ഇൻഡ്യ മുന്നണിയുടെ കണ്ണിൽ ആരൊക്കെയാണ് ഇന്ത്യക്കാർ?
text_fieldsപതിവിലും സൗമ്യതയോടെയുള്ള തുടക്കം, അയോഗ്യതക്ക് ശേഷം പാർലമെന്‍റിലെത്തിയതിൽ സ്പീക്കർ ഓം ബിർളക്ക് ബഹുമാനത്തോടെ ഒരു ചെറു പുഞ്ചിരി നൽകി കടപ്പാടറിയിക്കുന്നു, റൂമിയുടെ വാക്കുകൾ സൂചിപ്പിച്ചും, മിതവും ലാളനയും പരിഹാസവും സമന്വയിപ്പിച്ച് ക്രമീകരിച്ചൊരുക്കിയ വാക്കുകൾ കൊണ്ടുള്ള കൊട്ടിക്കയറ്റം,
എതിരാളിയുടെ വീര്യം കെടുത്തുംവിധമുള്ള ശരപ്രയോഗങ്ങൾക്ക് മുമ്പ് സഭാ സമ്മേളനത്തിന് രാഹുൽ ഗാന്ധി ഒരുങ്ങിയിരുന്നത് ഇങ്ങനെയാണ്. ഇത്തവണ കോൺഗ്രസ്സ് നേതാവെന്ന നിലയിലായിരുന്നില്ല രാഹുലിന്‍റെ പ്രഹരം, ഇൻഡ്യൻ നാഷൻ ഡവലപ്പ്മെന്‍റ് ഇൻക്ലുസീവ് അലയൻസിന്‍റെ പ്രതിനിധി ആയാണ് സഭയെ അഭിസംബോധന ചെയ്തത്. 'ഇൻഡ്യ'യുടെ രൂപവത്കരണ ശേഷം വന്ന ആദ്യ സഭാസമ്മേളനമായിരുന്നു ഇത്. മണിപ്പൂർ വിഷയത്തിൽ ക്രൂരമായ നിശബ്ദത പുലർത്തിയ പ്രധാന മന്ത്രിയുടെ വാതുറപ്പിക്കുക എന്നതായിരുന്നു 'ഇൻഡ്യ' സഖ്യത്തിന്‍റെ മുഖ്യ അജണ്ട. അതിനായി അവതരിപ്പിച്ച അവിശ്വാസ പ്രമേയം സാങ്കേതികമായി പരാജയപ്പെട്ടു എന്നത് പ്രാധാന്യമുള്ള കാര്യമല്ല. അംഗങ്ങളുടെ എണ്ണത്തിൽ അധികമുള്ള ഭരണപക്ഷത്തെ അട്ടിമറിച്ച് അവിശ്വാസം പാസാക്കുക എന്ന അതിമോഹമൊന്നും ആർക്കുമുണ്ടായിരുന്നില്ല. എന്നിരുന്നാലും 'ഇൻഡ്യ' സഖ്യത്തിന് ആദ്യ പ്രമേയത്തിലൂടെ തന്നെ ഞങ്ങളും പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു എന്ന താക്കീത് ഭരണ പാർട്ടിക്ക് നൽകാൻ കഴിഞ്ഞു എന്നിടത്താണ് വിജയം. 100 ദിവസം പിന്നിട്ട മണിപ്പൂർ കലാപത്തെ കുറിച്ച് മോദിയെക്കൊണ്ട് പാർലമെന്‍റിൽ രണ്ട് വരിയെങ്കിലും പറയിക്കാനായി. ഏറെ ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയെ പാർലമെന്‍റിൽ കണ്ടുവെന്നും ഇതിന് വേണ്ടിയാണ് ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനപ്രകാരം താൻ അവിശ്വാസപ്രമേയം അവതരിപ്പിച്ചതെന്നും കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയുടെ 37 മിനിട്ട് പ്രസംഗത്തിലുടനീളം സംഘ് പരിവാറിനെതിരെയുള്ള ശരപ്രയോഗങ്ങളായിരുന്നു. ഏറെ ഷാർപായിരുന്നു ചോദ്യങ്ങളും വ്യാഖ്യാനങ്ങളും. പ്രസംഗം തടസ്സപ്പെടുത്താൻ പലതവണ ശ്രമിച്ച ബി.ജെ.പി അംഗങ്ങളെ "നിങ്ങൾ പേടിക്കണ്ട, അദാനിയെ കുറിച്ച് ഇന്ന് ഞാനൊന്നും പറയില്ല" എന്ന് പറഞ്ഞ് പരിഹസിച്ചാണ് രാഹുൽ തുടങ്ങിയത്. ’ഹൃദയത്തിൽനിന്നു വരുന്ന ശബ്ദം ഹൃദയത്തിലേക്കാണ് പോകുക ’ എന്ന റൂമിയുടെ കവിതാശകലവും ഉദ്ധരിച്ചു. നിങ്ങളുടെ നേതാവിനെതിരെ ആക്രമിക്കുന്നില്ലെന്ന തമാശ രാഹുൽ ബി.ജെ.പി എം.പിമാരോട് പറഞ്ഞെങ്കിലും പ്രസംഗം മോദി സർക്കാറിനെതിരായ കടന്നാക്രമണമായിരുന്നു. പ്രസംഗത്തിന്റെ അവസാന ഘട്ടത്തിൽ മോദിയും, അദാനിയും, അമിത്ഷായും തമ്മിലുള്ള ബന്ധം പുരാണ കഥാപാത്രങ്ങളോട് സാമ്യപ്പെടുത്തിയും രാഹുൽ വിമർശിച്ചു. ബി.ജെ.പി അംഗങ്ങൾ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോഴും പറയാനുള്ള പലതും പറഞ്ഞാണ് രാഹുൽ നിർത്തിയത്.
'പറയാനുള്ള പലതും' എന്നതിനേക്കാളേറെ പറയാനുള്ള 'ചിലത് മാത്രമേ' രാഹുലും പ്രതിപക്ഷ സഖ്യവും സഭയിൽ ഉന്നയിച്ചിട്ടുള്ളൂ എന്ന് കാണാനാവും. രാഹുലും ഇൻഡ്യയും പരാമർശിക്കേണ്ടിയിരുന്ന മറ്റ് ചിലത് കൂടി വർത്തമാന ഇന്ത്യയിൽ നമുക്ക് ചുറ്റുമില്ലേ? മണിപ്പൂർ പോലെ ഭീകരമായത്, ചിലപ്പോൾ സാഹചര്യങ്ങളിൽ അതിലേറെ ഹീനമായ വിധത്തിൽ ഹിന്ദുത്വ ഭീകരത പ്രകടമായ ചിലത്? മണിപ്പൂരിന് പ്രാധാന്യം നൽകിയതിൽ ലവലേശം അപാകതയില്ല, എന്നാൽ ഹരിയാനയിലെ നൂഹിലെ കലാപവും ജയ്പുർ-മുംബൈ സെൻട്രൽ എക്സ്പ്രസിലെ കൊലപാതകവും രാഹുലിനും ഇൻഡ്യക്കും സഭയിൽ ഉന്നയിക്കാൻ കഴിയാതെ വന്നത് എന്ത് കൊണ്ടാണ്? മണിപ്പൂരിലും ഹരിയാനയിലും മോദി മണ്ണെണ്ണ ഒഴിച്ച് തീകത്തിക്കുകയാണെന്ന പരോക്ഷ പരാമർശം മാത്രമാണ് രാഹുൽ സഭയിൽ നടത്തിയത്. അത്ര നിസ്സാരമായി കാണേണ്ട കാര്യങ്ങളായിരുന്നോ ട്രെയിനിലെ വെടിവെപ്പും നൂഹിലെ ഇമാമിനെ പള്ളിയടക്കം അഗ്നിക്കിരയാക്കിയതും. അന്യായമായി നൂഹിലെ മുസ്ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കലാപത്തിന്‍റെ മറവിൽ ബുൾഡോസർ കൊണ്ട് തകർക്കപ്പെട്ടു. ബജ്‌രംഗ്ദൾ അനുയായികൾക്ക് പോലും സംരക്ഷണം കൊടുത്ത, എന്നാൽ കലാപവുമായി യാതൊരു വിധ അടുപ്പവുമില്ലാത്ത മുസ്ലിംകളുടെ വീടുകൾ വരെ ബുൾഡോസർ വെച്ചു തകർത്തു. കാരണം ബോധ്യപ്പെടാത്ത, അല്ലെങ്കിൽ ബോധ്യപ്പെടുത്താത്ത ആക്രമണങ്ങൾ. ഒരു വിഭാഗത്തെ മാത്രം ടാർഗെറ്റ് ചെയ്യപ്പെടുന്ന ഹീനകൃത്യം. അതിനൊരൽപ്പം അയവ് സംഭവിച്ചെന്ന് പറയാനുള്ളത് പൊളിക്കരുതെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ആശ്വാസ വിധിയാണ്.
ഇത്തരത്തിൽ അന്യായമായി നിയമങ്ങൾ കയ്യിലെടുക്കുന്നതും പൊടുന്നനെയുള്ള പ്രതികരണങ്ങളും ഫാഷിസത്തിന്‍റെ പ്രത്യയശാസ്ത്രങ്ങളാണ്. കുറ്റാരോപിതരെ പൊതുയിടത്ത് വെച്ച് വെടിവെച്ചു കൊല്ലുന്നതും, അവരുടെ വീടുകൾ തകർക്കപ്പെടുന്നതും കുടുംബത്തെ പെരുവഴിലാക്കുന്നതും അതേ ഫാഷിസത്തിന്‍റെ ശാഖകളാണ്. ഇത്തരത്തിൽ തകർക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിൽ ഇരകളാകുന്നത് അധികവും മുസ്ലിംകളാണെന്നതാണ് സത്യം.
സഹപ്രവർത്തകനെയും മൂന്ന് യാത്രക്കാരെയും ജയ്പുർ-മുംബൈ സെൻട്രൽ എക്സ്പ്രസിൽ വെച്ച് വെടിവെച്ച് കൊന്ന ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന്റെ മനോഭാവം തീർത്തും ന്യൂനപക്ഷ വെറുപ്പിന്‍റെ അതിപ്രസരം മൂലമാണ്. അദ്ദേഹത്തെ അതിന് പാകപ്പെടുത്തിയെടുത്തതിൽ സംഘ്പരിവാറിന് വ്യക്തമായ പങ്കുണ്ട് എന്നതിൽ ഒരു സംശയവുമില്ല. ഇവിടെ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്ന താക്കീത് അതിന്‍റെ ഉദാഹരണമാണ്. വെടിയുതിർക്കുന്നതിന് മുമ്പ് പേരും മറ്റും ചോദിച്ചറിഞ്ഞ് മുസ്ലിംകളെന്ന് ഉറപ്പിച്ച ശേഷമാണ് ചേതൻ സിങ്ങ് മൂവരേയും കൊലപ്പെടുത്തിയത്. ഈ ഒരു കൊലപാതകത്തിലൂടെ ഇന്ത്യയിലെ മുസ്ലിം സമൂഹം ഉൾക്കൊള്ളേണ്ട വികാരമെന്താണ്. വഴിപ്പെട്ടില്ലെങ്കിൽ മരിക്കേണ്ടി വരും എന്നാണോ..! വേദനയോടൊപ്പം പേടിയോടെയാണ് പലരും ഇതിനെ കാണുന്നത്. അത്രയും ഭീതിയുളവാക്കുന്നതാണ് സംഭവം. എലത്തൂരിലെ ട്രെയിൽ തീവെപ്പ് പ്രതിയെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മാധ്യമങ്ങളും സംഘപരിവാറും കണ്ട പ്രതിയുടെ പേരിലെ രാഷ്ട്രീയം, അയാൾ കണ്ടെന്ന് പറയപ്പെടുന്ന യൂട്യൂബ് വിഡിയോകൾ, കൈവശമുണ്ടെന്ന് പറയപ്പെട്ട ലഘുലേഖകൾ ഇവയെല്ലാം രാഷ്ട്രീയ ലാഭത്തിനും മുസ്ലിം സമൂഹത്തെ ഒന്നാകെ പ്രതിസ്ഥാനത്ത് നിർത്താനും ഉപയോഗിച്ചപ്പോൾ, ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന്റെ രാഷ്ട്രീയമോ മതമോ അയാളുടെ വിചാരധാരയേയോ എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു. കൊലക്ക് ശേഷം നടത്തിയ ആക്രോശവും ഭീഷണിയും സംഘ്പരിവാർ കാര്യാലയങ്ങളിലേക്ക് ചൂണ്ടുമ്പോഴും ഇതേക്കുറിച്ച് സഭയിൽ റെയിൽവേ മന്ത്രിയുടെ ഒരു പ്രതികരണം പോലും ആവശ്യപ്പെടാൻ പ്രതിപക്ഷത്തിനും രാഹുൽ ഗാന്ധിക്കും പറ്റാതിരുന്നത് എന്ത് കൊണ്ടാവും. ഒരു പക്ഷേ മണിപ്പൂരിനെ ഹൈലൈറ്റ് ചെയ്യുക എന്നത് തന്നെയായിരിക്കാം ഈ സഭാ സമ്മേളനത്തിലെ പ്രതിപക്ഷത്തിന്‍റെ മുഖ്യ അജണ്ട, ഗുജറാത്ത് കഴിഞ്ഞ് ഡൽഹിയും മധ്യപ്രദേശും ഉത്തർപ്രദേശും മണിപ്പൂരും കടന്ന് നൂഹിലെത്തി നിൽക്കുന്ന ഫാഷിസ അജണ്ടയായ കലാപങ്ങളെയും, ന്യൂനപക്ഷ വേട്ടകളെയും, കൊലപാതകങ്ങളെയും, അന്യായ ആക്രമങ്ങളെയും എന്നും അതിന്‍റെ വക്താക്കളെ ഓർമിപ്പിച്ചു കൊണ്ടിരിക്കുക എന്നതാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്യേണ്ട കർത്തവ്യം. നിലവിൽ പൊതുസ്വീകാര്യതയുള്ള മണിപ്പൂരിന്‍റെ വിഷയം മാത്രം കൈകാര്യം ചെയ്യുന്നതും തീവ്ര ഹിന്ദുത്വത്തിന്‍റെ നേർമുഖം വെളിവായ ട്രെയിനിലെ കൊലപാതകം മറച്ചുവെക്കപ്പെടുമ്പോഴും പ്രതിപക്ഷസഖ്യം ഉൾക്കൊള്ളുന്ന രാജ്യം നേരിടുന്ന പ്രധാന പ്രശ്നം അപ്പോൾ എന്താണ്. രാജ്യത്തുടനീളം നടക്കുന്ന ഭീകരതക്കെതിരെ പക്ഷപാതമില്ലാതെ എന്നും ശബ്ദമുയർത്തുക എന്നതും ഫാഷിസത്തെ ചെറുക്കുക എന്നതും രാഷ്ട്രീയമാണ്. മണിപ്പൂരിലെ വിഷയത്തിൽ ഇൻഡ്യ ജയിച്ചു എന്നത് ട്രെയിനിലെ വെടിവെപ്പും നൂഹിലെ ഇമാമിന്‍റെ കൊലപാതകവും മറക്കാനുള്ളതാവരുതെന്ന ഓർമപ്പെടുത്തൽ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.