കേരള മുസ്ലിംകളെ താലിബാനിസ്റ്റുകളാക്കുന്നതാര്?
text_fieldsഐക്യ ഇന്ത്യക്കുവേണ്ടി നിലകൊണ്ട ഇന്ത്യയിലുടനീളമുള്ള സാധാരണ മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ അഗാധമായ സ്വാധീനമുണ്ടായിരുന്ന ശ്രേഷ്ഠനായ സ്വാതന്ത്ര്യസമരസേനാനി അല്ലാ ബക്ഷാ( അല്ലാ ബക്ഷ് മുഹമ്മദ് ഉമ്മർ സൂംറോ)ഒരിക്കൽ പറഞ്ഞു: 'ഇന്ത്യയിലെ എല്ലാ മുസൽമാന്മാരും ഇന്ത്യാരാജ്യക്കാരാണെന്ന നിലയിൽ അഭിമാനംകൊള്ളുന്നുവെന്നും അതിനു തുല്യമായി അവരുടെ ആത്മീയതലവും സ്വീകൃത മതവും ഇസ്ലാം ആണെന്നതിൽ അവർ അഭിമാനിക്കുന്നു എന്നതുമാണ് കൂടുതൽ ശരി.' അല്ലാ ബക്ഷാ മറ്റൊരു പ്രധാന കാര്യംകൂടി അതിനോട് ചേർത്തു പ്രസ്താവിച്ചു: 'ഇന്ത്യയിലെ മുഴുവൻ മുസ്ലിംകൾക്കും ഇന്ത്യ മുഴുവൻ അവരുടെ ജന്മഭൂമിയാണ്. ഈ ജന്മഭൂമിയിലെ ഒരിഞ്ചുപോലും നിഷേധിക്കാനുള്ള അവകാശം മറ്റാർക്കെങ്കിലുമില്ല.' ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തവും മാംസവും ത്യാഗോജ്ജ്വലമായി ആത്മസമർപ്പണം ചെയ്ത മുസ്ലിം ജനവിഭാഗങ്ങളെ ഹിംസാത്മകമായി അപരവത്കരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് കാലത്ത് ശഹീദ് അല്ലാ ബക്ഷായുടെ ത്യാഗസമരങ്ങൾ പ്രത്യേകം സ്മരണീയമാണ്.
ഇന്ത്യയിലെ സവർണാധിഷ്ഠിത ബ്രാഹ്മണ്യ ഭരണകൂടം പൗരത്വനിയമത്തിലൂടെ മുസ്ലിംകളെ പുറന്തള്ളുന്നത് പ്രധാനമായി ഹൈന്ദവ ജന്മഭൂമി സങ്കൽപത്തിലൂടെയാണ്. ഇത്തരം ജന്മഭൂമി സങ്കൽപങ്ങൾക്കെതിരായ വിമർശനമാണ് അല്ലാ ബക്ഷായുടെ വാക്കുകളിൽ തിടംെവക്കുന്നത്. ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ ജന്മഭൂമി സങ്കൽപത്തിന്റെ ആധാരം ചാതുർവർണ്യ ജാതിവ്യവസ്ഥയാണ്. ത്രൈവർണിക പുരുഷാധിപത്യ ജാതിബോധത്തിൽ നിലീനമായ സാമൂഹിക സങ്കൽപം ദലിതരെയും മുസ്ലിംകളെയും പുറന്തള്ളിക്കൊണ്ടാണ് നിലനിൽക്കുന്നത്.
ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ1947 ആഗസ്റ്റ് 14 ലക്കത്തിൽ രേഖപ്പെടുത്തിയത്, 'ഹിന്ദുസ്ഥാനിൽ ഹിന്ദുക്കൾ മാത്രമാണ് രാഷ്ട്രമെന്ന ലളിത വസ്തുതയെ അംഗീകരിക്കുന്നതിലൂടെ ഒരുപാട് മാനസിക ആശയക്കുഴപ്പങ്ങളെയും ഇപ്പോഴത്തെയും ഭാവിയിലെയും കുഴപ്പങ്ങളെയും ഇല്ലായ്മ ചെയ്യാൻ കഴിയും' എന്നാണ്. രാഷ്ട്രം 'ഹിന്ദു പാരമ്പര്യങ്ങളിലും സംസ്കാരത്തിലും ആശയങ്ങളിലും കാംക്ഷകളിലും ഹിന്ദുക്കളുടേതു മാത്രമായി വേണം പടുത്തുയർത്താനെന്നും ഇതേ പ്രസിദ്ധീകരണം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇങ്ങനെ സങ്കൽപിക്കപ്പെടുന്ന ഹിന്ദുരാഷ്ട്രം ത്രൈവർണിക പുരുഷാധിപത്യ സമൂഹത്തെ മാത്രം ആധാരമാക്കുന്ന ഒന്നാണ്. ദലിതരെയും പിന്നാക്ക ജനവിഭാഗങ്ങളെയും സ്ത്രീകളെയും മുസ്ലിംകളെയും ഹിംസാത്മകമായി അരികുവത്കരിച്ചാണ് ഹിന്ദു ബ്രാഹ്മണ്യ ഭരണകൂടം നിലനിൽക്കുന്നത്.
ഹിന്ദു ജനത വിരാട് പുരുഷനായ സർവശക്തൻ സ്വയം മൂർത്തീമദ്ഭവിച്ചിട്ടുള്ളതാണെന്നും, ബ്രാഹ്മണൻ ശിരസ്സിൽനിന്നും ക്ഷത്രിയൻ കരങ്ങളിൽനിന്നും വൈശ്യൻ തുടയിൽനിന്നും ശൂദ്രൻ പാദത്തിൽനിന്നും ഉത്ഭവിച്ചതാണെന്നും Bunch of Thoughts (വിചാരധാര) ൽ ഗോൾവാൾക്കർ സംശയലേശമന്യേ വ്യക്തമാക്കുന്നു. ശ്രേണീകൃതമായ ഈ സാമൂഹിക വ്യവസ്ഥയെയാണ് ഗോൾവാൾക്കർ ഹിന്ദു ജനത എന്നു വിശേഷിപ്പിക്കുന്നത്.
ഹിന്ദുസ്ഥാൻ ആയ ഈ രാജ്യത്ത് ഹിന്ദു ജാതി അതിന്റെ മതം, അതിന്റെ സംസ്കാരം, ഭാഷ എന്നിവയിൽ രാഷ്ട്രസങ്കൽപം പൂർണമാവുന്നു എന്ന് We or Our Nationhood Defined (നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു) ൽ ഗോൾവാൾക്കർ കുറിക്കുേമ്പാൾ അത്തരം രാഷ്ട്രസങ്കൽപം സമ്പൂർണമായി മുസ്ലിംകളെ അപരവത്കരിക്കുന്നതാണെന്ന് സ്പഷ്ടം. രാഷ്ട്രത്തിന്റെ ശരീരമാണ് ജാതിയെന്നും, ജാതിയുടെ തകർച്ചയോടെ രാഷ്ട്രം തകരുമെന്നും ഗോൾവാൾക്കർ എഴുതുേമ്പാൾ ജാതിവ്യവസ്ഥയാൽ ഹിംസാത്മകമായി ജനതയെ തരംതിരിക്കുന്ന മേൽക്കീഴ് വ്യവസ്ഥയെയാണ് ഹിന്ദുത്വ ബ്രാഹ്മണ്യ വാദികൾ ഭാവന ചെയ്യുന്നതെന്ന് സുവ്യക്തം. ഇങ്ങനെ ഭാവന ചെയ്ത് പ്രയോഗവത്കരിക്കപ്പെടുന്ന ബ്രാഹ്മണ്യ രാഷ്ട്രസങ്കൽപത്തിന്റെ നിയമാവലി മനുസ്മൃതിയായിരിക്കണമെന്ന് വി.ഡി. സവർക്കർ Women in Manusmriti എന്ന പ്രബന്ധത്തിൽ എഴുതുന്നുണ്ട്. മുസ്ലിംകൾക്ക് പ്രത്യേക അവകാശങ്ങളും പരിരക്ഷയും ഉറപ്പുവരുത്തുന്ന ഇന്ത്യൻ ഭരണഘടനയല്ല മനുസ്മൃതിയാണ് വിശിഷ്ടം എന്നാണ് ബ്രാഹ്മണ്യ ഫാഷിസ്റ്റുകൾ കരുതുന്നത്. ജാതിവ്യവസ്ഥയാലും അതിന്റെ ശുദ്ധാശുദ്ധി നിയമങ്ങളാലും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഒന്നായി ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്നതിനാലാണ് ഭരണഘടന മാറ്റിയെഴുതണമെന്ന് കാലങ്ങളായി ഹിന്ദുത്വവാദികൾ മുറവിളി കൂട്ടുന്നത്.
ബ്രാഹ്മണ്യം നിഷ്കർക്കുന്ന അയിത്തം പല നിലകളിൽ മുസ്ലിംകളോടും പുലർത്തിപ്പോന്നു. എത്ര ആദരണീയനായാലും ഒരു മുസ്ലിം ജാതി ഹിന്ദുക്കളുടെ ഭവനങ്ങളിൽ പുറത്തുനിൽക്കാൻ നിർബന്ധിതരായിരുന്നു എന്ന് ആർ.സി. മജൂംദാർ History of Freedom Movement in India എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ഉന്നതകുലജാതനോ ഉയർന്ന വിദ്യാഭ്യാസമുള്ളവനോ സംസ്കാരചിത്തനോ ആണെങ്കിൽപോലും രാജ്യത്തെ ഭൂരിഭാഗം വരുന്ന യാഥാസ്ഥിതിക ഹിന്ദുക്കൾ മുസൽമാനെ േമ്ലച്ചനായാണ് കാണുന്നതെന്നും ഹിന്ദുക്കളിലെ ഏറ്റവും താഴ്ന്നവർക്ക് ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട സാമൂഹികപരിഗണന അവർ അർഹിക്കുന്നില്ലെന്ന് കരുതുന്നതായും എം.എൻ. റോയി The Historical Role of Islam എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു. ഇത് വ്യക്തമാക്കുന്നത് ബ്രാഹ്മണ്യത്തിന്റെ ജാതിവ്യവസ്ഥയാൽ ഹിംസാത്മകമായി പുറന്തള്ളപ്പെട്ട് അപരശരീരങ്ങളായിത്തീർന്ന ജനവിഭാഗമാണ് മുസ്ലിംകൾ എന്നാണ്. ഇങ്ങനെ ഹിന്ദുത്വ സവർണ വ്യവസ്ഥയാൽ ഭീതിദമായി പുറന്തള്ളപ്പെട്ട ഒരു ജനവിഭാഗത്തെയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളെക്കാൾ കേരളത്തിലെ പുരോഗമന ബുദ്ധിജീവികൾ പേടിക്കുന്നത്.
ഒരു ജനവിഭാഗത്തെ വ്യക്തമായി താലിബാനിസ്റ്റുകൾ എന്നു വിളിക്കുന്നവർ കേരളത്തിലെ ഏതെങ്കിലും ഒരു സമുദായത്തെ മുൻനിർത്തി ഹിന്ദുത്വവാദികൾ എന്നു വിളിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും കൂടുതൽ ഹിന്ദുത്വ പരിവാര ശാഖകളുള്ള ഒരു സംസ്ഥാനത്തിരുന്നുകൊണ്ട് താലിബാനെ മുൻനിർത്തി കേരളത്തിലെ മുസ്ലിംകൾ പേടിക്കേണ്ടവരാണെന്ന വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർ യഥാർഥ ഹിന്ദുത്വ സേവകരാണ്. കൃത്യവും വ്യക്തവുമായ തെളിവുകളുടെ അഭാവത്തിൽ മുസ്ലിംകളെ താലിബാനിസ്റ്റുകളാക്കുന്നവർ ഹിന്ദുത്വം അവരുടെ രാഷ്ട്രീയ ആയുധമാക്കുന്ന ഇസ്ലാമോേഫാബിയയുടെ വക്താക്കളാണ്.
അപരത്വത്തെപ്പറ്റി വാചാലമാകുന്ന ഇക്കൂട്ടർ സ്വത്വവാദികളെന്നും തീവ്ര മുസ്ലിംകളെന്നും ആക്ഷേപിച്ചുകൊണ്ട് കാലങ്ങളായി മനുസ്മൃതി പുറന്തള്ളിയ ജനവിഭാഗങ്ങളെ കൂടുതൽ ഹിംസാത്മകമായി അപരവത്കരിക്കുകയാണ്. യഥാർഥ ജാതിവാദികളും മനുവാദികളുമായ ഇക്കൂട്ടർ സവർണതയും ബ്രാഹ്മണ്യവും മതേതരമായി വ്യാഖ്യാനിച്ചുറപ്പിക്കാനാണ് പരിശ്രമിക്കുന്നത്. ഇതിഹാസപുരാണ പാഠങ്ങളിൽ വിപ്ലവം തേടുകയും അവയൊക്കെയും ജീവിക്കുന്ന വൈരുധ്യമായി അവതരിപ്പിക്കുകയും ബ്രാഹ്മണദാസനായ രാമനെ നല്ല രാമനായി വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർതന്നെയാണ് കേരളത്തിലെ മുസ്ലിംകളെ താലിബാനിസ്റ്റുകളായി അവതരിപ്പിക്കുന്നത്.
ബ്രാഹ്മണ്യത്തിൽ നന്മ തേടുന്നവരുടെ താവളം ഹിന്ദുത്വമല്ലാതെ മറ്റൊന്നുമല്ല എന്ന് തെളിയിക്കുന്നവയാണ് പുരോഗമന ജനപക്ഷ നാട്യക്കാരുടെ മുസ്ലിം ഭീതി. ഹിന്ദു ബ്രാഹ്മണ്യ വ്യവസ്ഥയുടെ ഭീതിദമാർന്ന മറുവശം മുസ്ലിം അപരവത്കരണമാണെന്ന് ഡോ. മീര നന്ദ നിരീക്ഷിക്കുന്നുണ്ട്. ഹൈന്ദവ ബ്രാഹ്മണ സാഹിത്യങ്ങളിലെ മൂല്യങ്ങൾ കണ്ടെത്തി ആധുനിക സമൂഹത്തെ പരിവർത്തിപ്പിക്കാൻ ശ്രമിക്കുന്ന പുരോഗമന പ്രഭൃതികൾ സാമൂഹികശാസ്ത്രജ്ഞനായ നിക്കി കെഡി നിരീക്ഷിച്ചതുപോലെ മതരാഷ്ട്രത്തിന്റെ വക്താക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.