എവിടെ സാമൂഹിക നീതി?
text_fieldsരാജ്യത്തെ ജനസംഖ്യയുടെ 48.53 ശതമാനമാണ് സ്ത്രീകള്‍. പട്ടികജാതിക്കാരുടെ ശതമാനം 16.63 ആണ്; പട്ടികവര്‍ഗക്കാരുടേത് 8.61 ശതമാനവും. ഈ കണക്കുകൾക്കാനുപാതികമായി ഒരിക്കലും സ്ത്രീകള്‍ക്കോ ദലിതര്‍ക്കോ ആദിവാസി വിഭാഗങ്ങള്‍ക്കോ ലോക്സഭയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ലNeither women nor Dalits nor Adivasis are represented in the Lok Sabha.. നിലവിലെ പാര്‍ലമെന്റില്‍ ആകെയുള്ളത് 102 സ്ത്രീകളാണ്. 78 പേര് ലോക്സഭയിലും 24 പേര് രാജ്യസഭയിലും. അതില്‍ ആറുപേരാണ് മന്ത്രിമാരുടെ പദവികളിലുള്ളത്. അതായത് 766 അംഗങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായത് 48.53 ശതമാനമായ 372 സീറ്റുകളാണ്. 270 സ്ത്രീകൾ പാർലമെൻറിൽ കുറവാണ് എന്നർത്ഥം.
നിലവിലെ ലോക്സഭയിലെ സ്ത്രീകളുടെ എണ്ണം (78) റെക്കോഡാണ്. രാജ്യത്ത് മൊത്തം 726 സ്ത്രീകളാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആകെ 8054 പേര് മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. അതില്‍ 222 സ്ത്രീകള്‍ സ്വതന്ത്രരായിട്ടായിരുന്നു മത്സരിച്ചത് എന്ന് വ്യക്തമാകുമ്പോള്‍ മുഖ്യധാരാ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് നല്കുന്ന ‘പരിഗണന’ വ്യക്തം. 2014ലെ തെരഞ്ഞെടുപ്പില്‍ 62 ഉം 2009 ല്‍ 59 സ്ത്രീകളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ലോക്സഭയില്‍ 25 സ്ത്രീകൾ. രണ്ടാം ലോക്സഭയില്‍ 22. 17 പൊതു തെരഞ്ഞെടുപ്പുകളിലായി ഇതുവരെ 661 സ്ത്രീകള്‍ മാത്രമാണ് ലോക്സഭയില്‍ എത്തിയത്. മൊത്തം 8992 പേര് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഈ അവസ്ഥ.
കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല. ഇതുവരെ എട്ട് സ്ത്രീകള്‍ മാത്രമാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് (ഒന്നിലേറെ തവണ തെരഞ്ഞെടുക്കപ്പെട്ടത് കൂട്ടിയാല്‍ 11). ഇതില്‍ സുശീല ഗേപാലന് മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. പ്രേമജം രണ്ട് തവണയും. ആനിമസ്ക്രീന്, കെ. ഭാര്‍ഗവി, സാവിത്രി ലക്ഷ്മണ്, സി.എസ്. സുജാത, പി. സതീദേവി, പി.കെ ശ്രീമതി, രമ്യ ഹരിദാസ് എന്നിവരാണ് കേരളത്തിൽനിന്നുള്ള മറ്റു വനിത അംഗങ്ങൾ. ആകെ 145 സ്ത്രീകള്‍ മാത്രമാണ് 2019 ലെ തെരഞ്ഞെടുപ്പ് വരെ കേരളത്തില്‍ സ്ഥാനാര്‍ത്ഥികളായത്. രണ്ടും മൂന്നും ലോക്സഭകളില്‍ കേരളത്തില്‍ നിന്ന് ഒറ്റ വനിതകള്‍ പോലുമുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന സ്ത്രീകളുടെ പ്രാതിനിധ്യം രണ്ട് ആണ്. അത് പത്താമത്തെയും പതിനാലാമത്തെയും ലോക്സഭകളിലായിരുന്നു.
പ്രമുഖരും പ്രഗല്ഭരുമായ പല സ്ത്രീകളും കേരളത്തിലെ പുരുഷകേന്ദ്രീകൃതമായ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായ പരാജയം നേരിട്ടു. 1952 ലെ തെരഞ്ഞെടുപ്പില്‍ ആനി മസ്ക്രീൻ സ്വതന്ത്രയാണ് ജയിച്ചത്. അവർക്ക് കമ്യൂണിസ്റ്റ് പാർട്ടിയും ആർ.എസ്.പിയും കെ.എസ്.പിയും പിന്തുണ നൽകി. സോഷ്യലിസ്റ്റ് പാർട്ടിയുടെ നാരായണപിള്ളയെ അവർ രണ്ടാം സ്ഥാനത്താക്കി. കോൺഗ്രസിന്റെ ബാലകൃഷ്ണൻ തമ്പിയായിരുന്നു മൂന്നാംസ്ഥാനത്ത്. എന്നാൽ 1957 ലെതെരഞ്ഞെടുപ്പിൽ ആനി മസ്ക്രിൻ അതേ മണ്ഡലത്തിൽ 6.5 ശതമാനം മാത്രം വോട്ടു നേടി നാലാംസ്ഥാനത്തായി. 1967 ലെ തെരഞ്ഞെടുപ്പിൽ എഴുത്തുകാരിയും വാഗ്മിയുമായ ആനി തയ്യിൽ മൂവാറ്റുപുഴയിൽ മുന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.1971 ൽ വടകരയിൽ സ്വതന്ത്രയായി മത്സരിച്ച ലീല ദാമോദര മേനോൻ 2236 വോട്ടുകൾ നേടി നാലാംസ്ഥാനത്തായി. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാളായ ദാക്ഷായണി വേലായുധൻ അതേ വർഷം സംവരണ മണ്ഡലമായ അടൂരിൽ സ്വതന്ത്രയായി മത്സരിച്ചു; നാലാം സ്ഥാനം. സി.പി.എമ്മിലെ പി.കെ. കുഞ്ഞച്ചനെ തോൽപിച്ച് കെ. ഭാർഗവിയാണ് അടൂരിൽ നിന്ന് അക്കൊല്ലം ലോക്സഭയിൽ എത്തിയത്. 1977 ൽ എം. കമലം കോഴിക്കോട് മണ്ഡലത്തിൽ വിജയ പ്രതീക്ഷ പുലർത്തിയിരുന്നെങ്കിലും തോറ്റു. 1984 ൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ച കമലാദാസിന് (കമല സുരയ്യ)ക്ക് കിട്ടിയത് 1786 വോട്ട്; എട്ടാം സ്ഥാനം. പത്മജ വേണുഗോപാൽ 2004ൽ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വോട്ടുശതമാനവും സർവേ ഫലങ്ങളും തെരഞ്ഞെടുപ്പ് വിശകലനങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ ഇത്തവണയും ഈ ചരിത്രം ആവർത്തിക്കാനാണ് സാധ്യത.
ലോക്സഭയിൽ 84 സീറ്റുകളാണ് പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണംചെയ്തിട്ടുള്ളത്. 47 സീറ്റുകൾ പട്ടികവർഗക്കാർക്കും. നേരത്തെ അത് 79, 41 എന്ന രീതിയിലായിരുന്നു. യഥാർഥത്തിൽ 91 സീറ്റുകളാണ് പട്ടിക ജാതിക്കാർക്ക് ജനസംഖ്യാ അടിസ്ഥാനത്തിൽ ലഭിക്കേണ്ടത്. കേരളത്തിന്റെ ജനസംഖ്യയിൽ 1.45 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഇന്നുവരെ ഒരൊറ്റ പ്രതിനിധിയെയും ലോക്സഭയിലേക്ക് അയക്കാനായിട്ടില്ല. പട്ടികവർഗക്കാർക്ക് സീറ്റ് സംവരണം ചെയ്യാത്തതുകൊണ്ടും മുഖ്യധാര പാർട്ടികൾ ജനറൽ സീറ്റുകളിലേക്ക് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കാത്തതുംകൊണ്ടാണ് ഇൗ അവസ്ഥ. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.