അനീതിയിൽനിന്ന് നമ്മുടെ വിദ്യാർഥികളെ ആരു രക്ഷിക്കും?
text_fieldsഅക്കാദമിക വര്‍ഷം ജൂണ്‍ മാസത്തോടെ ആരംഭിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയുടെ ആരവങ്ങളുയരുന്നത് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുന്നതോടെയാണ്. സംസ്ഥാന സര്‍ക്കാര്‍ സവിശേഷമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെങ്കില്‍ കേരളത്തിെൻറ വരുംതലമുറ അഥവാ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നാലു തരം അനീതിക്കാണ് വിധേയരാകാന്‍ പോകുന്നത്. ഈ നാലു കാര്യങ്ങളോടും ഉദാസീനമായ നിലപാടാണ് സര്‍ക്കാറുകള്‍ സ്വീകരിക്കാറുള്ളത്.
സംവരണ നിഷേധം
കേരളത്തില്‍ വിദ്യാഭ്യാസ പ്രവേശനത്തിന് സാമ്പത്തിക-സാമൂഹിക പിന്നാക്ക സമുദായ (എസ്.ഇ.ബി.സി)ങ്ങൾക്കുള്ള സംവരണത്തിന് ഹയർ സെക്കൻഡറി തലം മുതല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി, ആര്‍ട്സ് ആൻഡ് സയന്‍സ്, പ്രഫഷനല്‍, ടെക്നിക്കല്‍, മെഡിക്കല്‍, ഡെൻറല്‍ തുടങ്ങിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവക്ക് വ്യത്യസ്തമായ തോതാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ദേശീയതലത്തില്‍ കേന്ദ്ര സര്‍വിസിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 49.5 ശതമാനം സീറ്റുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. കേരളത്തില്‍ ഉദ്യോഗമേഖലയില്‍ പട്ടികവിഭാഗങ്ങള്‍(10%)ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കെല്ലാംകൂടി 50 ശതമാനം സംവരണം നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഈ തോതില്‍ പ്രവേശനത്തിന് അവകാശമുണ്ട്. 2014-15 വര്‍ഷത്തിലാണ് അവസാനമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തോത് പുനര്‍നിര്‍ണയിച്ചത്. അതനുസരിച്ച് പട്ടികവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നിര്‍ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് പരമാവധി 30 ശതമാനമാണ് അനുവദിച്ചിരിക്കുന്നത്. ആര്‍ട്സ് ആൻഡ് സയന്‍സ് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് 20 ശതമാനവും മെഡിക്കല്‍, ഡെൻറല്‍ കോഴ്സുകള്‍ക്ക് ഒമ്പതു ശതമാനം മാത്രവുമാണ് സംവരണം. ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.ഇ, മറ്റു പ്രഫഷനല്‍ കോഴ്സുകള്‍ക്കും വ്യത്യസ്ത രീതിയിലും എന്നാല്‍ അര്‍ഹതയുള്ളതിനേക്കാള്‍ കുറവുമാണ് സംവരണമുള്ളത്. ഇത് നീതിപൂര്‍വകമാകണമെങ്കില്‍ എല്ലാ കോഴ്സുകളിലേക്കുമുള്ളത് ഏകീകരിക്കുകയും അവ താഴെ പറയുന്ന നിരക്കിലാവുകയും ചെയ്യേണ്ടതുണ്ട്. മുസ്ലിം(14%), ഈഴവ (12), എല്‍.സി/ആംഗ്ലോ ഇന്ത്യന്‍ (3), മറ്റു പിന്നാക്ക ഹിന്ദു (3), മറ്റു പിന്നാക്ക ക്രൈസ്തവ (2), കുടുംബി (1), ധീവര (2), വിശ്വകര്‍മ (2), കുശവ (1). ഇങ്ങനെ ആകെ 40 ശതമാനം. നിലവില്‍ ഈ വിഭാഗങ്ങള്‍ക്ക് ഓരോ കോഴ്സിലും ലഭിക്കുന്ന സംവരണ തോത് ഈ നിലയിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. അവശേഷിക്കുന്ന സംവരണത്തിെൻറ 10 ശതമാനത്തിലേക്ക് നിലവിലുള്ള അവസ്ഥയില്‍ ജനറല്‍ കാറ്റഗറി കടന്നുകയറിയിരിക്കുകയാണ്.
സംവരണ അട്ടിമറി
മേല്പറഞ്ഞ രീതിയില്‍ നിശ്ചയിക്കപ്പെട്ട സംവരണ തോത് കുറവായിരിക്കെ അവപോലും യഥാര്‍ഥത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല. മുകളില്‍ പറഞ്ഞ എല്ലാ കോഴ്സുകളിലും സംവരണ അട്ടിമറി നടക്കുന്നു. കണക്കുകള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്.
ഉദാഹരണത്തിന്, കഴിഞ്ഞ അധ്യയനവര്‍ഷ(2020-21)ത്തെ ഹയര്‍ സെക്കൻഡറി പ്രവേശനത്തിെൻറ കാര്യമെടുക്കുക. വിവിധ വിഭാഗങ്ങള്‍ക്ക് ലഭ്യമായ സീറ്റുകള്‍ ഇങ്ങനെയാണ്. സംവരണ നിരക്ക് (ശതമാനത്തില്‍), ലഭിക്കേണ്ട സീറ്റ്, ലഭിച്ച സീറ്റ് എന്ന ക്രമത്തില്‍: ഈഴവ (8), 22417, 13002, മുസ്ലിം (7), 19615, 11313, എല്‍.സി, എസ്.ഐ.യു.സി (3), 8406, 5398, മറ്റു പിന്നാക്ക ഹിന്ദു (3), 8406, 5398, വിശ്വകര്‍മ (2), 5604, 2853, ധീവര (2), 5604, 2853, മറ്റു പിന്നാക്ക ക്രൈസ്തവ (1), 2802, 2312 കുശവ(1), 2802, 2312, കുടുംബി(1), 2802, 2312, എസ്.സി (12), 33625, 42750, എസ്.ടി (8), 22417, 27910, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മുന്നാക്ക വിഭാഗം (10), 13642, 16711.
2,80,212 സീറ്റുകളിലേക്കാണ് കഴിഞ്ഞ വര്‍ഷം അലോട്ട്മെൻറ് നടന്നത്. ഇതില്‍ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ 1,36,420 സീറ്റുകളാണ് ജനറല്‍ മെറിറ്റിലുണ്ടാവുക. ഇതിെൻറ 10 ശതമാനം (13,642) സീറ്റുകളാണ് മുന്നാക്ക സംവരണമായി നീക്കിവെക്കേണ്ടത്. എന്നാല്‍, അലോട്ട്മെൻറ് നടന്നതാവട്ടെ, 16,711 സീറ്റുകളിലേക്കും. 3069 പേര്‍ക്ക് അധികമായി സീറ്റുകള്‍ നല്കി. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണ സീറ്റുകളില്‍നിന്നാണ് ഈ അധികസീറ്റുകള്‍ എടുത്തതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.
മലബാറിലെ സീറ്റുകളുടെ പരിമിതി
കേരളത്തിലെ ഉത്തര ജില്ലകളില്‍ വിദ്യാഭ്യാസ മേഖലയില്‍ ആവശ്യത്തിന് സൗകര്യമില്ല എന്ന പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, വികസനം തുടങ്ങിയ ഏതു രംഗത്തും കേരളത്തിെൻറ പൊതു അവസ്ഥയുടെ പിറകിലാണ് മലബാര്‍ എന്ന കാര്യം ഇന്ന് വ്യക്തമാണ്.
നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മാനേജ്മെൻറുകള്ക്കു കീഴില്‍ 3,61,746 പ്ലസ് വണ്‍ സീറ്റുകളാണ് കേരളത്തിലുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ കൂടുതലുള്ളത് പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ്. ആകെ 2,23,788 പേര്. ഈ ജില്ലകളിലെല്ലാംകൂടി 1,66,965 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്. ഇതില്‍ കമ്യൂണിറ്റി, മാനേജ്മെൻറ്, പേമെൻറ് സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളാണ് ഏകജാലകത്തിനു കീഴില്‍ വരുക. അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പ്ലസ് വണ്‍ സീറ്റെന്ന മന്ത്രിയുടെ പ്രസ്താവന യാഥാര്ഥ്യമാകാനുള്ളതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ തവണത്തെപ്പോലെ 20 സീറ്റുകള്‍ വര്‍ധിപ്പിച്ചാല്‍പോലും (വര്‍ധന സ്കൂളുകളിലെ സൗകര്യങ്ങളിലോ അധ്യാപക നിയമനത്തിലോ ഇല്ല, സീറ്റില്‍ മാത്രം) പരമാവധി ലഭ്യമാവുക 1,47,000ത്തില്‍ താഴെ സീറ്റുകളായിരിക്കും. അതായത്, മലബാറിലെ 20,000ത്തിനു മുകളില്‍ പേര്‍ക്ക് ഏകജാലകം വഴി പ്രവേശനം സാധ്യമാവില്ല. കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സിലബസുകളില്‍നിന്ന് 55,000ത്തിലധികം അപേക്ഷകര്‍ ഏകജാലകത്തിലെത്തും. വി.എച്ച്.എസ്.ഇ, പോളിടെക്നിക് തുടങ്ങിയ മറ്റു വഴികള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുക പരമാവധി 30,000 പേര്‍ക്കായിരിക്കും. അതായത്, കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഈ ജില്ലകളില്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി അത് സാധ്യമല്ലാത്തവരുടെ എണ്ണം കൂടും. പാലക്കാടിന് തെക്കോട്ട് നാലു ജില്ലകളില്‍ എസ്.എസ്.എല്‍.സി വിജയികളേക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട്.
2007ല്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാറിെൻറ കാലത്താണ് ഹയര്‍ സെക്കൻഡറി സീറ്റുകള്‍ മലബാറില്‍ കുറവാണ് എന്ന പ്രശ്നം ഉന്നയിച്ച് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ ശക്തമായ സമര, പ്രചാരണ കാമ്പയിനുകൾക്ക് തുടക്കമിട്ടത്. വസ്തുത അംഗീകരിച്ച് ശാശ്വത പരിഹാരം ഒരുക്കുന്നതിനു പകരം താല്ക്കാലികവും ഭാഗികവുമായ പരിഹാരനടപടികള്ക്കാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഓരോ ബാച്ചിലും ഒരു അക്കാദമിക വര്‍ഷത്തിലേക്കു മാത്രമായി ഏതാനും സീറ്റുകള്‍ വര്‍ധിപ്പിച്ചു. അടിസ്ഥാനസൗകര്യങ്ങളോ അധ്യാപക തസ്തികകളോ സൃഷ്ടിക്കുകയുമുണ്ടായില്ല. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാറാണ് പുതിയ ഹയര്‍ സെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചത്. പിന്നീട് വന്ന പിണറായി വിജയന് സര്‍ക്കാര്‍ സീറ്റിനുവേണ്ടിയുള്ള മുറവിളികളുയര്‍ന്നപ്പോള്‍ വി.എസിനെ പിന്തുടര്ന്ന് താല്‍ക്കാലികമായി സീറ്റുകള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്. നേരേത്ത യു.ഡി.എഫ് അനുവദിച്ച ബാച്ചുകള്‍ക്ക് അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതല്ലാതെ പുതിയ ബാച്ചുകളോ സ്കൂളുകളോ അനുവദിച്ചില്ല.
അനീതിയിൽനിന്ന് നമ്മുടെ വിദ്യാർഥികളെ ആരു രക്ഷിക്കും?
മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന സ്കോളര്‍ഷിപ് ആനുകൂല്യങ്ങൾ പതിവുപോലെ ഇത്തവണയും തുടരും. പേക്ഷ, മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ജസ്റ്റിസ് സച്ചാർ കമ്മിറ്റി ശിപാർശകളുടെ ചുവടുപിടിച്ച് കേരളത്തിൽ പാലോളി കമ്മിറ്റിയുടെ പഠനറിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപ്പാക്കിയ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
മേല്പറഞ്ഞ നാലു വിഷയങ്ങളിലായി അവകാശം നിഷേധിക്കപ്പെടുന്നവര്‍ ധാരാളമാണ്. എന്നാല്‍, ഇവക്കെല്ലാം ഒരുപോലെ വിധേയരാവുന്നവര്‍ മലബാറിലെ മുസ്ലിം വിദ്യാര്ഥികളില്പെട്ടവരായിരിക്കും. മുസ്ലിം സമുദായത്തിന് തന്നില്‍ വിശ്വാസമുണ്ട് എന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി അധികാരം ഏറ്റെടുക്കുന്നത്. അത് ആത്മാർഥമെങ്കിൽ, ഉദ്യോഗസ്ഥ ലോബിയെയും സമ്മർദ ഗ്രൂപ്പുകളെയും അതിജീവിക്കാൻ കരുത്തുണ്ടെങ്കില്‍ ദിവസംകൊണ്ട് പരിഹരിക്കാവുന്നതാണ് മേല്‍ പറഞ്ഞതെല്ലാം. പ്രയോഗവത്കരിക്കാന്‍ സന്നദ്ധമാകുമോ എന്നതാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.