃത്യമായി അവരത് നിർവഹിച്ചിട്ടുമുണ്ട്.
ലീഗിനെ തോൽപിച്ചതാര്?
ഈ തെരഞ്ഞെടുപ്പിലെ പരാജയത്തെ മുസ്ലിം ലീഗ് നേതാക്കൾ എത്രകണ്ട് ന്യായീകരിക്കാൻ ശ്രമിച്ചാലും ആഘാതം കനത്തതാണെന്ന് പറയാതെ വയ്യ. 2016ൽ കടുത്ത ഇടതു തരംഗത്തിലും 24 സീറ്റിൽ മത്സരിച്ച് 18 സീറ്റ് നേടിയ ലീഗിന് ഈ തെരഞ്ഞെടുപ്പിൽ 27 സീറ്റിൽ 15 എണ്ണം മാത്രമാണ് നേടാനായത്. അതിൽതന്നെ നാല് സിറ്റിങ് സീറ്റുകളാണ് നഷ്ടമായത്. ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടന്ന മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 2019നെ അപേക്ഷിച്ച് മുസ്ലിം ലീഗിന് നഷ്ടമായത് എട്ട് ശതമാനത്തോളം വോട്ടുകളാണ്. എണ്ണം കണക്കാക്കിയാൽ ഏകദേശം ഒന്നര ലക്ഷത്തിനടുത്ത് വോട്ടുകളുടെ കുറവ്. പാർട്ടിയുടെ സാമുദായിക അടിത്തറയിൽ കാര്യമായ വിള്ളൽ വീണുതുടങ്ങിയിരിക്കുന്നുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ പരാജയത്തെ കൃത്യമായി മനസ്സിലാക്കിത്തന്നെയാണ്, മുസ്ലിം ലീഗിെൻറ ഭാഗമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയും കേന്ദ്ര/സംസ്ഥാന സർവകലാശാലകളിലെ ഗവേഷക വിദ്യാർഥികളും ചേർന്ന് പാർട്ടിക്ക് തുറന്ന കത്തയച്ചതും അതിനു താഴേത്തട്ടിൽ സ്വീകാര്യത ലഭിച്ചതും. ലീഗ് നേതൃത്വം പറയാൻ മറന്നുതുടങ്ങിയ 'സാമുദായിക രാഷ്ട്രീയ'ത്തിന് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ടെന്നും രോഗമറിഞ്ഞുള്ള ചികിത്സയാണ് വേണ്ടതെന്നും വളർന്നുവരുന്ന പുതുതലമുറ ആ കത്തിലൂടെ ഓർമിപ്പിക്കുന്നു. എന്നാൽ, ഈ ക്രിയാത്മക വിമർശനങ്ങളോട് പാർട്ടി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
രണ്ട് പ്രധാന വിഷങ്ങളാണ് ഈ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് പരാജയത്തിനു മൂലകാരണം. ഒന്നാമത്തേത് സാമുദായിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. മുസ്ലിം ലീഗിെൻറ അടിത്തറ സമുദായികമാണ് എന്നത് അവിതർക്കമാണ്. അതുകൊണ്ടുതന്നെ ദേശീയ/അന്തർദേശീയ തലത്തിലെ സാമുദായിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഓഡിറ്റിങ്ങിനു വിധേയമാവുന്ന ആദ്യ പാർട്ടിയും കേരളത്തിൽ മുസ്ലിം ലീഗായിരിക്കും. സാമുദായിക രാഷ്ട്രീയം പൊതുമണ്ഡലത്തിൽ പറയുന്നതിൽ പുലർത്തുന്ന നിസ്സംഗതയും നേരിടേണ്ട കാത്തിരിപ്പും അണികൾക്ക് പാർട്ടിക്കുമേലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. മതേതരമാവുക എന്നാൽ സാമുദായിക രാഷ്ട്രീയം പറയാതിരിക്കുക എന്നതല്ലയെന്ന് നേതാക്കൾ തിരിച്ചറിയണം. മുന്നണി സമവാക്യങ്ങൾ ഇതിനൊരു തടസ്സമാവരുത്. എന്നാൽ, അടുത്തകാലത്ത് മുന്നണിയുടെ സംരക്ഷണം സ്വയം ഏറ്റെടുത്ത് തങ്ങളുടെ രണ്ടാം രാജ്യസഭാ സീറ്റുപോലും പണയംവെച്ചു മുസ്ലിം ലീഗ്.
പലപ്പോഴും ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ സമ്മർദ രാഷ്ട്രീയത്തിന് തലവെച്ചുകൊടുക്കുകയായിരുന്നു. സവർണ സംവരണ വിഷയം പാർലമെൻറിൽ ആർജവത്തോടെ ഉന്നയിച്ച പാർട്ടി, തങ്ങളുടെ തട്ടകമായ കേരളത്തിൽ ഇക്കാര്യം ഉയർത്തിക്കൊണ്ടുവരുന്നതിൽ എന്ത് ചെയ്തുവെന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. സമാന ചിന്താഗതിയുള്ള സമുദായ വിഭാഗങ്ങളുമായി യോജിച്ച് പ്രക്ഷോഭം നടത്താൻ കൂട്ടാക്കാതെ കോൺഗ്രസിെൻറ കണ്ണുരുട്ടലിൽ പിന്നോട്ടടിക്കുകയായിരുന്നു. സമുദായ വിഷയം ഉന്നയിക്കാൻ കോൺഗ്രസിനെ കാത്തുനിൽക്കുന്ന സമീപനം പാർട്ടിയെ കൂടുതൽ ക്ഷീണിപ്പിക്കുമെന്ന് ഇനിയെങ്കിലും നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഇതുകൊണ്ടൊക്കെയാണ് പൗരത്വ വിഷയങ്ങളിലടക്കം ഇടതുപക്ഷവും പിണറായി വിജയനും മുസ്ലിം സമുദായത്തിന് സ്വീകാര്യനാവുന്നത്. മുസ്ലിം സമുദായത്തിെൻറ നിലനിൽപുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളെ കാര്യഗൗരവമായ പരിഗണനകൾക്കപ്പുറത്തേക്ക് വോട്ടാക്കിമാറ്റാൻ സാധിക്കുന്നിടത്താണ് ഇടതുപക്ഷം 'തിളക്ക'മാർന്ന വിജയം കാണുന്നത്.
നേതൃത്വം കാണാതെപോയ തലമുറമാറ്റം
മുസ്ലിം ലീഗ് നേരിടുന്ന രണ്ടാമത്തെ പ്രശ്നം മുസ്ലിം സമുദായത്തിലെ പുതുതലമുറയുമായും സ്ത്രീ സമൂഹത്തോടും ആശയവിനിമയം നടത്തുന്നതിനുള്ള രീതിശാസ്ത്രം വളർത്തിയെടുക്കുന്നതിലെ പരാജയമാണ്. മുൻകാലങ്ങളിൽ ലീഗിെൻറ തന്നെ ശ്രമഫലമായും ഗൾഫ് കുടിയേറ്റവും മതസംഘടനകളുടെ ഇടപെടലുകൾ വഴിയുമെല്ലാം ഉണ്ടായ വൈജ്ഞാനികമായ ഉണർവ് രൂപപ്പെടുത്തിയെടുത്ത ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്ന പുതുതലമുറയെ കൃത്യമായി അഭിസംബോധന ചെയ്യാനുള്ള ഒരു പ്രവർത്തന പദ്ധതിയും പാർട്ടി ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല. കാലാനുസൃതമായി അണികൾ മാറുന്നുണ്ടെങ്കിലും നേതാക്കൾ ആ മാറ്റം ഉൾക്കൊള്ളാൻ വേണ്ടത്ര തയാറാവുന്നില്ല എന്ന് ചുരുക്കം. അതുകൊണ്ടുതന്നെ ഒരു തലമുറ മാറ്റം എന്നത് മുസ്ലിം ലീഗിനെ സംബന്ധിച്ചു എത്രമാത്രം സാധ്യമാണ് എന്നതും ചോദ്യ ചിഹ്ന്മാണ്.
അമ്പത് ശതമാനത്തിൽ കൂടുതൽ വരുന്ന സ്ത്രീസമൂഹത്തോട് ഒരുതരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളും പാർട്ടിക്കുള്ളിൽ സാധ്യമാവുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. എഴുപതു വർഷത്തെ രാഷ്ട്രീയ ചരിത്രമുള്ള ലീഗിന് നാളിതുവരെയായി ഒരു വനിതാ പ്രതിനിധിയെ നിയമസഭയിലേക്കെത്തിക്കാൻ സാധിച്ചിട്ടില്ല. രണ്ടര പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ലീഗിെൻറ പോഷക സംഘടനയായ വനിത ലീഗ്, നേതാക്കൾ അടങ്ങുന്ന ഒരു കൂട്ടായ്മ മാത്രമാണ്. താഴേത്തട്ടിലുള്ളവരുമായി ഒരു ബന്ധവുമില്ല എന്നതും, പല ജില്ലകളിലും പഞ്ചായത്തുകളിലും ഈ കമ്മിറ്റികൾ കാര്യക്ഷമമല്ല എന്നതും വസ്തുതയാണ്. ഈ രണ്ടു പ്രശ്നങ്ങളും കൃത്യമായി അഡ്രസ് ചെയ്യാതെ മുസ്ലിം ലീഗിന് ഇനി രാഷ്ട്രീയമായി മുന്നോട്ടുപോവുക എന്നത് എളുപ്പമാകില്ല.
ഉയർന്ന രാഷ്ട്രീയാവബോധവും സാമുദായിക പ്രതിബദ്ധതയുമുള്ള 'കാക്കമാർ' തെരഞ്ഞെടുപ്പിൽ നൽകിയ സൂചനകൾ ഗൗരവത്തിലെടുക്കുകയാണ് ലീഗ് നേതൃത്വം ചെയ്യേണ്ടത്. അതോടൊപ്പം നല്ല വിദ്യാഭ്യാസവും ഉയർന്ന ബൗദ്ധിക നിലവാരവുമുള്ളൊരു തലമുറ വളർന്നുവരുന്നുണ്ട് എന്നത് ഓർക്കുന്നത് നല്ലതായിരിക്കും. പൊതുബോധത്തിെൻറ പുറത്ത് രാഷ്ട്രീയം കളിക്കാൻ സമുദായം നിന്നുതരും എന്ന് ഏതെങ്കിലും നേതാക്കൾ കരുതുന്നുണ്ടെങ്കിൽ അവരെ തിരുത്താൻ ലീഗണികൾക്ക് മടിയുണ്ടാവില്ല. ഈ തെരഞ്ഞെടുപ്പ്, ഒരു പക്ഷേ, അത്തരം നേതാക്കൾക്കുള്ള അവസാന ഓർമപ്പെടുത്തലായിരിക്കും.
(ഹൈദരാബാദ് കേന്ദ്ര സര്വകലാശാലയില് ഗവേഷകനാണ് ലേഖകന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.