പേരറിവാളന്റെ മോചനം ഇത്ര വൈകിച്ചതാര്?
text_fieldsനിരപരാധിയായ ഒരു പൗരന് രാജ്യത്തെ ഭരണാധികാരികളും എക്സിക്യൂട്ടിവും ബോധപൂർവം നീതി നിഷേധിക്കുമ്പോൾ അതിലിടപെട്ട് നീതി നടപ്പാക്കാൻ സുപ്രീംകോടതിക്ക് നമ്മുടെ ഭരണഘടന നൽകിയിട്ടുള്ള സുപ്രധാനമായ അധികാരമാണ് ഭരണഘടനയിലെ 142ാം വകുപ്പ്. രാജീവ് ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട് 30 വർഷം ജയിൽവാസമനുഭവിച്ച പേരറിവാളനെ പരമോന്നതമായ ഈ അധികാരം ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന നീതിബോധത്തിന്റെയും പേരറിവാളന്റെ അമ്മ അർപുതം അമ്മാളിന്റെ നിയമപോരാട്ടത്തിന്റെയും വിജയം കൂടിയായി ഈ മോചനം വിലയിരുത്തപ്പെടുന്നു.
പേരറിവാളനെ വിട്ടയക്കണമെന്ന ശിപാർശ 2018ൽ തമിഴ്നാട് സർക്കാർ ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ, ശിപാർശ നീട്ടിക്കൊണ്ടുപോയ ഗവർണർ പിന്നീടത് രാഷ്ട്രപതിക്ക് കൈമാറി. ഇത് ചോദ്യം ചെയ്ത് പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചു. ഇതിലാണ് ഇപ്പോൾ ഈ വിധിയുണ്ടായിരിക്കുന്നത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമിക്കാൻ ബാറ്ററി വാങ്ങിനൽകി എന്നായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാൽ, ബാറ്ററി വാങ്ങി നൽകിയത് എന്തിനായിരുന്നുവെന്ന് പേരറിവാളന് അറിയില്ലായിരുന്നു എന്ന് പിന്നീട് അന്വേഷണ സംഘം തന്നെ വെളിപ്പെടുത്തി. എന്താവശ്യം എന്നറിയാതെ ആയിരുന്നു ബാറ്ററികൾ വാങ്ങി നൽകിയതെന്ന പേരറിവാളന്റെ മൊഴി രേഖപ്പെടുത്താതെയാണ് പ്രതിയാക്കിയതെന്നാണ് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജൻ 2017ൽ വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തുറന്നുപറയുമ്പോൾ പേരറിവാളന്റെ ജയിൽ ജീവിതത്തിന് 26 വർഷം പൂർത്തിയായിരുന്നു.
1998ൽ പേരറിവാളനടക്കം 26 പേർക്ക് വധശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. 1999ൽ സുപ്രീംകോടതി 19 പ്രതികളെ വെറുതെ വിട്ടു. പേരറിവാളനും മൂന്നുപേർക്കും വധശിക്ഷയും മൂന്നുപേർക്ക് ജീവപര്യന്തവും വിധിച്ചു. വധശിക്ഷ ഇളവ് നൽകുന്നതിന് നൽകിയ ദയാഹരജിയിൽ തീരുമാനം അറിയാൻ 2011വരെ കാത്തിരിക്കേണ്ടിവന്നു. ദയാഹരജി രാഷ്ട്രപതി തള്ളി. മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ജയിലിൽ കുഞ്ഞിന് ജന്മം നൽകിയ നളിനിയുടെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യപ്പെട്ടത് സോണിയ ഗാന്ധിയുടെ ഇടപെടലിന്റെ കൂടി ഫലമായിരുന്നു.
ദയാഹരജി പരിഗണിക്കുന്നതിൽ വരുത്തിയ കാലതാമസം പരിഗണിച്ച് 2014ൽ സുപ്രീംകോടതി പേരറിവാളന്റെയും മറ്റ് രണ്ടുപേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഇതോടെ ജീവപര്യന്തം തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സംസ്ഥാന സർക്കാറിന്റെ അധികാരം ഉപയോഗിച്ച് 2014ൽ അന്നത്തെ ജയലളിത സർക്കാർ പേരറിവാളനടക്കം ഏഴുപേരെയും മോചിപ്പിക്കാൻ ഉത്തരവിട്ടു.
സുപ്രീംകോടതി ഇത് തടഞ്ഞു. പിന്നീട് പേരറിവാളൻ ഗവർണർക്ക് ദയാഹരജി സമർപ്പിച്ചു. ദയാഹരജി പരിഗണിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ പിൻബലത്തിൽ 2018ൽ ഏഴു തടവുകാരെയും മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഗവർണറോട് ശിപാർശ ചെയ്തു. തമിഴ്നാട്ടിലെ മൂന്ന് മുഖ്യമന്ത്രിമാർ ഈ പ്രതികളുടെ മോചനത്തിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ, ശിപാർശയിൽ തീരുമാനമെടുക്കാൻ രണ്ടുവർഷത്തോളം വൈകിപ്പിച്ച ഗവർണർ അവസാനം ഈ ഹരജി രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
കുറ്റവാളിയെ വിട്ടയക്കാൻ മന്ത്രിസഭ ശിപാർശ ചെയ്താൽ അത് അംഗീകരിക്കുന്നതിന് ഭരണഘടനപരമായി ഗവർണർക്ക് ബാധ്യതയുണ്ട്. ഭരണഘടനയിലെ 161ാം വകുപ്പ് ഉപയോഗിക്കുന്നതിൽ ഗുരുതരമായ അലംഭാവമാണ് തമിഴ്നാട് ഗവർണർ കാട്ടിയത്. ഈ വിഷയം സുപ്രീംകോടതിയുടെ പരിശോധനക്ക് വിഷയമായിട്ടുണ്ട്. ഗവർണർ ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടിരിക്കുന്നത്.
ഗവർണർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടന അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. നിർഭാഗ്യവശാൽ പേരറിവാളനെയും മറ്റും മോചിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം ബോധപൂർവം വെച്ചുതാമസിപ്പിക്കുകയാണ് തമിഴ്നാട് ഗവർണർ ചെയ്തത്. എന്തായാലും ഇത് നഗ്നമായ ഭരണഘടന ലംഘനമാണെന്ന് പരമോന്നത കോടതി അടിവരയിട്ട് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും നൂറുകണക്കിന് നിരപരാധികൾ റിമാൻഡിലും ശിക്ഷിക്കപ്പെട്ടും കൽത്തുറുങ്കുകളിൽ അടക്കപ്പെട്ടിരിക്കുകയാണ്. ഇവരുടെ കേസുകൾ ഫലപ്രദമായി നടത്താനോ യഥാസമയം വിചാരണ നടത്താനോ ആവശ്യമായ ചികിത്സ ഉറപ്പാക്കാനോ ഒന്നും വേണ്ട കാര്യങ്ങൾ നിറവേറ്റപ്പെടാതെ പോകുന്നുണ്ട്. ഇപ്രകാരം ജയിലിലടക്കപ്പെട്ടവരിൽ മഹാഭൂരിപക്ഷവും ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരുമാണെന്നുള്ള യാഥാർഥ്യം വിസ്മരിക്കാനാവില്ല.
ഇവിടെ പേരറിവാളന് മോചനം നൽകാനുള്ള അധികാരം ഗവർണർക്ക് ഭരണഘടനപരമായി തന്നെ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെ ഹരജി പ്രസിഡൻറിനയച്ച് മോചനം അനിശ്ചിതമായി താമസിപ്പിക്കാനാണ് തമിഴ്നാട് ഗവർണർ ശ്രമിച്ചത്. ഏറ്റവും രസകരമായിട്ടുള്ള കാര്യം, മോചനാധികാരം ഭരണഘടനപരമായി ഗവർണർക്കുണ്ടെന്നിരിക്കെ, പ്രസിഡന്റിന് മാത്രമേ ഈ അധികാരമുള്ളൂവെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചതാണ്. ഇത്രയും കാലം വിവിധ സംസ്ഥാന ഗവർണർമാർ പ്രതികൾക്ക് മാപ്പനുവദിച്ചതെല്ലാം ഭരണഘടന വിരുദ്ധമാണ് എന്നാണോ അർഥമാക്കുന്നതെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന്റെ പ്രോസിക്യൂട്ടറോട് ചോദിക്കുകയും ചെയ്തു.
നമ്മുടെ രാജ്യത്തെ അധികാരികൾ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരോടൊപ്പമല്ലെന്ന് വിളിച്ചറിയിക്കുന്ന സംഭവങ്ങൾക്കിടയിൽ, വൈകിയ വേളയിലെങ്കിലും പേരറിവാളന് മോചനം ലഭിച്ചുവെന്നത്, ദുർബലമെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന നീതിന്യായ സംവിധാനത്തിന്റെ വിജയം തന്നെയാണ്.
(കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ്
അംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.