ഗസ്സ ആരു ഭരിക്കും ?
text_fieldsറമദാൻ തുടങ്ങുന്നതോടെ , വെടിയൊച്ച നിലച്ച് തൽക്കാലത്തേക്കെങ്കിലും, ഗസ്സയിൽ സമാധാനം കൈവരും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഒന്നാം നോമ്പിന് ലോകം കേട്ട പ്രഭാത വാര്‍ത്ത റഫാ അതിർത്തിയിൽ, ഇസ്രായേൽ വീടുകൾക്കു മേലെ ബോംബുവർഷം നടത്തുന്നുവെന്നാണ്. ബർകാത്ത് കുടംബത്തിന്റെ വീടിനുമുകളിൽ പതിച്ച ബോംബുകൾ മൂന്നു കുഞ്ഞുങ്ങളുടെ ജീവനെടുത്തു, ഏതാനും പേർ മരണ ശയ്യയിലായി. ബൈത് ലാഹിയയിലും ഇത് തന്നെ ആവർത്തിക്കപ്പെട്ടുവെന്ന് ഫലസ്തീൻ ഡിഫൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലിന്റെ ഔദ്യോഗിക ചാനലിൽ രാഷ്ട്രീയ അവലോകനം നടത്തുന്ന റഫീഫ് ഡ്രക്കർ ഒരാഴ്ച മുമ്പെ പ്രസ്താവിച്ചത് ഗസ്സയിൽ ഇസ്രായേൽ ശോചനീയമായി പരാജയം ഏറ്റുവാങ്ങുന്നു എന്നായിരുന്നു. എന്നാൽ, നോമ്പിന് തലേനാൾ ചാനൽ 13 നടത്തിയ അഭിമുഖത്തിൽ നെതന്യാഹു തീര്‍ത്തു പറയുന്നു ‘‘ഞാൻ ഗസ്സ പൂര്‍ണമായി നശിപ്പിച്ച ശേഷം അവിടുത്തെ ഭരണം ഫതഹിനെ ഏൽപിക്കും. റമദാനിൽ ബൈത്തുൽ മുഖ്ദസിൽ ആരു പ്രവേശിക്കണമെന്ന് ഞാൻ തീരുമാനിക്കും’’ എന്നിങ്ങനെ.
വ്രതാനുഷ്ഠാനം നടത്തുന്ന ഫലസ്തീനികൾക്ക് അവിടെ പ്രവേശനമില്ല. ഗസ്സ, റാമല്ല എന്നീ സ്ഥലങ്ങളിലുള്ളവരെ അഖ്സ യിലെ ഇമാം ശൈഖ് ഇക്രീം സബ്രി പ്രത്യേകമായി തന്നെ പ്രാർഥനക്കായി ക്ഷണിച്ചിരിക്കുന്നു. പക്ഷെ,ഇസ്രായേൽ അതിനെ ചാട്ടവാർ ഉപയോഗിച്ചു തടയുകയാണ്. ഇസ്രായേലിലെ, 40 വയസ്സിലേറെ പ്രായമുള്ള അറബികൾ തൽക്കാലം അഖ്സയിൽ പ്രവേശിക്കുന്നുണ്ടായിരുന്നു. നെതന്യാഹുവിൻറെ ചാനൽ അഭിമുഖത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
ജർമനിയിലെ സൈനിക ശാസ്ത്രജ്ഞനായിരുന്ന കാൾവോൺ ക്ലോസ്വിറ്റ്സ് ( Carl von Clausewitz (1810-1831) കുറിക്കുന്നത് “ യുദ്ധം ചെയ്യുന്ന ആർക്കും, അതുവഴി നേടിയെടുക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിനുള്ള മാർഗങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതിരിക്കാൻ സാധ്യമല്ല” എന്നാണ്. ശത്രുവിന്റെ സൈനിക പരാജയത്തിലുപരി,അവരുടെ ശത്രുത തന്നെ ഇല്ലായ്മ ചെയ്യുക എന്നതാണ് യഥാര്‍ത്ഥ യുദ്ധവിജയമായി പരിഗണിക്കാവുന്നത്.
ഇതിനുവേണ്ടി നയതന്ത്ര ബന്ധങ്ങളും, ഭരണകൂടങ്ങൾക്കും സമൂഹങ്ങൾക്കുമിടയിലുമുള്ള ഇടപാടുകളും അവർ ഉപയോഗിക്കുന്നു. സൈനിക മുന്നേറ്റങ്ങളെ അവഗണിച്ചു കൊണ്ടുതന്നെ, ശത്രുവിന്റെ വീര്യം ചോർത്തിക്കളയാൻ സാധിക്കുകയെന്നത് സാധാരണനിലക്ക് അപ്രാപ്യമായ കാര്യമാണ്.
എന്നാൽ,മിഡിലീസ്റ്റ് ഐ വെബ്സൈറ്റിൽ ബ്രിട്ടീഷ് എഴുത്തുകാരനായ ഡേവിഡ് ഹേസ്റ്റ് ഫെബ്രുവരി 24-ന് കുറിച്ചത് ഹമാസിനെ നിർവീര്യമാക്കാൻ ഇസ്രായേലിന് സാധ്യമല്ലെന്നാണ്. ഇപ്പോൾ, ഹമാസ് മാത്രമല്ല, മനുഷ്യാവകാശ സംഘടനകളൊക്കെയും ലോകം മുഴുക്കെ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
യുദ്ധം നിർത്തുകയും, തടവുകാരെ പരസ്പരം കൈമാറുന്ന കരാർ നിലവിൽ വരികയും ചെയ്യുന്നപക്ഷം, ഗസ്സയുടെ ഭരണം ആരുടെ കൈയിലായിരിക്കണമെന്നതാണ് ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം. ഗസ്സയിലെ പ്രബല ഗോത്രത്തലവന്മാരുമായി നെതന്യാഹുവിന്റെആളുകൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇതുപോലുള്ള പരീക്ഷണം അമേരിക്ക ഇറാഖിലും, അഫ്ഘാനിസ്താനിലും നടത്തി പരാജയപ്പെട്ടതാണ്. ഗോത്രത്തലവന്മാരെ ഭരണമേൽപിക്കുകയും അവരെ തമ്മിൽതല്ലിച്ച് സ്വന്തം കാര്യങ്ങൾ നേടുകയും ചെയ്യുന്ന തന്ത്രം അമേരിക്കയുടെ പരാജയത്തിൽ കലാശിച്ചു. ഇവിടെ, ഭരണത്തിനു നേതൃത്വം നല്‍കുന്നതിന് അവർ കണ്ടെത്തിയിരിക്കുന്നത് മഹമൂദ് അബ്ബാസിന്റെ സ്വന്തക്കാരനായ മാജിദ് ഫറജിനെയാണെന്നറിയുന്നു. അദ്ദേഹം ‘സി.ഐ.എ’ യുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളും ‘മൊസാദി’നു പ്രിയങ്കരനുമാണ്.
മുൻ പ്രധാന മന്ത്രി യഹൂദ് ഓൽമാർട്ട് (Ehud Olmert) ഇതിനിടെ ഇസ്രായേൽ യുദ്ധത്തിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ ഉപന്യസിക്കു കയുണ്ടായി. അദ്ദേഹം പറയുന്നത് ഗസ്സ ഒരുങ്ങുന്നത് ഒരു പരീക്ഷണത്തിനാണെന്നാണ്. അവർ ലക്ഷ്യമിടുന്നത് വെസ്റ്റ് ബാങ്കും ജറൂസലവുമാണത്രേ. ഇരു സ്ഥലങ്ങളും അറബികളിൽ നിന്ന് മുക്തമായാൽ ഇസ്രായേൽ വംശവിശുദ്ധിയുള്ള രാഷ്ട്രമായി മാറുന്നതാണ്.
അത് കൊണ്ടാണ് നെസറ്റ് (Knesset) ഫലസ്തീൻ രാഷ്ട്രം അവസാനിച്ചതായി പ്രമേയം പാസാക്കിയതും ഓസ്ലോ കരാർ കാലഹരണപ്പെട്ടതായി പ്രഖ്യാപിച്ചതും. നെതന്യാഹുവും , തീവ്രവലതുപക്ഷക്കാരനായ ഇത്മാർ ബെൻ ഗവീറും (Itamar Ben Gvir) ആഗ്രഹിക്കുന്നത് അതാണ്. നോമ്പ് കാലത്ത് യുദ്ധം വെസ്റ്റ് ബാങ്കിലേക്കും, ബൈത്തുൽ മുഖ്ദിസിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ അവർ നേടാനുദ്ദേശിക്കുന്നത് മറ്റൊന്നുമല്ല.
ഗസ്സയിൽ തമ്പുകൾക്കും വീടുകൾക്കും നേരെ നടക്കുന്ന ബോംബു വർഷവും ആക്രമണവും വെസ്റ്റ് ബാങ്കിലും, ജറൂസലമിലും ആവർത്തിക്കപ്പെടാനുള്ള പരിശീലനമാണിത്. ബോംബുകൾ വർഷിച്ചും, ഭക്ഷണവും വെള്ളവും നൽകാതെയും, വൈദ്യ സഹായം നിഷേധിച്ചും ഗസ്സയിലുള്ള ഫലസ്തീനികളെ ഏതുവിധേനെയും കുടിയൊഴിപ്പിക്കുകയെന്ന തന്ത്രമാണ് ഇസ്രായേൽ പയറ്റിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.