വ്യക്തിഹത്യകൊണ്ട് പ്രയോജനം നേടുന്നതാര്?
text_fieldsഭരണം അഞ്ചാം കൊല്ലത്തിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് രാഷ്ട്രീയവിവാദങ്ങളും ആരോപണ പ്രത്യാരോപണ യുദ്ധങ്ങളും പതിവാണ്. ഭരണവിരുദ്ധ വികാരങ്ങളും അഴിമതിയാരോപണങ്ങളും കൊണ്ട് അന്തരീക്ഷം പരമാവധി ചൂടുപിടിക്കുന്നത് പുതുമയില്ലാത്ത നാടാണ് കേരളം.
എന്നാൽ ഇത്തവണ പതിവ് പലതും തെറ്റിച്ച് തുടർഭരണം എന്ന സ്വപ്നം നാലാണ്ട് കാലവും കാത്തുെവച്ച് അവസാന നാളിലേക്ക് കടക്കുമ്പോഴാണ് സ്വപ്നങ്ങൾക്കുമേൽ സ്വർണക്കടത്തുമായി സ്വപ്നതന്നെ വന്നുപതിച്ചത്. ഇതോടെ ഭരണപക്ഷത്തിെൻറ പതിവ് പ്രതീക്ഷക്ക് മങ്ങലേറ്റപ്പോൾ പ്രതിപക്ഷത്തിന് സ്വാഭാവികമായ സ്വർണത്തിളക്കമുണ്ടായി.
ഇതോടെ മുഖ്യമന്ത്രിയുടെ സായാഹ്ന വാർത്താവിതരണത്തേക്കാൾ കേൻറാൺമെൻറ് ഹൗസിലെ പ്രതിപക്ഷ നേതാവിെൻറ വാചകക്കസർത്തിന് പതിവിന് വിപരീതമായി കൈയടി കിട്ടി. മുഖ്യമന്ത്രിയുടെ കോവിഡ് വിശദീകരണസമ്മേളനത്തിെൻറ കൂടുതൽ ഭാഗം പ്രതിപക്ഷത്തിനുള്ള മറുപടിയായി മാറി.
പക്ഷേ, മറുപടിയുടെ വഴിമാറ്റാൻ പാർട്ടി സെക്രട്ടറിതന്നെ പാർട്ടിപത്രത്തിലൂടെ രംഗത്തുവന്ന ശൈലിയാണ് പരിശോധിക്കേണ്ടത്. എതിർപാർട്ടിയേയോ മുന്നണിയേയോ നേരിടുക എന്ന ശൈലിവിട്ട് പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി ആക്രമിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പ്രതിപക്ഷ നേതാവിനെ സംഘ്പരിവാറുകാരനാക്കി ചെന്നിത്തലയുടെ രാഷ്ട്രീയ ഡി.എൻ.എ യിൽ സംശയം പ്രകടിപ്പിച്ചതോടെ വിവാദത്തിെൻറ വഴിമാറി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഭരണ രീതികളെയും ചെയ്തികളെയും അക്കമിട്ട് വിളിച്ചുപറഞ്ഞതോടെ പലപ്പോഴും പിടിവാശികൾ അയഞ്ഞു എന്നതാണ് നേര്. സ്പ്രിൻക്ലർ കരാർ അടക്കം പല കൺസൾട്ടൻസി കരാറുകളും ഇല്ലാതാക്കിയതും കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ മുന്നോട്ടുവെച്ച നിബന്ധനകളിൽനിന്ന് പിന്നോട്ടു പോയതും പ്രതിപക്ഷത്തിന് നേട്ടമായി.
അവസാന ലാപ്പിൽ രമേശ് ചെന്നിത്തല കളമറിഞ്ഞ് കളിച്ച് വലകുലുക്കിയപ്പോൾ എക്സ്ട്രാ ടൈമിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കസ്റ്റംസിെൻറയും എൻ.ഐ.എയുടെയും ഓഫിസുകളിലിരുന്ന് മണിക്കൂറുകളോളം വിയർത്തതോടെ ക്ലിഫ് ഹൗസാണ് ഉലഞ്ഞത്. ഇതോടെ ന്യൂനപക്ഷങ്ങളിൽ കണ്ണിട്ട് ഭരണപക്ഷം ആർ.എസ്.എസ് ആരോപണമെറിഞ്ഞു.
ചെന്നിത്തലയുടെ ജാതി ഒരു പ്രശ്നമാക്കി ഉയർത്തി മുസ്ലിം ന്യൂനപക്ഷത്തെ തന്നെ ഉന്നം െവച്ചു. തുർക്കിയിലെ ഹാഗിയ സോഫിയയെ കുറിച്ച് നിലപാട് പറയണം എന്നുവരെ തട്ടിവിട്ടു. വിശ്വാസം മാത്രമല്ല, അന്ധവിശ്വാസത്തിനുവരെ കൂട്ടുനിന്ന് മുടിനാരിഴ കീറി സമുദായസ്നേഹം കാണിച്ചു ശീലിച്ച പാർട്ടിയുടെ സെക്രട്ടറിയുടെ വോട്ട് ബാങ്ക് സ്നേഹം എത്ര കൗതുകകരമാണ്! ജാതി നോക്കി, സാമുദായികതൂക്കം നോക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുകയും പിന്നീട് അടവുനയം എന്ന ദഹിക്കാത്ത ന്യായം നിരത്തുകയും ചെയ്യുന്നവരാണ് ന്യൂനപക്ഷ വോട്ടു വാരാമെന്ന മോഹത്തിൽ തീക്കളിക്കു തുനിയുന്നത്.
ആർ.എസ്.എസിെൻറ നയങ്ങളെ എതിർക്കാൻ എതിരാളികളെ ആർ.എസ്.എസ് ആക്കുന്ന രീതി ആർക്ക് ഗുണം ചെയ്യും എന്ന് സി.പി. എം ആലോചിക്കണം. പ്രതിപക്ഷ നേതാവിെൻറ ആരോപണങ്ങൾക്ക് സുതാര്യവും സുഗ്രാഹ്യവുമായ മറുപടിയാണ് ജനം ഇടതുപക്ഷത്തുനിന്നു പ്രതീക്ഷിക്കുന്നത്. അതാണ് ഇടതുപാർട്ടികളും മുന്നണികളും വലതുപക്ഷ പാർട്ടികളിൽനിന്നു വ്യത്യസ്തമായി ഇതുവരെ സ്വീകരിച്ചുപോന്ന ശൈലിയും.
വിശ്വാസ്യതയും ധാർമികബലവും ജനപക്ഷ രാഷ്ട്രീയവുമൊക്കെ ഭരണത്തിൽ പ്രതിഫലിപ്പിച്ച് ജനങ്ങളുടെ വിശ്വാസമാർജിക്കുന്നതിനു പകരം മൃദു വർഗീയതകൊണ്ട് കളിച്ചാൽ മെച്ചം കുറുവടി ആലയിലാകും എന്നു തിരിച്ചറിയേണ്ടതാണ്. മാധ്യമങ്ങളിൽ നിറഞ്ഞു കവിയുന്ന സ്വർണക്കടത്ത് കേസിലെ കോലാഹലങ്ങൾ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്നതും ഭരണകൂടം മറക്കരുത്. സെക്രേട്ടറിയറ്റിെൻറ കവാടം കടന്ന് എൻ.ഐ.എ എത്തിയത് ഈ ആരോപണങ്ങളുടെ തിരശ്ശീലക്ക് മുന്നിൽതന്നെയാണ്.
ഭരണകൂടത്തിനെതിരെ ആരോപണം ഉയരുന്നത് ലോകത്ത് ആദ്യമല്ല. ഇവിടെ മുഖ്യമന്ത്രിക്കുനേരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ആപ്പീസിലേക്ക് വരുന്ന അവതാരങ്ങളെ കുറിച്ച് കേരളത്തെ ബോധ്യപ്പെടുത്തിയാണ് പിണറായി ഭരണം ആരംഭിച്ചത്. ഒടുവിൽ അവതാരങ്ങളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫിസും പരിസരവും മാറിയെന്ന് പ്രതിപക്ഷ നേതാവ് ഉറക്കെ പറഞ്ഞപ്പോൾ പതിവ് പരിഹാസം കൊണ്ട് നേരിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
നയതന്ത്ര ബാഗേജിൽ ഒളിച്ചു കടത്തിയ സ്വർണത്തിളക്കത്തിന് പിന്നിലെ കറുത്ത കരങ്ങൾ ക്ലിഫ് ഹൗസ് വരെ നീണ്ടതാണ് കൈയോടെ പിടിക്കപ്പെട്ടത്. അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആ വിഷയത്തിലെ അവ്യക്തതയും ദുരൂഹതയും നീക്കാനും ഉത്തരവാദികളെ പിടികൂടി നിയമത്തിെൻറ വഴിക്കു നടത്താനും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുവാനുമുള്ള ആർജവമാണ് കാണിക്കേണ്ടത്.
നേരെ കാര്യം പറയാം, എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറയാം. തെറ്റുതിരുത്തൽ രേഖയെടുത്ത് നോക്കി സർക്കാറിനുതന്നെ സ്വയം തിരുത്താം. അല്ലാതെ, വിമർശകരുടെ ഡി.എൻ.എ പരിശോധിച്ച് അതിലെവിടെയോ പഴയ ആർ.എസ്.എസ് ക്ലാവ് പിടിച്ചിട്ടുണ്ടോ എന്നു പരതുകയല്ല.
പ്രതിപക്ഷ നേതാവിനും കോൺഗ്രസിനും നേരെ വരുന്ന ആരോപണത്തിന് മറുപടി പറയുന്ന കോൺഗ്രസിനും ഇപ്പോൾ ചിലത് ആലോചിക്കാനുള്ള സമയമാണ്. ജാതിയും മതവും സമുദായവുമൊക്കെ ചിക്കിച്ചികഞ്ഞ് അതിലെ ലാഭനഷ്ടങ്ങൾ തൂക്കി രാഷ്ട്രീയസമീപനം സ്വീകരിച്ചുവരുന്ന രീതി, പ്രതിയോഗി തിരിച്ചുപയറ്റുേമ്പാൾ പരുങ്ങുന്നതിൽ അർഥമില്ല.
ശബരിമല സ്ത്രീപ്രവേശന കാര്യത്തിലും കോവിഡ് കാലത്തെ ക്ഷേത്രപ്രവേശന കാര്യത്തിലും ഉയർത്തിയ വിശ്വാസി വികാരം കൊണ്ട് ആര് നേടി എന്നു കൂടി കോടിയേരി ബാലകൃഷ്ണനു മറുപടി പറയുമ്പോൾ കോൺഗ്രസും ചിന്തിക്കുന്നതു നന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.