ആശാ വർക്കർമാർ എന്തിനാണ് സമരം ചെയ്യുന്നത്?
text_fields
ആരോഗ്യ രംഗത്തെ മുൻനിര പോരാളികളായ ആശാ വർക്കർമാർ, തൊഴിൽ ചൂഷണങ്ങളും അടിസ്ഥാന അവകാശ നിഷേധവും ഉയർത്തിക്കാട്ടി ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനുമുന്നിൽ രാപ്പകൽ സമരത്തിലാണ്. 2005ൽ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് ASHA (Accredited Social Health Activist) പദ്ധതിക്ക് രാജ്യത്ത് തുടക്കമാവുന്നത്. 2007ൽ കേരളം ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം (NRHM) അംഗീകരിച്ചതോടെ ആശാ തൊഴിലാളികളെ പ്രാഥമികാരോഗ്യ സംവിധാനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി. ആരോഗ്യ സേവനങ്ങളിൽ സമൂഹത്തിന്റെ...
ആരോഗ്യ രംഗത്തെ മുൻനിര പോരാളികളായ ആശാ വർക്കർമാർ, തൊഴിൽ ചൂഷണങ്ങളും അടിസ്ഥാന അവകാശ നിഷേധവും ഉയർത്തിക്കാട്ടി ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനുമുന്നിൽ രാപ്പകൽ സമരത്തിലാണ്. 2005ൽ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് ASHA (Accredited Social Health Activist) പദ്ധതിക്ക് രാജ്യത്ത് തുടക്കമാവുന്നത്. 2007ൽ കേരളം ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം (NRHM) അംഗീകരിച്ചതോടെ ആശാ തൊഴിലാളികളെ പ്രാഥമികാരോഗ്യ സംവിധാനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി. ആരോഗ്യ സേവനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുകയും, സർക്കാർ ചെലവ് കുറക്കുകയുമായിരുന്നു ലക്ഷ്യം. പദ്ധതിയുടെ തുടക്കത്തിൽ 60 ശതമാനം ഫണ്ട് കേന്ദ്ര സർക്കാറാണ് നൽകിയിരുന്നത്, അതിന്റെ വിനിയോഗത്തിനുള്ള പരമാധികാരം സംസ്ഥാന സർക്കാറിനായിരുന്നു. സംസ്ഥാന സർക്കാറിന്റെ അവലോകനത്തിന് വിധേയമായാണ് ആശാ തൊഴിലാളികൾക്ക് ശമ്പളം നൽകണമോ, കൂടുതൽ ഇൻസെന്റിവ് നൽകണമോ എന്ന് തീരുമാനിക്കേണ്ടത്. കേരളത്തിൽ 2008 മുതൽ അവർ സേവനം ആരംഭിച്ചു. നേരത്തെ 32,000 ഉണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം 26,125 ആക്കിയിട്ടുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കാതെ, നിലവിലുള്ള തൊഴിലാളികൾക്ക് അധിക ജോലിഭാരം ഏൽപിച്ചിരിക്കുകയാണ്. ആശാ വർക്കർമാർ ദേശീയാരോഗ്യ ദൗത്യ പദ്ധതിയുടെ (National Health Mission - NHM) ഭാഗമാണെങ്കിലും സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല. ശമ്പള വ്യവസ്ഥയില്ല, പകരം, നിശ്ചിത ജോലികൾ നിർവഹിക്കുന്നതിന് ചെറിയ തുക ഓണറേറിയമായാണ് നൽകുന്നത്.

ആദ്യകാലത്ത് ഈ ആരോഗ്യ സേവകർക്ക് രണ്ടോ മൂന്നോ മണിക്കൂർ ‘ആശാ’ ജോലിക്കുശേഷം മറ്റെന്തെങ്കിലും ജോലിക്ക്പോകാമായിരുന്നു. എന്നാൽ പിന്നീട്, ആശാ വർക്കർമാർ മറ്റുജോലികൾക്ക് പോകരുതെന്ന് സർക്കാർ ഉത്തരവ് വന്നു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുമണിവരെ ഫീൽഡിൽ തന്നെ തുടരണം. നാലുമണികഴിഞ്ഞാലും ജോലി അവസാനിക്കാറില്ല. ഇപ്പോൾ 7,000 രൂപയാണ് ഓണറേറിയം. ചുമതല പൂർത്തീകരിക്കാതിരുന്നാൽ ആശാ വർക്കർമാർക്ക് കഠിനമായ പിഴകൾ ചുമത്തപ്പെടും. ഉദാഹരണത്തിന്, ഡയറി സൂക്ഷിക്കാതിരിക്കുകയോ ഡേറ്റാ റിപ്പോർട്ടുകൾ സമയാനുസൃതമായി സമർപ്പിക്കാതിരിക്കുകയോ ചെയ്താൽ 700 രൂപ, നിയോഗിച്ച ജോലികൾ പൂർത്തീകരിക്കാത്തതിന് 700 രൂപ, ആശാ മീറ്റിങ്ങുകളിൽ പങ്കെടുത്തില്ലെങ്കിൽ 500 രൂപ, പഞ്ചായത്ത് മീറ്റിങ്ങുകൾ ഒഴിവാക്കിയാൽ 700 രൂപ എന്നിങ്ങനെ പിഴ ഈടാക്കും. പ്രത്യേക ജോലികൾക്ക് നൽകുന്ന പ്രോത്സാഹനതുക വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഒരു വാക്സിൻ ഡോസ് നൽകുന്നതിന് ആശാ വർക്കർമാർക്ക് 20 രൂപയാണ് ലഭിക്കുക. ഒരു ഗർഭിണിയെ മൂന്നുമാസത്തിനുള്ളിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യിപ്പിച്ചാൽ 200 രൂപ ലഭിക്കും. ഇതിനായി വേണ്ടി വരുന്ന പ്രയത്നവും സമയവും കണക്കിലെടുക്കുമ്പോൾ ഈ തുക തികച്ചും അപര്യാപ്തമാണ്.

ക്ഷയരോഗ ബാധിതരുടെ തുപ്പൽ സാമ്പിൾ ശേഖരിക്കണമെന്ന നിർദേശം ഉണ്ടെങ്കിലും, അതിനാവശ്യമായ സുരക്ഷാ ഉപകരണങ്ങളൊന്നും ഇവർക്ക് നൽകാറില്ല. മൃതദേഹങ്ങൾ വൃത്തിയാക്കൽ ഉൾപ്പെടെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്ക് പുറത്തുള്ള ജോലികളും പ്രതിഫലമില്ലാതെ ചെയ്യേണ്ടിവരുന്നുണ്ട്. ആശാ വർക്കർമാർ പലപ്പോഴും സ്വന്തം പണം ചെലവഴിച്ചാണ് ദരിദ്രരോഗികൾക്ക് മരുന്നും ഭക്ഷണവും വാങ്ങിനൽകുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശാ വർക്കർമാർ വഹിച്ച പങ്ക് നിസ്തുലമാണ്. പൊതുജനം വീടുകളിൽ തങ്ങി സുരക്ഷിതത്വം പാലിച്ചപ്പോൾ, ആശാ വർക്കർമാരായ സ്ത്രീകൾ കാൽനടയായി വീടുകളിലേക്കെത്തി അവശ്യമരുന്നുകളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുകയും ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ആശാ വർക്കർമാർ വലിയതോതിൽ രോഗബാധിതരായി, പലർക്കും മരുന്നും മെഡിക്കൽ സഹായവും ലഭിക്കാതെ വന്ന സാഹചര്യവുമുണ്ട്. 2020-21 കാലഘട്ടത്തിൽ കേരള സർക്കാർ ആശാ വർക്കർമാർക്ക് 1,000 രൂപ കോവിഡ് റിസ്ക് അലവൻസ് നൽകിയെങ്കിലും, അതൊരു സ്ഥിരമായ ശമ്പള വർധനവായിരുന്നില്ല. വാക്സിനേഷൻ ഡ്രൈവുകൾ, പരിശോധന, ഹോം ക്വാറൻറീൻ നിരീക്ഷണം എന്നിവയിൽ നിർണായക പങ്കുവഹിച്ചിട്ടും, ആശാ വർക്കർമാർക്ക് ശമ്പളവർധനവും പി.പി.ഇ കിറ്റ് പോലുള്ള അടിസ്ഥാന സുരക്ഷാ ഉപകരണങ്ങളും നിഷേധിക്കപ്പെട്ടു. മഹാമാരിക്കാലത്ത് മരണപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ സഹായങ്ങൾ നൽകിയെങ്കിലും ആശാ വർക്കർമാരുടെ കുടുംബങ്ങൾക്ക് പലപ്പോഴും നഷ്ടപരിഹാരം ലഭിച്ചില്ല. 2021ൽ കേന്ദ്രസർക്കാർ ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും, ആശാ വർക്കർമാർക്ക് അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല.

കേരളത്തിലെ ആശാ വർക്കർമാരുടെ ഓണറേറിയം 7000 രൂപയാണ്. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. ആന്ധ്രപ്രദേശിലും സിക്കിമിലും ആശാ വർക്കർമാർക്ക് 10,000 രൂപയാണ് ലഭിക്കുന്നത്. ആശാ വർക്കർമാർക്കുള്ള കേന്ദ്ര സർക്കാർ ഫണ്ട് ചില സംസ്ഥാനങ്ങളിൽ മുഴുവൻ വിതരണം ചെയ്യുമ്പോഴും, കേരളത്തിൽ നാലഞ്ച് മാസം കൂടുമ്പോഴാണ് ഓണറേറിയം വിതരണം. കേന്ദ്ര സർക്കാറിന്റെ ഇൻസെന്റിവായ 2000 രൂപയും മാസങ്ങൾ കഴിഞ്ഞാണ് ലഭിക്കുന്നത്.
റിപ്പോർട്ട്: ശ്രീനിജ് കെ.എസ്, അയനകൃഷ്ണ.ഡി, ശ്രദ്ധ ജെയിൻ, ശ്രീമഞ്ജരി ഗുഹ
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.