ശാസ്ത്രസ്ഥാപനത്തിന് ആരുടെ പേര്?
text_fieldsകേരളം നട്ടുവളർത്തിയ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി എന്ന അന്തർദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രത്തിെൻറ വിപുലീകരണം ഈ നാടിെൻറയാകെ ആഗ്രഹമാണ്. ആ സ്ഥാപനത്തിന് കേന്ദ്രം ഏകപക്ഷീയമായി പുതിയ പേര് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഓരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവക്ക് അനുയോജ്യമായ ആളുകളുടെ പേര് കൊടുക്കുന്നത് ഉചിതമാണ്. പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ നാമധേയത്തിൽ ആരും എതിർപ്പുന്നയിച്ചിട്ടില്ല. ശാസ്ത്രഗവേഷണരംഗത്ത് അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സ്ഥാപനത്തിെൻറ വളർച്ചഘട്ടത്തിൽ ശാസ്ത്രപഠനത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയ ആരുടെയെങ്കിലും പേരിടുന്നതാണ് ഉചിതം.
ഇൗ ഗവേഷണസ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കാനാണ് കേന്ദ്രത്തിെൻറ നീക്കം. അതുകൊണ്ടു മാത്രമാണ് അതിന് മാധവ സദാശിവ ഗോൾവാൾക്കറുടെ പേരിടാൻ തീരുമാനിച്ചത്. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തിൽ ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതുതന്നെ എൽ.ഡി.എഫ് സർക്കാറിെൻറ കീഴിൽ വികസന ക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് ജനശ്രദ്ധ അകറ്റാനും ഇത്തരത്തിലുള്ള രാഷ്ട്രീയതർക്കങ്ങളിലേക്ക് ചർച്ച തിരിച്ചുവിടാനുമാണ്.
ശാസ്ത്രത്തിെൻറ വളർച്ചക്കും പുരോഗതിക്കും ഉതകുന്ന എന്ത് സംഭാവനയാണ് മാധവ് സദാശിവ് ഗോൾവാൾക്കറിൽനിന്ന് ഉണ്ടായിട്ടുള്ളത്? സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1940കളിൽ ആർ.എസ്.എസിെൻറ പരമോന്നത നേതാവായിരുന്നു ഗോൾവാൾക്കർ. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുന്നതല്ല തങ്ങളുടെ ധർമമെന്നും മതത്തിനു വേണ്ടി പോരാടുന്നതാണ് ആർ.എസ്.എസിെൻറ കർത്തവ്യം എന്നും വ്യക്തമാക്കിയ ആളാണ് സ്വയംസേവകർ ഗുരുജിസ്ഥാനം നൽകിയ ഗോൾവാൾക്കർ. 1945 മുതൽ രാജ്യത്തെമ്പാടും അലയടിച്ച ബഹുജന കർഷക തൊഴിലാളി സമരങ്ങളുടെ ഫലമായി ബ്രിട്ടീഷുകാർ ഇന്ത്യവിട്ടോടി. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വതന്ത്ര ഇന്ത്യയിൽ 1973 വരെ ആർ.എസ്.എസിെൻറ സർസംഘചാലകായി പ്രവർത്തിച്ച ഗോൾവാൾക്കർ ഒരിക്കൽപോലും സ്വാതന്ത്ര്യദിനത്തിൽ ആർ.എസ്.എസ് ആസ്ഥാനത്ത് ഇന്ത്യൻ പതാക ഉയർത്തിയിട്ടില്ല. ഭരണഘടന പ്രാബല്യത്തിൽ വന്നതോടെ 1950ൽ ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായപ്പോൾ വ്യക്തികൾക്ക് ആവശ്യത്തിൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന സംവിധാനമാണ് ജനാധിപത്യം എന്ന് ഗോൾവാൾക്കർ ആക്ഷേപിച്ചു. ലോകത്തെ ഏറ്റവും മഹത്തായ നിയമസംഹിത പ്രദാനം ചെയ്തത് മനുവാണെന്നും അതുകൊണ്ട് മനുസ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടന ആകേണ്ടതെന്നും കരുതി.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും രാജ്യത്തിെൻറ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും 'വിചാരധാര'യിലൂടെ ഉദ്ബോധിപ്പിക്കുകയാണ്േഗാൾവാൾക്കർ ചെയ്തത്. ജാതിവ്യവസ്ഥയും അതു പ്രകാരമുള്ള വിവേചനങ്ങളും ആധുനിക ജനാധിപത്യ ഇന്ത്യയിലും തുടരണം എന്ന് വാദിച്ച് തുല്യത എന്ന മൗലികമായ ഭരണഘടന ആശയത്തിനുതന്നെ വിരുദ്ധമായി നിലകൊണ്ടാണ് അദ്ദേഹം സംഘ്പരിവാറിെൻറ 'ഗുരുജി' സ്ഥാനം നേടിയത്. ഹിറ്റ്ലറുടെ കീഴിൽ ജർമനിയിൽ നടന്ന വംശഹത്യയിൽനിന്ന് ഇന്ത്യക്ക് വിലപ്പെട്ട പാഠം ഉൾക്കൊള്ളാനുണ്ട് എന്ന് ('നാം, നമ്മുടെ ദേശീയത നിർവചിക്കപ്പെടുമ്പോൾ') എഴുതിയ ഗോൾവാൾക്കർ വൈവിധ്യങ്ങൾ സംരക്ഷിക്കാനും വിവിധ ജനവിഭാഗങ്ങൾ തമ്മിൽ സാഹോദര്യം വളർത്താനും ഉദ്ബോധിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കത്തിന് എതിരായി നിലകൊണ്ട ആളാണ്.
അശാസ്ത്രീയതയുടെയും അമാനവികതയുടെയും അപരിഷ്കൃതത്വത്തിെൻറയും വക്താവായി നിലകൊണ്ട ഒരാളുടെ പേരിൽ മനുഷ്യ നന്മക്കുതകുന്ന ഒരു ശാസ്ത്ര സ്ഥാപനം അറിയപ്പെടുന്നത് എങ്ങനെയാണ് നമ്മുടെ രാജ്യത്തിെൻറ പ്രതിച്ഛായയെ ബാധിക്കുക എന്നെങ്കിലും കേന്ദ്ര സർക്കാർ ചിന്തിക്കണം. അവിവേകപൂർണമായ ഈ തീരുമാനത്തിൽനിന്ന് രാജ്യതാൽപര്യത്തിെൻറ പേരിൽ പിന്മാറണം. കേരളത്തിെൻറ കുഞ്ഞാണ് ആർ.ജി.സി.ബി. അതുകൊണ്ടുതന്നെ അതിെൻറവികസനഘട്ടത്തിൽ പേര് തീരുമാനിക്കുന്നത് കേരളത്തിെൻറകൂടി അഭിപ്രായം മാനിച്ചുകൊണ്ടാവണം. അതാണ് ജനാധിപത്യമര്യാദ. ഭരണഘടന അനുശാസിക്കുന്ന അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഭരണഘടനയുടെ അന്തസ്സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.