Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎവിടെ ലോക്പാല്‍?

എവിടെ ലോക്പാല്‍?

text_fields
bookmark_border
എവിടെ ലോക്പാല്‍?
cancel

ലോകപ്രശസ്ത ഹാസസാഹിത്യകാരന്‍ ജോനാഥന്‍ സ്വിഫ്റ്റിന്‍െറ ‘ഗള്ളിവറുടെ സഞ്ചാരകഥ’യില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു മഹായുദ്ധത്തെക്കുറിച്ചു പറയുന്നുണ്ട്. കുഞ്ഞുമനുഷ്യരുടെ സാമ്രാജ്യമായ ലില്ലിപുട്ടും അയല്‍രാജ്യവും തമ്മിലാണ് യുദ്ധം ആരംഭിച്ചത്. മുട്ടയുടെ ഏതു ഭാഗമാണ് പൊട്ടിക്കേണ്ടത് എന്നതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. മുട്ടയുടെ കൂര്‍ത്ത ഭാഗമോ എതിര്‍വശത്തുള്ള പരന്ന ഭാഗമോ എന്നതായിരുന്നു തര്‍ക്കം. തര്‍ക്കം മൂത്ത് ഇനി യുദ്ധം ചെയ്തു തീരുമാനിക്കാമെന്നായി. യുദ്ധത്തില്‍ ജയിക്കുന്നവര്‍ പറയുന്നിടം പൊട്ടിക്കാം.
ആ യുദ്ധത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. കൂട്ടത്തില്‍ മുട്ടയും പൊട്ടി. പക്ഷേ, മുട്ടയുടെ ഏതു ഭാഗമാണ് പൊട്ടിയതെന്ന് നോക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

ലില്ലിപുട്ടിയന്മാരേക്കാള്‍ ചെറിയ മനുഷ്യരാണോ നമ്മള്‍? അഴിമതിഭൂതങ്ങളെ കുടത്തിലടക്കാന്‍ ഉചിതമായ ‘ലോക്പാല്‍’ സംവിധാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ തര്‍ക്കങ്ങളും കോലാഹലങ്ങളും ഓര്‍മിക്കെയാണ് ലില്ലിപുട്ടുകാരുടെ ഭോഷ്ക് മനസ്സിലേക്ക് കടന്നുവന്നത്. ഏകദേശം മൂന്നുവര്‍ഷം മുമ്പ് ലോക്പാല്‍ ബില്‍ നിയമമായെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയില്ല.

‘ലോക്പാല്‍’ എന്ന സംസ്കൃതം വാക്കിന് ‘ജനസംരക്ഷകന്‍’ എന്നര്‍ഥം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ രൂപവത്കരിക്കപ്പെട്ട ‘ഓംബുഡ്സ്മാന്‍’ എന്ന സംവിധാനം അഴിമതിക്കെതിരായി നടത്തിയ ശക്തമായ ഇടപെടല്‍, സമാനമായ സംവിധാനം ഇതരരാജ്യങ്ങളിലും സ്വീകരിക്കാന്‍ കാരണമായി. ‘ലോക്പാല്‍’ എന്ന പദം ആദ്യമായി ഇന്ത്യയില്‍ ഉപയോഗിച്ചത് 1963ല്‍ ഡോ. എല്‍.എം. സിങ്വിയാണ്.

പാര്‍ലമെന്‍റിലെ വാദപ്രതിവാദത്തിനിടയിലാണ് അഴിമതിക്കെതിരേ ഇങ്ങനെയൊരു സംവിധാനം വേണമെന്ന് അദ്ദേഹം ആദ്യം നിര്‍ദേശിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന അശോക് സെന്‍ ഈ ആശയത്തിന് പിന്തുണ നല്‍കി. ലോക്പാല്‍ ബില്‍ ആദ്യമായി ലോക്സഭയില്‍ അവതരിപ്പിച്ചത് 1968ല്‍ കേന്ദ്ര നിയമമന്ത്രിയായ ശാന്തിഭൂഷണാണ്. പിന്നീട് 1971, 1977,1985, 1989, 1996, 1998, 2001, 2005, 2008 വര്‍ഷങ്ങളില്‍ ലോക്പാല്‍ ബില്‍ പല തവണ പാര്‍ലമെന്‍റിന്‍െറ പരിഗണനക്കായി വന്നു.

ജന്‍ ലോക്പാല്‍
സര്‍ക്കാറിന്‍െറ ലോക്പാല്‍ ശുദ്ധതട്ടിപ്പാണെന്നും കടലാസു പുലിയാണെന്നും അഭിപ്രായപ്പെട്ടാണ് ടീം അണ്ണാ ‘ജന്‍ ലോക്പാല്‍’ പൊതുസമൂഹത്തിനു മുമ്പാകെ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ലോക്പാലില്‍നിന്ന് വ്യത്യസ്തമായി, സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ ആരംഭിക്കാനും കഴിയുന്ന ശക്തവും സ്വതന്ത്രവുമായ സ്ഥാപനമാണ് ‘ജന്‍ ലോക്പാല്‍’.

സ്വാഭാവികമായും രാഷ്ട്രീയകക്ഷികള്‍ ജന്‍ ലോക്പാലിനെ അതിശക്തമായി എതിര്‍ക്കുകയും ഭരണഘടന സ്ഥാപനങ്ങളെ വെല്ലുവിളിച്ച് ടീം അണ്ണാ നിര്‍ദേശിക്കുന്ന നിയമനിര്‍മാണം സ്വീകാര്യമല്ളെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ദ്രപ്രസ്ഥത്തിലെ ജന്തര്‍ മന്തറും രാംലീല മൈതാനും സമരഭൂമിയായി. ഹസാരേയുടെ നേതൃത്വത്തില്‍ കെജ്രിവാള്‍, പ്രശാന്ത് ഭൂഷണ്‍, സന്തോഷ് ഹെഗ്ഡേ എന്നിവര്‍ ചേര്‍ന്ന ടീം അണ്ണായുടെ ഇടപെടല്‍ അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ജന്‍ ലോക്പാല്‍ വേണമെന്ന ചിന്ത രാജ്യത്തെ ഇളക്കിമറിച്ചു.

അഴിമതിക്കെതിരേ നാടും നഗരവും ഒന്നായി. ചരിത്രത്തിലാദ്യമായി ഒൗദ്യോഗികമായി ഒരു നിയമനിര്‍മാണത്തിന് പൊതുസമൂഹ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംയുക്തസമിതി രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍, പൊതുസമൂഹത്തിന്‍െറ നിര്‍ദേശങ്ങളെല്ലാം മന്ത്രിപുംഗവന്മാര്‍ നിഷ്കരുണം തള്ളിക്കളഞ്ഞു.

ജന്‍ ലോക്പാലിന്‍െറ മുള്ളും മുനയും ഓടിച്ചുകളഞ്ഞ്, കരചരണങ്ങളറ്റ വാസവദത്തയെപ്പോലെ 2011 ഡിസംബര്‍ 27ന് യു.പി.എ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. അവസാനം 2013 ഡിസംബര്‍ 18ന് നിയമം പാസായി. പക്ഷേ, വര്‍ഷം മൂന്നു കഴിഞ്ഞിട്ടും ഈ നിയമം നടപ്പാക്കാന്‍ മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ക്കൊന്നും കഴിഞ്ഞില്ല. ലോക്പാല്‍ സമിതിയില്‍ അംഗമാകാന്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവില്ല എന്ന സാങ്കേതികപ്രശ്നമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്രയും നാള്‍ തടസ്സമായി ഉന്നയിച്ചത്.

സുപ്രീംകോടതിയുടെ ഇടപെടല്‍
‘‘എന്തിന് ഈ നിയമത്തെ ഇങ്ങനെ വലിച്ചിഴക്കുന്നു നിങ്ങള്‍?’’-ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചു. പ്രതിപക്ഷനേതാവില്ല എന്ന സാങ്കേതിക പ്രശ്നം ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് പരിഹരിക്കാവുന്ന കാര്യമല്ളേ ഇതെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു മുന്നില്‍ ഇന്ത്യയുടെ അറ്റോണി ജനറല്‍ ചൂളിപ്പോയി.

ലോക്പാല്‍ നിയമം രാജ്യത്ത് നടപ്പാക്കാന്‍ പൊളിറ്റിക്കല്‍ ബ്യൂറോക്രസി ഒരു താല്‍പര്യവും കാണിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ‘കോമണ്‍കോസ്’ എന്ന സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ ശാന്തി ഭൂഷണ്‍ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു: ‘‘ലോക്പാല്‍ നടപ്പാക്കാന്‍ അണ്ണാ ഹസാരെ ഇനിയും സമരം ചെയ്യേണ്ടിവരുമോ?’’

2013ല്‍  നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. 2014 ജനുവരി 16ന് ഒൗപചാരികമായി നിയമം നിലവില്‍വന്നു. പ്രധാനമന്ത്രിയും ലോക്സഭ സ്പീക്കറും പ്രതിപക്ഷനേതാവും ഇന്ത്യയുടെ ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട നിയമനസമിതിമാത്രം ഇതുവരേയും  രൂപവത്കരിക്കപ്പെട്ടില്ല. നിയമത്തെ വ്യാഖ്യാനിച്ച് കേന്ദ്ര സര്‍ക്കാറിന് ഉത്തരവ് നല്‍കാന്‍ സുപ്രീംകോടതി മുതിര്‍ന്നതോടെ സര്‍ക്കാറുമായി ആലോചിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായി. കേന്ദ്രസര്‍ക്കാറിന്‍െറ മറുപടിക്കായി ഡിസംബര്‍ എട്ടിന് പരിഗണിക്കാന്‍ കേസ് മാറ്റി.

ഉടക്കിടുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം
ഉദ്യോഗസ്ഥര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും സ്വത്തുവിവരം ലോക്പാലിനു മുമ്പാകെ സമര്‍പ്പിക്കണമെന്ന നിയമത്തിലെ വകുപ്പ് 44 വ്യവസ്ഥ ചെയ്യുന്നുണ്ട്. ബന്ധുക്കളുടെ പേരില്‍ വസ്തുവകകള്‍ കൈക്കൂലി പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടുന്നത് തടയുന്നതിനാണ് ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. ഇതു റദ്ദാക്കണമെന്നും ഇല്ളെങ്കില്‍ കുടുബാംഗങ്ങളുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെടും എന്നുമായിരുന്നു ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ പ്രധാന വാദം.

ഈ ചെറുത്തുനില്‍പില്‍ മുട്ടുമടക്കിയ കേന്ദ്ര സര്‍ക്കാര്‍ വസ്തുവകകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയതി അര ഡസന്‍ പ്രാവശ്യം നീട്ടിക്കൊടുത്തു. വിവരാവകാശനിയമം ഉള്‍പ്പെടെയുള്ള അഴിമതിവിരുദ്ധ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിതശ്രമങ്ങള്‍ ഭരണകൂടത്തിന്‍െറ ഉപശാലകളില്‍ നടക്കുന്നത് തടയണമെന്നും ലോക്പാല്‍, വിസില്‍ ബ്ളോവേഴ്സ് സംരക്ഷണ നിയമം, സേവന അവകാശ നിയമം എന്നീ അഴിമതി വിരുദ്ധ നിയമങ്ങള്‍ ഫലപ്രദമായി രാജ്യത്ത് നടപ്പാക്കണമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ കൊച്ചിയില്‍വെച്ച് നേരില്‍ കണ്ടു പറഞ്ഞിട്ടും എഴുതി നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല. 

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച മോദിക്കും അതിനായില്ല. ഓരോ തവണയും ലോക്പാല്‍ ബില്‍ സഭയുടെ പരിഗണനയില്‍ വരുമ്പോള്‍ ഏതെങ്കിലും എം.പി ഒരു തര്‍ക്കം ഉന്നയിക്കും. നിയമപരിധിയില്‍ പ്രധാനമന്ത്രി വേണമോ വേണ്ടേ? പ്രശ്നം കമ്മിറ്റിക്ക് വിടും. അങ്ങനെ നിരവധി തവണ അത് മാറിപ്പോയി

നമ്മുടെ പൊതു ജീവിതത്തിലെ വിശുദ്ധി ഉറപ്പുവരുത്താനുള്ള നിയമം ഒരിക്കലും നടപ്പാക്കരുതെന്ന് അഴിമതിക്കാരായ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും തീരുമാനിച്ചിരിക്കുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ടിന്‍െറ പരിരംഭണത്തിലൂടെ നമ്മുടെ ഖജനാവുകള്‍ കൊള്ളയടിക്കപ്പെടുകയാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ആദിവാസി ക്ഷേമത്തിനുമായി കോടികള്‍ ചെലവഴിക്കുന്നുവെന്ന് ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും അതൊന്നും ലക്ഷ്യം കാണാതെ കരിമ്പണമായി കരാറുകാരുടേയും രാഷ്ട്രീയ നേതാക്കളുടെയും നിക്ഷേപങ്ങളില്‍ കുമിഞ്ഞുകൂടുകയാണ്. 

ഈ നിയമത്തിന്‍െറ പേരില്‍ അധികാരത്തിലത്തെിയവര്‍പോലും ലോക്പാലിനെ വിസ്മരിച്ചു എന്നതാണ് ഏറ്റവും കൗതുകകരം. അമ്പേ ദുഷിച്ച രാഷ്ട്രീയത്തെയും മലീമസമായ ബ്യൂറോക്രസിയെയും ജീര്‍ണതയില്‍നിന്ന് മുക്തമാക്കാന്‍ ഇനിയൊരു ഓംബുഡ്സ്മാനോ സൂപ്പര്‍മാനോ സ്പൈഡര്‍മാനോ അവതരിക്കുമെന്ന് കരുതാനാവില്ല. ഒരു ലോക്പാലെങ്കിലും വന്നെങ്കില്‍ എന്ന നേരിയ പ്രതീക്ഷമാത്രം അവശേഷിക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokpalanna hasarejan lok pal
News Summary - where lok pal?
Next Story