പ്രവാസികളെ പിഴിഞ്ഞുപിരിച്ച ആ ശതകോടികൾ എവിടെ?
text_fields1983ലാണ് ഇന്ത്യയിൽ കുടിയേറ്റനിയമം സമഗ്രമായി പരിഷ്കരിച്ചത്. അതുപ്രകാരം വിദേശത്തേക്ക് തൊഴിൽ തേടി പോകുന്ന വിദ്യാസമ്പന്നരല്ലാത്ത (ബിരുദവും മറ്റ് ഉന്നത വിദ്യാഭ്യാസവും) ആളുകൾ പോകുന്ന രാജ്യത്തേക്കുള്ള വൺവേ ടിക്കറ്റിെൻറ പണം എമിേഗ്രഷൻ ഓഫിസുകളിൽ അടക്കേണ്ടിയിരുന്നു. അത് രാജ്യങ്ങൾക്കനുസരിച്ച് 1850 രൂപ മുതൽ 4200 രൂപ വരെ വരും. മൂന്നു വർഷത്തിനുശേഷം ഈ തുക ആവശ്യപ്പെടുന്നവർക്ക് മടക്കിക്കൊടുക്കുമെന്നായിരുന്നു നിയമം. അതിെൻറ രസീത് ആയി ഒരു തുണ്ടുകടലാസ് നൽകിയിരുന്നു. മിക്കവരുടെയും കൈയിൽനിന്ന് ഈ രസീത് നഷ്ടപ്പെട്ടു. മഹാഭൂരിപക്ഷം പേരും പണം തിരികെ വാങ്ങിയില്ല. അഥവാ രസീത് കൈവശമുള്ളവർ അർഹതപ്പെട്ട പണം തിരികെ വാങ്ങാനായി ഓഫിസിനെ സമീപിച്ചപ്പോൾ പലതരം നൂലാമാല കാരണം പല പ്രാവശ്യം നടക്കേണ്ടതിനാൽ ആ പണം ഉപേക്ഷിച്ചവരാണ് ഏറെയും.
1983 മുതൽ 2006 വരെ ഈ നിയമം നിലനിന്നു. ഇതിനിടയിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാർ, ബിരുദം ഇല്ലാത്തവർ ഇന്ത്യ വിട്ടു. അവർ അടച്ച പണം എത്രയോ കോടി വരും. 2007ൽ അന്നത്തെ മഞ്ചേരി പാർലമെൻറ് അംഗമായിരുന്ന ടി.കെ. ഹംസ ഈ ചോദ്യം പാർലമെൻറിൽ ഉന്നയിച്ചു. പ്രവാസികാര്യ മന്ത്രി വയലാർ രവി കൊടുത്ത വ്യക്തതയില്ലാത്ത മറുപടിയിൽ ആ പണം ഏകദേശം ഇരുപതിനായിരം കോടി വരുമെന്നാണ് പറഞ്ഞത്. എങ്കിൽ ഈ 13 വർഷംകൊണ്ട് പലിശയും കൂട്ടി അത് 50,000 കോടിയിൽ അധികം ഉണ്ടാകില്ലേ?
പണമടച്ചത് വ്യക്തികളായതുകൊണ്ട് അത് അവരുടെ അക്കൗണ്ടിൽതന്നെയാണെന്നും ഗവൺമെൻറിന് അതിൽ ഇടപെടാനാവില്ലെന്നും ഒരു വാദമുണ്ട്. എങ്കിൽ എമിേഗ്രഷൻ ഓഫിസ് വഴി ഈ പണമടച്ച പൊതുമേഖല ബാങ്കുകളിൽ പണം കെട്ടിക്കിടക്കുകയല്ലേ? ആ പണം തിരിച്ചെടുക്കാനും പ്രവാസി ക്ഷേമപ്രവർത്തനത്തിനു ഉപയോഗിക്കാനുമുള്ള നിയമം കൊണ്ടുവരാൻ കേന്ദ്രം എന്തിനു മടിക്കണം?
എമിേഗ്രഷൻ നിയമം, 1983ലെ സെക്ഷൻ 22 പ്രകാരം ഇന്ത്യക്കു പുറത്ത് തൊഴിലെടുക്കാൻ പോകുന്ന പ്രവാസികൾക്ക് (13 ഉന്നത ബിരുദധാരികൾ ഒഴികെയുള്ളവർ) എമിേഗ്രഷൻ ക്ലിയറൻസ് നിർബന്ധമായിരുന്നു. ഇതുപ്രകാരമാണ് ഒരു വശത്തേക്കുള്ള ടിക്കറ്റിെൻറ വില ഓരോ പ്രവാസിയും ഏഴു എമിേഗ്രഷൻ ഓഫിസുകളിലൊന്നിൽ കെട്ടിവെക്കണമെന്ന നിയമമുണ്ടായത്. എന്നാൽ, 2003 ഒക്ടോബർ ഒന്നു മുതൽ ഈ നിയമത്തിൽ മാറ്റമുണ്ടായി. ‘പ്രവാസി ഭാരതീയ ബീമ യോജന’ എന്ന ഇൻഷുറൻസ് ഓരോ പ്രവാസിയും എടുക്കണമെന്നും സർവിസ് ചാർജ് ആയി 200 രൂപ മാത്രമേ എമിേഗ്രഷൻ ഓഫിസുകൾ സ്വീകരിക്കുകയുള്ളൂ എന്നുമായി പുതിയ നിയമം. പ്രവാസി ഇൻഷുറൻസിെൻറ വ്യവസ്ഥയനുസരിച്ച് ഒരാൾ ഇന്ത്യയിൽനിന്ന് അന്യരാജ്യത്ത് തൊഴിൽ തേടി പോയാൽ രണ്ടു വർഷത്തിനകം അയാൾ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ അയാൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നായിരുന്നു. കൂടാതെ, അയാളുടെ മൃതശരീരം കൊണ്ടുവരാൻ സഹായിക്കുമെന്നും. ഇതൊക്കെ കടലാസിൽ മാത്രമൊതുങ്ങി. ഇന്നും വിദേശത്ത് സാധാരണക്കാരൻ മരിച്ചാൽ മറ്റുള്ളവർ പിരിവ് നടത്തിയാണ് മൃതശരീരം നാട്ടിൽ കൊണ്ടുവരുന്നത്. 50,000 രൂപ ചികിത്സാവശ്യത്തിനു നൽകുമെന്നും ഈ രണ്ട് വർഷക്കാലയളവിനുള്ളിൽ തൊഴിൽ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകുമെന്നും അങ്ങനെ അക്ഷരങ്ങളുടെ രൂപത്തിൽ മനോഹര വാഗ്ദാനങ്ങൾകൊണ്ട് മെനഞ്ഞെടുത്ത ഒരു കഥയാണ് പ്രവാസി ഇൻഷുറൻസ്. ഇന്നുവരെ ഈ സംവിധാനം ഒരു പ്രവാസിയെങ്കിലും ഇത്തരത്തിലൊന്നു സഹായിച്ചതായി അറിവില്ല.
ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ട്
ഇന്ത്യൻ പ്രവാസികളുടെ ദുരിതാശ്വാസ ഫണ്ട് എന്ന സംവിധാനം നിലവിൽ വന്നത് 2009ൽ ആണ്. ദുരിതത്തിലാകുന്ന പ്രവാസികൾക്ക് ആശ്വാസമാകാനും അടിയന്തരഘട്ടങ്ങളിൽ അവരെ തിരിച്ചുകൊണ്ടുവരേണ്ടിവന്നാൽ അതിനുമടക്കം സമ്പൂർണ പ്രവാസിക്ഷേമത്തിനു സമഗ്രമായി വിഭാവനം ചെയ്ത സംവിധാനമാണത്. നിയമസഹായം, താൽക്കാലിക താമസമൊരുക്കൽ തുടങ്ങി ദേശീയ ആഘോഷങ്ങൾ വിദേശത്ത് നടത്തുന്നതുവരെ ഒട്ടുമിക്ക പ്രവാസി ആവശ്യങ്ങളും പരിഗണിക്കുന്ന രീതിയിലാണ് അതിെൻറ രേഖകൾ. പക്ഷേ, രേഖകളുണ്ടായിെട്ടന്ത്? ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ.
കച്ചവടസ്ഥാപനങ്ങളായ എംബസികൾ
ഗവൺമെൻറിെൻറ വിദേശകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്യാനും ആ രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുമാണ് ഇന്ത്യൻ എംബസികൾ. വിദേശ ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കൽ, സത്യവാങ്മൂലം അങ്ങനെ വിവിധ സേവനങ്ങൾക്ക് 1000 മുതൽ 20,000 രൂപ വരെ എംബസികൾ ഈടാക്കുന്നു. കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യങ്ങളിലെ എംബസികൾ വലിയ പണമാണ് സേവനരൂപത്തിൽ ഈടാക്കുന്നത്. ഈ ഓരോ സേവനത്തോടൊപ്പവും പ്രവാസി വെൽെഫയർ ഫണ്ടിലേക്ക് ചെറുതല്ലാത്ത തുകയും ഈടാക്കുന്നു. നയതന്ത്രാലയങ്ങൾ ഈ പണമൊക്കെ എന്തുചെയ്യുന്നു? ഇതിെൻറ ഒാഡിറ്റിങ് സുതാര്യമാണോ?
ഒളിച്ചുവെക്കുന്ന കണക്കുകൾ
1983 മുതൽ 2006 വരെ ഏകദേശം 65 ലക്ഷം പേരെങ്കിലും ഇന്ത്യയിൽനിന്ന് ഇ.സി.ആർ സ്റ്റാമ്പ് വാങ്ങിയിട്ടുണ്ടാകും. അവർ കെട്ടിെവച്ച കോടാനുകോടി രൂപയിൽനിന്ന് 10 ശതമാനം ആളുകൾ പോലും ഈ പണം തിരികെ വാങ്ങിയിട്ടുണ്ടാവില്ല. അപ്പോൾ കെട്ടിക്കിടക്കുന്ന ഈ പണവും പലിശയും എവിടെ പോയി? അതിെൻറ കണക്കെവിടെ? ആ പണം വേറെ ഏതെങ്കിലും വഴിയിൽ ചെലവാക്കിയിട്ടുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് കേന്ദ്ര ഗവൺമെൻറ് വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ഇക്കണ്ട ഫണ്ടുകളൊക്കെ ഇരിക്കെയാണ് വന്ദേ ഭാരത് മിഷനിലെ പ്രവാസി മടക്കയാത്രക്ക് ഹതാശരായി മടങ്ങുന്ന പ്രവാസിയുടെ കീശ കീറി വർധിച്ച നിരക്കിൽ ടിക്കറ്റെടുപ്പിക്കുന്നത്. എല്ലാ ഗൾഫ് വിമാനകമ്പനികളും സഹായം വാഗ്ദാനം ചെയ്തതാണ്. പക്ഷേ, അതൊന്നും സ്വീകരിക്കാൻ കൂട്ടാക്കാതെ എയർ ഇന്ത്യതന്നെ ഇത്രയധികം പണം വാങ്ങി നടത്തുന്ന വന്ദേ ഭാരത് എല്ലാ നൈതികതക്കുമെതിരാണ്. ഏതു ദേശത്തായാലും സ്വന്തം പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുമ്പോഴേ ആ സ്റ്റേറ്റ് ജനങ്ങളുടെകൂടിയാണെന്ന് പറയാൻ കഴിയൂ.
നേരത്തേ സൂചിപ്പിച്ച അമ്പതിനായിരം കോടിയോ അതിലധികമോ കെട്ടിക്കിടക്കുമ്പോൾ, വിദേശ വെൽെഫയർ ഫണ്ടിൽ കോടികൾ കിടക്കുമ്പോൾ, ഓരോ എംബസിയും പണത്താൽ സമൃദ്ധമായിരിക്കുമ്പോൾ ഇത്രയും അനീതി ഒരു ഗവൺമെൻറ് കാണിക്കുന്നതിെൻറ സാംഗത്യം മനസ്സിലാകുന്നില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.