ഒ.ബി.സി വിഭാഗങ്ങളെ ആർക്കാണ് വേണ്ടാത്തത്
text_fieldsപെഗസസ് ചാരവൃത്തിയും കർഷക സമരവും പാർലമെൻറിനകത്തും പുറത്തും കത്തിനിൽക്കുേമ്പാൾ അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മോദി സർക്കാർ ഉപയോഗിച്ചതായിരുന്നു മദ്രാസ് ഹൈകോടതിയുടെ ഒ.ബി.സി സംവരണ വിധി. മെഡിക്കൽ, ഡെൻറൽ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് ഒരാഴ്ചകൊണ്ട് സംവരണം നൽകിയിെല്ലങ്കിൽ കോടതിയലക്ഷ്യ നടപടി കിട്ടുമെന്ന് കണ്ടപ്പോൾ എടുക്കേണ്ടി വന്ന തീരുമാനത്തെ പിന്നാക്ക വിഭാഗങ്ങൾക്കുള്ള തെൻറ സർക്കാറിെൻറ സമ്മാനമായി ആഘോഷിച്ച് വീണത് വിദ്യയാക്കാനായിരുന്നു പ്രധാനമന്ത്രിയുെട പദ്ധതി. മെഡിക്കൽ, ഡെൻറൽ കോഴ്സുകളിൽ 27 ശതമാനം ഒ.ബി.സി സംവരണം നൽകിയത് ചരിത്ര തീരുമാനമായി മോദിതന്നെ ട്വീറ്റ് ചെയ്തു.
ഇതിനു ശേഷം ഒ.ബി.സി സംവരണത്തിന് അർഹതയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങളെ നിർണയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള ഭരണഘടനാഭേദഗതി ബില്ലിനും കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ കേരളത്തിലെ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്തിയതിനെയും സുപ്രീംകോടതി വിധി ബാധിച്ചിരിക്കുന്നതിനാൽ ഇൗ ഭരണഘടനാഭേദഗതി ഏറെ നിർണായകമാണ്. കേന്ദ്ര സർക്കാറിെൻറ നിർദേശാനുസാരം മേലൊപ്പ് ചാർത്തുന്ന രാഷ്ട്രപതിക്ക് പിന്നാക്ക വിഭാഗങ്ങളെ നിർണയിക്കാനുള്ള അധികാരം നൽകി സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളഞ്ഞ മോദി സർക്കാർതന്നെ ഇപ്പോൾ അതു പുനഃസ്ഥാപിക്കാൻ മറ്റൊരു ഭേദഗതി കൊണ്ടുവരുന്നു എന്നതാണ് രസകരം.
സംവരണ രാഷ്ട്രീയത്തിെൻറ കേരള മോഡൽ വൈരുധ്യം
2018ലെ 102ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് ദേശീയ പിന്നാക്ക വിഭാഗ കമീഷന് (എൻ.സി.ബി.സി) ഭരണഘടനാ പദവി നൽകാനും അതിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമ പരിപാടികളും പദ്ധതികളും ഉറപ്പുവരുത്താനുമായിരുെന്നങ്കിലും പിന്നാക്ക വിഭാഗങ്ങളെ നിർണയിക്കാനുള്ള സംസ്ഥാനത്തിെൻറ അധികാരം എടുത്തുകളയുന്നതിലാണ് അതു കലാശിച്ചത്. മഹാരാഷ്ട്ര സർക്കാർ മറാത്തകൾക്ക് നൽകിയ സംവരണം സുപ്രീംകോടതി എടുത്തുകളഞ്ഞതുപോലെ കേരള സർക്കാർ ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് നൽകിയ ഒ.ബി.സി സംവരണം കേരള ഹൈകോടതി സ്റ്റേ ചെയ്തിരിക്കുന്നു. ഹരജിയിൽഅന്തിമ വിധി വന്നിട്ടില്ലെങ്കിലും ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സി പട്ടികയിലാക്കിയത് സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ പോകുമെന്ന് കേരള സർക്കാർ ഉടൻ പ്രതികരിച്ചിട്ടുണ്ട്.
ഇൗ കാണിച്ച ആവേശം കേരളത്തിലെ ഒ.ബി.സി വിഭാഗങ്ങൾക്ക് മെഡിക്കൽ, ഡെൻറൽ പി.ജി കോഴ്സുകളിൽ 30 ശതമാനം സംവരണം നൽകണമെന്ന പിന്നാക്ക വികസന കമീഷൻ ശിപാർശ നടപ്പാക്കുന്നതിലുണ്ടായില്ല. മദ്രാസ് ഹൈകോടതി കോടതിയലക്ഷ്യ നടപടി കാണിച്ച് മുന്നറിയിപ്പ് നൽകിയപ്പോൾ കേന്ദ്ര സർക്കാർ 27 ശതമാനം ഒ.ബി.സി സംവരണം അനുവദിെച്ചങ്കിലും സമാനമായ കേസിൽ കേരള ഹൈകോടതി ഉത്തരവിനെ തുടർന്ന് പിന്നാക്ക വികസന കമീഷൻ നൽകിയ ശിപാർശ തള്ളി സംവരണം 30 ശതമാനത്തിനു പകരം കേവലം ഒമ്പത് ശതമാനമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ജാതി സെൻസസിന് ആവശ്യക്കാരേറുന്നു
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കണ്ണുവെച്ച് ഒ.ബി.സി സംവരണം ചർച്ചയാക്കിയത് മോദിക്കുതെന്ന കെണിയാകും വിധം ദേശീയ തലത്തിൽ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ജാതി സെൻസസ് ആവശ്യം ഉയർന്നുവന്നിരിക്കുകയാണിപ്പോൾ. മണ്ഡൽ കമീഷൻ റിപ്പോർട്ട് ശിപാർശ പ്രകാരം മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 27ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ തുടർന്ന് രാഷ്ട്രീയ സമവാക്യങ്ങൾ മാറിയ ബിഹാറിൽനിന്നാണ് ജാതി തിരിച്ച സെൻസസിനും ഏറ്റവും ശക്തമായ ആവശ്യമുയർന്നിരിക്കുന്നത്. ഈ ആവശ്യവുമായി ഒരു സർവകകക്ഷി പ്രതിനിധി സംഘത്തെ ഡൽഹിയിലേക്ക് അയക്കാൻ ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ചർച്ച ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കേന്ദ്രം തയാറായില്ലെങ്കിൽ ബിഹാർ സർക്കാർ സ്വന്തം നിലക്ക് ജാതി അടിസ്ഥാനമാക്കി സെൻസസ് നടത്തണമെന്നാണ് തേജസ്വിയുടെ ആവശ്യം. എന്നാൽ, സംസ്ഥാനമല്ല കേന്ദ്ര സർക്കാറാണ് സെൻസസ് നടത്തേണ്ടതെന്ന് തേജ്വസിയെ ഓർമിപ്പിച്ച നിതീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നൽകിയാൽ വിഷയവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജാതി സെൻസസ് ഒരു വിഭാഗത്തെ അസ്വസ്ഥരാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറയുന്നു.
മുൻ ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയും ആവശ്യത്തെ പിന്തുണച്ചതോടെ ബിഹാറിൽ ജാതി തിരിച്ചുള്ള സെൻസസിനെ പിന്തുണക്കാത്ത ഏക പാർട്ടിയായി ബി.ജെ.പി മാറിയിരിക്കുകയാണ്.ഒ.ബി.സി വിഭാഗങ്ങളുടെ ജാതി സെൻസസിന് നടപടി കൈക്കൊണ്ടാൽ പാർലമെൻറിനകത്തും പുറത്തും ബി.എസ്.പി കേന്ദ്ര സർക്കാറിന് പിന്തുണ നൽകുമെന്ന് പറഞ്ഞ് ഉത്തർപ്രദേശിൽ മായാവതി ഒരു മുഴം നീട്ടി എറിഞ്ഞു. ഉത്തർപ്രദേശ് നിയമസഭ തെരെഞ്ഞടുപ്പിന് ബി.ജെ.പിയും സമാജ് വാദി പാർട്ടിയും ശക്തമായി പ്രചാരണരംഗത്തിറങ്ങിയ ഘട്ടത്തിലാണ് മായാവതി ഇൗ ആവശ്യമുന്നയിച്ചത്.
ജാതി സെൻസസിനെ ഭയക്കുന്ന കേന്ദ്രം
2015ൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ ജാതി അടിസ്ഥാനമാക്കി ഒരു സാമൂഹിക-വിദ്യാഭ്യാസ സർവേ നടത്തിയിരുന്നു. എന്നാൽ, അതിലെ കണ്ടെത്തലുകൾ പുറത്തുവിടാൻ പിന്നീട് വന്ന ബി.ജെ.പി സർക്കാർ തയാറാകുന്നില്ല. ദാരിദ്ര്യം കണ്ടെത്താൻ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് (എസ്.ഇ.സി.സി) കേന്ദ്ര ഗ്രാമീണ, നഗര വികസന മന്ത്രാലയങ്ങൾ നടത്തിയെങ്കിലും അതിെൻറ റിപ്പോർട്ടും പുറത്തുവിട്ടില്ല. ഇന്ത്യൻ സമൂഹത്തിൽ സർക്കാറിെൻറ ക്ഷേമ പരിപാടികളും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളും ജാതികേന്ദ്രീകൃതമായാണ് നടക്കുന്നതെങ്കിലും തദടിസ്ഥാനത്തിൽ സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ-തൊഴിൽ സ്ഥിതിവിവരക്കണക്ക് ശേഖരിക്കാറില്ല.
സ്വതന്ത്ര ഇന്ത്യയിൽ പട്ടിക ജാതി-വർഗ വിഭാഗങ്ങളുടെ െസൻസസ് മാത്രമാണ് ജാതിയുടെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജാതിസമൂഹമായ മറ്റു പിന്നാക്ക വിഭാഗങ്ങളെ ഇതിലുൾപ്പെടുത്താറില്ല. സെൻസസിൽ ജാതി ഉൾപ്പെടുത്തുമെന്ന് 2018ൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി പിന്നീട് അതിൽനിന്ന് പിന്നോട്ട് പോയി. കഴിഞ്ഞ ജൂലൈ 20ന് പാർലമെൻറിൽ നൽകിയ മറുപടിയിലും ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.