അധ്യാപക പരിശീലന കോഴ്സ് നാലുവർഷമാകുമ്പോൾ
text_fieldsഅധ്യാപക പരിശീലനരംഗത്ത് അടിമുടി മാറ്റങ്ങൾ വരുത്തുമെന്ന പ്രഖ്യാപനത്തോടെ 'ഡൽഹി ടീച്ചേഴ്സ് യൂനിവേഴ്സിറ്റി (ഡി.ടി.യു) ബില്ല് 2022' ഡൽഹി നിയമസഭ പാസാക്കിയിരിക്കുന്നു. ഈ വർഷം മുതൽ ബി.എ ബി.എഡ്, ബി.എസ്സി ബി.എഡ് തുടങ്ങിയ പ്രോഗ്രാമുകൾ സർവകലാശാലയിൽ ആരംഭിക്കും. അധ്യാപക പരിശീലനത്തിന് മാത്രമായി പ്രത്യേക സർവകലാശാല വരുന്നതും വിഷയാധിഷ്ഠിതമായി കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതും ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായകമാകും എന്നതിൽ സംശയമില്ല. സ്വാഭാവികമായും ഡൽഹിയിലേതുപോലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും വൈകാതെ ഇത്തരം സർവകലാശാലകളും കോഴ്സുകളുമായി മുന്നോട്ടുപോകാൻ സാധ്യതയുണ്ട്. ടീച്ചേഴ്സ് സർവകലാശാല ഇതാദ്യത്തേതല്ല. 2008 ൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ച തമിഴ്നാട് ടീച്ചേഴ്സ് എജുക്കേഷൻ യൂനിവേഴ്സിറ്റിയും 2010ൽ ഗുജറാത്ത് സർക്കാർ തുടങ്ങിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ എന്ന സർവകലാശാലയും ഈ രംഗത്തെ മുൻ മാതൃകകളാണ്.
നിലവിലുള്ള കോഴ്സ് രീതിക്കുപുറമെ 2020ലെ ദേശീയ വിദ്യാഭ്യാസ നയം അനുശാസിക്കുന്നതുപ്രകാരം ബിരുദത്തോടൊപ്പം അധ്യാപക പരിശീലന പദ്ധതിയായ ബി.എഡിനെ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള (integrated) പദ്ധതി തന്നെയാണ് ഡി.ടി.യു ബിൽ മുന്നോട്ടുവെക്കുന്ന സവിശേഷ പുതുമകളിലൊന്ന്. ബിരുദത്തോടൊപ്പവും ബിരുദാനന്തര ബിരുദത്തോടൊപ്പവും ബി.എഡിനെ സംയോജിപ്പിച്ച് നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി)യുടെ പ്രാദേശിക കേന്ദ്രങ്ങളിൽ (ആർ.ഐ.ഇ) പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ചില സർവകലാശാലകൾ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ സംയോജിപ്പിച്ചതും ഡൽഹി സർവകലാശാല ബഹുമുഖ ബിരുദ പദ്ധതി ആവിഷ്കരിക്കുന്നതും ഇതിനോട് ചേർത്തുവായിക്കാം.
ദേശീയ വിദ്യാഭ്യാസ നയം ശിപാർശ ചെയ്ത ഒന്നിലധികം എക്സിറ്റ് എന്ന ആശയത്തെ കൂട്ടുപിടിച്ചാണ് ഡൽഹി സർവകലാശാലയുടെ ചതുർവർഷ ബിരുദ പദ്ധതി (എഫ്.വൈ.യു.പി) നിലവിൽ വരുക. ഇതു നടപ്പിലാക്കിക്കഴിഞ്ഞാൽ, വിദ്യാർഥികൾക്ക് ഒന്നിലധികം എക്സിറ്റ് ഒപ്ഷനുകൾ ഉണ്ടായിരിക്കും. കൂടാതെ അവർ യൂനിവേഴ്സിറ്റിയിൽ ചെലവഴിക്കുന്ന വർഷങ്ങളുടെ എണ്ണത്തിനനുസരിച്ച് ഒരു യോഗ്യതയും നൽകും. അതായത് ഒരു വർഷത്തിൽ ഒരു സർട്ടിഫിക്കറ്റ്, രണ്ടിൽ ഒരു ഡിപ്ലോമ, മൂന്ന് അല്ലെങ്കിൽ നാലുവർഷത്തിൽ ബിരുദം. 2030ഓടുകൂടി അധ്യാപക പരിശീലനത്തിലുൾപ്പെടെ നാലുവർഷ ബിരുദ സ്കീമുകൾ രാജ്യവ്യാപകമാക്കും വിധമാണ് കേന്ദ്ര സർക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തിരിക്കുന്നത്.
ഒന്നിൽ കൂടുതൽ ബിരുദങ്ങൾ സംയോജിപ്പിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യപ്പെടണം. ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ) ഒരു വർഷത്തിൽനിന്ന് രണ്ടുവർഷമാക്കി ബി.എഡ് കാലാവധി നീട്ടിയത് 2015 അധ്യയന വർഷമാണ്. സംയോജിത പ്രോഗ്രാം നിലവിൽവന്നാൽ പ്രായോഗിക തലത്തിൽ ബി.എഡിനുവേണ്ട കാലാവധി ഒരു വർഷമായി ചുരുങ്ങും. കൂടുതൽ പേരെ അധ്യാപക മേഖലയിലേക്ക് ആകർഷിക്കാനും അധ്യാപകരുടെ കുറവ് വേഗത്തിൽ നികത്താനും ഇതു സഹായകമാകും.
സംയുക്ത പദ്ധതികൊണ്ട് വിദ്യാഭ്യാസ മേഖലയിലെ വൻകിട സ്ഥാപനങ്ങൾ വലിയ നേട്ടമുണ്ടാക്കും. ബിരുദശേഷം ഉന്നത പഠനത്തിനായി വിദ്യാർഥികൾ മറ്റു സ്ഥാപനങ്ങളിലേക്ക് ചേക്കേറുന്നതിൽ നിന്ന് അവരെ തടയുകയും അതുവഴി സാമ്പത്തിക നേട്ടം കൊയ്യുകയും ചെയ്യാം. മൊത്തക്കച്ചവടത്തിൽ ഉപഭോക്താവിന് നൽകുന്ന ആനുകൂല്യംപോലെ ഒരുതരം മോഹവാഗ്ദാനം പ്രകടമാണ്. ഒരു ബിരുദത്തിനൊപ്പം മറ്റൊരു ബിരുദം, വർഷം ലാഭിക്കൽ എന്നീ പ്രത്യേകതകൾ 'ബൈവൺ ഗെറ്റ് വൺ' അഥവാ ഒരു ഉൽപന്നം വാങ്ങിയാൽ മറ്റൊരു ഉൽപന്നം സൗജന്യമെന്ന വ്യാപാരതന്ത്രത്തെ ഓർമിപ്പിക്കുന്നു. അഭിരുചിയും താൽപര്യവും ഇല്ലാത്തവരും സൗജന്യമായിക്കിട്ടുന്ന ഒരു അഡീഷനൽ യോഗ്യത എന്ന രീതിയിൽ അധ്യാപക പരിശീലനം കൂടി നേടുന്ന പ്രവണതയുമുണ്ടാവും. വൻകിട വ്യാപാര വ്യവസായങ്ങൾ ചെറുകിട സംരംഭങ്ങളെ നഷ്ടത്തിലാക്കുന്നതുപോലെ വിദ്യാഭ്യാസ രംഗത്തും കോർപറേറ്റുകൾ പിടിമുറുക്കുന്നതോടെ വർഷങ്ങളായി അധ്യാപക പരിശീലന പദ്ധതികൾ മാത്രം നടത്തിവരുന്ന കോളജുകളും ജീവനക്കാരും പ്രതിസന്ധിയിലാകും.
അധ്യാപക പരിശീലനത്തിന്റെ നിലവാരം ഉയർത്തുകയെന്ന സുപ്രധാന ആവശ്യകത വേണ്ടത്ര വിഷയവത്കരിക്കപ്പെടുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് ഒരുവിധ പ്രീ-സർവിസ് പരിശീലനവും നൽകുന്നില്ല എന്നതാണ് വസ്തുത. നഴ്സറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ അധ്യാപകർക്കും സേവനത്തിന് മുന്നോടിയായി പരിശീലനം നിർബന്ധമുള്ളപ്പോഴാണ് ഇത്. കേരളമുൾപ്പെടെ വിദ്യാഭ്യാസ നയം രൂപവത്കരിക്കുമ്പോൾ ഈ വിഷയവും ആലോചന വിധേയമാക്കേണ്ടതുണ്ട്.
(ഗ്രേറ്റർ നോയ്ഡ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ അസിസ്റ്റൻറ് പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.