ജനങ്ങളുടെ ജീവന് രക്ഷിക്കാന് ആർക്കാണ് ബാധ്യത?
text_fieldsവിശുദ്ധ വ്രതാനുഷ്ഠാനത്തിനുശേഷം ചെറിയ പെരുന്നാളിന് സന്തോഷത്തോടെ തയാറാകുന്ന ഘട്ടത്തിലാണ് ഉത്തര കേരളത്തിലെ ജനങ്ങളെ മഹാദുരിതത്തിലാഴ്ത്തി പേമാരിയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വന്നെത്തിയത്. സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്തവിധത്തിലുള്ള മഴയാണ് വടക്കൻ ജില്ലകളിലെല്ലാം പെയ്തത് എന്ന് കണക്കുകൾ പറയുന്നു. കോഴിക്കോട് ജില്ലയിലാണ് മനുഷ്യജീവൻ നഷ്ടപ്പെട്ട ഉരുൾപൊട്ടൽ ഉണ്ടായതെങ്കിലും മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലും കൃഷിക്കും മറ്റു സമ്പത്തുകൾക്കും കാര്യമായ നാശം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. പൊതുജനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് അഗ്നിശമനസേന, പൊലീസ് തുടങ്ങിയ വിഭാഗങ്ങളും വൈകീട്ടേക്കു ദേശീയ ദുരന്തനിവാരണ സേനയും എത്തി. അവരൊക്കെ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടിെല്ലങ്കിലും അൽപം ചില ആശ്വാസനടപടികൾ എടുക്കാനായേക്കും. പതിവുപോലെ ചില വിമർശനങ്ങളും പ്രതിരോധങ്ങളും ഉണ്ടാകാം. ഒരാഴ്ച കഴിയുമ്പോൾ നാമെല്ലാം ഇതൊക്കെ മറക്കും.
ഇത്തരം ഒരു ദുരന്തം ഉണ്ടാകുമ്പോഴെങ്കിലും നമ്മുടെ സംവിധാനങ്ങളുടെ പരിമിതി നാം തിരിച്ചറിയാൻ ശ്രമിക്കാറുണ്ടോ? ദുരന്തനിവാരണ സംവിധാനം എന്നൊക്കെ രേഖകളിൽ എഴുതാമെന്നല്ലാതെ ഓരോ തവണയും അപ്പപ്പോൾ കഴിയുന്നത് ചെയ്യുക മാത്രമല്ലേ ചെയ്യുന്നത്? അതിെൻറ തകരാറുകളല്ലേ ഇവിടെ ദുരന്തങ്ങൾ ആവർത്തിക്കുന്നതിനു കാരണമാകുന്നത്? ദുരന്തങ്ങൾ ഉണ്ടായശേഷം നടത്തുന്ന പ്രവർത്തനങ്ങളെക്കാൾ അത് മുൻകൂട്ടി കാണാനും അത് തടയാൻ കഴിഞ്ഞില്ലെങ്കിലും ആഘാതം കുറക്കാനും ആ സംവിധാനത്തിന് കഴിയേണ്ടതല്ലേ? കേരളത്തിൽ ഉരുൾപൊട്ടൽ എന്ന ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഏതെല്ലാമെന്ന് നിർണയിച്ച് അവയെ സാധ്യതയുടെ കൂടുതൽ കുറവനുസരിച്ച് തരംതിരിച്ച് രേഖപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇപ്പോൾ സർക്കാറിെൻറ കൈവശമുള്ള രേഖകൾെവച്ച് നോക്കിയാൽ താമരശ്ശേരിയൊന്നും അതിനു സാധ്യതയുള്ള പ്രദേശമല്ല. ഒന്നാമതായി ആ രേഖ വളരെ പഴയതാണ്. ഭൂഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് പുതുക്കിയിട്ടില്ല. സംസ്ഥാന സർക്കാറിനു കീഴിലുള്ള ഭൗമശാസ്ത്രപഠനകേന്ദ്രം തയാറാക്കിയ ആ ഭൂപടത്തിെൻറ സ്കെയിൽ അര കിലോമീറ്ററിന് ഒരു മില്ലിമീറ്റർ (1:50000) എന്നതാണ്. ഇതുവഴി നടത്തുന്ന പ്രവചനങ്ങൾക്ക് ഒട്ടും കൃത്യത ഉണ്ടാകില്ല. മറിച്ച് ഒരു മീറ്ററിന് ഒരു മില്ലിമീറ്റർ (1:1000) എന്ന രീതിയിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന കേന്ദ്ര സർക്കാർ സ്ഥാപനം ഭൂപടം തയാറാക്കുന്നത്. ഒട്ടനവധി ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ടും നാം കൃത്യതയുള്ള ഒരു സാധ്യതാഭൂപടം ഉണ്ടാക്കാൻ തയാറാകാത്തതെന്തുകൊണ്ട്? കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരല്ല ഉദ്യോഗസ്ഥരും മന്ത്രിമാരും മറ്റും. പക്ഷേ, അവർ ചെയ്യില്ല. ഇതിന് അത്രയധികം പണച്ചെലവൊന്നും ഉണ്ടായിട്ടല്ല, തീർച്ച. ഒരൊറ്റ ദുരന്തത്തിനായി സർക്കാർ മുടക്കുന്ന കണക്കില്ലാത്ത പണത്തിെൻറ ചെറിയൊരു അംശം മതി ഇതിന്. പ്രശ്നം അതല്ല. അങ്ങനെ വേർതിരിച്ച് രേഖപ്പെടുത്തിയാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഇവർ ആഗ്രഹിക്കുന്ന ‘വികസനപ്രവർത്തനങ്ങൾ’ നടക്കില്ല. അതുതന്നെ പ്രശ്നം.
ഗാഡ്ഗിൽ എടുത്തുപറഞ്ഞത്
പശ്ചിമഘട്ട സംരക്ഷണം എന്ന ഉദ്ദേശ്യത്തോടെ തയാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ടിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട കാര്യം പാരിസ്ഥിതിക ദുർബലമേഖലാ വിഭജനമാണ് എന്നോർക്കുക. ഓരോ മേഖലയിലും കൊണ്ടുവരേണ്ട നിയന്ത്രണങ്ങൾക്കെതിരെ അതിശക്തമായ പ്രതിരോധമുയർന്നതിെൻറ പിന്നിൽ ഈ വികസനലോബികൾ തന്നെയായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിലും ദുരന്തസാധ്യതകൾ ചർച്ചചെയ്യപ്പെട്ടിരുന്നു. 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ നിർമാണപ്രവർത്തനങ്ങളോ ആവർത്തനകൃഷിയോ ചെയ്യുന്നത് മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും കാരണമാകും എന്ന നിഗമനത്തിനെതിരെ കർഷകരെ ജയിലിൽ അടക്കാനുള്ള നിർദേശം എന്നാണ് മുദ്രാവാക്യം വിളിച്ചത്. ഭൂചലനസാധ്യതാ ഭൂപടം ഉണ്ടാക്കിയാലും ഫലം മറ്റൊന്നാകില്ല.
ഇപ്പോൾ ഇത്തരം ഉരുൾപൊട്ടലുകൾ ഉണ്ടാകുമ്പോൾ കാരണങ്ങളിലേക്കു പോകാൻ ആരാണ് തയാറാകുക? കഴിഞ്ഞ കുറെ വർഷങ്ങളായി കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം നയരൂപവത്കരണങ്ങളിൽ പരിഗണിക്കാൻ ഒരു രാഷ്ട്രീയകക്ഷിയും മുന്നണിയും തയാറായിട്ടില്ല. വരുംകാല വികസന നയങ്ങൾ തീരുമാനിക്കുന്നത് ഭരണകർത്താക്കൾ ആയിരിക്കുകയില്ല, കാലാവസ്ഥാമാറ്റമായിരിക്കും എന്ന പ്രവചനം ശരിയാകുന്നു എന്ന് കരുതേണ്ടിവരും. അതിവർഷവും മഴയില്ലായ്മയും ഉണ്ടാകാം. അവയെ നേരിടാനുള്ള ശേഷി നമുക്കുണ്ടാക്കുക മാത്രമാണ് അതിജീവനത്തിനുള്ള വഴി. പക്ഷേ, അതിനു നാം ശ്രമിക്കുന്നുണ്ടോ?
താമരശ്ശേരിയിലെ നിമിത്തം
താമരശ്ശേരിയിലുണ്ടായ ഉരുൾപൊട്ടലിനെ ഇത്ര വലിയ ദുരന്തമാക്കി മാറ്റിയത് ആ മലമുകളിൽ നിർമിച്ചുകൊണ്ടിരിക്കുന്ന 40 ലക്ഷം ലിറ്റർ ശേഷിയുള്ള ഒരു ജലസംഭരണിയാണെന്ന് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു. ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തിനുള്ള പ്രധാന കാരണവും അവിടെ അനധികൃതമായി നിർമിച്ച ഒരു അണക്കെട്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിക്കു മുകളിലുണ്ടായ ചെറിയ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വെള്ളവും മണ്ണും പാറകളും ഈ ജലസംഭരണിയെ തകർത്ത് മൊത്തമായി താഴേക്കൊഴുകിയെത്തിയപ്പോഴാണ് മഹാദുരന്തമായത്. സംഭരണി നിർമാണത്തിനായി മുകൾത്തട്ടിലെ മണ്ണ് മുഴുവൻ ഇളക്കിമറിച്ചിരുന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിനുള്ള കാരണം. ഒരു സാധ്യതാഭൂപടമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ടാങ്ക് അവിടെ നിർമിക്കുമ്പോൾ അധികൃതർക്കു കണ്ണടയ്ക്കാൻ കഴിയുമായിരുന്നില്ല. ഈ സംഭരണിയെക്കുറിച്ചും നാട്ടുകാർ ആശങ്ക ഉയർത്തിയിരുന്നു എന്ന് കേൾക്കുന്നു. എന്നാൽ, ഇങ്ങനെ ഒന്നിനെപ്പറ്റി പഞ്ചായത്തുകളിലെയോ നിയമസഭയിലെയോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ഇന്ന് ചാനലുകളിൽ വന്നിരുന്ന് അവർ പറഞ്ഞത്. ഇവരൊക്കെ ആ നാട്ടിൽതന്നെയല്ലേ ജീവിക്കുന്നത് എന്നതാണ് സംശയം.
മലകൾക്കു മുകളിൽ വലിയതോതിൽ പെെട്ടന്ന് മഴ പെയ്യുമ്പോൾ ആ വെള്ളം ഏതെങ്കിലും വിധത്തിൽ ഒന്നായി ഒലിച്ചു മണ്ണിനടിയിലേക്കു പോകുന്നുവെങ്കിൽ ഉരുൾപൊട്ടാനുള്ള സാധ്യത ഉണ്ടാകും. മലകളിലോ മണ്ണോ പാറയോ ഇളകിയിരിക്കുെന്നങ്കിൽ ഇങ്ങനെ വെള്ളം ഒന്നിച്ച് ഒഴുകിയെത്തും. അതിനുള്ള സാധ്യത സൃഷ്ടിക്കുന്നത് പാറഖനനവും മറ്റു നിർമാണപ്രവർത്തനങ്ങളുമാണ്. താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിെൻറ ഭാരം താങ്ങാനുള്ള മണ്ണിെൻറയും പാറയുടെയും ശേഷി നഷ്ടപ്പെടുത്തുന്ന ഖനനം നടന്നിട്ടുണ്ടെങ്കിൽ ആ വെള്ളത്തിെൻറ ഭാരം താങ്ങാൻ മലക്ക് കഴിയില്ല. അപ്പോൾ അതിനെ താങ്ങിനിർത്തുന്ന മണ്ണും പാറകളും വെള്ളത്തോടൊപ്പം കുതിച്ച് താഴെയെത്തും. അത് പോരുന്ന വഴിക്കുള്ള എല്ലാത്തിനെയും ഒഴുക്കിക്കളയും. കഴിഞ്ഞ ദിവസം നാം അവിടെ കണ്ടത് ഇങ്ങനെ കുത്തിയൊഴുകിവരുന്ന വെള്ളവും മണ്ണും പാറയുമാണ്. നമ്മുടെ മലനിരകൾക്കു മുകളിൽ നടത്തുന്ന ഇടപെടലുകൾക്ക് ഇന്ന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടെന്നു പറയാനാകില്ല. ഖനനം മാത്രമല്ല, വനനശീകരണവും നിർമാണപ്രവർത്തനങ്ങളും നിർബാധം തുടരുന്നു.
ഈ സർക്കാർ പരിസ്ഥിതിസൗഹൃദ സർക്കാറാണെന്നാണല്ലോ അവകാശപ്പെടുന്നത്. ഇപ്പോൾ ഒരു പരിസ്ഥിതി ധവളപത്രം ഇറക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പാറഖനനം മൂലം മലനിരകൾക്കും കുന്നുകൾക്കും നദികൾക്കും എന്തെങ്കിലും നാശമുണ്ടായി എന്ന് ആ റിപ്പോർട്ടിൽ എവിടെയും പറയുന്നില്ല. ഒട്ടു മിക്ക പാറമടകളും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് നിയമസഭയുടെ സമിതികൾപോലും കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റശേഷം ഖനനത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ് ചെയ്തത്. ഒരു പരിശോധനയും കൂടാതെയാണ് ഇപ്പോൾ പാരിസ്ഥിതികാനുമതി നൽകിക്കൊണ്ടിരിക്കുന്നത്.
ഇതുതന്നെയാണ് നിർമാണപ്രവർത്തനങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. കുത്തനെ ചരിവുള്ള ഭൂമികളിൽപോലും പത്തും അതിലധികവും നിലകളുള്ള കെട്ടിടങ്ങളാണ് ഉയരുന്നത്. ഇത്രയധികം ഭാരം മുകളിൽ കയറ്റിയാൽ അത് താങ്ങാനുള്ള ശേഷി ആ മലക്കുണ്ടോ എന്ന് ആരാണ് പരിശോധിച്ചിരിക്കുന്നത്? ഏതു തരം ഖനനങ്ങൾക്കും എവിടെയും അനുമതി നൽകാനുള്ള വകുപ്പായി മൈനിങ് ആൻഡ് ജിയോളജി മാറിയിരിക്കുന്നു. അഴിമതിയുടെ പര്യായമാണ് അവർ. ഏതെങ്കിലും ഉദ്യോഗസ്ഥർ അനുമതി നൽകിയ ഖനനം മൂലം ഒരു ഉരുൾപൊട്ടൽ ഉണ്ടായാൽ അതിന് അനുമതി നൽകിയവരെ ആ കേസിൽ പ്രതികളാക്കാൻ ഇന്ന് ഒരു വകുപ്പുമില്ല. ഇതാണ് ഇന്നത്തെ ഭരണസംവിധാനത്തിെൻറ പ്രധാന പ്രശ്നം. ആർക്കും ആരോടും കണക്കുപറയേണ്ടതായിട്ടില്ല, അഥവാ അക്കൗണ്ടബിലിറ്റി ഇല്ല. നിയമങ്ങൾ പാലിക്കുന്നു എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. പാലിച്ചില്ലെങ്കിലും ഒരു കുഴപ്പവും വരാനില്ല. നികുതിപ്പണം ശമ്പളമായി വാങ്ങുന്നവർക്കുപോലും പൗരെൻറ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ചുമതലയില്ലെങ്കില് പിന്നെന്തു ജനാധിപത്യം? എന്തു ഭരണസംവിധാനം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.