കേരളത്തിെൻറ ധനപ്രതിസന്ധി ആരുടെ സൃഷ്ടി?
text_fieldsഭരണ കാലാവധി തീരാൻ മാസങ്ങൾമാത്രം ബാക്കിയുള്ള ഇടതുമുന്നണി അഞ്ചു പൂർണ ബജറ്റുകൾ അവതരിപ്പിച്ചു. കഴിഞ്ഞ നാലു വർഷ ഭരണനേട്ടങ്ങളും പറയുന്ന 2020-21 ബജറ്റ് 15000 കോടി രൂപയുടെ റവന്യൂ കമ്മിയും 25000 കോടി വായ്പയും 1103 കോടി അധിക വിഭവ സമാഹരണവും ലക്ഷ്യമിട്ടിട്ടുണ്ട്. ബജറ്റിലെ ചില പരിപാടികൾ തെരഞ്ഞെടുത്ത് 100 ദിവസ കർമപദ്ധതി ഓണസമ്മാനമായി പ്രഖ്യാപിച്ചു. 2016 മുതൽ നാലു വർഷവും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന ഭരണം 2020ലെ കോവിഡ് പശ്ചാത്തലത്തിലും വരവും ചെലവും ക്രമീകരിച്ചു പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ധന മാനേജ്മെൻറ് നയം സ്വീകരിക്കുന്നില്ല. പകരം വായ്പ എടുത്തു വികസനപ്രവർത്തനം വഴി നവകേരള നിർമാണം എന്ന പ്രഖ്യാപനം ആവർത്തിക്കുന്നു. ബജറ്റിനു പുറത്ത് 50,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ കിഫ്ബി വഴി നടത്തുമെന്നു 2016ൽ പ്രഖ്യാപനം നടത്തിയെങ്കിലും 2020ൽ 57,000 കോടി ആയി ഉയർത്തിയിട്ടുണ്ട്. വീണ്ടും 60,000 കോടി ആയി ഉയർത്തിയിരിക്കുകയാണ്. ഇതിനുവേണ്ട മൂലധനം വായ്പവഴി സംഭരിക്കുമെന്നു നിരന്തരം പ്രഖ്യാപിക്കുന്നു. 2016ൽ കേരളത്തിെൻറ മൊത്തം കടബാധ്യത 1,57,370 കോടിയായിരുന്നത് നാലുവർഷം കഴിഞ്ഞു 2019-20ൽ 264,450 കോടി ആയി ഉയർന്നിരിക്കുന്നു. ആഭ്യന്തര പൊതു കടം 1,02,496 കോടിയിൽനിന്നും 1,75,976 കോടിയായി ഉയർന്നു. ഇതിനു പുറമേയാണ് കിഫ്ബി വഴിയുള്ള 60,000 കോടിയുടെ വായ്പ. കഴിഞ്ഞ നാലു വർഷവും വാർഷിക പദ്ധതി വിനിയോഗം 80 ശതമാനത്തിനു താഴെയാണ്. സാമ്പത്തിക പ്രതിസന്ധികാരണം 2020-21ൽ വാർഷിക പദ്ധതി അടങ്കൽതന്നെ 3000 കോടി വെട്ടിക്കുറച്ചു 2019-2020 ലെ 30310 കോടിയിൽനിന്നും 27610 കോടി ആയി താഴ്ത്തി. 2019-20ൽ വാർഷിക പദ്ധതി വിനിയോഗം കേവലം 62 ശതമാനം മാത്രവും.
2018ലെ പ്രളയവും 2019ലെ പ്രളയ ആവർത്തനവും തളർത്തിയ സമ്പദ്ഘടനയെ പുനർനിർമിച്ചു നവകേരള നിർമാണം നടത്തുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ലോകബാങ്ക് തയാറാക്കിയ 30,000 കോടിയുടെ പ്രളയ പുനരധിവാസവും നവകേരള സൃഷ്ടിയും പ്രഖ്യാപിച്ചിട്ടും ധന മാനേജ്മെൻറ് വികലവും വിരസവുമായി തുടരുകയാണ്. 1919-20െൻറ രണ്ടാം പകുതിയോടെ രൂക്ഷമായ ധനപ്രതിസന്ധി പരിഹരിക്കാതെ വർഷാവസാനം ഭരണകൂടം പ്രതിസന്ധി ഗുരുതരമാക്കിയെടുത്തു. തനതു വരുമാനവും കേന്ദ്ര വിഹിതവും കുറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം വായ്പ പരിധി മൂന്നു ശതമാനത്തിൽ നിർത്തുകയും ചെയ്തു. കോവിഡും വരുമാന താഴ്ചയും വിലയിരുത്താതെ 2021ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു 2021 ബജറ്റ് തയാറാക്കി. ഇങ്ങനെ തയാറാക്കിയ 2021 ബജറ്റ് കോവിഡ് 19 പശ്ചാത്തലത്തിൽ അപ്രസക്തമായി. കോവിഡ് ചെലവുകളും വിഭവപരിമിതിയും വിലയിരുത്തി ബജറ്റ് പുനഃക്രമീകരിക്കാൻ ശ്രമിച്ചില്ല. പകരം ജി.എസ്.ടി നഷ്ടപരിഹാരവും കേന്ദ്ര വിഹിതവും വായ്പപരിധിയും ഉയർത്തിക്കാട്ടി കേന്ദ്ര നയങ്ങളെ വിമർശിച്ചു ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയാണ്. ഇതുവഴി പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. 2020 ഏപ്രിൽവരെയുള്ള ജി.എസ്.ടി. നഷ്ടം കേന്ദ്രം നൽകി. കേരളത്തിനു നഷ്ടപരിഹാരമായി കിട്ടാനുള്ള 7000 കോടിയും കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇത്രയും കിട്ടിയാലും പരിഹരിക്കാവുന്നതല്ല കേരളത്തിെൻറ ഇന്നത്തെ ധനപ്രതിസന്ധി.
പതിനാലാം ധനകാര്യ കമീഷൻ കേരളത്തിനു 2015-20ൽ ധനകമ്മി ഗ്രാൻറായി 9559 കോടി നൽകി. ഇതിൽ നാലു വർഷവും ഇടതുമുന്നണി ഭരണകാലത്താണ്. പതിനഞ്ചാം ധനകാര്യ കമീഷൻ 15,323 കോടി 2020-21ലേക്ക് മാത്രമായി ധന കമ്മി ഗ്രാൻറ് നിർദേശിച്ചു. ഏപ്രിൽ മുതൽ 1276 കോടി എന്ന ക്രമത്തിൽ എല്ലാ മാസവും നൽകുന്നുമുണ്ട്. വായ്പപരിധി മൂന്നു ശതമാനത്തിൽനിന്നു കോവിഡ് പാക്കേജിെൻറ ഭാഗമായി അഞ്ചു ശതമാനമായി 2020-21ലേക്ക് ഉയർത്തുകയും ചെയ്തു. 2020-21 ബജറ്റിലെ പ്രതീക്ഷിത വായ്പ 24,490 കോടിയാണ്. കോവിഡ് പാക്കേജിെൻറ ഭാഗമായി വായ്പ പരിധി ഉയർത്തിയപ്പോൾ ഏകദേശം 18,500 കോടി രൂപ 2021ൽ അധികവായ്പ എടുക്കാം. ഇതുവഴി 2020-21ൽ വായ്പയായി ആകെ ഏകദേശം 42,990 കോടി (24490+18500) എടുക്കാം. ചുരുക്കത്തിൽ 2020-21ൽ കേരളത്തിനു ധന കമ്മി ഗ്രാൻറായി 15,323 കോടിയും അധിക വായ്പയായി 18,500 കോടിയും ചേർത്തു ആകെ 33,823 കോടി അധികം ലഭിക്കും. ഇതിനു പുറമെയാണ് കോവിഡ് സഹായ ഫണ്ടിലേക്ക് ഉദ്യോഗസ്ഥരുടെ മാസവേതനത്തിൽനിന്നു 20 ശതമാനംെവച്ചു ആറു മാസത്തേക്കു പിടിച്ച ഏകദേശം 2600 കോടി.
രണ്ടു കാര്യങ്ങൾ ഇവിടെ വിലയിരുത്തണം. ഒന്ന് വികൃതവും അശാസ്ത്രീയവുമായ ഭരണകൂട ധന മാനേജ്മെൻറ് വഴി കേരളം 2018-19 മുതൽ അതിരൂക്ഷ ധനപ്രതിസന്ധിയിലാണ്. വരവും ചെലവും ശാസ്ത്രീയമായി പരിഷ്കരിച്ചു പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. കോവിഡ് വ്യാപനവും ലോക്ഡൗൺ പ്രഖ്യാപനവും സമ്പദ്ഘടനയെ തളർത്തിയിട്ടും ധന മാനേജ്മെൻറ് നയം വ്യക്തമാക്കാൻ ധനമന്ത്രി ശ്രമിച്ചിട്ടില്ല. മറിച്ച് കേന്ദ്ര വായ്പ പരിമിതിയും ജി.എസ്.ടി നഷ്ടപരിഹാരവും പറഞ്ഞു ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നടത്തുന്നത്.
രണ്ട്, കേന്ദ്ര ഗവൺമെൻറിൽനിന്നുള്ള കോവിഡ് ധനസഹായം കോവിഡ് ദുരിതാശ്വാസ നിധി, സാലറി ചലഞ്ച്, മറ്റു േസ്രാതസ്സുകൾവഴി ആകെ എത്ര ഫണ്ട് ഇതുവരെ ലഭിച്ചു, അധിക കോവിഡ് ചെലവുകൾ എത്ര എന്നിവയെപ്പറ്റി വ്യക്തമായ വിവരങ്ങൾ പൊതുജനത്തെ അറിയിക്കുന്നില്ല. സുതാര്യമായ വരവു ചെലവ് കണക്കിനും ശാസ്ത്രീയ ധന മാനേജ്മെൻറിനും ശ്രമിക്കാതെ വീണ്ടും വായ്പക്കും സാലറി കട്ടിനും പോകുന്ന നയം സംസ്ഥാന ഗവൺമെൻറ് നിയന്ത്രിക്കണം. കഴിഞ്ഞ നാലരവർഷം ചെയ്യാൻ കഴിയാത്ത വികസനം 'നൂറു ദിവസം, നൂറിന കർമപരിപാടി' ധനപ്രതിസന്ധി വിലയിരുത്താതെ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പ്രതിദിന ഉദ്ഘാടനങ്ങളും പരസ്യവും അതിെൻറ ചെലവുകളും കേവലം രാഷ്ട്രീയനേട്ടങ്ങൾക്കുള്ളതാണ്. ഇതിെൻറ ലക്ഷ്യം ജനക്ഷേമവും സമഗ്ര വികസനവുമല്ല.
2020-21 ബജറ്റ് പ്രഖ്യാപനം
ബജറ്റിനു പുറത്തെ മാന്ദ്യവിരുദ്ധ കിഫ്ബി പരിപാടിയും കേരള പുനർനിർമാണവുമാണ് 2020-21 ബജറ്റ് സവിശേഷത. ആകെ 50,000 കോടിയുടെ ആസ്തി വികസനം ലക്ഷ്യമിട്ട കിഫ്ബി 60,000 കോടി ചെലവാക്കുമെന്നാണ് 20-21ലെ പ്രഖ്യാപനം. ഇതിനാവശ്യമായ മൂലധന സമാഹരണത്തെപ്പറ്റി മൗനവുമാണ്. എ.ജിയുടെ ഒാഡിറ്റും ഇ.ഡിയുടെ അന്വേഷണനിർദേശവും ഒക്കെയായി കിഫ്ബിയുടെ ഭാവി എന്തെന്നു വ്യക്തവുമല്ല. നിരവധി വികസന േപ്രാജക്ടുകൾ 2019-20ലും 2020-21ലും പ്രഖ്യാപിച്ചു. ഇതിൽ 6,000 കോടിയുടെ കൊച്ചി മെേട്രാ സിറ്റി ഹബ്, 60,000 കോടിയുടെ ഹൈസ്പീഡ് റെയിൽ, വെസ്റ്റ് കോസ്റ്റ് ദേശീയ പാത, തീരദേശ-മലയോര ഹൈവേകൾ, 1022 കോടിയുടെ ഡിസൈൻഡ് റോഡു വർക്ക്, 5000 കോടിയുടെ തീരദേശ വികസനം മുതലായ പശ്ചാത്തല വികസനപരിപാടികൾക്ക് കോവിഡും ധനപ്രതിസന്ധിയും വഴി എന്ത് സംഭവിക്കും? 2020-21ലെ ആവർത്തന പാക്കേജായ 2400 കോടിയുടെ രണ്ടാംഘട്ട കുട്ടനാട് പാക്കേജ്, 1000 കോടിയുടെ വയനാട് പാക്കേജ്, 100 കോടിയുടെ ഇടുക്കി പാക്കേജ്, 100 കോടിയുടെ കാസർകോട് പാക്കേജ്. 175 കോടിയുടെ തരിശ് രഹിത കൃഷി -എല്ലാം ധനപ്രതിസന്ധിയിലെന്താകും? അതുപോലെ ആവർത്തന പദ്ധതികളായ റൈസ് പാർക്ക്, റബർ പാർക്ക് എങ്ങും എത്തുന്നില്ല. ഇതെല്ലാം വിസ്മരിച്ചാണ് നൂറിന കർമപരിപാടിയും പ്രതിദിന പ്രഖ്യാപനവും ഉദ്ഘാടനവും പരസ്യവുമായി ഗവൺമെൻറ് മെഷിനറി പ്രവർത്തിക്കുന്നത്.
ചെലവ് ചുരുക്കലും അധിക വിഭവസമാഹരണവും
2020-21 ബജറ്റ് നിരവധി ചെലവു ചുരുക്കൽ മാർഗങ്ങൾ പ്രഖ്യാപിച്ചു. ക്ഷേമ പെൻഷൻ വാങ്ങുന്ന അനർഹരായ 4.9 ലക്ഷം പേരെ ഒഴിവാക്കി 700 കോടി ലാഭിക്കുമെന്നു പറഞ്ഞു. ഉദ്യോഗസ്ഥ പുനർവിന്യാസം, മൂല്യവർധിത നികുതി ഇനത്തിലുള്ള 13000 കോടി കുടിശ്ശിക പിരിച്ചെടുക്കും, 1103 കോടിയുടെ അധിക വിഭവ സമാഹരണം നടത്തും എന്നൊക്കെ 2020-21 ബജറ്റ് പറഞ്ഞു. ചുരുക്കത്തിൽ അധികവായ്പ 18500 കോടിയും കേന്ദ്ര ധനകമ്മി ഗ്രാൻറ് 15323 കോടിയും മൂല്യവർധന നികുതി കുടിശ്ശികയായ 13,000 കോടിയും സാലറി ചലഞ്ച് വഴി പ്രതീക്ഷിക്കുന്ന 3675 കോടിയും ചേർന്നാൽ 50,498 കോടി രൂപ വരും. ഇതുവഴി പരിഹരിക്കാവുന്നതല്ലേ കേരള ധനപ്രതിസന്ധി? സ്പ്രിൻക്ല്ർ, ഇ-മൊബിലിറ്റി, സ്വർണക്കടത്ത്, ലൈഫ് മിഷൻ മുതലായ ആരോപണ പ്രതിരോധവുമായി ഭരണകൂടം നിൽക്കുമ്പോൾ ധന മാനേജ്മെൻറ് കേരളത്തെ എങ്ങും എത്തിക്കില്ല. 2019-20ലെ മൊത്തം പ്രതീക്ഷിത കടബാധ്യത 2,64,450 കോടിയും 2020-21 പൊതു കടമായ 42,990 കോടിയും കിഫ്ബിയുടെ 60,000 കോടിയും ചേർത്താൽ 2020-21 അവസാനം കേരളത്തിെൻറ കടബാധ്യത 3,67,440 കോടി രൂപയാകും. വരും വർഷങ്ങളിൽ ഇതു വലിയ ധനപ്രതിസന്ധി സൃഷ്ടിക്കും.
n
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.