കോടതി കനിഞ്ഞിട്ടും ജയിലിറങ്ങാത്തവർ
text_fieldsപതിനൊന്നാം മണിക്കൂറിൽ അടിയന്തരമായി വിളിച്ചുകൂട്ടിയ കോടതിയിൽ പുറപ്പെടുവിക്കാനിരിക്കുന്നത് എന്തെന്ന് ആരംഭത്തിലേ പറയാൻ കഴിയുമായിരുന്ന വിധിയായിരുന്നു ഡൽഹി സർവകലാശാല പ്രഫസർ ജി.എൻ. സായിബാബയുടെ കേസിലേത്. ബോംബെ ഹൈകോടതി വിധി സസ്പെൻഡ് ചെയ്യാനാണ് പുറപ്പാട് എന്ന് മനസ്സിലാക്കിത്തന്നെയാണ് കേരള ഹൈകോടതി മുൻ ജഡ്ജിയും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ ആർ. ബസന്ത് 90 ശതമാനവും വികലാംഗനായ സായിബാബയെ, വീട്ടുതടങ്കലിലാക്കിയെങ്കിലും ഒന്ന് ജയിൽ മോചിതനാക്കൂ എന്ന് സുപ്രീംകോടതിയോട് കേണത്.
വീൽചെയറിൽ കഴിയുന്ന ഒരാളാണ് അദ്ദേഹമെന്നും അത്തരമൊരാളെ സഹായിക്കേണ്ടതെങ്ങനെയെന്ന് പരിശീലനം സിദ്ധിച്ചവരല്ല സഹതടവുകാരെന്നും ബസന്ത് പറഞ്ഞുനോക്കി. എന്നാൽ, വികലാംഗനാണെങ്കിലും ഡൽഹി സർവകലാശാലയിലെ മുൻ പ്രഫസറാണെങ്കിലും വീട്ടിലിരുത്തിയാൽ പോലും കുറ്റകൃത്യത്തിലേർപ്പെട്ടേക്കാവുന്ന ഒരു 'അർബൻ നക്സൽ' അതർഹിക്കുന്നില്ലെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദമാണ് ജസ്റ്റിസുമാരായ എം.ആർ. ഷായും ബേല ത്രിവേദിയും സ്വീകരിച്ചത്.
ആരുടെ വിധിയാണ് യഥാർഥത്തിൽ തെറ്റ്?
വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചശേഷം യു.എ.പി.എ ചുമത്താൻ ബന്ധപ്പെട്ട അതോറിറ്റി അനുമതി നൽകിയത് തെറ്റായിരുന്നതിനാൽ അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് നടന്ന വിചാരണയും ശിക്ഷാവിധിയും ഒന്നും നിലനിൽക്കില്ലെന്ന് വിലയിരുത്തിയായിരുന്നു ബോംബെ ഹൈകോടതി സായിബാബയെയും കൂടെയുള്ളവരെയും കുറ്റമുക്തരാക്കിയത്. തെറ്റായി നേടിയ യു.എ.പി.എ അനുമതിക്കുമേൽ നടന്ന മുഴുവൻ പ്രോസിക്യൂഷൻ നടപടികളും അതോടെ റദ്ദായെന്ന് വിധിച്ച ബോംബെ ഹൈകോടതി അതിന് കീഴ്കോടതി നടത്തിയ വിചാരണയുടെയോ കേസിന്റെയോ മെറിറ്റിലേക്ക് കടക്കേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. എന്നാൽ, സുപ്രീംകോടതി ബെഞ്ചാകട്ടെ, ആരോപിച്ച കുറ്റകൃത്യങ്ങളുടെ ഗൗരവവും വ്യാപ്തിയും കണക്കിലെടുത്ത് തങ്ങൾക്കു മുന്നിൽവന്ന തെളിവുകൾ വെച്ച് വിചാരണ കോടതി പുറപ്പെടുവിച്ച വിധി തെറ്റായനടപടിക്രമത്തിന്റെ പേരിൽ റദ്ദാക്കുന്നതാണ് തെറ്റ് എന്നും വിധിച്ചു.
ഞെട്ടിക്കുന്ന തെറ്റായ വിധിയാണ് ശനിയാഴ്ചത്തെ അസാധാരണ സിറ്റിങ്ങിൽ സുപ്രീംകോടതി പുറപ്പെടുവിച്ചതെന്നാണ് മുതിർന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ കോളിൻ ഗോൺസാൽവസ് അഭിപ്രായപ്പെട്ടത്. ഈ വിധിപ്രസ്താവന എഴുതാനായി ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞുകൊടുക്കുമ്പോഴും അതല്ലല്ലോ ഹൈകോടതി പറഞ്ഞത്, നിയമത്തിന്റെ വഴിയിലൂടെ ശരിയായ നടപടിക്രമം പാലിച്ച് വിചാരണ നടത്തി തെറ്റുകാരാണെങ്കിൽ പ്രതികളെ ശിക്ഷിച്ചോളൂ എന്നല്ലേ എന്ന് അൽപം വൈകാരികമായിത്തന്നെ അഡ്വ. ബസന്ത് ഇടപെട്ടു. വീട്ടുതടങ്കലിലാക്കിയാലും അർബൻ നക്സലുകൾക്ക് കുറ്റകൃത്യം ചെയ്യാൻ ഒരു ഫോൺ മതിയെന്ന് സോളിസിറ്റർ ജനറൽ ഉടക്കിട്ടപ്പോൾ എങ്കിൽ ഫോണും വിച്ഛേദിച്ചോളൂ എന്നുവരെ ബസന്ത് പറഞ്ഞുനോക്കിയിട്ടും ജസ്റ്റിസ് ഷായും ജസ്റ്റിസ് ബാലെയും അയഞ്ഞില്ല.
കോടതി വിധിക്കാത്ത ജീവപര്യന്തം തടവുകൾ
ഭരണകൂടം പൂട്ടിക്കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അയാൾ പുറംലോകം കാണാത്ത തരത്തിൽ ഒരു പൊലീസ് മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറി, ഒരു കേസിൽനിന്ന് മറ്റൊരു കേസിൽ കുരുക്കി ഒരു കോടതി കഴിയുമ്പോൾ അടുത്ത കോടതിയിലേക്ക് എന്ന തരത്തിൽ ഒരു മനുഷ്യജീവിതം നിരന്തരം കോടതിത്തിണ്ണകൾ നിരങ്ങി നീങ്ങുന്നതെങ്ങനെയെന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് യു.എ.പി.എ തടവുകാർ. കോടതി വിധിക്കാതെ ഫലത്തിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാനാണ് ഇവരുടെ നിയോഗം. എന്ത് കുറ്റമാരോപിച്ചാണോ ആദ്യം പിടിച്ച് ജയിലിലടച്ചത് ആ കേസിൽനിന്ന് ഏതെങ്കിലും തരത്തിൽ ഒരു ആശ്വാസം ലഭിക്കുമ്പോഴേക്കും അടുത്ത കേസിന്റെയും മേൽക്കോടതിയുടെയും കുരുക്ക് മുറുകുന്ന നിസ്സഹായാവസ്ഥ. കീഴ്കോടതി മുതൽ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തി രണ്ടു വർഷത്തിനുശേഷം നേടിയെടുത്ത ജാമ്യത്തിന്റെ ആശ്വാസം ഇ.ഡി മറ്റൊരു കേസിൽ കുരുക്കിയതുമൂലം അനുഭവിക്കാൻ കഴിയാതെ യു.പി ജയിലിൽ കിടക്കേണ്ടിവരുന്ന സിദ്ദീഖ് കാപ്പന്റെ ദുരനുഭവമിതാണ്.
യു.എ.പി.എ കേസിൽ വിചാരണ കഴിഞ്ഞ് കോടതി ശിക്ഷ വിധിച്ചതുകൊണ്ടാണ് ഹൈകോടതിയിൽ നടപടിക്രമം ചോദ്യംചെയ്യാൻ സായിബാബയുടെ അഭിഭാഷകർക്ക് കഴിഞ്ഞത്. എന്നാൽ പതിറ്റാണ്ടിലേറെ ജയിലിൽ കിടത്തിയിട്ടും വിചാരണയൊന്ന് തീർത്തുതന്നെങ്കിൽ എന്ന് യാചിക്കുകയാണ് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെയും പരപ്പനങ്ങാടിയിലെ സകരിയയെയും പോലെ വിവിധ ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന എണ്ണമറ്റ യു.എ.പി.എ തടവുകാർ. വിചാരണത്തടവുകാരെ കൊണ്ട് ഇന്ത്യൻ ജയിലുകൾ നിറഞ്ഞുകവിഞ്ഞുവെന്ന് അക്കാദമിക വേദികളിലും വാരാന്ത്യ പരിപാടികളിലും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാർ സ്വന്തം ബെഞ്ചിൽ വിചാരണത്തടവുകാരുടെ കാര്യം വരുമ്പോൾ വാക്കുകളിലെ അലിവ് വിധിപ്രസ്താവനകളിൽ കാണിക്കാറില്ല.
ജാമ്യം അനുവദിച്ചാലും ജാമ്യക്കാരില്ലാത്തവർ
കോടതി ജാമ്യം അനുവദിച്ചയാൾ ഇതരസംസ്ഥാനക്കാരനാണെങ്കിൽ ജാമ്യക്കാർക്കായുള്ള തിരച്ചിൽ കൂടുതൽ പ്രയാസകരമാകുമെന്നത് ചർച്ചയായതും സിദ്ദീഖ് കാപ്പന്റെ കേസിലാണ്. എന്നാൽ, വിചാരണത്തടവുകാരായി തടവറകളിലടക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചാലും ജയിലിൽ നിന്നിറങ്ങാൻ കഴിയാത്ത നിസ്സഹായാവസ്ഥ മനുഷ്യാവകാശ പ്രവർത്തകർ പതിവായി ഉന്നയിക്കാറുള്ള പ്രശ്നമാണ്. ഏത് സംസ്ഥാനത്താണോ കുറ്റകൃത്യം നടന്നതായി ആരോപിച്ചത് അവിടെ ഭൂമിക്ക് നികുതി അടച്ചതിന്റെ ശീട്ടുള്ളവരെ ജാമ്യം നിൽക്കാൻ കിട്ടാത്തതുമൂലം ജയിലിൽ തുടരാൻ വിധിക്കപ്പെട്ടവർ ഏറെയാണ്.
യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങൾ ചുമത്തപ്പെട്ട കേസുകളിൽ അടുത്ത ബന്ധുക്കൾപോലും ജാമ്യം നിൽക്കാൻ തയാറാകാത്ത ഉദാഹരണങ്ങൾ ഉത്തരേന്ത്യയിൽ വ്യാപകമാണ്. തയാറാകുന്നവരിൽ പലരും പൊലീസിന്റെ പ്രതികാര നടപടി ഭയന്ന് പിന്നീട് പിന്മാറുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.