കോടിയേരി ചിരിപ്പിക്കുന്നതാരെ?
text_fields2009ലെ പാർലമെൻറ് െതരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇടതുപക്ഷമുന്നണി സ്ഥാനാർഥിക്ക് പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി പിന്തുണ പ്രഖ്യാപിച്ചത് സി.പി.ഐ വിവാദമാക്കിയ കാലം. അന്നൊരിക്കൽ സി.പി.എം നേതൃയോഗം കഴിഞ്ഞുവന്ന ഒരു സീനിയർ നേതാവ് ജൂനിയർ നേതാവിനോട് അത്ഭുതം കൂറിയെത്ര: 'ചങ്ങാതീ, നമ്മുടെ കൂട്ടത്തിലെ മതേതരക്കാരായ പലരും അകത്ത് എന്തൊരു വംശീയ, വിഭാഗീയവികാരം അമർത്തിപ്പിടിച്ചാണിരിക്കുന്നത്!'എന്ന്. കേരളത്തിലെ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുമ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ അകത്തുള്ളവർക്ക് വർഗപരം വിട്ട് വർഗീയത അറിയാതെ തികട്ടിവരുന്നതെന്തുകൊണ്ട് (മലപ്പുറത്തെ മുസ്ലിംകുട്ടികളുടെ മിന്നുന്ന എസ്.എസ്.എൽ.സി ജയത്തിൽ സംശയിച്ചും കേരളത്തെ മുസ്ലിംഭൂരിപക്ഷ പ്രദേശമാക്കാൻ സംഘടിതശ്രമമെന്ന് ആശങ്കിച്ചും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഉദാഹരണം) എന്ന ഒരു സാധാരണ മുസ്ലിമിെൻറ സംശയത്തിന് നിവാരണമായാണ് സഖാവ് ഇക്കാര്യം പറഞ്ഞത്.
സി.പി.എമ്മിെൻറ ശക്തമായ ഫാഷിസ്റ്റുവിരുദ്ധ നിലപാടുകളെ പ്രത്യാശയോടെ നോക്കിക്കാണുന്നതിനിടയിലും വിവിധ സന്ദർഭങ്ങളിൽ ഉയർന്നു വന്ന സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് സി.പി.എം നേതാക്കളിൽ ചിലർ പിന്നീടും നിർലോഭം വർഗീയ, ഭീകരവാദ, തീവ്രവാദാരോപണങ്ങൾ നടത്തുന്നതും അത് കമ്യൂണിസ്റ്റ് സമഗ്രാധിപത്യ രാഗത്തിലുള്ള ഹിന്ദുത്വ, മുതലാളിത്ത പാരഡിയായിത്തീരുന്നതും കാണുമ്പോൾ പണ്ട് സഖാവ് പറഞ്ഞത് ഓർക്കും. യു.ഡി.എഫിനും കേരളത്തിനും മുന്നറിയിപ്പു നൽകി കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാർത്തസേമ്മളനത്തിലെ വർത്തമാനങ്ങൾ കേട്ടപ്പോഴും അതുതന്നെ ഒാർമയിലെത്തി.
''കോൺഗ്രസ് എല്ലാകാലത്തും സ്വീകരിച്ചുവന്ന മതേതരത്വ കാഴ്ചപ്പാട് മുസ്ലിംലീഗിനു മുന്നിൽ അടിയറവെക്കുകയാണ്... ഇത് കോൺഗ്രസിന് അകത്തുള്ളവർ പരിശോധന വിധേയമാക്കണം. യു.ഡി.എഫിനെ ഇത്ര കാലം നയിച്ചത് ഉമ്മൻ ചാണ്ടി-കുഞ്ഞാലിക്കുട്ടി-കെ.എം. മാണി ഇവരായിരുന്നു. ഇന്നതു മാറി രമേശ് ചെന്നിത്തല, യു.ഡി.എഫിെൻറ നേതൃത്വത്തെ എം.എം. ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ ഇവരെ ഏൽപിച്ചിരിക്കുകയാണ്. ഇതിെൻറ പ്രത്യാഘാതം കോൺഗ്രസ് നേതൃത്വം ആലോചിക്കണം''- ഇങ്ങനെ പോകുന്നു കോടിയേരിയുടെ തീട്ടൂരങ്ങൾ. കോറസ് പാടാൻ അങ്ങ് ബിഹാറിൽ സംഘ്പരിവാർ നേതാവ് മുഖ്താർ അബ്ബാസ് നഖ്വിയും വക്താവ് ടോം വടക്കനും കോടിയേരിക്ക് കൂെട്ടത്തിയതാണ് ഏറ്റവും പുതിയ വാർത്ത.
കമ്യൂണിസ്റ്റ് പാർട്ടിയുടെ 'ജിഹാദി' ചരിതം
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിെൻറ നൂറാം വാർഷികാഘോഷത്തിലാണ് സി.പി.എം സെക്രട്ടറിയുടെ ഇൗ ഗമണ്ടൻ ഗുണ്ട്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് തുടക്കമിട്ടത് 1920 ഒക്ടോബർ 17ന് താഷ്കൻറിലാണ് എന്ന് സി.പി.എമ്മും അതല്ല, 1925 ഡിസംബർ 26ന് കാൺപുരിൽ രൂപവത്കരണം നടന്ന നാളാണ് യഥാർഥ ജനനത്തീയതി എന്ന് സി.പി.െഎയും തമ്മിലുള്ള തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടി പിറവി താഷ്കൻറിലാെണന്ന വാദത്തിൽ ചില അപകടങ്ങളുണ്ടെന്നാണ് സി.പി.െഎ നേതാവ് ബിനോയ് വിശ്വം എം.പിയുടെ പക്ഷം.
അദ്ദേഹം നിരൂപിച്ചതെന്തായാലും താഷ്കൻറിലെ കമ്യൂണിസ്റ്റ് രൂപവത്കരണ കഥ അത്യന്തം ഉദ്വേഗഭരിതമാണ്. കേരളത്തിൽനിന്നുപോലും യമനിലേക്കും അഫ്ഗാനിലേക്കും സായുധപോരാട്ട ജിഹാദിനായി വഴിതെറ്റിയ യുവാക്കൾ ദേശാടനം (ഹിജ്റ) ചെയ്യുന്ന െഎ.എസ് ഭീകരതയുടെ കാലത്ത്, േകരള പൊലീസ് മുതൽ എൻ.െഎ.എ വരെ മാവോവാദി, അൽഖാഇദ, തീവ്രവാദിവേട്ടയും ഏറ്റുമുട്ടലും കൊണ്ട് സംഭവബഹുലമാക്കിയ പിണറായി മന്ത്രിസഭയുടെ കമ്യൂണിസ്റ്റ് ഭരണിത കേരളത്തിലിരുന്ന് ഇന്ത്യൻ കമ്യൂണിസത്തിെൻറ ചരിത്രം വായിക്കുക അതിവിസ്മയാനുഭവം തന്നെ. വിപ്ലവതീവ്രവാദത്തിെൻറ, അേധാലോക സാഹസികജീവിതത്തിെൻറ, ഒളിപ്പോരിെൻറ, സൈനികപരിശീലനത്തിെൻറ, ആയുധക്കടത്തിെൻറ, ബ്രിട്ടീഷ്സാമ്രാജ്യത്വത്തെ സൗകര്യാനുസൃതം വാഴ്ത്തിയും വീഴ്ത്തിയുമുള്ള അടവുനയങ്ങളുടെ കിടിലൻ കഥകളാണു മുഴുക്കെ.
സി.പി.എം 17ാം കോൺഗ്രസ് നിയോഗിച്ച ചരിത്രകമീഷൻ തയാറാക്കിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രത്തിെൻറ ആദ്യ സഞ്ചികയിൽ ഇന്ത്യൻ കമ്യൂണിസത്തിന് ബീജാവാപം നൽകിയ 'ജിഹാദികളു'ടെയും 'മുഹാജിറുകളു'ടെയും കഥ പറയുന്നുണ്ട്. 'സത്യത്തിൽ ആദ്യകാല കമ്യൂണിസ്റ്റ് സംഘാടകരിൽ പലരും രാഷ്ട്രീയജീവിതം ആരംഭിക്കുന്നത് ഖിലാഫത്തികളോ മുഹാജിറുകളോ ആയിട്ടാണ്...ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരം ത്വരിതപ്പെടുത്തുന്നതിന് 18,000 മുഹാജിറുകൾ ഇന്ത്യ വിട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ ആദ്യകാല ധാരകളിൽ ഒന്ന് മുഹാജിർ പ്രസ്ഥാനമാണ്''(സഞ്ചിക ഒന്ന്, പേജ് 49). ബ്രിട്ടീഷ് സാമ്രാജ്യത്വം റൗലറ്റ് ആക്ടിലൂടെ നിയമപരമായും ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലൂടെ കായികമായും ഇന്ത്യയിലെ വിമോചനപോരാളികളെ നേരിടാൻ ശ്രമിച്ചപ്പോൾ ഏതുവിേധനയും സ്വാതന്ത്ര്യം വേണമെന്ന് കാംക്ഷിച്ച അവരിൽ പ്രബലമായൊരു വിഭാഗം ബ്രിട്ടീഷിനെതിരായ ഫലപ്രദമായ സായുധപോരാട്ട 'ജിഹാദി'നുവേണ്ടി അഫ്ഗാനിസ്താനിലെ ഗാസി അമാനുല്ല ഖാെൻറ ക്ഷണം സ്വീകരിച്ചു ദേശാടനം (ഹിജ്റ)ചെയ്തു.
ഇൗ ആവേശകരമായ കഥ 'ഖിലാഫത്തി'യിൽ നിന്ന് കമ്യൂണിസ്റ്റ് നേതാവായി മാറിയ ഷൗക്കത്ത് ഉസ്മാനി Peshawar to Mosco: Leaves from an Indian Muhajireen's diary' എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്. അഫ്ഗാനിലെത്തിയ മുഹാജിറുകളെ ജബലുസ്സീറയിൽ താമസിപ്പിച്ചെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കോപ്പുകൂട്ടാനെത്തിയവർ സംതൃപ്തരായില്ല. ഉസ്മാനിയുടെ ടീം പിന്നെയും ദുഷ്കരമായ പലായനം തുടർന്ന് തുർകിസ്താനിലെത്തി. സോവിയറ്റ് റഷ്യയിൽ സാർഭരണം നീങ്ങി ഒക്ടോബർ വിപ്ലവം ജയിച്ചുനിൽക്കെ, അതാണ് സുരക്ഷിതമായ മണ്ണെന്ന് തോന്നി അവരിൽ കുറെപേർ അവിടെ തങ്ങി. താഷ്കൻറിലെത്തിയ ഉസ്മാനിയുടെ മുഹാജിർ ടീമിനായി റഷ്യ 'ജുൻദുല്ലാഹ്' (അല്ലാഹ് സേന) എന്ന പേരിൽ ഒരു സൈനികപരിശീലന സ്കൂൾ തുറന്നു. പ്രത്യയശാസ്ത്രം പഠിക്കാൻ ഉസ്മാനിയടക്കം ഏതാനും പേരെ മോസ്കോയിലെ പാർട്ടി കലാശാലയിലേക്കും വിട്ടു.
ബർകത്തുല്ല മുതൽ കെ.ടി ജലീൽ വരെ
അക്കാലത്ത് കമ്യൂണിസ്റ്റ്-ഇസ്ലാം പാരസ്പര്യം പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പാഠപുസ്തകങ്ങളായിരുന്നു മൗലവി ബർകത്തുല്ല ഭോപാലിയുടെ 'ഇസ്ലാമും സോഷ്യലിസവും', 'ബോൾഷെവിസവും ഇസ്ലാമിക രാഷ്ട്രവും' തുടങ്ങിയ കൃതികൾ. 1919-20 കാലത്ത് മോസ്കോയിലെത്തിയ മുസ്ലിം പണ്ഡിതപ്രമുഖരിലൊരാളായിരുന്ന മൗലവി ബർകത്തുല്ല സോവിയറ്റ് പത്രം 'ഇസ്വെസ്തിയ'ക്കു നൽകിയ അഭിമുഖത്തിൽ അക്കാലത്തെ മുസ്ലിംപണ്ഡിതരുടെ നിലപാട് തുറന്നു പറഞ്ഞു: ''ഞാൻ കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ അല്ല, ഏഷ്യയിൽ നിന്ന് ബ്രിട്ടീഷുകാരെ തൂത്തെറിയുക എന്നതാണ് എെൻറ ഇപ്പോഴത്തെ രാഷ്ട്രീയപരിപാടി. ഏഷ്യയിലെ യൂറോപ്യൻമുതലാളിത്ത ആധിപത്യത്തിെൻറ ബദ്ധവൈരിയാണ് ഞാൻ. അതിനാൽ ഇൗയൊരു ലക്ഷ്യത്തിനുവേണ്ടി എനിക്കും കമ്യൂണിസ്റ്റുകൾക്കും പൂർണ അനുരഞ്ജനമാവാം''.
ഇങ്ങനെ ഇസ്ലാമികരാഷ്ട്രം, സാർവദേശീയ (പാൻ) ഇസ്ലാം, ഹിജ്റ, ജിഹാദ് എന്നീ തത്ത്വസംഹിതകളിൽനിന്നും അതിനെ പിന്തുടർന്ന മുസ്ലിംപണ്ഡിത ബൗദ്ധികനിരയിൽനിന്നും മുതൽക്കൂട്ടി കെട്ടിയുയർത്തിയ പാർട്ടിയുടെ നൂറാം ആണ്ടറുതി കൊണ്ടാടുന്ന മുഹൂർത്തത്തിൽ തന്നെ ഇൗ പരികൽപനകെളയൊക്കെ ഭീകരവത്കരിക്കുന്ന തമാശക്കു പാർട്ടി സെക്രട്ടറി മുതിരുന്നത് ആരെ ചിരിപ്പിക്കാനാണ്? ബർകത്തുല്ല ഭോപാലി പറഞ്ഞ ഇസ്ലാമിെൻറ സമഗ്ര, സാർവലൗകികവീക്ഷണം പുലർത്തുന്ന സംഘടനകൾ ആശയപരമായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കാറുണ്ട്.
അതു കമ്യൂണിസ്റ്റുകൾക്കു മനസ്സിലാകുകയും ചെയ്യും. മുെമ്പാരിക്കൽ ഇടതുപക്ഷത്തിന് ജമാഅത്തെ ഇസ്ലാമി വോട്ടുചെയ്യാൻ തീരുമാനിച്ചപ്പോൾ ഇൗ ലൈൻ പറഞ്ഞാണ് അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അവരെ നിലപാടുള്ള പ്രസ്ഥാനമെന്നു ശ്ലാഘിച്ചത്.
മാത്രമല്ല, ഇസ്ലാമിെൻറ ഇൗ വിപ്ലവരാഷ്ട്രീയമുഖം അനാവരണം ചെയ്യുന്ന മന്ത്രി കെ.ടി ജലീലിെൻറ 'മലബാർ കലാപം: ഒരു പുനർവായന' എന്ന കൃതിക്ക് ഉജ്വലമായ അവതാരികയും കുറിച്ചിട്ടുണ്ട് പിണറായി. ''മതവും വിശ്വാസവും ഒരു ജനതയെ പ്രതിലോമകാരികളാക്കുേമ്പാഴാണ് അവ എതിർക്കപ്പെടേണ്ടിവരുക. മറിച്ച്, ഒരു ജനതയെ സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ പോരാട്ടങ്ങൾക്ക് സജ്ജമാക്കാൻ മതാശയങ്ങൾ ഉൾപ്രേരണയാകുന്നെങ്കിൽ വിശ്വാസങ്ങളുടെ ആ പുരോഗമനസ്വഭാവത്തെ ശ്ലാഘിക്കേണ്ടതു തന്നെ.
മതങ്ങളുടെ ഇത്തരം വിപ്ലവ, ഇടതുപക്ഷമുഖം തന്നെയാണ് സാമ്രാജ്യത്വശക്തികളുടെ സാമ്പത്തിക-സാംസ്കാരികാധിനിവേശം ശക്തിപ്പെടുന്ന വർത്തമാനകാലത്തും ഉയർത്തിപ്പിടിക്കേണ്ടതായിട്ടുള്ളത്'' (പേജ് 203) എന്ന് കുറിക്കുന്ന മന്ത്രിയെ വിട്ടാണ് വെറുംആരോപണവുമായി മറ്റുള്ളവരുടെ പിറകെ കൂടുന്നത്. 'കലാപത്തിെൻറ പ്രത്യയശാസ്ത്രഭൂമിക'യും 'പറയാനുള്ളത്' എന്ന സ്വന്തം നിലപാട് പറയുന്ന അധ്യായവും വിവരിക്കുന്നതിനപ്പുറമുള്ള ഇസ്ലാമിെൻറ രാഷ്ട്രീയവിപ്ലവമുഖമൊന്നും മലയാളത്തിലാരും പറയുന്നില്ല.
ഇതൊന്നും ഇപ്പോഴത്തെ സെക്രട്ടറിക്കും അറിയാതെയല്ല. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' കിനാവുകണ്ടതാരെന്ന് അതിനുവേണ്ടി പ്രസംഗിച്ചുനടന്ന സ്വന്തം മന്ത്രിയോട് ചോദിച്ചാൽ മതിയല്ലോ. ഇപ്പോൾ അപകടമാക്കിത്തള്ളുന്നവരുടെയൊക്കെ വോട്ടുവാങ്ങാൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവരെ വിവിധയിടങ്ങളിൽ കയറിയിറങ്ങിയ ക്യാപ്സൂളുകളും അദ്ദേഹത്തിന് ലഭ്യമാവാതെ വരില്ല. അതിനൊന്നും നിൽക്കാതെ മാണിപുത്രെൻറ പാർട്ടിയെ കൈയിൽ കിട്ടിയ സന്തോഷത്തിൽ തുടർഭരണ സ്വപ്നത്തിന് ഗതിവേഗം കൂടിയെന്ന കണക്കുകൂട്ടലിെൻറ അർമാദത്തിലാണ് പാർട്ടി സെക്രട്ടറിയുടെ ഇൗ ഉദീരണങ്ങൾ.
ഖുശ്വന്ത് സിംഗും സി.ജെ തോമസും ചൂണ്ടിയത്
സ്വപ്നങ്ങൾക്കു പിറകെ തുള്ളിച്ചാടി കണക്കിൽ പിഴച്ചു കമ്യൂണിസ്റ്റുകൾ വീണ കഥ ഖുശ്വന്ത്സിങ് പറയുന്നുണ്ട്്. സ്വാതന്ത്ര്യശേഷം അധികാരം തങ്ങളുടെ കൈയിൽ വന്നുചേരും എന്നു കണക്കുകൂട്ടി 1939നും 1945നും ഇടക്കുള്ള രണ്ടാം ലോകയുദ്ധ കാലത്ത് കോൺഗ്രസ് നേതാക്കൾ ജയിലിൽ കിടന്നപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിന്തുണച്ച് കമ്യൂണിസ്റ്റുകൾ ശക്തി സമാഹരിച്ചു. എന്നാൽ, യുദ്ധം കഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ ജയിൽമോചിതരായപ്പോൾ ജനത അവരെ പിന്തുണച്ചു. ബ്രിട്ടീഷുകാരെ സഹായിച്ച കുലംകുത്തികളായി കമ്യൂണിസ്റ്റുകളെ അകറ്റിനിർത്തുകയും ചെയ്തെന്ന് ഖുശ്വന്ത് എഴുതുന്നു.
മുസ്ലിംനേതാക്കളെ മാത്രം ഉയർത്തിക്കാട്ടി കോൺഗ്രസിനെയും യു.ഡി.എഫിനെയും 'പുലി വരുന്നേ' മട്ടിൽ പേടിപ്പിക്കുന്ന മാർക്സിസ്റ്റു പാർട്ടി സെക്രട്ടറിയുടെ വംശീയവാക്കുകൾ കേൾക്കുേമ്പാൾ മലയാളത്തിെൻറ പ്രിയ എഴുത്തുകാരൻ സി.ജെ. തോമസിെൻറ മുന്നറിയിപ്പ് ശ്രദ്ധേയമായി തോന്നി:
''ആദർശധീരതയില്ലാത്ത സോഷ്യലിസ്റ്റുകാർ ഫാഷിസ്റ്റായിത്തീരാൻ സമയമധികം വേണ്ട. ഇന്ത്യയിലിന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. ഒരു വശത്ത് അവർ സ്വയം ഫാഷിസ്റ്റായിത്തീരുക, മറുവശത്ത് ഗവൺമെൻറിനെയും പൊതുജനങ്ങളെയും ഫാഷിസ്റ്റ് മനോഭാവത്തിലേക്ക് പിടിച്ചുതള്ളുക. ഇതാണ് നമ്മുടെ കമ്യൂണിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. മതത്തിെൻറയും ജാതിയുടെയും അന്തരീക്ഷത്തിൽ വളർന്ന ഒരു ജനതക്ക് അന്ധമായ അനുസരണത്തിെൻറയും ശൂന്യമായ നിഷേധത്തിെൻറയും ആത്മാവുണ്ടായിരിക്കും. ആ മണ്ണിലാണ് നമ്മുടെ സോഷ്യലിസ്റ്റുകൾ അവരുടെ കൃഷി നടത്തുന്നത്. മുളച്ചുവരുന്നത് ഗോൾവൽക്കറുടെ കമ്യൂണിസം'' (ധിക്കാരിയുടെ കാതൽ പേജ്: 30).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.