Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വോട്ടർപട്ടികയും ആധാറും കൂട്ടിക്കെട്ടു​മ്പോൾ
cancel

ലോക്‌സഭ കഴിഞ്ഞമാസം ശബ്ദവോട്ടിലൂടെ പാസാക്കിയ തെരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ 2021 ഗുരുതരമായ ആശങ്കകളാണുയർത്തുന്നത്​. 1950ലെ ജനപ്രാതിനിധ്യ നിയമത്തി​ന്‍റെ 23ാം വകുപ്പ് ഭേദഗതി ചെയ്​ത്​ ആധാർ ഇക്കോസിസ്റ്റവുമായി വോട്ടർ പട്ടികയെ ബന്ധിപ്പിക്കുമെന്ന് ബില്ലിന്‍റെ കാര്യകാരണ പ്രസ്​താവന വ്യക്​തമാക്കുന്നു. ആധാർ നൽകുന്ന ഡേറ്റാസെറ്റുകളുടെ ലിങ്ക് വഴി വോട്ടർ പ്രഫൈൽ ചെയ്യുന്നത് പൗരന്മാരുടെ സ്വകാര്യത അവകാശങ്ങൾക്ക്​ വിഘ്​നം വരുത്തുമെന്നത്​ നിസ്സാര സംഗതിയല്ല.

ഇതാദ്യമായല്ല തെരഞ്ഞെടുപ്പ് കമീഷൻ ഈ നിർദേശം ഏറ്റെടുക്കുന്നത്. 2015 മാർച്ചിൽ, വോട്ടർപട്ടിക കുറ്റരഹിതവും ആധികാരികവുമാക്കൽ പദ്ധതി (National Electoral Roll Purification and Authentication Programme-NERPAP) പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ യു.ഐ.ഡി.എ.ഐയുടെ ആധാർ വിവരശേഖരവുമായി ഫോ​ട്ടോ പതിച്ച തെരഞ്ഞെടുപ്പ്​ തിരിച്ചറിയൽ കാർഡ്​ വിവരങ്ങൾ ബന്ധിപ്പിക്കാൻ കമീഷൻ ആദ്യ ശ്രമം നടത്തി. എന്നാൽ, പാചക ഇന്ധനവും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിനല്ലാതെ 'ഒരു ആവശ്യത്തിനും' ആധാർ ഉപയോഗിക്കുന്നത്​ വിലക്കി 2015 ആഗസ്റ്റിൽ സുപ്രീംകോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ ഈ ശ്രമം നിർത്തിവെച്ചു. എങ്കിലെന്ത്​, 55 ലക്ഷം വോട്ടർമാർ ​െതരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് അ​പ്രത്യക്ഷരായി.

അപ്രത്യക്ഷരായ വോട്ടർമാരെ ചില സംസ്ഥാനങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന്​ N​ERPAP ​െൻറ ഉദ്ദേശ്യലക്ഷ്യങ്ങളും സംബന്ധിച്ച്​ ചോദ്യങ്ങളുയർന്നു. കർണാടകയിലെ 66 ലക്ഷം വോട്ടർമാരുടെ പേരുകളാണ്​ കാണാതായത്​. മാത്രമല്ല, ഈ പദ്ധതിയുടെ വിവരശേഖരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച ഡേറ്റാഷീറ്റുകൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതും കണ്ടെത്തിയിരുന്നു. വിവരശേഖരണ ചുമതല ഏൽപിക്കപ്പെട്ട ചിലർ സുപ്രീംകോടതി ഉത്തരവിറക്കിയശേഷവും അതു വകവെക്കാതെ ആധാർ വിവരശേഖരം ഉപയോഗപ്പെടുത്തിയിരിക്കാനുള്ള സാധ്യതയും ഉയർന്നുവന്നു. ഡേറ്റാഷീറ്റുകൾ എങ്ങനെ ഒഴിവാക്കണം അല്ലെങ്കിൽ ശേഖരിച്ചുവെക്കണം എന്നതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങളുടെ അഭാവവും ഡേറ്റാഷീറ്റുകൾ വഴിയിൽ ചിതറിക്കിടക്കുന്ന അവസ്​ഥക്ക്​ കാരണമായിട്ടുണ്ടാവാം.

എന്നാൽ, പട്ടികയിൽനിന്നുള്ള ചില പേരു നീക്കലുകൾ ചില പ്രത്യേക വിഭാഗങ്ങളുടെ വോട്ടവകാശം ഹനിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നുവെന്ന അഭിപ്രായവുമുയർന്നു. തെലങ്കാന പൊലീസ്​ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടതനുസരിച്ച്​ വോട്ടർമാരുടെ പേര് വെട്ടുന്നതിനായി യു.ഐ.ഡി.എ.ഐ ഡേറ്റാബേസിൽനിന്ന് വിവരങ്ങൾ മോഷ്ടിച്ചിട്ടുണ്ട്​. കർണാടകയിലെ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽനിന്ന് 20 ശതമാനത്തോളം പ്രായമേറിയ മുസ്​ലിംകളുടെ പേരുകൾ അപ്രത്യക്ഷമായതായി സച്ചാർ സമിതി അംഗം അബുസാലെ ഷെരീഫ് ആരോപിക്കുകയും ചെയ്​തു.

വോട്ടർപട്ടിക- ആധാർ ബന്ധിപ്പിക്കൽ ഭരണഘടനാപരവും നിയമപരവുമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.

ഉദാഹരണത്തിന്, ഇത് ജസ്റ്റിസ് കെ. പുട്ടസ്വാമി vs യൂനിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. ഈ കേസിൽ പ്രതിപാദിച്ചിട്ടുള്ള ആനുപാതികത പരീക്ഷ, സ്വകാര്യതക്കുള്ള അവകാശം ലംഘിക്കുന്ന ഭരണകൂട നടപടികളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പേരുകളുടെ ഇരട്ടിപ്പ്​ ഒഴിവാക്കാൻ വോട്ടർമാരുടെ വിവരം ആധാറുമായി ബന്ധിപ്പിക്കൽ ആവശ്യമാണെന്ന് വാദിക്കുന്നുവെങ്കിലും അതിന്​ ഉപോൽബലകമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല. ​ഇരട്ടിച്ച പേരുകളുടെ അളവ്​ വ്യക്​തമാക്കിയിട്ടില്ല എന്നു​ മാത്രമല്ല, ആധാറുമായി ബന്ധിപ്പിച്ചാൽ ഇരട്ടിപ്പ്​ എങ്ങനെ കുറക്കാൻ സഹായകമാവുമെന്ന കാര്യവും പറയുന്നില്ല.

ആധാറും വോട്ടർ പട്ടികയും തമ്മിൽ ബന്ധിപ്പിക്കാനുള്ള മുൻ ശ്രമങ്ങളെല്ലാം ആളുകൾ ഒഴിവാക്കപ്പെട്ടതിന്​ വ്യക്​തമായ തെളിവുകൾ നൽകുന്നു. വോട്ടർ ​ഐ.ഡി-ആധാർ സമന്വയം നടത്തുക വഴി ആന്ധ്രപ്രദേശ്, തെലങ്കാന സർക്കാറുകൾ 55 ലക്ഷം വോട്ടർമാരെയാണ്​ സ്വേച്ഛാപരമായി ഒഴിവാക്കിയത്​. പൊതുവിതരണ സ​മ്പ്രദായം, മഹാത്​മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതി തുടങ്ങിയവരുടെ ഡേറ്റാബേസുകൾ വൃത്തിയാക്കാൻ ആധാർ ഉപയോഗിച്ചത്​ ഒട്ടേറെ ഗുണഭോക്താക്കളുടെ പേരുകൾ ഏകപക്ഷീയമായി ഒഴിവാക്കുന്നതിലാണ്​ കലാശിച്ചത്​. തുല്യമായ ഫലപ്രദ ബദലുകൾ വാഗ്ദാനം ചെയ്യുകയും ലക്ഷ്യം കൈവരിക്കുന്നതിന് നിയന്ത്രണങ്ങളില്ലാത്ത മറ്റു സാധ്യതകൾ ഇല്ലാതിരിക്കുകയും ചെയ്താൽ മാത്രമേ നിയമം ആനുപാതികമായി കണക്കാക്കൂ.

എന്തുകൊണ്ടാണ് പരമ്പരാഗത പരിശോധന രീതികൾ പ്രാവർത്തികമല്ലാത്തതെന്നോ സാങ്കേതികവിദ്യയിലൂടെ അവ എങ്ങനെ പരിഹരിക്കാമെന്നോ കേന്ദ്ര സർക്കാർ വിശദീകരിച്ചിട്ടില്ല. വോട്ടർപട്ടിക സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ നിരീക്ഷിച്ച കോൺസ്റ്റിറ്റ്യൂഷനൽ കണ്ടക്ട് ഗ്രൂപ്പും തെരഞ്ഞെടുപ്പ്​ കമീഷനും വാദിക്കുന്നത്​ യോഗ്യരായ എല്ലാ വോട്ടർമാരെയും, പ്രത്യേകിച്ച് പാർശ്വവത്​കൃത വിഭാഗങ്ങളിലും കുടിയേറ്റക്കാരിലുമുള്ളവരെ രജിസ്റ്റർ ചെയ്യിക്കണമെന്നാണ്​. ആധാറിനെ മുൻനിർത്തിയുള്ള ശുദ്ധീകരണ പ്രക്രിയ ഈ ലക്ഷ്യം നിറവേറ്റാൻ പര്യാപ്​തമല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 325, 326 എന്നിവ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം വാഗ്ദാനം ചെയ്യുന്നതിനാൽ വോട്ടർ ഐ.ഡികൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിയമപരമായി അനുവദനീയമല്ലാത്തതും ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്​കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വിശിഷ്യ, ദോഷകരവുമാണ്.

വോട്ടർ ഐ.ഡിയും ആധാറും ബന്ധിപ്പിക്കാനുള്ള ശ്രമം ഭരണഘടന വിരുദ്ധവും സ്വകാര്യതക്കുള്ള അവകാശത്തിന് എതിരുമാണ്. ഡേറ്റാശേഖരണം ആവശ്യപ്പെടുന്ന ഏതൊരു നിയമവും ആനുപാതികതയുടെ തത്ത്വം പാലിക്കണം. ഇത്തരമൊരു ബന്ധത്തിന്റെ ആവശ്യകത തെളിയിക്കാൻ ബില്ലിന് കഴിഞ്ഞിട്ടില്ല എന്നു തന്നെ പറയാനാവും.

(ബംഗളൂരു നാഷനൽ ലോ സ്​കൂൾ ഓഫ്​ ഇന്ത്യ സർവകലാശാലയി​ൽ നിയമ വിദ്യാർഥിയാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voter list and Aadhaar linking
News Summary - When the voter list and Aadhaar are linking
Next Story