ജ്ഞാനപീഠത്തിൽ ഇരിക്കുന്നത് ആരൊക്കെ?
text_fieldsരാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അവാർഡിന് ഈ വർഷം രണ്ട് ‘പ്രമുഖ’ എഴുത്തുകാർ: സംസ്കൃത പണ്ഡിതൻ ജഗദ്ഗുരു സ്വാമി രാമഭദ്രാചാര്യയും ഗുൽസാർ എന്ന പേരിൽ പ്രശസ്തനായ ഗാനരചയിതാവ് സംപൂരൻ സിങ് കൽറയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
സാധാരണയായി വർഷം തോറും ഒരാൾക്ക് സമ്മാനിക്കുന്ന ജ്ഞാനപീഠത്തിന് എന്നൊക്കെ രണ്ടുപേരെ തിരഞ്ഞെടുത്തിട്ടുണ്ടോ അപ്പോഴെല്ലാം ഏതെങ്കിലും വിവാദങ്ങളും ഉടലെടുക്കാറുണ്ട്. 2009ൽ ശിരിലാൽ ശുക്ല, അമർകാന്ത് എന്നിവരെ സംയുക്ത ജേതാക്കളാക്കി. അതിനു പത്തുവർഷം മുമ്പ് ഗുർദയാൽ സിങ്, നിർമൽ വർമ എന്നിവരാണ് അവാർഡ് പങ്കിട്ടത്. ടൈംസ് ഓഫ് ഇന്ത്യയുടെ നടത്തിപ്പുകാരായ ജെയിൻ കുടുംബമാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. ഒരു ട്രസ്റ്റിനാണ് അവാർഡിന്റെയും പത്രത്തിന്റെയും ചുമതല.
പുതിയ അവാർഡ് പ്രഖ്യാപനത്തിന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘അമൃതകാല’ത്തിന്റെ അനുരണനമുണ്ട്. അക്കാദമികളുടെ നടത്തിപ്പിൽ പലപ്പോഴും സർക്കാറിന്റെ നിഴലുണ്ടാവുമെങ്കിലും അത് സാധാരണഗതിയിൽ മറച്ചുപിടിക്കപ്പെടാറാണ്. എന്നാൽ, ഇക്കുറി അവാർഡ് പ്രഖ്യാപനം സാഹിത്യ വൃത്തങ്ങളിൽ ഇളക്കങ്ങൾ സൃഷ്ടിച്ചു. ജ്ഞാനപീഠത്തിന്റെ സമഗ്രതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു, എന്തൊക്കെയോ ഒത്തുതീർപ്പുകൾ നടന്നതായി സംശയങ്ങളുയർന്നു.
സ്വാമി രാമഭദ്രാചാര്യയെ വിശ്രുത പണ്ഡിതൻ, വിദ്യാഭ്യാസ വിചക്ഷണൻ, തത്ത്വചിന്തകൾ, പ്രഭാഷകൻ, മതനേതാവ് എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ച അവാർഡ് കമ്മിറ്റി രാമാനന്ദി വിഭാഗവുമായി അദ്ദേഹത്തിനുള്ള ബന്ധം സംബന്ധിച്ച വിശദാംശങ്ങളും നൽകുന്നുണ്ട്.
സംസ്കൃതം, ഹിന്ദി, അവധി, മൈഥിലി തുടങ്ങിയ വിവിധ ഭാഷകളിൽ കവിതകളെഴുതുന്ന അദ്ദേഹത്തിന് 22 ഭാഷകളറിയുമെന്നും 240 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതായും അവാർഡ് കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു. അദ്ദേഹം നാല് ഇതിഹാസങ്ങൾ രചിച്ചിട്ടുണ്ടെത്രേ, അതിൽ രണ്ടെണ്ണം ഹിന്ദിയിലാണ്. മത വേദഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങൾ തയാറാക്കിയിട്ടുണ്ട്, തുളസിദാസ് രചിച്ച രാംചരിത മാനസിന്റെ അറിയപ്പെടുന്ന വ്യാഖ്യാതാവുമാണ്.
2015ൽ മോദി സർക്കാർ അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. രണ്ടുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തി നഷ്ടപ്പെട്ട അദ്ദേഹം ശാരീരിക വെല്ലുവിളികളെ നേരിടുന്ന ആളാണെന്ന കാര്യം ജ്ഞാനപീഠ സമിതി പരാമർശിക്കാഞ്ഞതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. പ്രധാനമന്ത്രിയുടെ ഏറെ അടുത്ത ആളാണെന്ന കാര്യവുമില്ല. അഷ്ടധ്യായത്തിന് അദ്ദേഹമെഴുതിയ വ്യാഖ്യാനം പ്രകാശനം ചെയ്യാൻ ചിത്രകൂടിലെത്തിയിരുന്നു പ്രധാനമന്ത്രി.
രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രാരംഭ ‘പോരാളി’കളിൽ ഒരാളായിരുന്ന സ്വാമി ബാബരി പള്ളി പൊളിക്കാനുള്ള പ്രചാരണത്തിന്റെ മുൻനിരയിൽനിന്ന് അറസ്റ്റ് വരിച്ചിരുന്നു. കോടതിയിൽ രാമജന്മഭൂമി വിരാജ്മാന് അനുകൂലമായി മൊഴിയും നൽകിയിരുന്നു. ശിവസേന, കോൺഗ്രസ്, സമാജ്വാദി പാർട്ടികളുടെ നേതാക്കളെ അവഹേളിക്കുകയും വിഡ്ഢികൾ എന്ന് വിളിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ രാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ രക്ഷാധികാരിയായി നിയോഗിക്കപ്പെട്ട സ്വാമി പ്രതിഷ്ഠാചടങ്ങ് ആചാരവിരുദ്ധമാണെന്ന് പറഞ്ഞ ജ്യോതിർമയി ശങ്കരാചാര്യർക്കെതിരെ ആഞ്ഞടിച്ചിരുന്നു.
സ്വാമിജിയുടെ കൃതികൾക്കായി ഓൺലൈൻ സ്രോതസ്സുകൾ അരിച്ചുപെറുക്കിയപ്പോൾ ഒരു വിദേശ ശിഷ്യൻ ഇംഗ്ലീഷിലേക്കും റഷ്യനിലേക്കും വിവർത്തനം ചെയ്ത ഹിന്ദി കവിതയുടെ ഭാഗം കണ്ടെത്തി. രാമചരിതമാനസ് ഉദ്ധരണിയുടെ വ്യാഖ്യാനമായ മുഴു കവിത അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.
സ്വാമി രാമഭദ്രാചാര്യയുടെ സംസ്കൃത-ഹിന്ദി സാഹിത്യ കൃതികൾ വായിച്ചിട്ടില്ലെന്ന് ഞാൻ സമ്മതിക്കുന്നു. യൂട്യൂബിൽ അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ശ്രവിച്ചെങ്കിലും, അത് എനിക്ക് ആകർഷകമായിത്തോന്നിയില്ല. സ്വാമിജിയെ ജ്ഞാനപീഠത്തിന് നാമനിർദേശം ചെയ്തതിനെ സാഹിത്യ സമൂഹമല്ല, മറിച്ച് ബാബാ ബാഗേശ്വർ ധാമിനെപ്പോലുള്ള വിവാദ വ്യക്തികളും ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെ ബി.ജെ.പി നേതാക്കളുമാണ് സ്വാഗതം ചെയ്തത്.
ജ്ഞാനപീഠം പങ്കിട്ട രണ്ടാമത്തെ ജേതാവ് ഗുൽസാർ ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു പ്രമുഖനാണ്. രസകരമായ നിരവധി സിനിമകൾ വിജയകരമായി നിർമിച്ച അദ്ദേഹത്തിന് തിരക്കഥാരചനയിലും ഗാനരചനയിലും പ്രാവീണ്യമുണ്ട്. 22 തവണ ഫിലിംഫെയർ അവാർഡ്, ആറുതവണ ദേശീയ ചലച്ചിത്ര അവാർഡ്, ദാദാസാഹെബ് ഫാൽക്കെ അവാർഡ്, പത്മഭൂഷൺ, ഗാനരചനക്ക് ഗ്രാമി, ഓസ്കർ (എ.ആർ. റഹ്മാനോടൊപ്പം) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2002ൽ ഉർദു ചെറുകഥാ സമാഹാരത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചശേഷം അദ്ദേഹത്തിന്റെ കവിതകൾക്ക് വലിയ പ്രശസ്തി ലഭിച്ചു.
ജയ്പുരിലും മറ്റ് നഗരങ്ങളിലും നടക്കുന്ന സാഹിത്യോത്സവങ്ങളുടെ ഒരു ജനപ്രിയ മുഖമായി കഴിഞ്ഞ കുറച്ചുവർഷമായി അദ്ദേഹം ഉയർന്നിരിക്കുന്നു. സാഹിത്യോത്സവങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഈ പരിപാടികൾ ഇംഗ്ലീഷ് പ്രസാധകർ, എഴുത്തുകാരുടെ ഏജന്റുമാർ, പ്രശസ്ത എഴുത്തുകാർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, ഗായകർ, അവതാരകർ എന്നിവരെല്ലാം ഉൾക്കൊള്ളുന്ന ഒരു വിപണി രൂപപ്പെടുത്തിയിട്ടുണ്ട്.
സിനിമയുടെ തിളക്കമാർന്ന ലോകത്തെന്നപോലെ ഇത്തരം ‘സാഹിത്യ’ മേളകളിലും സാഹിത്യത്തോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതിനേക്കാളേറെ ജനപ്രീതിയാർജിച്ച വ്യക്തികളെ കാണാനും അവരോടൊപ്പം സെൽഫി എടുക്കാനും ഫാഷൻ പ്രകടിപ്പിക്കാനുമൊക്കെയാണ് ആളുകൾ താൽപര്യപ്പെടുന്നത്. ലിറ്റ്-ഫെസ്റ്റുകളുടെ പുറംപൂച്ച് ഗൗരവമേറിയ സാഹിത്യ പുരസ്കാരങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയിട്ടുണ്ടാവാം എന്നതാണ് ഇതിലെ ഒരു ആശങ്ക.
1970കളിൽ ഗുൽസാർ സാഹെബിന്റെ കവിതാസമാഹാരം അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് ഭൂഷൺ ബൻമാലി ഹിന്ദിയിൽ പ്രസിദ്ധീകരിച്ചതുമുതൽ ഞാൻ അദ്ദേഹത്തെ വായിക്കുന്നുണ്ട്. അക്കാലത്ത് ഉർദു, പഞ്ചാബി കാൽപനിക സാഹിത്യത്തിന് അതിന്റേതായ ചാരുത ഉണ്ടായിരുന്നു.
എന്നാൽ പിന്നീട്, ‘ജബ് ഭി യേ ദിൽ ഉദാസ് ഹോതാ, ജാനേ കോൻ ആസ് പാസ് ഹോതാ ഹൈ’ ‘ഷാം കി ആംഖ് മേ നമി സി ഹൈ, ആജ് ഫിർ ആപ് കി കാമി സി ഹൈ’ തുടങ്ങിയ ഗാനങ്ങളുടെ വൈകാരിക കാലഘട്ടത്തിനുശേഷം, ആഴത്തിലുള്ള കവിതകളുടെ അഭാവം അനുഭവപ്പെടാൻ തുടങ്ങി.
സ്വാമിജിയുടെ ജന്മദേശം ജോൺപൂർ ആണെന്ന് ജ്ഞാനപീഠം കമ്മിറ്റിയുടെ അറിയിപ്പിലുണ്ട്, പക്ഷേ ഗുൽസാർ സാഹെബ് ജനിച്ചത് എവിടെയാണ് (ഇപ്പോഴത്തെ പാകിസ്താനിലെ ദിനയിൽ) എന്നത് വിട്ടുകളഞ്ഞിരിക്കുന്നു. ഉർദു കവിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വത്വം കുറച്ചുകാണിക്കുന്ന ആമുഖത്തിൽ ഹിന്ദിക്കുശേഷം മാത്രമാണ് ഉർദുവിനെക്കുറിച്ചുള്ള പരാമർശം.
ഗുൽസാർ ഒരു നല്ല മനുഷ്യനും പ്രഗത്ഭ ചലച്ചിത്രകാരനും ജനപ്രിയ ഗാനരചയിതാവുമൊക്കെയാണെങ്കിലും, സാഹിത്യത്തിൽ അദ്ദേഹത്തേക്കാൾ ആഴത്തിലുള്ള സംഭാവന നൽകിയ എഴുത്തുകാർ ഒട്ടേറെപ്പേർ വേറെയുമുണ്ട്.
ഹിന്ദി കഥ-കവിത ശാഖയിലും ബാലസാഹിത്യത്തിലുമെല്ലാം തന്റേതായ ഇടം നേടിയ വിനോദ് കുമാർ ശുക്ലയെപ്പോലുള്ള എഴുത്തുകാരെ അവഗണിക്കുന്നത് നിരാശജനകമാണെന്ന് ഹിന്ദി കവിയും എഡിറ്ററുമായ വിഷ്ണു നഗർ ഫേസ്ബുക്കിൽ കുറിച്ചു. ഹിന്ദിയൊഴികെയുള്ള ഇന്ത്യൻ ഭാഷകളിലെ പല പ്രമുഖ എഴുത്തുകാരും ഇപ്പോഴും ജ്ഞാനപീഠത്തിന്റെ പരിധിക്ക് പുറത്താണ്.
ജ്ഞാനപീഠ പുരസ്കാരത്തിന്റെ പതനം എന്നാണ് നിരൂപകൻ ശംഭുനാഥ് ഇതിനെ വിശേഷിപ്പിച്ചത്. കവി ഷഹരിയാറിന് (അഖ്ലാഖ് മുഹമ്മദ് ഖാൻ) അവാർഡ് അമിതാഭ് ബച്ചൻ കൈമാറിയതു മുതലാണ് ജ്ഞാനപീഠത്തിന്റെ മൂല്യച്യുതി തുടങ്ങിയതെന്ന് വീരേന്ദ്ര യാദവ് വിശ്വസിക്കുന്നു. ചവറ്റുകൊട്ടയുടെ സൗന്ദര്യം പോലെയായി ഇപ്പോൾ അതിന്റെ പദവിയെന്ന് അദ്ദേഹം പറയുന്നു.
ഗുൽസാറിന് ജ്ഞാനപീഠം ലഭിച്ചതിനെ ബോബ് ഡിലന് ലഭിച്ച നൊബേൽ സമ്മാനവുമായി താരതമ്യം ചെയ്യുന്നുണ്ട് ചില എഴുത്തുകാർ, അതൊട്ടും ഉചിതമല്ലെന്നാണ് എന്റെ തോന്നൽ. അമേരിക്കൻ യാഥാസ്ഥിതിക മനഃസ്ഥിതിയെ ആശയപരമായ ആവേശം കൊണ്ട് ഇളക്കിമറിച്ച ഡിലൻ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തി.
യുദ്ധം, ആണവ ഭീഷണി, വംശീയത, അടിമത്തം എന്നിവക്കെതിരെ എഴുതി, ആഫ്രിക്കൻ-അമേരിക്കൻ സമൂഹത്തിനെതിരെ വെള്ളക്കാർ നടത്തുന്ന അവഹേളനത്തിനും ആക്രമണത്തിനും എതിരെ പാടി, പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്തുണ നൽകി, പൗരാവകാശ ശബ്ദങ്ങൾക്ക് കരുത്തേകി. പ്രതിരോധത്തിന്റെ ഉറച്ച ശബ്ദമായി.
ഒരു നിത്യഹരിത ചലച്ചിത്രകാരൻ എന്ന നിലയിൽ ഞാൻ ഗുൽസാർ സാഹെബിനെ ആദരിക്കുന്നു, അദ്ദേഹത്തിനും എന്നെ വലിയ ഇഷ്ടമാണ്. കേദാർജിയെയും (അന്തരിച്ച കേദാർനാഥ് സിങ്) സാഹിത്യോത്സവങ്ങളെയും കുറിച്ച് ഞങ്ങൾ പലപ്പോഴും ദീർഘ സംഭാഷണത്തിലേർപ്പെടാറുണ്ട്.
50 വർഷം പത്രപ്രവർത്തകനായും 35 വർഷം പത്രാധിപരായും പ്രവർത്തിച്ച വേളയിൽ സൂക്ഷ്മമായ വായന ആവശ്യമായ ധാരാളം സാഹിത്യകൃതികൾ ഹിന്ദിയിൽ പ്രസിദ്ധീകരിക്കാനുള്ള അവസരം എനിക്കുണ്ടായി -ഗുൽസാർ സാഹെബ് അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും തിന്മകളെക്കുറിച്ച് പരിവർത്തനാത്മകമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയോ ശബ്ദിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. കാൽപനികത സന്തോഷം പകർന്നേക്കുമെങ്കിലും ഒരു നിശ്ചിത കാലയളവിനുശേഷം അത് മങ്ങിപ്പോകുന്നു.
രാജ്യത്തെ വിവിധ ഭാഷകളിൽ ശക്തമായ സാഹിത്യ പ്രവർത്തനം നടത്തുന്ന കവികൾ നമുക്കിടയിൽ ഉണ്ടെന്ന കാര്യം ഗുൽസാർപോലും സമ്മതിക്കും. അവരെ ആദരിക്കുന്നതിലൂടെ, അവാർഡുകളുടെ അംഗീകാരവും വിശ്വാസ്യതയും യശസ്സും വർധിക്കും. ജ്ഞാനപീഠത്തിന്റെ സമ്പന്ന പാരമ്പര്യവും അതിന് അപവാദമല്ല. എന്നാൽ, സമീപകാല സംഭവവികാസങ്ങൾ അതിനെ ഇരുട്ടിൽ തള്ളുന്നു.
(ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ഹിന്ദി പത്രമായ ജൻസത്തയുടെ മുൻ എഡിറ്ററായ ലേഖകൻ ജയ് പുരിലെ എച്ച്.ജെ ജേണലിസം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.