ആര്യന്മാരുടെ ഡി.എൻ.എ തിരയുമ്പോൾ....
text_fieldsരാഷ്ട്രീയമായി നിർണായകവും ദേശീയതയുടെ സുപ്രധാന വശവുമായ ജനാധിപത്യത്തെ ചരിത്രകാരന്മാരല്ലാത്തവർ പലപ്പോഴും ഒരു മുദ്രാവാക്യമായി ഉപയോഗിക്കുന്നു. എന്നാൽ മതേതരത്വം പോലെത്തന്നെ ജനാധിപത്യവും ആധുനിക കാലത്തെ അംഗീകൃത സങ്കൽപമാണ്, രണ്ടും ദേശീയ-രാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയത വരുത്തിയ ചരിത്രപരമായ മാറ്റമെന്തെന്നാൽ, അതിന്റെ ഘടകങ്ങൾക്ക് പൗരാണികമായ പൂർവികത്വം ഉണ്ടെന്ന ശാഠ്യത്താൽ നിയമാനുസൃതമാക്കി എന്നതാണ്.
ഏതാനും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം ഞാൻ. രാജാധികാരത്തിൽ നിന്ന് ദേശരാഷ്ട്രത്തിലേക്കുള്ള പരിവർത്തനത്തെ നിയമാനുസൃതമാക്കുന്നതിനായി പതിനെട്ടാം നൂറ്റാണ്ടിൽ അരങ്ങേറിയ ഫ്രഞ്ച് വിപ്ലവം ഗ്രീക്ക് ജനാധിപത്യവുമായി ചില ബന്ധങ്ങൾ അവകാശപ്പെട്ടു. ഫ്രാൻസിൽ വിപ്ലവകരമായ മാറ്റത്തിന് നിയമസാധുത അവകാശപ്പെടാൻ വിദൂര ഭൂതകാലത്തെ ഉപയോഗിച്ചുള്ള ഒരു ഭാവനാത്മകമായ മാർഗമായിരുന്നു അത്. എന്നിരിക്കിലും ഫ്രഞ്ചുകാരിൽ ചലനമുണ്ടാക്കിയ സങ്കൽപങ്ങൾക്ക് ആതൻസിൽ അഭാവം നേരിട്ടിരുന്നു. ഭൂരിപക്ഷമാളുകളും ഭരണത്തിൽ പ്രാതിനിധ്യമോ അവകാശമോ ഇല്ലാത്ത അടിമകളും വിദേശികളുമായിരുന്നു.
പണ്ടുകാലത്ത് അത് നിലനിന്നിരുന്നുവെന്ന ധാരണ തീർത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആഹ്വാനത്തിന് സാധുത തേടുകയായിരുന്നു വിപ്ലവം. ഇത് നമ്മുടെ കാലത്തിന് സുപരിചിതമായ ഒരു സൂത്രവാക്യമാണ്.
ഇന്ത്യൻ സ്രോതസ്സുകളാവട്ടെ ബുദ്ധന്റെ കാലത്തെ പ്രഭുജനാധിപത്യത്തെ (oligarchies)യും മേധാവികളെയും പരാമർശിച്ച് ഗണ-സംഘങ്ങളുടെയും ഗണ-രാജ്യങ്ങളുടെയും കേന്ദ്രസ്ഥാനത്തെ ഉയർത്തിക്കാട്ടുന്നു. സ്വതന്ത്ര പൗരർക്ക് കാര്യമായ പരാമർശമോ പ്രാതിനിധ്യ രീതികളോ അന്നുണ്ടായിട്ടില്ല. ക്ഷത്രീയ കുടുംബങ്ങളുടെ മേധാവികളിരുന്നാണ് സഭ ചേരാറ്.
ജനസംഖ്യയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ശൂദ്രരും ദാസരുമെല്ലാം ഒഴിവാക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തിലെ പഞ്ചായത്തുകളിലും ഉത്തര മേരൂർ പോലുള്ള ഗ്രാമസഭകളിലും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമായിരുന്നു അംഗത്വം. ധർമശാസ്ത്രങ്ങളിൽ വിവരിക്കുന്ന വർണാശ്രമത്തിലധിഷ്ഠിതമായ ജാതി വ്യവസ്ഥിതി ജനാധിപത്യത്തിന് കടകവിരുദ്ധമായിരുന്നു. ഗണ-സംഘം എന്ന ആശയത്തിന് ബ്രാഹ്മണ്യത്തിലേറെ ബുദ്ധമത ഗ്രന്ഥങ്ങളിലുള്ളതായി തോന്നുന്നു.
തൊലിനിറത്തിന്റെ ഉൽകൃഷ്ഠത
ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയാദർശങ്ങൾ യൂറോപ്പിന് പുറത്ത് വിശാലമായ രീതിയിൽ ചർച്ചയായതോടെ അമേരിക്കയിലും ഏറ്റെടുക്കപ്പെടുകയും അവരുടെ രാഷ്ട്രീയ ചിന്തയുമായി കൂട്ടിയിണക്കുകയും ചെയ്തു. ഒരു ദേശരാഷ്ട്രത്തിന് അത്യാവശ്യമായ ജനാധിപത്യം പിൽകാലത്ത് ദേശീയതക്കും മതേതരത്വത്തിനുമൊപ്പമാണ് ഇന്ത്യയിൽ വന്നു ചേർന്നത്.
വ്യവസായവത്കരണത്തിന്റെ പുത്തൻ സാങ്കേതികവിദ്യകൾ, മുതലാളിത്തം അവതരിപ്പിക്കുന്ന മാറ്റങ്ങളും, മധ്യവർഗത്തിന്റെ ആവിർഭാവം എന്നിവക്കൊപ്പമുണ്ടായ ദേശീയ രാഷ്ട്രത്തിന്റെ വരവോടെ ജനാധിപത്യവും പ്രാതിനിധ്യവും ചർച്ച ചെയ്യപ്പെട്ടു. ഈ ആശയങ്ങൾ കോളനികളിൽ ചർച്ച ചെയ്യാൻ തുടങ്ങിയതോടെ അവ കൊളോണിയൽ ചിന്തയിലേക്കും പ്രവേശിച്ചു.
19ാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹിക സിദ്ധാന്തങ്ങൾ കോളനിവത്കൃതർക്ക് അധമപദവിയാണ് നൽകിയത്. ഇതര ജനതയുടെ മേലുള്ള യൂറോപ്പിന്റെ നിയന്ത്രണം വംശസിദ്ധാന്തത്തിലൂടെ ഒരളവോളം ന്യായീകരിക്കപ്പെട്ടു. ഇത്തരം നിയന്ത്രണം നിയമാനുസൃതമാക്കുന്നതിന്, ‘വിജയകരമായ കീഴടക്കൽ’ വാദം അപര്യാപ്തമായിരുന്നു. ആകയാൽ, ഇരുണ്ട തൊലിനിറമുള്ള കോളനിവത്കൃത ജനതയുടെ സഹജമായ അപകർഷബോധത്തെ ഉറപ്പിച്ചുനിർത്തേണ്ടതുണ്ടായിരുന്നു. അതാണ് വംശശാസ്ത്രത്തിന്റെ പ്രാധാന്യം.
മറ്റുള്ളവരേക്കാൾ തൊലിനിറമുള്ളവരായി തങ്ങളുടെ ആളുകളെ നിർവചിക്കുന്ന സംസ്കാരങ്ങൾ ഉൽകൃഷ്ടമായി വിലയിരുത്തപ്പെട്ടു. ആര്യ ഭാഷ സംസാരിക്കുന്നവർ ദാസജനങ്ങളെ ഇരുണ്ടനിറക്കാരായി കണക്കാക്കുകയും വംശീയ അപകർഷബോധം ചാർത്തുകയും ചെയ്തു. ജാതി വേർതിരിവിന് പുറമെ വംശീയത കൂടി പ്രയോഗത്തിൽ വന്നതോടെ കീഴ്ജാതിക്കാരും ആദിവാസികളും മുമ്പത്തേക്കാളേറെ ഒഴിച്ചുനിർത്തപ്പെട്ടു.
ആര്യ ഭാഷ സംസാരിക്കുന്നവരുടെ വരവ് എവിടെ നിന്നാണെന്നത് പണ്ഡിതർക്കിടയിൽ ഒരു വിവാദ വിഷയവും പ്രഫഷനൽ ചരിത്രപണ്ഡിതരും അറിവാളികൾ എന്ന് നടിക്കുന്നവരും തമ്മിൽ ഒരു കലഹപ്രശ്നവുമാണ്.
മധ്യേഷ്യയിൽ നിന്ന് നൂറ്റാണ്ടുകൾ കൊണ്ട് മന്ദഗതിയിൽ കുടിയേറിയവരാണ് ആര്യന്മാരെന്ന് പ്രഫഷനൽ ചരിത്രപണ്ഡിതർ കണ്ടെത്തുമ്പോൾ അവരുടെ മാതൃഭൂമി ഇന്ത്യൻ അതിർത്തികൾക്കുള്ളിലാണെന്ന് ശഠിക്കുന്നു ഹിന്ദുത്വ സിദ്ധാന്തക്കാർ. ഹിന്ദുവും ഹിന്ദുമതവും ഇന്ത്യയിൽ ഉത്ഭവിച്ചതാണെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ ഹിന്ദുത്വർക്ക് ഇങ്ങനെയൊരു തദ്ദേശീയ വാദം ഉയർത്തുകയല്ലാതെ മറ്റ് മാർഗമില്ല. പക്ഷേ, ഇന്ത്യൻ അതിർത്തിയിൽ എന്ന വാദം അതിർത്തികൾ ഓരോ നൂറ്റാണ്ടിലും മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയുമായി ഏറ്റുമുട്ടുന്നു.
വേദഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട ആര്യന്മാരെക്കുറിച്ചുള്ള പഠനം അത്തരം വിഷയങ്ങളിൽ ആവശ്യമായി വരുന്ന വൈവിധ്യമാർന്ന സ്രോതസ്സുകളുടെ ആകർഷകമായ ചരിത്ര ഉദാഹരണമാണ്. 19ാം നൂറ്റാണ്ടിൽ വേദിക് സംസ്കൃതം അറിഞ്ഞാൽ മതിയായിരുന്നു. പതിയെപ്പതിയെ പുതിയ പഠനവിഷയങ്ങൾ വന്നു. ഹാരപ്പൻ, വൈദികം എന്നീ രണ്ട് വൈവിധ്യമാർന്ന സംസ്കാരങ്ങൾ തമ്മിലെ സമ്പർക്കം സംബന്ധിച്ച് 20ാം നൂറ്റാണ്ടിൽ പുരാവസ്തുശാസ്ത്രം പുത്തൻ ചോദ്യങ്ങൾ കൊണ്ടുവന്നു . ഭാഷാശാസ്ത്രം എന്ന പുതുവിഷയത്തിലൂടെ ആദ്യകാല ഇന്തോ-ആര്യൻ ഭാഷയിലെ ദ്രാവിഡ ഭാഷ ഘടകങ്ങളുടെ സാധ്യതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരസ്പര ബന്ധങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടു.
സമീപ വർഷങ്ങളിൽ, ആര്യനിസം വീണ്ടും പ്രഫഷനൽ ചരിത്രപണ്ഡിതരും മറ്റുള്ളവരും തമ്മിലെ ഒരു തർക്കമായി മാറിയിരിക്കുന്നു. ബി.സി രണ്ടാം സഹസ്രാബ്ദത്തിലെ ഹാരപ്പൻ നാഗരികതക്ക് ശേഷമുള്ള സാമ്പിളുകളുടെ ഡി.എൻ.എ വിശകലനത്തിൽ മധ്യേഷ്യൻ ജനതയുടെ അടയാളങ്ങൾ കണ്ടതോടെ ആര്യൻ ഭാഷ സംസാരിക്കുന്നവർ തനത് ഇന്ത്യക്കാരായിരുന്നു എന്ന വാദം ചോദ്യം ചെയ്തത് ജനിതകശാസ്ത്രജ്ഞരാണ്. വേദിക് കാലത്തെക്കുറിച്ച് പഠിക്കുന്ന ചരിത്രഗവേഷകർ ഇനി ജനിതക വിശദാംശങ്ങൾ കൈകാര്യം ചെയ്യുന്നതിലും വൈദഗ്ധ്യം നേടേണ്ടിയിരിക്കുന്നു, അതേസമയം ഈ വിഷയത്തിൽ എഴുതുന്ന ചരിത്രകാരല്ലാത്ത വിഭാഗത്തിന് തങ്ങളുടെ മനോകൽപനകൾ മതിയാകും.
പാശ്ചാത്യരുടെ ഇന്ത്യാ ചരിതം
ഗ്രീക്ക്, റോമൻ, ചൈനീസ് സമൂഹങ്ങൾക്കുണ്ടായിരുന്നതു പോലെ പുരാതന ചരിത്രങ്ങൾ ഇല്ല എന്നതിനാൽ ഇന്ത്യക്ക് ചരിത്രജ്ഞാനമില്ല എന്ന പറച്ചിൽ കോളനിക്കാലത്തിന്റെ തുടക്കത്തിൽ നിലനിന്നിരുന്നു. ഭരണം നടത്തുന്നതിന് കോളനികളുടെ ചരിത്രമറിയൽ അത്യാവശ്യമാകയാൽ കൊളോണിയൽ ശക്തികൾ അവയുടെ ചരിത്രം അന്വേഷിക്കാനും രേഖപ്പെടുത്താനും തുടങ്ങി. അത്തരത്തിൽ നിർമിച്ചെടുത്ത ചരിത്രം തങ്ങൾക്ക് വേണ്ടവിധത്തിൽ കോളനികളിൽ ഭരണം നടത്താൻ അവരെ പ്രാപ്തരാക്കി. അതിനൊപ്പം അവർ നിർമിച്ചെടുത്ത ആഖ്യാനത്തിന് സാധുതയും നേടിയെടുക്കാനുമായി.
കൊളോണിയൽ ചരിത്രപണ്ഡിതർക്ക് ഇന്ത്യൻ ഭൂതകാലത്തെക്കുറിച്ച് ഒരു അടിസ്ഥാന ദിശാബോധം ഉണ്ടായിരുന്നു. ആദ്യകാല യൂറോപ്യൻ ചരിത്രത്തിന് സമാനമായ ഒരു ചരിത്രം കണ്ടെത്തുകയായിരുന്നു ആദ്യത്തേത്. എന്നാൽ പിന്നീടുള്ള ഉദ്ദേശ്യം തികച്ചും വ്യത്യസ്തമായ ഒന്ന് കണ്ടെത്തുകയായി.
കൽക്കത്തയിൽ പ്രവർത്തിച്ചിരുന്ന വില്യം ജോൺസ് വേദങ്ങളെക്കുറിച്ച് പഠിക്കുകയും ഭാഷയിലും ഗ്രീക്ക്-റോമൻ ഐതിഹ്യങ്ങളിലും സമാനതകൾ കണ്ടെത്താൻ തുടങ്ങുകയും ചെയ്തു. ചില ബന്ധങ്ങൾ സമ്മതിച്ചു കൊടുക്കാവുന്നവയുമാണ്. എന്നാൽ, ബ്രഹ്മി ലിപി വ്യാഖ്യാനിച്ച ജെയിംസ് പ്രിൻസെപ്പിന്റെയും പുരാവസ്തു ഗവേഷണത്തിന് തുടക്കമിട്ട അലക്സാണ്ടർ കണ്ണിങ് ഹാമിന്റെയും കണ്ടെത്തലുകളുടെ കാര്യത്തിൽ ഇത് അങ്ങനെയായിരുന്നില്ല. ഇന്ത്യയിൽ പ്രവർത്തിച്ചുപോന്ന കൊളോണിയൽ ഉദ്യോഗസ്ഥർ തങ്ങളുടെ പ്രവർത്തനങ്ങളിൽ ആവേശം പുലർത്തിയപ്പോൾ ഇന്ത്യൻ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഈ സാമഗ്രികൾ സൃഷ്ടിച്ച കാഴ്ചപ്പാട് ഏറെ നവീനമായിരുന്നു.
ഇംഗ്ലണ്ടിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും സ്വാധീനമുള്ള രണ്ട് വ്യക്തികൾ- ജെയിംസ് മിലും, ഫ്രെഡറിക് മാക്സ് മുള്ളറും ഇന്ത്യൻ പണ്ഡിതരുമായി കൂടിയാലോചന നടത്താനായി ഇന്ത്യ സന്ദർശിക്കാൻ വിസമ്മതിച്ചു. ഗ്രന്ഥങ്ങളെ ആസ്പദമായി നടത്തിയ തങ്ങളുടെ പഠനങ്ങളെയും അവയുടെ പ്രതിഫലനങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് അവരെഴുതിയത്.
ഇന്ത്യയെക്കുറിച്ചുള്ള ആദ്യ ആധുനിക ചരിത്രഗ്രന്ഥം രചിച്ചത് ജയിംസ് മിൽ ആണ്, 1817ൽ. അതിന്റെ ഉള്ളടക്കത്തിൽ ഏറെയും വ്യക്തിപരമായ പരിപ്രേക്ഷ്യങ്ങളായിരുന്നു. ഇന്ത്യ ചരിത്രമെന്നത് തീർത്തും വേറിട്ടുനിൽക്കുന്നതും നിരന്തരം കലഹിക്കുന്നതുമായ ഹിന്ദു, മുസ്‍ലിം എന്നീ രണ്ടു രാഷ്ട്രങ്ങളുടേതാണെന്ന വാദത്തിലാണ് മിൽ ഊന്നിയത്. ഹിന്ദുമതം ശക്തമായിരുന്ന പ്രാചീന ഹിന്ദു കാലഘട്ടം, ഇസ്‍ലാമിക ഭരണാധികാരികൾ ആധിപത്യം പുലർത്തിയകാലം, ബ്രിട്ടീഷുകാർ കാര്യങ്ങൾ നിയന്ത്രിച്ച കാലം എന്നിങ്ങനെ ഇന്ത്യ ചരിത്രത്തെ മൂന്ന് കാലമായി പകുത്തു.
ഏതൊരു പ്രധാന ചരിത്ര പ്രവർത്തനങ്ങളുടെയും പ്രധാന കാരണമായി മതത്തെ രേഖപ്പെടുത്തുന്ന തരത്തിലുള്ള വിശദീകരണം അംഗീകരിക്കാനാവില്ലെന്ന വാദവുമായി ഇപ്പോൾ പരിശീലനം സിദ്ധിച്ച പ്രഫഷനൽ ചരിത്രപണ്ഡിതർ അതിനെ നിരാകരിക്കുന്നു, എന്നാൽ, ചരിത്രപണ്ഡിതരല്ലാത്ത മറ്റു ചിലർ ഇപ്പോഴും ആ രീതി തുടരുന്നു.
മിൽ എഴുതിയ ചരിത്രത്തിന്റെ പ്രത്യാഘാതങ്ങൾ എന്തായിരുന്നു? ഹിന്ദുകാലഘട്ടത്തെ പുനഃസൃഷ്ടിച്ചത് സംസ്കൃത ഗ്രന്ഥങ്ങളിൽ നിന്നായിരുന്നു. സുൽത്താനേറ്റ്, മുഗൾ രാജസദസ്സുകളിലെ വർത്തമാനങ്ങളെക്കുറിച്ചുള്ള പേർഷ്യൻ, ടർക്കിഷ് രചനകളായിരുന്നു മുസ്‍ലിം കാലഘട്ടത്തിന് ആസ്പദമാക്കിയത്. വിജയകരമായ അധിനിവേശങ്ങൾ, ക്ഷേത്രധ്വംസനം, ഹിന്ദുക്കളുടെ ഇരവത്കരണം എന്നിവയിലാണ് മുസ്‍ലിം കാലഘട്ടത്തെക്കുറിച്ചുള്ള രചനകൾ കേന്ദ്രീകരിച്ചത്.
ഭരണാധികാരികൾക്കുള്ള പുകഴ്ത്തുപാട്ടുകളായി എഴുതപ്പെട്ട മിക്ക രചനകളും ഈ കീഴടക്കലുകളെ പ്രകീർത്തിച്ചു കൊണ്ടുള്ളതായിരുന്നു, പ്രത്യേകിച്ച് പുതുതായി ഇടം സ്ഥാപിച്ചെടുത്ത ഭരണാധികാരികളുടെ. മറ്റ് എല്ലാ കാര്യങ്ങളെയും കാരണങ്ങളെയും അവഗണിക്കുകയോ ചുരുക്കിക്കെട്ടുകയോ ചെയ്ത് സകല കാര്യങ്ങളും മതപരമായ വ്യത്യാസത്തിലേക്ക് ഒതുക്കാനുള്ള ശ്രമമായാണ് ഈ രീതിയെ പ്രഫഷനൽ ചരിത്രപണ്ഡിതർ കാണുന്നത്. സൂക്ഷ്മാന്വേഷണങ്ങൾ നടത്തി യൂറോപ്യൻ ചരിത്രരചന ഗൗരവബുദ്ധിയോടെ നടത്തുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തികച്ചും പരിഹാസ്യമായ രീതിയായിരുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.