എവിടെ സാംസ്കാരിക പ്രതിപക്ഷം?
text_fieldsകേന്ദ്രത്തിലും കേരളത്തിലും രാഷ്ട്രീയം സാംസ്കാരിക മേഖലയെ അടക്കി ഭരിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്കുതൊഴുത്തിലാണ് അക്കാദമികളും ഗ്രന്ഥശാല പ്രസ്ഥാനവും. സാക്ഷരത പ്രസ്ഥാനവും എസ്.പി.സി.എസുമെല്ലാം അധികാരത്തോട് ചേർന്നുനിന്ന് വിനീത വിധേയരാവുന്നു. വിപ്ലവകവികൾപോലും മെയ്വഴക്കത്തോടെ നിന്നുകൊടുക്കുന്നുവെന്നത് കൗതുകത്തിലേറെ സങ്കടക്കാഴ്ചയാണ്
കവികളും കലാ സാഹിത്യപ്രവർത്തകരുമാണ് ജനാധിപത്യത്തിന്റെ സൗവർണ പ്രതിപക്ഷമെന്ന് പറയാറുണ്ട്. സാംസ്കാരിക നേതൃത്വത്താൽ സമ്പന്നമായിരുന്ന സ്വാതന്ത്ര്യകാലത്തെ ഇന്ത്യ. ഭരണത്തിലും പ്രതിപക്ഷത്തിലും സാംസ്കാരിക സ്വാധീനം പ്രകടമായിരുന്നു. കവികളുടെയും കലാപ്രവർത്തകരുടെയും സങ്കേതമായി രാജ്യസഭ പരിലസിച്ചിരുന്ന കാലമുണ്ടായിരുന്നു. അങ്ങനെയാണ് മഹാകവി ജി. ശങ്കരക്കുറുപ്പും മറ്റും രാജ്യസഭയിലെത്തുന്നത്. എസ്.കെ. പൊറ്റേക്കാട്ടിനുശേഷം ഇന്നസെന്റാണ് ലോക്സഭ കണ്ട മലയാളി കലാകാരനെന്ന് തോന്നുന്നു. സുകുമാർ അഴീക്കോടും മാധവിക്കുട്ടിയും ഒ.എൻ.വിയും പുനത്തിലും മാടമ്പുമൊക്കെ സഭാ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
കാലം മാറി, കഥ മാറി. ഇന്നിപ്പോൾ കേന്ദ്രത്തിലും കേരളത്തിലും രാഷ്ട്രീയം സാംസ്കാരിക മേഖലയെ അടക്കി ഭരിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്കുതൊഴുത്തിലാണ് അക്കാദമികളും ഗ്രന്ഥശാല പ്രസ്ഥാനവും. സാക്ഷരത പ്രസ്ഥാനവും എസ്.പി.സി.എസുമെല്ലാം അധികാരത്തോട് ചേർന്നുനിന്ന് വിനീത വിധേയരാവുന്നു. നമ്മുടെ വിപ്ലവകവികൾപോലും മെയ്വഴക്കത്തോടെ നിന്നുകൊടുക്കുന്നുവെന്നത് കൗതുകത്തിലേറെ സങ്കടക്കാഴ്ചയാണ്. ജനകീയ വിഷയങ്ങളിൽ പ്രതിഷേധ പ്രസ്താവനകളുമായി ഒപ്പുശേഖരണം നടത്തിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങളൊക്കെ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ അവസ്ഥയിലാണ്. അധികാരത്തിന്റെ പിന്നാമ്പുറത്തെ ചാരക്കുഴിയിലാണ് അവർ മയങ്ങുന്നത്. കേരളം ദൈവത്തിന്റെ സ്വന്തം നാടായത് കവികളുടെയും കലാകാരന്മാരുടെയും സംഭാവനകൾകൊണ്ടാണെന്നും സംശുദ്ധ കമ്യൂണിസത്തിന്റെ ആൾരൂപമായ പന്ന്യൻ രവീന്ദ്രൻ പ്രസംഗിച്ചുകേട്ടു. പൂന്താനം, മേൽപത്തൂർ, എഴുത്തച്ഛൻ എന്നിവരാണാ മൂന്നുപേർ. കാര്യങ്ങൾ കമ്യൂണിസ്റ്റുകാർക്കുപോലും നേരെചൊവ്വേ പിടികിട്ടിത്തുടങ്ങിയെന്ന് ചുരുക്കം.
കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ കർണാടകത്തിലേക്കെങ്കിലും ഒന്നു കണ്ണുയർത്തി നോക്കിയിരുന്നെങ്കിൽ നന്നായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൈവരിച്ച അട്ടിമറി വിജയത്തിന് ഊർജസ്രോതസ്സായത് ‘എദ്ദേളു കർണാടക’ (wake up karnataka) എന്ന അവരുടെ മുദ്രാവാക്യത്തിന്റെ മുന്നേറ്റമായിരുന്നു. ജനാധിപത്യം ഭീഷണിയിലാവുമ്പോൾ ബസവണ്ണയും ഗൗരി ലങ്കേഷും കൽബുർഗിയും സ്നേഹലതാ റെഡ്ഢിയുമൊക്കെ അവിടെ സാഹസികമായി ഉയർന്നുവരും. ഇവിടത്തെപ്പോലെ അക്കാദമി അംഗത്വമല്ല അവയുടെ സായൂജ്യം.
ഇന്ത്യയിൽ മണ്ണ്, ജാതി, സ്ത്രീ, പരിസ്ഥിതി, സംസ്കാരം എന്നിവയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന കലാ-സാഹിത്യ സൃഷ്ടികൾ കന്നഡയിൽ സമ്പന്നമാണ് യു.ആർ. അനന്തമൂർത്തിയുടെ ‘അവസ്ഥ’ എന്ന നോവൽ, ഈ മുന്നേറ്റത്തിന് കാരണഭൂതനായ ഗോപാല ഗൗഡയുടെ ജീവിതമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷകസമ്മേളനം നഞ്ചുണ്ടസ്വാമിയുടെ നേതൃത്വത്തിൽ ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്നതായിരുന്നു. കർണാടകത്തിൽ മോദിയുടെ ഡബിൾ എൻജിൻ പാളം തെറ്റിയിട്ടും കോൺഗ്രസും ഡബിൾ എൻജിനായിട്ടാണോടുന്നത്. സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് ഏകാഗ്രതയോടെ ഒരേ ദിശയിൽ മുന്നേറുമോ എന്നാണ് ഇന്ത്യക്കാർ കാതോർക്കുന്നത്. രാഷ്ട്രീയത്തെ ചൊൽപടിക്ക് നിർത്താൻ സാംസ്കാരിക പ്രവർത്തകർക്ക് കഴിയുമെന്നാണ് എദ്ദേളു കർണാടകയുടെ പ്രവർത്തകർ നൽകുന്ന പാഠം.
അരിക്കൊമ്പനൊപ്പം സാംസ്കാരിക നായകരെയും മയക്കുവെടി വെച്ച് കാടുകയറ്റിയോ എന്നാണ് ഉയരുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.