അംബേദ്കർ ദഹിപ്പിച്ച മനുസ്മൃതിയെ തിരുമാവളവൻ വിമർശിക്കുമ്പോൾ
text_fieldsതമിഴ്നാട്ടിലെ വിടുതലൈ ശിരുത്തൈകൾ കച്ചി (വി.സി.കെ)യുടെ നേതാവായ തിരുമാവളവൻ മനുസ്മൃതിയെ വിമർശിച്ചതുമൂലം ഹിന്ദുത്വശക്തികൾ രോഷാകുലരായിരിക്കുന്നു. യൂറോപ്പിലെ പെരിയാറിസ്റ്റുകൾ നടത്തിയ 45 മിനിറ്റ് ദൈർഘ്യമുള്ള പ്രഭാഷണത്തിൽ സ്ത്രീകൾക്കും ദലിതർക്കും ആദിവാസികൾക്കും എതിരും അവരെ അപമാനിതജീവിതത്തിനു പ്രേരിപ്പിക്കുന്നതുമാണ് മനുസ്മൃതി എന്ന് തിരുമാവളവൻ അഭിപ്രായപ്പെട്ടിരുന്നു.
തമിഴകത്തെ വിമോചന രാഷ്ട്രീയ കക്ഷിയായ വിടുതലൈ ശിരുത്തൈകൾ, ചെന്നൈ വള്ളുവർ കോട്ടയിൽ നടത്തിയ സമരത്തിൽ മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതും ഹൈന്ദവ ഫാഷിസ്റ്റുശക്തികളെ സംഭ്രമത്തിലാഴ്ത്തിയിരിക്കുന്നു. മനുസ്മൃതിയെ വിമർശിക്കുമ്പോൾ ഹിന്ദുത്വശക്തികൾ രോഷാകുലരാകാൻ കാരണം അവരെ നയിക്കുന്നത് മനുസ്മൃതിയുടെ ബോധനപാരമ്പര്യമാണ് എന്നതാണ്. മതേതരത്വ-ജനാധിപത്യ ആശയങ്ങളിലേക്കൊന്നും കാര്യമായി ഇന്ത്യ പരിവർത്തിക്കപ്പെട്ടില്ല എന്നതിെൻറ തെളിവുകൂടിയാണ് തിരുമാവളവനെതിരായ ബ്രാഹ്മണ്യശക്തികളുടെ രോഷപ്രകടനം.
മനുസ്മൃതി സ്ത്രീകളെ അപമാനിക്കുന്ന ഗ്രന്ഥം
തിരുമാവളവൻ പ്രസ്താവിച്ചതുപോലെ സ്ത്രീകൾക്കെതിരും അവരെ അപമാനിത ജീവിതം നയിക്കാൻ ശാസിക്കുന്നതുമായ ഗ്രന്ഥമാണ് മനുസ്മൃതി. പുരുഷന്മാർ എപ്പോഴും സ്ത്രീകളെ നിയന്ത്രിച്ചുനിർത്തണമെന്ന് മനു ശാസിക്കുന്നു (മനു. 9.2). സ്ത്രീകൾ അസ്വതന്ത്രകളാണെന്നും (അസ്വതന്ത്രാ സ്ത്രിയഃ... മനു. 9.2) അസത്യംപോലെ അശുഭകളാണെന്നും (സ്ത്രിയോ അനൃതമിതി സ്ഥിതിഃ, മനു. 9.18) അഭിപ്രായപ്പെടുന്നു.
ഗർഭധാരണത്തിനും പ്രസവത്തിനുംവേണ്ടിയാണ് സ്ത്രീകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നാണ് മനുവിെൻറ വാദം (പ്രജനനാർഥം സ്ത്രിയഃ സൃഷ്ടാഃ, മനു. 9.96). ബാലയോ യുവതിയോ വൃദ്ധയോ ആയാലും സ്ത്രീ സ്വഗൃഹത്തിൽപോലും ഒരു കാര്യവും സ്വന്തം ഇഷ്ടപ്രകാരം ചെയ്യരുതെന്നു മനു നിർദേശിക്കുന്നു (മനു. 5.148). ഇത്തരത്തിൽ സ്ത്രീവിരുദ്ധ ശാസനകൾ നൂറുകണക്കിന് മനുസ്മൃതിയിലുണ്ട്. സ്ത്രീകളെ കേവലം പുരുഷെൻറ അടിമയായും ലൈംഗികോപകരണമായും പ്രസവിക്കാനുള്ള യന്ത്രം മാത്രമായും കണക്കാക്കുന്ന ബ്രാഹ്മണ്യ ആൺകോയ്മയുടെ തത്ത്വശാസ്ത്രമാണ് മനുസ്മൃതി.
ശൂദ്രരും ദലിതരും ഹീനർ
ശൂദ്രരെയും അതിശൂദ്രരെയും മനു ഹീനരിൽ ഹീനരായിട്ടാണ് പരിഗണിച്ചത്. ബ്രാഹ്മണ പരിചര്യയായിരുന്നു ശൂദ്രന് വിധിച്ച കർമം. മറ്റെല്ലാ കർമവും ശൂദ്രന് നിഷ്ഫലമാണെന്ന് സ്ഥാപിച്ചു (മനു. 10.123). ശൂദ്രൻ ധനം സമ്പാദിക്കരുത്. ശൂദ്രൻ ധനം സമ്പാദിച്ചാൽ അവർ ബ്രാഹ്മണസേവ ഉപേക്ഷിക്കുമെന്നതാണ് ന്യായം (മനു. 10.129). ചണ്ഡാളരെ അതിനിന്ദ്യരായാണ് അടയാളപ്പെടുത്തുന്നത്. ചണ്ഡാളരെ ഗ്രാമത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്നു ശാസിക്കുന്നു (മനു. 10. 51 - 55). ചാതുർവർണ്യത്തിനു പുറത്തുള്ള ജാതികൾ അപകൃഷ്ടരും ഹീനരിൽ ഹീനരുമാണ് (മനു. 10. 30- 31).
'ഹിന്ദുമതമേ, നിെൻറ പേരാണ് അസമത്വം' എന്ന് ഡോ. ബി.ആർ. അംബേദ്കർ 'ഫിലോസഫി ഓഫ് ഹിന്ദുയിസം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നത് വളരെ വിശദമായി മനുസ്മൃതി പരിശോധിച്ചശേഷമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ തത്ത്വങ്ങൾ ബ്രാഹ്മണഹിന്ദു തത്ത്വശാസ്ത്രങ്ങൾക്ക് അന്യമാണെന്നും അംബേദ്കർ സുദൃഢമായി സിദ്ധാന്തിക്കുന്നു.
ഹിന്ദുത്വവും മനുസ്മൃതിയും
ഇന്ത്യൻ ഭരണഘടന നിലവിൽവന്നപ്പോൾ ഏറ്റവുമധികം വ്യസനിച്ചത് ഹിന്ദുത്വശക്തികളായിരുന്നു. മനു നിർദേശിക്കുന്ന സ്മൃതിപാരമ്പര്യക്രമമനുസരിച്ചുള്ള രാഷ്ട്രമാണ് ഹിന്ദുത്വ വിഭാവനം ചെയ്യുന്നത്. രാഷ്ട്രം ഹിന്ദുപാരമ്പര്യത്തിലും സംസ്കാരത്തിലും ആശയങ്ങളിലും കാംക്ഷകളിലും ഹിന്ദുക്കളുടേതായി വേണം പടുത്തുയർത്താൻ എന്ന് 1947 ആഗസ്റ്റ് 14ലെ 'ഓർഗനൈസറി'ൽ രേഖപ്പെടുത്തുന്നുണ്ട്. 'ഓർഗനൈസർ' പറയുന്ന ഹിന്ദു ഉപരിജാതി-ബ്രാഹ്മണ-സവർണ ഹിന്ദുവല്ലാതെ മറ്റാരുമല്ല.
ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ രാഷ്ട്രത്തെയാണ് ഹിന്ദുത്വ വിഭാവനം ചെയ്യുന്നത്. രാഷ്ട്രത്തിെൻറ ശരീരമാണ് ജാതിയെന്നും അതിെൻറ തകർച്ചയോടെ രാഷ്ട്രം നിലവിലില്ലാതാകുമെന്നും എം.എസ്. ഗോൾവാൾക്കർ We or Our Nationhood defined എന്ന കൃതിയിൽ കുറിക്കുന്നു. ''നമ്മുടെ ജാതിബോധം നമ്മുടെ മതത്തിെൻറ സന്തതിയാണെന്നും അതിനെ മതത്തിെൻറ ശരീരത്തിൽനിന്നും വേർതിരിച്ചുകാണാനാവില്ലെന്നും ഗോൾവാൾക്കർ എഴുതുന്നു.
മനുസ്മൃതി പറയുന്ന ചാതുർവർണ്യമാണ് രാഷ്ട്രവ്യവഹാരത്തിെൻറ അടിസ്ഥാനമെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. ''ഹിന്ദുജനത വിരാട് പുരുഷനായ സർവശക്തൻ സ്വയം മൂർത്തീഭവിച്ചിട്ടുള്ളതാണ്... ബ്രാഹ്മണൻ ശിരസ്സിൽനിന്നും ക്ഷത്രിയൻ കരങ്ങളിൽനിന്നും വൈശ്യൻ തുടയിൽനിന്നും ശൂദ്രൻ പാദത്തിൽനിന്നും ഉത്ഭവിച്ചു. നാലു മടക്കുകളുള്ള ഈ സംവിധാനം അതായത് ഹിന്ദു ജനത നമ്മുടെ ദൈവമാണെന്നാണ് ഇതിനർഥം'' എന്നിങ്ങനെ ചാതുർവർണ്യത്തിെൻറ പ്രാധാന്യം അദ്ദേഹം 'വിചാരധാര'യിൽ കുറിക്കുന്നുണ്ട്. മനുസ്മൃതി വിവരിക്കുന്ന സാമൂഹികശ്രേണി ഇതുതന്നെയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ബ്രാഹ്മണ്യവ്യവസ്ഥയെ നിലനിർത്തുന്നതും മനുസ്മൃതി നിർദേശിക്കുന്നതുമായ രാഷ്ട്രവ്യവഹാരമാണ് ഹിന്ദുത്വശക്തികൾ പിന്തുടരുന്നതെന്നാണ്. അതുകൊണ്ടാണ് മനുസ്മൃതിയെ വിമർശിക്കുമ്പോൾ ഹൈന്ദവ ഫാഷിസ്റ്റുകൾ കോപാകുലരാകുന്നത്. ഹൈന്ദവ ഫാഷിസത്തിെൻറ ആധാരശില മനുസ്മൃതിയാണ്.
മുസ്ലിംകളും അയിത്തമുള്ളവർ
ഹിന്ദുരാഷ്ട്ര വ്യവഹാരങ്ങൾ മുസ്ലിംകളെയും അയിത്തമുള്ളവരായിതന്നെയാണ് പരിഗണിച്ചുപോരുന്നത്. 1872ലെ സെൻസസ് റിപ്പോർട്ട് ഉദ്ധരിച്ച് ആർ.സി. മജുംദാർ ഇത് പരാമർശിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിെൻറ അവസാനവർഷങ്ങളിൽപോലും എത്ര ആദരണീയനായാലും ഒരു ജാതി ഹിന്ദുവിെൻറ വീട്ടിൽ സന്ദർശകനായെത്തുന്ന മുസ്ലിം വരാന്തയിൽ ഇരിക്കാൻ നിർബന്ധിതനാവുന്നത് ബംഗാളിലെ ഗ്രാമങ്ങളിൽ സർവസാധാരണമാണെന്ന് മജുംദാർ 'ഹിസ്റ്ററി ഒാഫ് ഫ്രീഡം മൂവ്മെൻറ് ഇൻ ഇന്ത്യ' (വാല്യം ഒന്ന്) എന്ന ഗ്രന്ഥത്തിൽ കുറിക്കുന്നു.
സവർണഹിന്ദുക്കൾ മുസ്ലിംകളെ മേച്ഛരായിട്ടാണ് പരിഗണിച്ചിരുന്നതെന്ന് അൽബറൂനിയും രേഖപ്പെടുത്തുന്നുണ്ട്. ഭവിഷ്യപുരാണംപോലെയുള്ള പുരാണങ്ങളും മുസ്ലിംകളെ മ്ലേച്ഛരായും പാഷണ്ഡരായുമാണ് കണക്കാക്കുന്നത്. ത്രൈവർണികർ ഒഴികെയുള്ള മുഴുവൻ മനുഷ്യരെയും ഹീനരായി എണ്ണുന്ന സ്മൃതിപാരമ്പര്യമാണ് മുസ്ലിംകളെയും അപരവത്കരിക്കുന്നത്.
മനുസ്മൃതി വിമർശനം ബ്രാഹ്മണ്യത്തിനെതിരായ പോരാട്ടം
'ഫിലോസഫി ഒാഫ് ഹിന്ദുയിസം' എന്ന അംബേദ്കറുടെ രചന മനുസ്മൃതി ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ സൂക്ഷ്മവിമർശനത്തിന് വിധേയമാക്കി. ഹൈന്ദവ തത്ത്വശാസ്ത്രങ്ങൾ സമ്പൂർണമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മഹത്തായ മാനവിക ചിന്തകൾക്കെതിരാണെന്നു തെളിവുകൾ നിരത്തി അതിൽ സ്ഥാപിക്കുന്നുണ്ട്. അംബേദ്കറുടെ ഈ വിമർശനഗ്രന്ഥം നിരോധിക്കണമെന്ന് പ്രസിദ്ധം ചെയ്ത സമയത്തുതന്നെ ഹിന്ദുത്വശക്തികൾ ആവശ്യപ്പെട്ടിരുന്നു.
ചാതുർവർണ്യ യുക്തിയുടെ അടിസ്ഥാനത്തിൽ സാമൂഹികജീവിതം നയിക്കാൻ ശാസിക്കുകയും ബ്രാഹ്മണരെ മനുഷ്യരിൽ പ്രഭുവായും ശൂദ്രരെയും ദലിതരെയും സ്ത്രീകളെയും ഹീനരായും പരിഗണിക്കുന്ന ശ്രേണീകൃത വ്യവസ്ഥ സമ്പൂർണമായി മാനവികവിരുദ്ധവും സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമാണ്. അതുകൊണ്ടാണ് ''ഏതൊരു യുക്തിചിന്തയും നിഷേധിക്കുന്ന ധാർമികതയുടെ ഏതൊരു ഭാഗവും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡൈനാമിറ്റുെവച്ച് തകർക്കണം.
നിങ്ങൾ ശ്രുതികളുടെയും സ്മൃതികളുടെയും മതത്തെ നിർബന്ധമായും തകർക്കണം. മറ്റൊന്നും ഫലപ്രദമാവില്ല'' എന്ന് ഡോ. ബി.ആർ. അംബേദ്കർ സുചിന്തിതമായ നിലപാട് കൈക്കൊണ്ടത്. മനുസ്മൃതി ദഹിപ്പിച്ച് തൽസ്ഥാനത്ത് ആധുനിക ഭരണഘടന നിർമിച്ചുനൽകിയതിലൂടെ ഇന്ത്യക്ക് പുതിയ ജീവിതം പകർന്നുനൽകുകയായിരുന്നു അംബേദ്കർ. അഗ്നി സമാനമായ തീക്ഷ്ണചിന്തകളിലൂടെ മനുസ്മൃതിയെ വിമർശിച്ച അംബേദ്കറുടെ ചിന്താപാരമ്പര്യത്തിലാണ് വർത്തമാനകാലത്തും മനുവാദത്തെ വിമർശിച്ചു സമരങ്ങൾ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.