ആരുടെ ഡൽഹി?
text_fieldsചില സത്യങ്ങൾ അങ്ങനെയാണ്. മണിച്ചിത്രത്താഴിട്ട് പൂട്ടിയാലും പുറത്തുവരും. അതാണ് മൂന്നുവർഷം പിന്നിടുന്ന ഡൽഹി ഭരണകൂടത്തിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി. വമ്പിച്ച ജനവിധിയിലൂടെ അധികാരത്തിൽ വന്ന ഒരു ഭരണകൂടത്തെ തികച്ചും നികൃഷ്ടവഴികളിലൂടെ വരിഞ്ഞുകെട്ടാമെന്ന് വ്യാമോഹിച്ചവർക്ക് എക്കാലത്തേക്കും അത് സാധ്യമാകിെല്ലന്ന പ്രഖ്യാപനംകൂടിയാണ് സുപ്രീംകോടതി ഉത്തരവ്.
ഭരണഘടനാപരമായി മൂന്ന് സവിശേഷാധികാരങ്ങൾ മാത്രമേ ലഫ്.ഗവർണർക്ക് പ്രത്യേകമായി നിർവഹിക്കാൻ അവകാശമുള്ളൂവെന്നും മറ്റെല്ലാ അധികാരങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുടെ നിർദേശാനുസരണം മാത്രമേ നിർവഹിക്കാവൂ എന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾെപ്പടെയുള്ള അഞ്ചംഗ െബഞ്ച് സുപ്രധാന വിധിപ്രസ്താവത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽനിന്ന് 1995ൽ പരിമിതാധികാരങ്ങളുള്ള സംസ്ഥാനം എന്ന നിലയിലേക്ക് പരിവർത്തിപ്പിക്കപ്പെട്ട ഡൽഹിയുടെ ഭരണാധികാരി ലഫ്.ഗവർണറാണ് എന്ന തരത്തിൽ ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ഡൽഹിയിലും പുതുച്ചേരിയിലും മറ്റും കേന്ദ്രഭരണ സ്വാധീനത്തിൽ നിയോഗിക്കപ്പെടുന്ന ലഫ്.ഗവർണർമാരിലൂടെ അധികാരം കവർന്നെടുത്ത് വിലസുന്ന നരേന്ദ്ര മോദി സർക്കാറിെൻറ ദുഷ്ടലാക്കിന് കനത്ത തിരിച്ചടിയാണ് നൽകിയത്. ജനങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടത്തിനാണ് ജനാധിപത്യ വ്യവസ്ഥിതിയിൽ പരമപ്രാധാന്യമെന്ന് അസന്ദിഗ്ധമായി അടിവരയിട്ട കോടതി ഭൂമി, പൊലീസ്, പബ്ലിക് ഓർഡർ എന്നീ മൂന്ന് കാര്യങ്ങളിൽ മാത്രമാണ് ലഫ്റ്റനൻറ് ഗവർണർക്ക് സവിശേഷാധികാരങ്ങളുള്ളെതന്നു വ്യക്തമാക്കി.
സമൂഹത്തിെൻറ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാർക്കും പ്രത്യേകപരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കും ഗുണംചെയ്യുന്ന ഒട്ടേറെ പദ്ധതികൾക്ക് അനുമതി നൽകാതെ താമസിപ്പിച്ച് അധികാര ദുർവിനിയോഗം നടത്തിയ ലഫ്.ഗവർണറും ആൻറി കറപ്ഷൻ ബ്യൂറോയുടെ നിയന്ത്രണാധികാരം ഉൾെപ്പടെ പിടിച്ചെടുത്ത കേന്ദ്ര ഭരണകൂടവും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് തുടർന്നുപോന്നത്. സൗജന്യമായി മരുന്നും ടെസ്റ്റുകളും ചികിത്സയും ലഭ്യമാവുന്ന മൊഹല്ല ക്ലിനിക്കുകൾ, സ്ത്രീസുരക്ഷ ഉറപ്പുവരുത്താൻ നഗരം മുഴുവൻ സി.സി.ടി.വി നിരീക്ഷണശൃംഖല സ്ഥാപിക്കൽ, പുതിയ പൊതുവിദ്യാലയങ്ങൾ, റേഷൻ സാധനങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുക, 40ൽ അധികം സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് നേരിട്ട് എത്തിച്ചുകൊടുക്കുക, തുടങ്ങി ജനോപകാരപ്രദമായ ഒട്ടേറെ ഫയലുകളിൽ അടയിരിക്കുക എന്ന കുത്സിതവൃത്തിയാണ് ലഫ്.ഗവർണർ ഇതുവരെ അനുഷ്ഠിച്ചുപോന്നത്. ഒരു ഭരണകൂടത്തെ എങ്ങനെയെല്ലാം വരിഞ്ഞുകെട്ടാമെന്നതിെൻറ തികച്ചും വൃത്തികെട്ട ഉദാഹരണങ്ങളാണ് കഴിഞ്ഞ മൂന്നുവർഷമായി ഡൽഹിയിൽ അരങ്ങേറിയത്.
കൃഷ്ണ-ഗോദാവരി തടങ്ങളിൽ എണ്ണ പര്യവേക്ഷണത്തിൽ ഏർപ്പെട്ട റിലയൻസ് ഗ്രൂപ് നടത്തിയ തീവെട്ടിക്കൊള്ളയുടെ പേരിൽ കേസെടുത്ത ഡൽഹി ആൻറി കറപ്ഷൻ ബ്യൂറോയുടെ അധികാരം കവർന്നെടുത്ത കേന്ദ്ര സർക്കാർ ആ കേസ് മുന്നോട്ടുകൊണ്ടുപോകാൻ വിമുഖത കാണിച്ചു. കോമൺവെൽത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ശതകോടികളുടെ ആക്ഷേപം ഉയർന്നുവന്ന കേസിൽ ഒരു എഫ്.ഐ.ആർപോലും ഇതുവരെയും ഫയൽ ചെയ്യപ്പെട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് ബി.ജെ.പിയും കോൺഗ്രസും കൈകോർക്കുന്നതാണ് ഡൽഹിയിൽ കണ്ടത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന മട്ടിൽ കേന്ദ്ര സർക്കാർ തുടർന്നു പോന്ന ജനാധിപത്യ ഹിംസക്ക് കോൺഗ്രസ് പക്ഷംചേർന്ന് നിന്നതും ഈ പശ്ചാത്തലത്തിൽ വായിക്കാം.
സംസ്ഥാന സർക്കാറിനു കീഴിൽ പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരെപ്പോലും ഭീഷണിപ്പെടുത്തി നാലുമാസത്തോളം ഉത്തരവാദിത്തങ്ങളിൽനിന്ന് അകന്നുനിൽക്കാൻ പ്രേരിപ്പിച്ച ലഫ്.ഗവർണറും കേന്ദ്രസർക്കാറും ജനാധിപത്യത്തിെൻറ അന്തസ്സത്തയെ ചോദ്യംചെയ്യുന്ന നടപടികളിലൂടെയാണ് മുന്നോട്ടുപോയത്. ജനാഭിലാഷ പ്രകാരം അധികാരമേറ്റെടുത്ത ഒരു സർക്കാറിനെ ഭരിക്കാൻ അനുവദിക്കുക എന്ന പ്രാഥമിക ജനാധിപത്യപാഠമാണ് കേന്ദ്രം ഭരിക്കുന്ന മോദിയും കൂട്ടരും അട്ടിമറിച്ചത്. കള്ളക്കേസുകളിൽ എം.എൽ.എമാരെ കുടുക്കിയും മുഖ്യമന്ത്രിയുടെ ഓഫിസും വീടും തത്ത്വദീക്ഷയില്ലാതെ റെയ്ഡ്ചെയ്തും ഭരണകൂടംതന്നെ അരാജകത്വം സൃഷ്ടിക്കുന്ന സമീപനം അവലംബിച്ചു. ഭരണഘടന ആർട്ടിക്ക്ൾ 239 (AA) പ്രകാരം അനുവദിച്ചുനൽകിയ പൊലീസിെൻറ അധികാരം ഇത്രമേൽ ദുർവിനിയോഗം ചെയ്യപ്പെട്ടതും ഇക്കാലയളവിലാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കൈയിലെ കളിപ്പാവകളെപ്പോലെ ഡൽഹി പൊലീസ് ഇന്നും ദുർനടപ്പ് തുടരുന്നു.
20,000 ലിറ്റർ വരെ കുടിവെള്ളം സൗജന്യമായി നൽകിയും ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ ഗാർഹിക വൈദ്യുതി ലഭ്യമാക്കിയും ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ തീരുമാനമെടുത്ത് മുന്നേറിയ അരവിന്ദ് കെജ്രിവാൾ ഭരണകൂടത്തെ ഏത് വിധേനയും ഇല്ലായ്മ ചെയ്യണമെന്ന ദുഷ്ടലാക്കിെൻറ പരിണതിയാണ് ജനവിരുദ്ധവും ജനായത്ത സംസ്കൃതിക്ക് അപമാനകരവുമായ കാര്യങ്ങൾ തുടരാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. റേഷൻ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാനുള്ള ഉത്തരവിനും സ്വന്തം ഉദ്യോഗസ്ഥരുടെ സേവനം കൃത്യമായി ലഭ്യമാക്കുന്നതിനും ലഫ്.ഗവർണർ അനിൽ ബൈജാലിെൻറ വീടിെൻറ ഉമ്മറത്ത് ഒരാഴ്ചയിലധികം ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് കാത്തുകിടക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ വഷളാക്കി.
ഫെഡറൽ സംസ്ഥാനങ്ങളുടെ ആരോഗ്യപൂർണമായ സഹകരണത്തിലൂടെ മുന്നോട്ടുപോകുന്ന ഒരു റിപ്പബ്ലിക് ആയിരിക്കും ഭാരതം എന്ന ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തിെൻറ കടക്കൽ കത്തിെവച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ മൂന്നുവർഷക്കാലം നടത്തിവന്ന ജനാധിപത്യ മാരണ പ്രവൃത്തികൾക്കാണ് സുപ്രീംകോടതി വിധിയിലൂടെ കടിഞ്ഞാൺവീണത്. ജനങ്ങളാണ് ഭരണകൂടത്തിെൻറ ഉടമകൾ എന്ന ശാശ്വത സത്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്ന സമീപനം കേന്ദ്ര സർക്കാറിെൻറ നിയന്ത്രണാധികാരമുള്ളവർ പാലിച്ചാൽ നല്ലത്. അല്ലാത്തപക്ഷം, അങ്ങനെയല്ലാത്തതൊന്നും അധികം നീളം പോകില്ലെന്ന നാട്ടുമൊഴി കാലം കേൾപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.
(ആം ആദ്മി പാർട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.