Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭരണനിർവഹണ...

ഭരണനിർവഹണ സമിതികൾക്കുവേണ്ടി വിധി പറയുമ്പോൾ

text_fields
bookmark_border
ഭരണനിർവഹണ സമിതികൾക്കുവേണ്ടി വിധി പറയുമ്പോൾ
cancel

പാർലമെന്ററി ജനാധിപത്യത്തിന്റെ മൂന്നുതൂണുകളാണ് നിയമനിർമാണസഭ (ലെജിസ്ലേച്ചർ), ഭരണനിർവഹണ സമിതി (എക്സിക്യൂട്ടിവ്), നീതിന്യായ കോടതികൾ (ജുഡീഷ്യറി). ഭരണഘടന ശിൽപികൾ ഓരോന്നിനും കൃത്യമായ സ്വഭാവവും ജോലിയും നിർണയിച്ചിട്ടുണ്ട്. ഓരോന്നിന്‍റെയും അമിതാധികാര പ്രവണതകളെ ചെറുക്കാനും ജനാധിപത്യത്തിനുള്ളിൽ എല്ലാവർക്കും 'പൗരാ'വകാശം, നാട്ടിൽ നിയമവാഴ്ച, രാഷ്ട്രീയ സമത്വം, വ്യക്തിസ്വാതന്ത്ര്യം, മനുഷ്യൻ എന്ന അന്തസ്സ്, രാഷ്ട്രീയ-വ്യക്തിസ്വാതന്ത്ര്യം, ആദരവ്, അറിയാനും ഇടപെടാനുമുള്ള അവകാശം ഉറപ്പുവരുത്താനും ഇത് ആവശ്യമാണ്. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് അമിതാധികാരം ദുഷിക്കുന്നത് രാജ്യം കണ്ടും നൊന്തും അറിഞ്ഞു.

ശേഷം നിയമവാഴ്ചയുടെ തകർച്ച അസംഖ്യം വർഗീയ-വംശീയ ലഹളകളിലും 1992 ഡിസംബർ ആറിലെ ബാബരി മസ്ജിദ് പൊളിച്ചതിലും 2002ലെ ഗുജറാത്ത് വംശഹത്യയിലും വെളിപ്പെട്ടു. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യൻ ഭരണകൂടത്തിന്‍റെ എല്ലാ ഉപകരണങ്ങളും പൂർണമായി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്ക് അമരുന്നതും ലോകംകണ്ടു.

രാജ്യം കെട്ടിപ്പടുത്ത ഓരോ വ്യവസ്ഥാപിത സംവിധാനങ്ങളെയും 'ജനാധിപത്യ'ത്തെ നിലനിർത്തി 'നിയമവിധേയമായി'ത്തന്നെ തങ്ങൾക്ക് പ്രത്യയശാസ്ത്രപരമായി പരിവർത്തനപ്പെടുത്താൻ ഹിന്ദുത്വ ഭരണകൂടത്തിന് കഴിയുന്നു. എക്സിക്യൂട്ടിവിന്‍റെ (ഭരണനിർവഹണ സമിതി) അമിതാധികാര പ്രവണതകളെ നിയന്ത്രിക്കാനും നേർവഴിക്ക് നയിക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യൻ ഭരണഘടനയിൽ ജുഡീഷ്യറിയെ (നീതിന്യായ കോടതികൾ) നിർവചിച്ചിരിക്കുന്നത്.

എന്നാൽ, ഹിന്ദുത്വ ഭരണ നിർവഹണ സംവിധാനത്തിനുവേണ്ടി വിധി പുറപ്പെടുവിക്കുന്ന സംവിധാനമായി ജുഡീഷ്യറി മാറുമ്പോൾ തരിച്ചുനിൽക്കുകയാണ് സമൂഹം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാർ, അതുമായി ബന്ധപ്പെട്ട നേതാക്കൾ എന്നിവർക്കെതിരെ തേരോട്ടം നടത്തുകയാണ് കേന്ദ്ര ബി.ജെ.പി സർക്കാർ. യുഎ.പി.എ ചുമത്തൽ, എൻ.ഐ.എയെ ഉപയോഗിച്ച് കേസ് ചുമത്തൽ എന്നിവക്കുപരി ഇന്ന് കേന്ദ്രത്തിന്‍റെ കൈയിലെ പ്രധാന ഉപകരണമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) മാറിയിരിക്കുകയാണ്.

അതിൽ നീതിതേടുന്നവർക്ക് ലഭിക്കുന്ന വിധിന്യായത്തെ ഉപമിക്കാവുന്നത് പെറുവിന്‍റെ പ്രസിഡന്‍റ് ഓസ്കർ ആർ. ബെനാവിഡ്സിന്‍റെ ''എന്‍റെ സുഹൃത്തുക്കൾക്ക് എന്തും; എന്‍റെ ശത്രുക്കൾക്ക് നിയമവും'' എന്ന പ്രശസ്ത വാക്യത്തോടാണ്. പരമോന്നത കോടതിയുടെ സമീപകാല വിധികളെ അപഗ്രഥിച്ച് ഭരണഘടനാ നിയമ വിദഗ്ധൻ ഗൗതം ഭാട്യ അതിനെ ഇങ്ങനെ പരിവർത്തനം ചെയ്യുന്നു-'' ഭരണകൂടത്തിന് എന്തും; സാധാരണക്കാരന് നിയമം''.

അതായത്, 'എക്സിക്യൂട്ടിവിന്‍റെ കോടതികൾ'. വിദേശ സംഭാവന നിയന്ത്രണ നിയമം മുതൽ ഇ.ഡിയുടെ അവകാശങ്ങൾ സ്ഥാപിച്ചുകൊടുക്കൽവരെ അത് നീളുന്നു. സർക്കാറിന്‍റെ രാഷ്ട്രീയ ആയുധമായി മാറിയ യു.എ.പി.എ കേസുകളിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തെളിവുകളുടെ വിശദ പരിശോധന ആവശ്യമില്ലെന്ന വിധിതന്നെ ഉദാഹരണം. ഇതോടെ അന്വേഷണ ഏജൻസിയുടെ തെളിവുകൾ സ്വീകരിക്കാൻ കീഴ്കോടതികൾ നിർബന്ധിതമായി. യു.എ.പി.എ കേസുകളിൽ വിചാരണത്തടവുകാരുടെ ജാമ്യ സാധ്യതക്കാണ് ഇത് വിരാമമിട്ടത്. പൊലീസ് എഫ്.ഐ.ആർ പൊതുരേഖയാണെങ്കിൽ ഇ.ഡിയുടേത് ആഭ്യന്തര രേഖ മാത്രം, ആരെയും കാണിക്കേണ്ടതില്ല.

നിയമ നിർമാണത്തിന് ദശകങ്ങൾ പഴക്കമുള്ള സംഭവങ്ങളിലാണ് കേസെടുക്കുന്നത്. കേസെടുക്കുന്നതുമുതൽ വസ്തുവഹകൾ ഏറ്റെടുക്കാം. ജാമ്യം ലഭിക്കാനുള്ള സാധ്യത യു.എ.പി.എ കേസുകളിലാണ് ഇ.ഡിയേക്കാൾ ഭേദമെന്നതാണ് അവസ്ഥ. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഇ.ഡിയുടെ മുന്നിൽ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ആരോപിതനാണ്. ഇനി വിദേശ സംഭാവന നിയന്ത്രണ നിയമത്തിലാവട്ടെ, സാധാരണയായി സംസാരിക്കുന്ന നീതിന്യായ സംവിധാനത്തിന്‍റെ സ്വരത്തിലല്ല ജുഡീഷ്യറി സംസാരിച്ചതെന്നാണ് ഗൗതം ഭാട്യ പറയുന്നത്.

''വികസ്വര- വികസിത രാജ്യങ്ങൾക്ക് എന്തിനാണ് സ്വന്തം ആവശ്യങ്ങൾ സഫലീകരിക്കാൻ വിദേശ സംഭാവന'' എന്ന ജുഡീഷ്യറിയുടെ ചോദ്യം ഒരു പ്രത്യയശാസ്ത്രകാരന്‍റേത് അല്ലേയെന്ന സംശയം സ്വാഭാവികം മാത്രം. 2002 ഗുജറാത്ത് വംശഹത്യ സംബന്ധിച്ച കേസിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന പ്രത്യേക അന്വേഷണ ഏജൻസിയുടെ (എസ്.ഐ.ടി) കണ്ടെത്തൽ അംഗീകരിച്ചത് ജുഡീഷ്യറിയുടെ യുക്തി. എന്നാൽ, എക്സിക്യൂട്ടിവിന്‍റെ ഭാഗമായി ഉദ്യോഗസ്ഥവൃന്ദത്തെ അഭിനന്ദിക്കുന്നുവെന്ന അസാധാരണ നടപടികൂടി വിധിയിൽ കാണാം.

കൂടാതെ, സാധാരണഗതിയിൽ അപകീർത്തിപ്പെടുത്തിയതിന് കോടതി കയറേണ്ട പരാമർശങ്ങൾ ഭരണകൂടത്തിന് എതിരായി നിലകൊണ്ട വ്യക്തികൾക്ക് എതിരെയും ഉയർന്നു. വിധിന്യായത്തിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ടീസ്റ്റ സെറ്റൽവാദിനെയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതും ജാമ്യം ലഭിക്കാതെ തടവിലായതും സ്വാഭാവികമാണെന്ന് ധരിക്കുകയും വയ്യ.

എങ്ങനെയാണ് ഭരണനിർവഹണ സംവിധാനം അതിന്‍റെ ഉപകരണങ്ങളെ രാഷ്ട്രീയമായി പ്രയോഗിക്കുന്നുവെന്നതിന് ഇ.ഡി തന്നെയാണ് മികച്ച ഉദാഹരണവും. 2014ൽ ബി.ജെ.പി, കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനുമുമ്പ് കോടതികളിൽ ഇ.ഡി നൽകിയ കുറ്റപത്രങ്ങളുടെ എണ്ണം 104 ആയിരുന്നു. 2014നുശേഷം 839 ആയി. സ്വത്ത് കണ്ടുകെട്ടൽ 2004- 14 വർഷങ്ങളിലെ 5,346 കോടിയിൽനിന്ന് 2014- 22ൽ 95,432 കോടിയായി. സുപ്രീംകോടതിയിൽ മോദി സർക്കാർ സമർപ്പിച്ച കണക്കുകളിൽ പറയുന്നതു പ്രകാരമെങ്കിൽ കള്ളപ്പണം തടയൽ നിയമത്തിനുകീഴിൽ എടുത്ത 4,700 കേസുകളിൽ 2,186 എണ്ണവും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലായിരുന്നു.

ഓരോ പ്രതിപക്ഷ നേതാവും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇ.ഡിയുടെ 'കടന്നുകയറ്റ'ത്തിന് വിധേയമാവുമ്പോഴും രാഷ്ട്രീയ പ്രതിരോധം ഉയർത്തുന്നതിൽ മുഖ്യധാര കക്ഷിനേതൃത്വം പരാജയപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. പാർലമെന്‍ററി ജനാധിപത്യത്തെ നിലനിർത്തുകയും പരസ്പരം പരിശോധിക്കുകയും ചെയ്യേണ്ട ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി തമ്മിലുള്ള വേർതിരിവ് ഇല്ലാതാവുകയും എക്സിക്യൂട്ടിവിനുവേണ്ടി മറ്റു രണ്ടും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്.

പക്ഷേ കോൺഗ്രസും ഇടതുപക്ഷവുമടക്കം പ്രതിപക്ഷം ഈ 'കടന്നുകയറ്റ'ത്തിന്‍റെയും 'പാരസ്പര്യ'ത്തിന്‍റെയും ഗൗരവം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നുകാണാം. സുപ്രീംകോടതിയുടെ ഇ.ഡി വിധിയുടെ പശ്ചാത്തലത്തിൽ തൃണമൂലും ആപ്പും ഉൾപ്പെടെ 17 പ്രതിപക്ഷ കക്ഷികൾ സംയുക്ത പ്രസ്താവന നടത്തിയതൊഴിച്ചാൽ ഒരടിപോലും മുന്നോട്ടുപോയിട്ടില്ല. തികച്ചും ജനാധിപത്യപരമായി നിയമവിധേയമായി ന്യൂനപക്ഷങ്ങളെ പൗരപ്രജയല്ലാതാക്കി സമസ്ത മേഖലയിലേക്കും വീടകങ്ങളിലേക്കും കടന്നുവരുന്ന ഹിന്ദുത്വത്തെ മനസ്സിലാക്കാൻ ഒറ്റബുദ്ധി മാത്രം പോരാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentjudiciary
News Summary - While passing judgment on behalf of the governing bodies
Next Story