ആരുപറഞ്ഞു, ഗോദ്സെ ആർ.എസ്.എസുകാരനല്ലെന്ന്?
text_fields? താങ്കളുടെ പുസ്തകം ആർ.എസ്.എസും ഗാന്ധി ഹത്യയും തമ്മിലെ ബന്ധം വെളിപ്പെടുത്തുന്നുണ്ടല്ലോ, ആർ.എസ്.എസ് എങ്ങനെയാണ് അവരുെട ഭൂതകാലത്തെ വെളുപ്പിച്ചെടുക്കുന്നത്?
ഗാന്ധിജിയുടെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന ശരിയാംവിധം അന്വേഷിക്കപ്പെട്ടിട്ടില്ല. ഏറെ വൈകി 1960കളിൽ ഇക്കാര്യം അന്വേഷിക്കാൻ ഒരു കമീഷനെ നിയോഗിച്ചു. അപ്പോഴേക്ക് ഈ കേസുമായി ബന്ധപ്പെട്ട നിരവധിയാളുകൾ മരിച്ചിരുന്നു. പല കാര്യങ്ങളും നീക്കം ചെയ്യപ്പെടുകയും ചെയ്തു. കമീഷനാവട്ടെ വസ്തുതകൾ പരിശോധിക്കാൻ കാര്യമായൊന്നും ചെയ്തതുമില്ല.
ഗോദ്സെ ആർ.എസ്.എസ് വിട്ടു മഹാസഭയിൽ ചേർന്നുവെന്നൊക്കെ കഥകളുണ്ടെങ്കിലും നാഗ്പുരിലെ ആർ.എസ്.എസ് കേന്ദ്രകാര്യാലയത്തിൽനിന്ന് പിടിച്ചെടുത്ത രേഖകൾ ഇത്തരം വാദങ്ങളെ ഖണ്ഡിക്കുന്നു.
ഗോദ്സെ പറഞ്ഞ വാദങ്ങൾ ശരിയേത് തെറ്റേത് എന്നു കണ്ടെത്തുന്നതിന് ഒരു ശ്രമവുമുണ്ടായിട്ടില്ല. അതു ചെയ്തിരുന്നെങ്കിൽ ഇന്ന് കാര്യങ്ങൾ സുവ്യക്തമായേനെ. ഗാന്ധിഹത്യയുെട ഗൂഢാലോചനയിലേക്ക് അന്വേഷണം നടക്കാഞ്ഞതാണ് ആർ.എസ്.എസിന് കെട്ടുകഥകളെ സ്ഥിരപ്പെടുത്തിയെടുക്കാൻ സൗകര്യം നൽകിയത്. കെട്ടുകഥകൾ ആദ്യം പ്രാമാണീകരിച്ചത് ആർ.എസ്.എസ് അനുകൂലി എഴുത്തുകാരായിരുന്നു, എന്നാൽ, പിൽക്കാലത്ത് ഗവേഷകരും ആർ.എസ്.എസുകാരല്ലാത്ത എഴുത്തുകാരും ഇൗ സിദ്ധാന്തങ്ങളെ മുഖവിലയ്ക്കെടുത്തു തുടങ്ങി. അതോടെ ആർ.എസ്.എസിന് അവരുടെ ഭൂതകാലം വെളുപ്പിച്ചെടുക്കാനുമായി.
ഗോദ്സെക്ക് ആർ.എസ്.എസും സവർക്കറുമായുണ്ടായിരുന്ന ബന്ധമെന്തായിരുന്നു ?
വിചാരണ വേളയിൽ ഗോദ്സെ ശ്രമിച്ചത് ഗാന്ധിഹത്യയുടെ ആസൂത്രണവും നടത്തിപ്പുമെല്ലാം താനൊറ്റക്ക് നടത്തിയതാണ് എന്ന ധാരണ സൃഷ്ടിക്കാനാണ്. അങ്ങനെ ആരോപണ വിധേയരെയും താൻ ഭാഗമായിരുന്ന ആർ.എസ്.എസ്, ഹിന്ദു മഹാസഭ എന്നീ സംഘടനകളെയും കുറ്റമുക്തരാക്കാൻ നോക്കി. 1929ൽ സവർക്കറുമായി ബന്ധപ്പെടാൻ തുടങ്ങിയപ്പോൾ മുതൽ ഗാന്ധിയൻ ദേശീയതയുടെയും തത്ത്വചിന്തയുടെയും വിപരീത ശക്തിയായ ഹിന്ദുത്വ വൃത്തങ്ങളുടെ ഭാഗമായി ഗോദ്സെ. സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റണം എന്ന് ചിന്തിക്കുന്ന സംഘമായിരുന്നു അവർ. അയാൾ ക്രമേണ സവർക്കർ അനുകൂലികൾ വാഗ്ദാനം ചെയ്ത ബ്രാഹ്മണാധിപത്യം വീണ്ടെടുത്ത് ഹിന്ദുരാഷ്ട്ര സംസ്ഥാപനം എന്ന ആ സ്വപ്നത്തെ പിന്തുടരാൻ തുടങ്ങി.
മുംബൈയിലും വിരാറിലുമുള്ള മറാത്തി സംസാരിക്കുന്ന മേൽജാതി യുവാക്കളാണ് ഈ ചിന്തയോട് ഏറെയും ആകർഷിക്കപ്പെട്ടത്. സവർക്കർ തുടക്കമിട്ടുകൊടുത്ത ചിന്തകൾക്ക് 1934ൽ ആർ.എസ്.എസിൽ ചേർന്നതോടെ രൂപം കൈവന്നു. ഹിന്ദുത്വ സംഘടനകളായ ആർ.എസ്.എസും ഹിന്ദുമഹാസഭയും വഴി മുന്നോട്ടുകൊണ്ടുപോകുവാൻ ആലോചിച്ചു. സായുധ സംഘടനയായ ഹിന്ദുരാഷ്ട്ര ദലിനും അയാൾ രൂപം നൽകി. ആ സംഘടനയും മൗലികമായി ആർ.എസ്.എസുമായി ബന്ധപ്പെട്ടുകിടക്കുന്നു. വിശ്രുത എഴുത്തുകാരൻ ഖുശ്വന്ത് സിങ് പറഞ്ഞതുപോലെ ഹിന്ദുത്വ എന്നു പറഞ്ഞാൽ അത് ഗോദ്സെയിസമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിെൻറ എക്കലാത്തെയും വലിയ പ്രതീകമായ, ഹിന്ദു-മുസ്ലിം ഏകതയുടെ പ്രതിരൂപമായിരുന്ന ഗാന്ധിജിയെ വധിച്ച ഗോദ്സെക്ക് വർത്തമാനകാല ഇന്ത്യയിലെ ഒരു വിഭാഗം ഹിന്ദുയുവതക്കിടയിൽ വലിയ ജനപ്രിയത ഉണ്ടായിരിക്കുന്നു- ഇത് എന്താണ് പറഞ്ഞുവെക്കുന്നത്?
നേരത്തേയും ഗോദ്സെയെ ബിംബമായി കരുതുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു, അന്നവരത് തികച്ചും നിശ്ശബ്ദമാണത് ചെയ്തിരുന്നത്. ഹിന്ദുത്വ സംഘടനകൾ ഇന്ന് മുഖ്യധാരയായി മാറിയിരിക്കുന്നു. ഭരണകൂടത്തിെൻറ പിൻബലമുള്ളതിനാൽ അവരുടെ ഒച്ചക്ക് കനമേറിയിരിക്കുന്നു. പലയിടത്തും ഗോദ്സെ ക്ഷേത്രങ്ങൾ വരാൻപോലും പോകുന്നു. ഗോദ്സെയെ വിഗ്രഹവത്കരിക്കുന്ന രീതി ഇന്ത്യയിൽ ശക്തിപ്രാപിക്കുകയാണ്, 2014നു ശേഷം സംഭവിച്ചതാണിത്. 2017ൽ രാജ്യത്തെ ഹിന്ദു കുറുനിരക്കൂട്ടങ്ങളെ പഠനവിധേയമാക്കുന്ന നിഴൽ സൈന്യങ്ങൾ (hadow Armies) എന്ന പുസ്തകത്തിനായി പ്രവർത്തിച്ച വേളയിൽപ്പോലും അത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരെ ഹിന്ദു സമുദായത്തിലെ തീവ്രവിഭാഗക്കാരായാണ് കണക്കാക്കിയിരുന്നത്. എന്നാൽ, അന്നും എന്നെ അത്ഭുതപ്പെടുത്തിയത് മാധ്യമങ്ങളും ഭരണകൂടവും നമ്മുടെ വ്യവസ്ഥയുമെല്ലാം അവയെ ഒറ്റപ്പെട്ട സംഭവങ്ങളായാണ് കണക്കാക്കിയിരുന്നത്, അവരുടെ ചെയ്തികളെല്ലാം വ്യക്തിപരമെന്നും. ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമുള്ള സംഭവങ്ങളെയാണ് ഒറ്റപ്പെട്ട സംഭവമായും വ്യക്തികളുടെ പ്രവൃത്തികളായും എണ്ണിയിരുന്നത്.
ഹിന്ദുത്വ സംഘടനകൾ ഇന്ത്യൻ ജനാധിപത്യത്തിന് സൃഷ്ടിക്കുന്ന ഭീഷണി എത്രമാത്രം വലുതാണ്?
ഈ വിഭാഗം മാത്രമങ്ങ് വിചാരിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും ഭീഷണിയിലാക്കാമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.
നിങ്ങെളാരു ഹിതപരിശോധന നടത്തിയാൽ ഇന്ത്യൻ ജനതയുടെ വലിയൊരു വിഭാഗം ഇപ്പോഴും ഗാന്ധിക്കൊപ്പം തന്നെയാണ്. ഹിന്ദുത്വ ഗ്രൂപ്പുകൾക്ക് ഭരണകൂട പിൻബലമുള്ളതുകൊണ്ട് ഗാന്ധിയന്മാരേക്കാൾ ഇടം അവർ കൈയടക്കിയതായി അനുഭവപ്പെടുകയാണ്. ഇപ്പോഴും ബി.ജെ.പിക്ക് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയില്ല. തീർച്ചയായും അവർ രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, മറ്റു പാർട്ടികളെ അപേക്ഷിച്ച് കൂടുതൽ വോട്ടും സീറ്റും അവർക്കുണ്ട്. എന്നാൽ, രാജ്യത്തെ അറുപത് ശതമാനത്തിലേറെ പേർ ബി.ജെ.പിക്ക് എതിരായാണ് വോട്ടു ചെയ്തിരിക്കുന്നത്. അധികാരം മോദിയുടെ കൈകളിൽ അമർന്നുപോയതിെൻറ വ്യത്യാസമാണ് ഇപ്പോൾ നാം കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ. മുസ്ലിംകൾ പ്രായോഗിക തലത്തിൽ വലിയ അളവോളം രണ്ടാംതരം പൗരരായി താഴ്ത്തിക്കെട്ടപ്പെട്ടിരിക്കുന്നു എന്നത് ഒരു സത്യമാണ്. എന്നാൽ, വരും കാലങ്ങളിൽ ഇതിനൊരു തിരിച്ചടിയുണ്ടായാലും എനിക്ക് അത്ഭുതമില്ല. മുസ്ലിംകൾ മാത്രമല്ല, ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും അവർ ജീവിച്ചുപോന്ന ജനാധിപത്യരീതിയെ കൈെയാഴിയാൻ താൽപര്യപ്പെടുന്നില്ല. ഇന്ത്യയുടേത് അനുഭവ സമ്പന്നമായ ഒരു ജനാധിപത്യക്രമമമാണ്.
മോദിഭരണത്തിൻ കീഴിൽ സവർക്കറുടെ ഹിന്ദുമേൽക്കോയ്മാ വീക്ഷണം ഗാന്ധിയൻ ബഹുസ്വരതക്കുമേൽ ആധിപത്യം കൈവരിക്കുന്നതായി താങ്കൾ കരുതുന്നുണ്ടോ?
സവർക്കറെ ഹിന്ദു ദേശീയവാദിയായി കാണുന്നതു തന്നെ പ്രശ്നകരമായി തോന്നുന്നു. സവർക്കറെപ്പോലെയുള്ള ആളുകളെ ദേശീയവാദിയെന്ന് വിശേഷിപ്പിക്കുന്നതുതന്നെ തെറ്റാണ്. അയാൾ ഒരു ദേശീയവാദിയേ ആയിരുന്നില്ല. ഇന്ത്യയിൽ ദേശീയവാദത്തിന് ഒരു പശ്ചാത്തലമുണ്ട്. അത് ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ സ്വാതന്ത്ര്യപ്പോരാട്ടമായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ദേശീയ പ്രസ്ഥാനത്തിലും സവർക്കർ പങ്കാളിയല്ല. 1924ൽ ജയിലിൽനിന്ന് പുറത്തുവന്നതോടെ ബ്രിട്ടീഷ് വിരുദ്ധ സമീപനം പൂർണമായും മുസ്ലിം വിരുദ്ധ സമീപനമാക്കി മാറ്റുകയാണ് സവർക്കർ ചെയ്തത്. അയാളെ ഹിന്ദു വർഗീയവാദിയെന്നോ ഹിന്ദുമേൽക്കോയ്മാ വാദിയെന്നോ വിളിക്കാം, പക്ഷേ ദേശീയവാദിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല തന്നെ.
ജയന്തി ദിനത്തിലും സമാധി ദിനത്തിലും മോദി ഗാന്ധിപ്രതിമയെ വണങ്ങുന്നതു കാണുേമ്പാൾ എനിക്ക് ചിരി വരാറുണ്ട്. സവർക്കറെ പ്രതിനിധാനം ചെയ്യുന്നയാൾക്ക് ഗാന്ധിക്കു മുന്നിൽ വണങ്ങേണ്ടി വരുന്നു. ഗാന്ധിജി ഇന്ത്യയുടെ ആത്മാവാണ്. ആത്മാവിനെ കൊലപ്പെടുത്തിയാൽ രാജ്യം തന്നെയാണ് ഇല്ലാതാവുന്നത്. ഏവരെയും ഉൾക്കൊള്ളുന്ന ഗാന്ധിജിയുടെ വീക്ഷണമാണ് ഹിന്ദുത്വ ശക്തികൾ ഏറ്റവുമധികം വെറുക്കുന്നത്. എല്ലാ ഇന്ത്യക്കാർക്കും തുല്യ അവകാശമുള്ള പൗരരെ ജാതിയുടെയോ വർഗത്തിെൻറയോ പേരിൽ വേർതിരിക്കാത്ത ഗാന്ധിജിയുടെ ഇന്ത്യ അവർ വിഭാവനം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടാണ് അവർ ഗാന്ധിജിയോട് വിദ്വേഷം പുലർത്തിയതും നെഞ്ചിനുനേരെ ഉന്നംപിടിച്ചതും.
(കടപ്പാട്: അൽജസീറ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.